Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവധശിക്ഷയെക്കുറിച്ച...

വധശിക്ഷയെക്കുറിച്ച വീണ്ടുവിചാരം

text_fields
bookmark_border
വധശിക്ഷയെക്കുറിച്ച വീണ്ടുവിചാരം
cancel

പരിഷ്കൃത രാജ്യങ്ങളെല്ലാം ഒഴിവാക്കിയ വധശിക്ഷ ഇന്ത്യയില്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ളെന്നും കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ പര്യാപ്തമല്ളെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് അജിത് പ്രകാശ് ഷായുടെ നേതൃത്വത്തിലുള്ള ദേശീയ നിയമ കമീഷന്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സഗൗരവവും സത്വരവുമായ പരിഗണനയും അനുകൂലവുമായ തീരുമാനവും ആവശ്യപ്പെടുന്നതാണ്. തീവ്രവാദ കേസുകളിലൊഴികെ മറ്റെല്ലാ കുറ്റകൃത്യങ്ങളിലും പരമാവധി ശിക്ഷ ഒഴിവാക്കണമെന്നാണ് കമീഷന്‍െറ ശിപാര്‍ശ. തീവ്രവാദ-ഭീകരകൃത്യ കേസുകളിലെ പ്രതികള്‍ക്ക്  മരണശിക്ഷ വിധിക്കേണ്ടതുണ്ടോ എന്ന കാര്യം പാര്‍ലമെന്‍റ് തീരുമാനിക്കട്ടെ എന്നഭിപ്രായപ്പെട്ട നിയമ കമീഷന്‍ ക്രമേണ അതും നിര്‍ത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പല കേസുകളിലും വധശിക്ഷ വിധിച്ചത് തെറ്റായിപ്പോയെന്ന് സുപ്രീംകോടതി തന്നെ സമ്മതിച്ച കാര്യം റിപ്പോര്‍ട്ടില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് ഹൈകോടതി വധശിക്ഷ വിധിച്ച അക്ഷര്‍ധാം ആക്രമണക്കേസില്‍ തെളിവുകള്‍ വ്യാജമാണെന്ന് കണ്ടത്തെി പ്രതികളെ സുപ്രീംകോടതി വെറുതെവിട്ട സംഭവവും കമീഷന്‍ അനുസ്മരിക്കുന്നു. നടപ്പാക്കിയാല്‍ തെറ്റുതിരുത്താന്‍ കഴിയാത്തതാണ് വധശിക്ഷ. പാവപ്പെട്ടവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമാണ് അതിന്‍െറ ഇരകള്‍ എന്നും കമീഷന്‍ നിരീക്ഷിക്കുന്നു. ലോകത്ത് 140 രാജ്യങ്ങളില്‍ വധശിക്ഷ റദ്ദാക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്തിരിക്കെ ഇപ്പോഴും നടപ്പാക്കുന്ന 59 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലാണ് വധശിക്ഷ വിധിക്കേണ്ടതെന്ന പരമോന്നത കോടതിയുടെ വിധി നിലനില്‍ക്കത്തെന്നെ, ദയാഹരജി രാഷ്ട്രപതി തള്ളിയവരില്‍ മൂന്നുപേരെ ഭരണകൂടം തൂക്കിലേറ്റിയതിനെ തുടര്‍ന്നാണ് വധശിക്ഷ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നത്. മുംബൈ ആക്രമണക്കേസിലെ ജീവിച്ചിരുന്ന ഒരേയൊരു പ്രതി അമീര്‍ കസബ്, അതിന്‍െറ മുമ്പ് പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ അഫ്സല്‍ ഗുരു, ഒടുവില്‍ ബോംബെ സ്ഫോടനക്കേസിലെ പിടികിട്ടിയ പ്രതി യാക്കൂബ് മേമന്‍ എന്നിവരുടെ പേരില്‍ വധശിക്ഷ നടപ്പാക്കപ്പെട്ടത് മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും പ്രമുഖ നിയമജ്ഞരും ഒരുവിഭാഗം മീഡിയയും വധശിക്ഷ എടുത്തുകളയണമെന്ന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ വഴിയൊരുക്കി. ഈ പശ്ചാത്തലത്തിലാണ് നിയമ കമീഷന്‍െറ ശിപാര്‍ശകള്‍ സര്‍ക്കാറിന്‍െറ മുമ്പാകെ എത്തിയിരിക്കുന്നത്. വധശിക്ഷ ഒരാളുടെയും മനംമാറ്റത്തിന് വഴിയൊരുക്കുകയില്ളെന്നിരിക്കെ, ഏത് കൊടിയ കുറ്റവാളിയും മാറിച്ചിന്തിക്കാന്‍ പ്രേരണയാകാവുന്ന ജീവപര്യന്തം ശിക്ഷയാണ് ഏറ്റവും ഉചിതമെന്ന കമീഷന്‍െറ നിഗമനം പ്രസക്തമാണ്. അത്രതന്നെ പ്രധാനമാണ് നമ്മുടെ രാജ്യത്തെ കേസന്വേഷണവും നീതിന്യായക്രമവും കുറ്റമറ്റതല്ളെന്ന നിരീക്ഷണം.

