Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right‘സഹിഷ്ണുത’യുടെ നവഭാരത...

‘സഹിഷ്ണുത’യുടെ നവഭാരത രീതികള്‍

text_fields
bookmark_border
‘സഹിഷ്ണുത’യുടെ നവഭാരത രീതികള്‍
cancel

സഹിഷ്ണുതയെപ്പറ്റിയുള്ള നമ്മുടെ ആര്‍ഷഭാരത വായ്ത്താരികള്‍ ഇനി നിര്‍ത്താം. ബഹുസ്വര സംസ്കാരം, അഭിപ്രായ സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങി ഇന്ത്യയുടെ മഹത്തരമായ പാരമ്പര്യങ്ങള്‍ അപകടത്തിലാണെന്ന കാര്യത്തില്‍ വല്ല സംശയവും ബാക്കിയുണ്ടായിരുന്നെങ്കില്‍ അതുകൂടി നീക്കംചെയ്യുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. എം.എം. കല്‍ബുര്‍ഗി കര്‍ണാടകയില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഒരു ഭാഗത്ത് പിന്നാക്ക ജാതിസംവരണം എടുത്തുകളയാന്‍ മുന്നാക്ക വിഭാഗങ്ങള്‍ അക്രമോത്സുകമായി മുന്നോട്ടുവരുമ്പോള്‍ മറുഭാഗത്ത് ദലിതര്‍ നിശ്ശബ്ദരാക്കപ്പെടുന്നു. രാജ്യത്തെ സാംസ്കാരിക-ബൗദ്ധിക സ്ഥാപനങ്ങളില്‍ സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരെ മാത്രമല്ല, നാം ഏറെ ഘോഷിക്കുന്ന പരമതസഹിഷ്ണുതയുടെ പാരമ്പര്യത്തിനും നേരെയുള്ള ഇത്തരം കൈയേറ്റങ്ങള്‍ രാജ്യത്തിന്‍െറ ഭാഗധേയത്വത്തത്തെന്നെയാണ് അപകടപ്പെടുത്തുന്നത്.
പ്രഫ. കല്‍ബുര്‍ഗിക്കെതിരെ ബജ്റംഗ്ദള്‍ പോലുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. വിഗ്രഹാരാധനക്കും അനാചാരങ്ങള്‍ക്കുമെതിരായ തന്‍െറ നിലപാടുകള്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചുവന്നു. കന്നട ഐതിഹ്യങ്ങളെയും വചനസാഹിത്യംപോലുള്ള സവിശേഷ ശാഖകളെയും കുറിച്ച് നടത്തിയ പഠനങ്ങളില്‍ കണ്ടത്തെിയ ചില കാര്യങ്ങളും അദ്ദേഹം തുറന്നെഴുതി. ഇതില്‍ പലതും യാഥാസ്ഥിതിക വിശ്വാസങ്ങളോട് ഏറ്റുമുട്ടുന്നതായിരുന്നു. തന്‍െറ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ രൂക്ഷമായ എതിര്‍പ്പുമൂലം അദ്ദേഹത്തിന് പിന്‍വലിക്കേണ്ടിവന്നിരുന്നു. പ്രബല സമുദായങ്ങള്‍ പ്രകോപനപരമായി ചിത്രീകരിച്ച ചില പരാമര്‍ശങ്ങളാകാം കൊലക്ക് പിന്നിലെന്നാണ് നിഗമനം. ഏതായാലും തീവ്രവാദി വിഭാഗങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒന്നും ആശയതലത്തില്‍പോലും അനുവദിക്കില്ല എന്ന സന്ദേശമാണ് കൊലയിലൂടെ നല്‍കാന്‍ ശ്രമിക്കുന്നതെന്ന് കരുതാനാണ് സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കുന്നത്. ഡോ. യു.ആര്‍. അനന്തമൂര്‍ത്തിയും ഈ അസഹിഷ്ണുതയുടെ മൂര്‍ച്ച അറിഞ്ഞിരുന്നു. കല്‍ബുര്‍ഗിയുടെ മറ്റൊരു സുഹൃത്തായിരുന്ന ഗോവിന്ദ് പന്‍സാരെയും സമാന സാഹചര്യങ്ങളിലാണ് മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയ അദ്ദേഹത്തിനും  ഹിന്ദുത്വതീവ്രവാദികളില്‍നിന്ന് ഭീഷണിയുണ്ടായിരുന്നു. അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നിര്‍മിക്കാന്‍ സമരം നയിച്ച അദ്ദേഹം ഫെബ്രുവരിയില്‍ കൊല്ലപ്പെട്ടു; ഇതുവരെ കാര്യമായ അന്വേഷണം നടന്നിട്ടില്ലത്രെ. മഹാരാഷ്ട്രയില്‍തന്നെ നരേന്ദ്ര ദാഭോല്‍കര്‍ എന്ന യുക്തിവാദി നേതാവ് കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കൊലയാളികളെ കണ്ടത്തൊന്‍ സാധിച്ചിട്ടില്ല. അദ്ദേഹവും അന്ധവിശ്വാസങ്ങളോട് പൊരുതിയതിന്‍െറ പേരില്‍ ഹിന്ദുത്വ സംഘടനകളുടെ ഭീഷണി നേരിട്ടിരുന്നു. സമാധാനപരമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇവരെ കൊന്ന സംഭവങ്ങള്‍ ആശയങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമെതിരെ ചിലരെടുത്ത വര്‍ഗീയ നിലപാടിന്‍െറ ഫലമാണ്. ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെട്ടതിന് പിന്നാലെ, അദ്ദേഹത്തിന്‍െറ സഹകാരി ഭരത് പട്നാക്കറിനെതിരെയും വധഭീഷണിയുണ്ടായി. ഇപ്പോള്‍ കല്‍ബുര്‍ഗിയെ കൊന്ന അതേ അസഹിഷ്ണുതയുടെ ശക്തികള്‍ പ്രഫ. കെ.എസ്. ഭഗവാനെതിരെയും ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.
ഇതേതരം ഏക സംസ്കാരഭ്രമംതന്നെ കേന്ദ്ര ഭരണകൂടത്തെയും നയിക്കുന്നുവെന്നത് ആശങ്കയുണര്‍ത്തുന്നു. സാംസ്കാരിക സ്ഥാപനങ്ങളില്‍ സംഘ്പരിവാര്‍ നോമിനികളെ നിയമിച്ചുകൊണ്ടിരിക്കുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഷിംല ഐ.ഐ.എ.എസ്, ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, യൂനിവേഴ്സിറ്റികള്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍.സി.ഇ.ആര്‍.ടി, ഐ.സി.എച്ച്.ആര്‍, ഐ.സി.സി.ആര്‍, പ്രസാര്‍ഭാരതി തുടങ്ങി സ്വയംഭരണാധികാരമുള്ളവയടക്കം പല സ്ഥാപനങ്ങളിലും യോഗ്യത പരിഗണിക്കാതെ വലതുപക്ഷപാതികളെ പ്രതിഷ്ഠിക്കുന്നു. സര്‍ക്കാര്‍ പലതിന്‍െറയും പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു. ഈ ‘കാവിവത്കരണ’ത്തെ ചോദ്യംചെയ്ത് ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം എന്ന കൂട്ടായ്മ രംഗത്തത്തെിയിട്ടുണ്ട്. ഇതേസമയത്ത് തമിഴ്നാട്ടില്‍ ദലിതര്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതും വിവാദമായിരിക്കുന്നു. ഫാഷിസ്റ്റ് സംസ്കാരം മിക്ക മേഖലകളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഏക സംസ്കാരം എല്ലാവര്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ചരിത്രവും സംസ്കാരവും അതിനൊത്ത് മാറ്റിയെഴുതുന്നുമുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രമല്ല സാംസ്കാരികവും മതപരവുമായ സ്വാതന്ത്ര്യത്തിനും ആത്യന്തികമായി ഇന്ത്യ എന്ന എല്ലാവരുടെയും രാജ്യത്തിന്‍െറ നിലനില്‍പ്പിനും ഇത് ഭീഷണിയാണ്. രാജ്യത്തിന്‍െറ ഭരണഘടനയെയും ബഹുസ്വരതയെയും മാനിച്ച് കേന്ദ്രസര്‍ക്കാര്‍ ഫാഷിസത്തെ സ്ഥാപനവത്കരിക്കുന്നതില്‍നിന്ന് പിന്തിരിയണം. ഇക്കാര്യത്തില്‍ ജനാധിപത്യപരമായ ചെറുത്തുനില്‍പ്പിന് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനായത്തവാദികള്‍ രംഗത്തുവരണം. സാംസ്കാരിക രംഗത്ത് ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം പോലെ മറ്റു മേഖലകളിലും ജനാധിപത്യത്തിന്‍െറയും സാംസ്കാരിക ബഹുത്വത്തിന്‍െറയും വീണ്ടെടുപ്പിനുള്ള കൂട്ടായ്മകള്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. ചെറു ന്യൂനപക്ഷമായ തീവ്രവാദികള്‍ രാജ്യത്തിന്‍െറ ഭാഗധേയം പൂര്‍ണമായും ഹൈജാക്ക് ചെയ്യുന്നതിനു മുമ്പ് ജനങ്ങള്‍ പ്രതിരോധമുയര്‍ത്തണം. സ്വയം ചെറുക്കാനാവാത്ത ജനതയെ ഫാഷിസം കീഴ്പ്പെടുത്തും.

Show Full Article
TAGS:
Next Story