Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആ മരണങ്ങള്‍...

ആ മരണങ്ങള്‍ സര്‍ക്കാറിനെ പ്രതിയാക്കേണ്ട കൊലപാതകങ്ങളാണ്

text_fields
bookmark_border
ആ മരണങ്ങള്‍ സര്‍ക്കാറിനെ പ്രതിയാക്കേണ്ട കൊലപാതകങ്ങളാണ്
cancel

നമ്മുടെ  ആരോഗ്യസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെയും ആദിവാസി ജനതയോട്, പരിഷ്കൃതരെന്ന് നടിക്കുന്ന നാട്ടുവാസികളുടെ തിരുത്തപ്പെടേണ്ട മനോഘടനയുടെയും ഒടുവിലത്തെ ഉദാഹരണമാണ് വയനാട് ജില്ലയിലെ വാളാട് എടത്തന കോളനിയിലെ കൃഷ്ണന്‍െറ ഭാര്യ അനിതയനുഭവിച്ച സമാനതകളില്ലാത്ത ദുരന്തവും മരണമടഞ്ഞ മൂന്നു കുഞ്ഞുങ്ങളും. വിവാഹിതയായി ആറു വര്‍ഷത്തിനുശേഷമാണ്  അനിത ഗര്‍ഭിണിയായത്. മൂന്നു കുഞ്ഞുങ്ങളെയാണ് ഉദരത്തിലേറുന്നതെന്ന് നേരത്തേ നടത്തിയ പരിശോധനയിലൂടെ അനിതക്കും ആശുപത്രി അധികൃതര്‍ക്കുമറിയാം. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ തന്നെയാണവര്‍ പരിശോധനക്കത്തൊറുള്ളത്. ഓലമേഞ്ഞ ഒറ്റമുറിയില്‍നിന്ന് ഏഴാം മാസത്തില്‍ വേദനവന്ന് അരക്കിലോമീറ്ററോളം ആളുകള്‍ ചുമന്നും പിന്നെ ജീപ്പിലുമായി ആശുപത്രിയിലത്തെിയ ആ അമ്മയോട് കാണിക്കേണ്ട ഒരു ദാക്ഷിണ്യവും ജില്ലാ ആശുപത്രിയധികൃതരില്‍നിന്നുണ്ടായില്ല.  അടിയന്തര സാഹചര്യമായിരുന്നിട്ടും ഗൈനക്കോളജിസ്റ്റ് രോഗിയെ പരിശോധിക്കാന്‍ തയാറായില്ല. ട്രൈബല്‍ ആംബുലന്‍സില്‍ ഒരു ആശുപത്രി ജീവനക്കാരുപോലും കയറിയതുമില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജ് ലക്ഷ്യംവെച്ചുള്ള ഓട്ടപ്പാച്ചലില്‍ പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിലും ആംബുലന്‍സിലും കല്‍പറ്റ ജനറല്‍ ആശുപത്രിയിലുമായി മൂന്നു പൈതലുകള്‍ ഭൂമിയില്‍വന്ന് നെറികെട്ട മനുഷ്യരുടെ സ്വഭാവമറിഞ്ഞ് ദൈവസന്നിധിയിലേക്ക് വേഗം തന്നെ തിരിച്ചുപോയി. ഒരു ഗര്‍ഭിണി മൂന്നിടത്ത് പ്രസവിക്കേണ്ടി വന്ന ഈ ദുരവസ്ഥ കേരളത്തില്‍ ആദിവാസി യുവതികള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലുമാണുണ്ടാകുന്നതെങ്കില്‍ കേരളം ഇത്ര സംയമനത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുമോ? മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും ഇത്ര അവധാനതയോടെയാകുമോ അപ്പോള്‍ കാര്യങ്ങള്‍ നോക്കിക്കാണുക? സംഭവത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും യുവജനസംഘങ്ങളുടെയും പ്രതിഷേധം വയനാട്ടില്‍ മാത്രമായി ചുരുങ്ങുകയും ചെയ്തു. നമ്മുടെ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ക്കും അനിതയുടെ ദുരന്തത്തില്‍ വലിയ കാര്യമുള്ളതായി തോന്നിയില്ല. വ്യാപകമായ പ്രതിഷേധ പോസ്റ്റുകളൊന്നും ഈ വിഷയത്തില്‍ കണ്ടില്ല.