വ്യാജ സാക്ഷികളും വ്യാജ തെളിവുകളും സാധാരണമായിരിക്കുന്നു. പ്രതികള്‍ക്ക് അവസാനത്തെ അവലംബമായ സുപ്രീംകോടതിയെ സമീപിക്കാന്‍ പാവപ്പെട്ടവര്‍ക്ക് സാധ്യമല്ളെന്നിരിക്കെ കീഴ്കോടതികള്‍ക്ക് വിധിക്കാധാരമാക്കിയ തെളിവുകളുടെ ശരിയും തെറ്റും കീറിമുറിച്ചു പരിശോധിക്കാനുള്ള അവസരവും നഷ്ടപ്പെടുന്നു. യഥാര്‍ഥ പ്രതിയെ കണ്ടുകിട്ടിയില്ളെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന നീതിവിരുദ്ധമായ രീതി പൊലീസ് മുറതെറ്റാതെ പിന്തുടരുന്നതും ഗൗരവപൂര്‍വം വീക്ഷിക്കപ്പെടേണ്ടതാണ്. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായ സമവാക്യത്തിന്‍െറ നഗ്നമായ ലംഘനമാണിത്. അഫ്സല്‍ ഗുരുവിന്‍െറ കാര്യത്തില്‍ സുപ്രീംകോടതി പോലും സമ്മതിച്ചപോലെ സാമൂഹിക സമ്മര്‍ദം വധശിക്ഷക്ക് നിര്‍ബന്ധിക്കുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് നിയമ കമീഷന്‍െറ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നിരാകരിക്കുകയില്ളെന്ന പ്രതീക്ഷയാണ് മനുഷ്യസ്നേഹികള്‍ക്കുള്ളത്.

അതേയവസരത്തില്‍ തീവ്രവാദ-ഭീകരകൃത്യ കേസുകളില്‍ പിടികൂടപ്പെടുന്നവര്‍ വധശിക്ഷക്കുതന്നെ അര്‍ഹരാണെന്ന മട്ടിലുള്ള നിയമ കമീഷന്‍ റിപ്പോര്‍ട്ടിലെ അഭിപ്രായം വിയോജനത്തിന് വകനല്‍കുന്നതാണ്. രാജ്യദ്രോഹവും ഭീകരതയും പരമാവധി ശിക്ഷ അര്‍ഹിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, യു.എ.പി.എ പോലുള്ള രാക്ഷസീയ നിയമങ്ങള്‍ പ്രാബല്യത്തിലുള്ളപ്പോള്‍ സുരക്ഷാസേനക്ക് ലഭിച്ച അമിതാധികാരം നിരപരാധികള്‍ വെറും സംശയത്തിന്‍െറ പേരില്‍ പിടികൂടപ്പെടാനും വ്യാജ തെളിവുകളിലൂടെ പ്രതിചേര്‍ക്കപ്പെടാനും യോഗ്യരായ അഭിഭാഷകരുടെ നിയമസഹായംപോലും നിഷേധിക്കപ്പെടാനും സാധ്യത ഏറെയാണ്. ഈ നിസ്സഹായതയുടെ പേരില്‍ പീഡനമനുഭവിക്കുന്ന എത്രയോ പേര്‍, വിശിഷ്യ ന്യൂനപക്ഷ സമുദായക്കാര്‍, ജയിലുകളിലുണ്ട്. അവര്‍ക്ക് വധശിക്ഷതന്നെ നല്‍കണമെന്ന ശാഠ്യം ഫാഷിസ്റ്റുകള്‍ക്കുണ്ടാകാം. എന്നാല്‍, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യസ്നേഹികള്‍ക്കതിനോട് യോജിക്കാനാകില്ല. അതിനാല്‍, അത്തരക്കാരെ വധശിക്ഷയില്‍നിന്നൊഴിവാക്കണമെന്നാണ് നീതിബോധം ആവശ്യപ്പെടുന്നത്.

Show Full Article
TAGS:
Next Story