Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസുവര്‍ണ ജൂബിലിയില്‍...

സുവര്‍ണ ജൂബിലിയില്‍ മജ് ലിസെ മുശാവറ

text_fields
bookmark_border
സുവര്‍ണ ജൂബിലിയില്‍ മജ് ലിസെ മുശാവറ
cancel

1964 ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ ലഖ്നോവിലെ പ്രശസ്തമായ ദാറുല്‍ ഉലൂമില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ രൂപവത്കൃതമായ ഇന്ത്യന്‍ മുസ് ലിംകളുടെ പൊതുവേദിയാണ് ആള്‍ ഇന്ത്യ മുസ് ലിം മജ് ലിസെ മുശാവറ. വിഭജനത്തിന് ശേഷമുള്ള ഇന്ത്യയില്‍, മുസ് ലിം സമൂഹം നേരിട്ട പ്രതിസന്ധികളും ശൂന്യതകളുമാണ്  ഇത്തരമൊരു പൊതുവേദിയുടെ പിറവിക്ക് കാരണം. അമ്പതുകളിലും അറുപതുകളിലും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട മുസ് ലിം ഉന്മൂലന പദ്ധതികള്‍ സമുദായത്തെ അങ്ങേയറ്റം അസ്വസ്ഥമാക്കിയ പശ്ചാത്തലത്തിലാണ് സംഘടന രൂപവത്കരിക്കപ്പെടുന്നത്.  ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ് ലാമി എന്നീ പ്രമുഖ സംഘടനകളും രാജ്യത്തെ പ്രമുഖരായ സമുദായ വ്യക്തിത്വങ്ങളും സ്ഥാപനങ്ങളും വേദിയുടെ രൂപവത്കരണത്തില്‍ സജീവമായ പങ്കുവഹിക്കുകയുണ്ടായി. ഡോ. സയ്യിദ് മഹ്മൂദ് അധ്യക്ഷനായി ആരംഭിച്ച മുശാവറയുടെ ചാലകശക്തികളായി ഇബ്രാഹീം സുലൈമാന്‍ സേട്ട്, മുഹമ്മദ് മുസ് ലിം, മൗലാനാ അബുലൈസ് നദ്വി, മുതീഉല്ലാ റഹ്മാനി തുടങ്ങിയ പ്രഗല്ഭരുമുണ്ടായിരുന്നു. നേതൃത്വമോ പൊതുവായ ലക്ഷ്യങ്ങളോ ഇല്ലാത്ത ഇന്ത്യന്‍ മുസ് ലിം ജനസഞ്ചയത്തിന് ചെറിയ രീതിയിലെങ്കിലും ദിശാബോധം നല്‍കാന്‍ തുടക്ക കാലത്ത് മുശാവറക്ക് കഴിഞ്ഞിരുന്നു. ഭരണകൂടത്തിന് മുമ്പില്‍ സമുദായത്തെ പ്രതിനിധാനംചെയ്യാന്‍ ആധികാരികതയുള്ള സംവിധാനം എന്നതായിരുന്നു മുശാവറയുടെ ഏറ്റവും വലിയ പ്രസക്തി. ഭൂരിപക്ഷ ഫാഷിസത്തിന്‍െറ ഉന്മൂലന പദ്ധതികള്‍ക്കെതിരെ നിലകൊള്ളാനും മുശാവറ ഏറെ പരിശ്രമിച്ചു. ആ അര്‍ഥത്തില്‍, ദുര്‍ബലരും ഹതാശരുമായ സമുദായത്തിന് പ്രതീക്ഷയുടെ വെളിച്ചം നല്‍കിയ വേദിയെന്ന നിലക്കാണ് മുശാവറയുടെ രൂപവത്കരണം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക.