യഥാര്‍ഥത്തില്‍ ആദിവാസികളോടുള്ള മലയാളി പൊതുബോധം എത്ര ബീഭത്സമാണെന്ന് തെളിയിക്കുകയാണ് ഈ സംഭവം. അതിരാവിലെ ഫോണ്‍ വന്നപ്പോള്‍ രോഗിയെ തിരിഞ്ഞുനോക്കാതെയിരുന്ന ഡോക്ടറും ആശുപത്രി അധികൃതരും പ്രതിനിധാനംചെയ്യുന്നത് നമ്മുടെയെല്ലാം  ഉള്ളില്‍ പതച്ചുകൊണ്ടിരിക്കുന്ന ദുഷിച്ച വംശീയ  മേല്‍ക്കോയ്മാ  പൊതുബോധത്തെതന്നെയാണ്. അതിനാലാണ് വയനാട്ടിലെ ആദിവാസി യുവതിയുടെ ദുരന്തം സാധാരണ സംഭവം മാത്രമായി നാം വിസ്മൃതിയുടെ കൊട്ടയിലേക്ക് വലിച്ചെറിയുന്നത്. അതിനെ ചോദ്യംചെയ്യാതെയും തിരുത്താതെയും ഈ മണ്ണില്‍ ആദിവാസി കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ആത്മാഭിമാനത്തോടെ ജനിക്കാനും ജീവിക്കാനുമാകില്ല.
കേരളത്തിലെ ആദിവാസി ജനസംഖ്യയില്‍ 31 ശതമാനം വസിക്കുന്ന വയനാട്ടില്‍ ആരോഗ്യമേഖലയിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്ന ആരോഗ്യവകുപ്പാണ് ഈ ദുരന്തത്തിന്‍െറ ഒന്നാം പ്രതി. പ്രസവത്തത്തെുടര്‍ന്നുള്ള മാതൃ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് വയനാട്ടിലാണെന്ന് 2013ല്‍  സി.എ.ജി റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. അതില്‍തന്നെ ഏറ്റവും കൂടുതല്‍  (51ല്‍ 32 പേരും) ആദിവാസി അമ്മമാരും. കേരളത്തിലെ ശിശുമരണനിരക്ക് പൊതുവില്‍ കുറയുമ്പോള്‍ വയനാട്ടില്‍ 7.72ല്‍നിന്ന് 9.67ലേക്ക് വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. വംശനാശം ഭയപ്പെടുമാറത്ര ഭീതിജനകമാണ് ആദിവാസി മേഖലകളിലെ ശിശുമരണനിരക്കെന്ന് യൂനിസെഫ് പഠനവും വ്യക്തമാക്കുന്നു. ഇത്തരം പഠനങ്ങളെ ആധാരമാക്കിയുള്ള വസ്തുതകള്‍ എത്രയുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല. വയനാട് ജില്ലയില്‍ 12 ഗൈനക്കോളജിസ്റ്റ്  തസ്തികകള്‍ ഉണ്ടെങ്കിലും ഗര്‍ഭിണികളെ പരിശോധിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെയുള്ള ഡോക്ടര്‍മാര്‍ അഞ്ചുപേരാണ്. ഇതിലൊരാള്‍ ദീര്‍ഘാവധിയിലും. ഈ കെടുകാര്യസ്ഥതയുടെ ദുരന്തമാണ് അനിതക്കും കുഞ്ഞുങ്ങള്‍ക്കും അനുഭവിക്കേണ്ടിവന്നത്. ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ലഭിക്കുന്നില്ളെന്ന സ്ഥിരം പല്ലവിമാത്രമായിരിക്കും ഇവിടെയും  സര്‍ക്കാറിന് പറയാനുണ്ടാവുക. അവരുടെ സേവനം ഉറപ്പുവരുത്താനുള്ള  നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് പലപ്പോഴും തയാറാകാത്തതാണ് യഥാര്‍ഥ പ്രശ്നം. പട്ടികവര്‍ഗവകുപ്പും ആരോഗ്യവകുപ്പും സംയോജിതമായി നിര്‍വഹിക്കേണ്ട കാര്യങ്ങളും ഉദാസീനമായി കൈകാര്യം ചെയ്യുന്നു. എല്ലാവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ളതും കാര്യക്ഷമമായി നടത്തുന്നതും ആദിവാസിക്കുവേണ്ടി നീക്കിവെച്ചിരിക്കുന്ന ഫണ്ട് തിരിമറിനടത്തി സ്വന്തം പോക്കറ്റിലാക്കുന്നതില്‍ മാത്രം. നാട്ടുവാസികളായ ബ്യൂറോക്രാറ്റുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തടിച്ചുകൊഴുക്കാനുള്ള ഒരു ഉപകരണം മാത്രമാണ് പലപ്പോഴും ആദിവാസികള്‍. അവരുടെ ജീവിതവും ജീവനും തൃണവല്‍ഗണിക്കുന്ന സര്‍ക്കാറിനെ പ്രതിപ്പട്ടികയില്‍ നിര്‍ത്തി വിചാരണ ചെയ്യാതെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം അസാധ്യമാണ്.

Show Full Article
TAGS:
Next Story