Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅവര്‍ കേരള ഹൗസ്...

അവര്‍ കേരള ഹൗസ് അടുക്കളയിലും എത്തി

text_fields
bookmark_border
അവര്‍ കേരള ഹൗസ് അടുക്കളയിലും എത്തി
cancel


ന്യൂഡല്‍ഹി ജന്തര്‍മന്തര്‍ റോഡിലെ കേരള ഹൗസ് നമ്മുടെ സംസ്ഥാനത്തിന്‍െറ തലസ്ഥാനനഗരിയിലെ പ്രതിനിധാനമാണ്. ലോകരാജ്യങ്ങള്‍ക്ക് നയതന്ത്രാലയം എന്നപോലെ 29 സംസ്ഥാനങ്ങള്‍ക്കും അവരുടെ ആസ്ഥാനങ്ങള്‍ ഡല്‍ഹിയിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പ്രതീകാത്മക സ്ഥാപനങ്ങള്‍ക്ക് നിസ്സാരമല്ലാത്ത സ്ഥാനമുണ്ട്. അതത് സംസ്ഥാനങ്ങളില്‍നിന്നത്തെുന്ന അതിഥികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുക എന്നതിനപ്പുറം രാജ്യാസ്ഥാനത്തെ പ്രവിശ്യാകേന്ദ്രം കൂടിയാണിത്. എന്നാല്‍, വര്‍ഗീയവും വിഭാഗീയവുമായ ഭ്രാന്തുകള്‍ പടര്‍ന്നുപിടിച്ച ഈ ആസുരകാലത്ത് കേരള ഹൗസ് പോലും സുരക്ഷിതമല്ളെന്ന താക്കീത് നല്‍കുന്നതാണ് അവിടത്തെ അടുക്കളയില്‍ ഏതുതരത്തിലുള്ള ബീഫാണ് വിളമ്പുന്നതെന്നറിയാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ കീഴിലുള്ള പൊലീസ് കഴിഞ്ഞദിവസം നടത്തിയ വിവാദമായ റെയ്ഡ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍നിന്ന് ന്യൂഡല്‍ഹിയിലെ കേരള ഹൗസിലേക്കും അവിടെനിന്ന് കേരളത്തിലേക്കുമുള്ള ദൈര്‍ഘ്യം വലുതല്ല എന്ന മുന്നറിയിപ്പോടെയുള്ള ഇറച്ചി മണത്തുള്ള ഈ പരക്കംപാച്ചില്‍ രാജ്യത്തെ ഗ്രസിച്ചുകഴിഞ്ഞ ഭീകരമായൊരു രോഗത്തിന്‍െറ ലക്ഷണമാണ്. ഹിന്ദുത്വ ആശയം വെച്ചുപുലര്‍ത്തുന്ന ഏതോ ഒരു മലയാളിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് റെസിഡന്‍റ് കമീഷണറുടെയോ കേരള ഹൗസ് കണ്‍ട്രോളറുടെയോ സംസ്ഥാന സര്‍ക്കാറിന്‍െറയോ അനുമതിയോ അറിവോ കൂടാതെ അടുക്കളയിലേക്ക് കയറിച്ചെന്നതെന്ന റിപ്പോര്‍ട്ട് സ്വസ്ഥജീവിതം കാംക്ഷിക്കുന്നവരെ അലോസരപ്പെടുത്താതിരിക്കില്ല. ഈ പോക്ക് എവിടെയാണ് ചെന്നവസാനിക്കുക? കേരളഹൗസ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അവിടത്തെ അടുക്കളയില്‍ ബീഫ് വേവാന്‍തുടങ്ങിയിട്ടും കാലമേറെയായി. ചോദിക്കാതെ കയറിച്ചെന്ന് അവിടത്തെ ചട്ടിയിലെന്താണ് തിളക്കുന്നതെന്ന് അന്വേഷിക്കാന്‍ രാജ്യം ഭരിക്കുന്നവരെ പ്രേരിപ്പിക്കുന്നത് പൊലീസ് മേധാവിയും ബി.ജെ.പി നേതാക്കളും അവകാശപ്പെടുന്നതുപോലെ നിയമം നടപ്പാക്കാനുള്ള ത്വരയോ ക്രമസമാധാനം ഉറപ്പുവരുത്താനുള്ള ജാഗ്രതയോ ഒന്നുമല്ല. ഫാഷിസത്തിന്‍െറ വിശദമുദ്രകള്‍ അനാവൃതമാക്കുന്ന തികഞ്ഞ അസഹിഷ്ണുതയും അധികാരപ്രമത്തതയുമാണ് ഈ അധിനിവേശ മനോഭാവത്തിനു പിന്നില്‍. രാജ്യത്തിന്‍െറ പേര് ഒരു മഹാരോഗത്തിന്‍െറ പേരായി രൂപാന്തരപ്പെടുകയല്ളേ എന്ന് ഉത്കണ്ഠപ്പെടേണ്ട സന്ദര്‍ഭം.