മജ് ലിസെ മുശാവറയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ്  31ന് ഡല്‍ഹിയില്‍ തുടക്കമായിരിക്കുകയാണ്.  സുവര്‍ണ ജൂബിലി ഉദ്ഘാടന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നടത്തിയ പ്രഭാഷണം സംഘ്പരിവാര്‍ സംഘടനകള്‍ വിവാദമാക്കിയതിനെ തുടര്‍ന്നാണ് പ്രസ്തുത ചടങ്ങ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കുലീനമായ വ്യക്തിത്വവും വൈജ്ഞാനികമായ ആഴവും കൊണ്ട് ശ്രദ്ധേയനായ ഹാമിദ് അന്‍സാരിയെ അനാവശ്യമായി ടാര്‍ഗറ്റ് ചെയ്യുകയെന്നത് സംഘ്പരിവാര്‍ അടുത്തിടെ  പതിവാക്കിയിരിക്കുകയാണ്.  അതിന്‍െറ ഭാഗമായി മാത്രമേ ആ പ്രഭാഷണത്തെക്കുറിച്ചുള്ള സംഘ്പരിവാര്‍ ആക്രോശങ്ങളെയും കാണേണ്ടതുള്ളൂ. അതേസമയം, വളരെ ഗൗരവപ്പെട്ട കാര്യങ്ങളാണ് ഹാമിദ് അന്‍സാരി പറഞ്ഞിട്ടുള്ളത്. അതാകട്ടെ, മജ് ലിസെ മുശാവറപോലെയുള്ള ഒരു വേദിയുടെ പ്രസക്തിയും സാധ്യതയും പിന്നെയും പിന്നെയും അടിവരയിടുന്നതാണ്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് മജ് ലിസെ മുശാവറ രൂപവത്കരിക്കാനിടയായ സാഹചര്യം ഇന്നും അതേപടി നിലനില്‍ക്കുന്നുവെന്നാണ്  ഉപരാഷ്ട്രപതി ആ പ്രഭാഷണത്തില്‍ പറഞ്ഞ പ്രധാന കാര്യം. അതായത്, ദാരിദ്ര്യം, അരക്ഷിതത്വം തുടങ്ങിയ പ്രശ്നങ്ങള്‍ പഴയതുപോലെയോ അതേക്കാള്‍ രൂക്ഷമായോ നിലനില്‍ക്കുകയാണ്. അത് അഭിമുഖീകരിക്കാന്‍ കണിശമായ നടപടികള്‍ ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീര്‍ച്ചയായും,  ഉപരാഷ്ട്രപതി തന്‍െറ പ്രഭാഷണത്തില്‍ സൂചിപ്പിച്ചതുപോലെ, ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് ഗൗരവപ്പെട്ട നടപടികള്‍ ഇല്ലാത്തത്  സമുദായത്തിന്‍െറ അധോഗതിയുടെ വലിയ കാരണം തന്നെയാണ്. ഭരണകൂടത്തിന്‍െറ അലസമായ സമീപനങ്ങള്‍ തിരുത്തപ്പെടേണ്ടതുമാണ്.  അതേസമയം, ന്യൂനപക്ഷ പ്രശ്നം എന്നൊരു സംഗതി തന്നെയില്ളെന്ന് ഉറപ്പിച്ചുപറയുന്ന ഒരു കക്ഷിയാണ് വന്‍ ഭൂരിപക്ഷത്തോടെ ഇന്ന് രാജ്യം ഭരിക്കുന്നത്. മുസ് ലിംകളെ രണ്ടാംകിട പൗരന്മാരായി കാണുന്നതാണ് അവരുടെ പൊതുസമീപനം. അത്തരമൊരു സാഹചര്യത്തില്‍ ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് മുസ് ലിം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മകമായ ചുവടുകള്‍ ഉണ്ടാവുമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. മജ് ലിസെ മുശാവറയെ സംബന്ധിച്ചിടത്തോളം അതിന്‍െറ ദൗത്യം ഭാരിച്ചതാക്കുന്നതും ഈയൊരു സാഹചര്യമാണ്.

തുടക്കത്തിലുണ്ടായിരുന്ന വേഗവും ആവേശവും മജ് ലിസെ മുശാവറക്ക് പിന്നെയുണ്ടായില്ളെന്നത് സത്യമാണ്. ഇപ്പോള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കേമമായ തുടക്കമിട്ടെങ്കിലും അങ്ങനെയൊരു വേദി തങ്ങളുടെ ജീവിതത്തില്‍ സജീവമായി ഇടപെടുന്നതായി ഇന്ത്യയിലെ മുസ് ലിംകള്‍ക്ക് അനുഭവപ്പെടുന്നില്ല. എന്നാല്‍, സമുദായത്തെ പ്രതിനിധാനംചെയ്യാന്‍ കഴിയുന്ന സജീവമായൊരു സംവിധാനം കാലഘട്ടത്തിന്‍െറ ആവശ്യവുമാണ്.  അങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാന്‍ മുശാവറക്ക് കഴിയുമെങ്കില്‍ മാത്രമേ അതിനും സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കും പ്രസക്തിയുള്ളൂ. രാജ്യത്തിന്‍െറ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന പല രാഷ്ട്രീയ പാര്‍ട്ടികളിലൂടെയും വ്യത്യസ്തമായ സാംസ്കാരിക സംഘടനകളിലൂടെയുമാണ് സമുദായത്തിന്‍െറ പ്രാതിനിധ്യം ഇന്ന് നിര്‍വഹിക്കപ്പെടുന്നത്. ഇവയെ എല്ലാം ഏതെങ്കിലും നിലയില്‍ സമന്വയിപ്പിച്ച്, പൊതുവായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സമുദായത്തെ മുന്നോട്ടുനയിക്കാന്‍ അതിന് കഴിയേണ്ടതുണ്ട്. വിശാലമായ അര്‍ഥത്തില്‍ അത് നമ്മുടെ രാജ്യത്തിനുതന്നെയും സത്ഫലങ്ങള്‍ കൊണ്ടുവരുമെന്ന കാര്യത്തിലും സംശയമില്ല.

Show Full Article
TAGS:
Next Story