കേരള ഹൗസില്‍ പൊലീസ് നടത്തിയ റെയ്ഡിനെതിരെ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം വിഷയത്തിന്‍െറ ഗൗരവം എടുത്തുകാട്ടുന്നു. ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ചെയ്തിയില്‍ ഡല്‍ഹി പൊലീസ് ഉറച്ചുനില്‍ക്കുന്നതില്‍നിന്നുതന്നെ ഇത് അവസാനത്തെ സംഭവമായി പര്യവസാനിക്കുമെന്ന് ആരും കരുതേണ്ട. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടതുപോലെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി കൂടിയാണിത്. മതനിരപേക്ഷതയിലൂന്നിയ കേരളീയ സംസ്കൃതിയെ പുച്ഛത്തോടെ കാണുന്ന ഒരു മനോഘടനയുടെ പ്രതിഫലനം  പൊലീസ് നടപടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇതുവരെ ഗോമാംസം നിരോധിക്കാത്ത കേരളത്തെ മറ്റൊരു കണ്ണോടുകൂടിയാണ് സംഘ്പരിവാറും മോദിസര്‍ക്കാറും കാണുന്നത്. അതുകൊണ്ടാണ് തെരുവില്‍ മാത്രം കാണുന്ന ഏതെങ്കിലും സംഘടനയുടെയോ വര്‍ഗീയഭ്രാന്ത് കത്തിച്ച് മേനിനടിക്കാന്‍ തുനിയുന്ന അവിവേകികളുടെയോ തീട്ടൂരത്തിനൊത്ത് ജനായത്ത സ്ഥാപനങ്ങളുടെ അധികാരം ചോദ്യംചെയ്യുന്ന വിധത്തിലുള്ള ഫാഷിസ്റ്റ് മനോഭാവത്തെ വളര്‍ത്താന്‍ പൊലീസിനെ ഉപയോഗിക്കുന്നത്. നാസി ജര്‍മനിയില്‍ സംഭവിച്ചതിന്‍െറ വകഭേദമാണ് സമീപകാലത്തായി ഇവിടെ കെട്ടഴിഞ്ഞുവീഴുന്നത്. ഇന്ന് കേരള ഹൗസാണെങ്കില്‍ നാളെ നിയമസഭാ മന്ദിരത്തിലേക്കും ഇവര്‍ ഇരച്ചുകയറിക്കൂടായ്കയില്ല. ജനാധിപത്യമൂല്യങ്ങളോടും നിയമവ്യവസ്ഥയോടും പരമപുച്ഛം പുലര്‍ത്തുന്ന അപകടകരമായ ഒരു ആശയസംഹിതയുടെ അധികാര വിളയാട്ടമാണിതൊക്കെയെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ.
ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ ജനകീയ ചെറുത്തുനില്‍പിന് കക്ഷിപക്ഷങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി നീങ്ങാന്‍ സന്നദ്ധമാണോ എന്നാണ് ഭരണ-രാഷ്ട്രീയ-സാംസ്കാരിക നേതൃത്വത്തോട് കാലം ചോദിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇത്തരം സംഭവങ്ങള്‍ വിവാദമാകുന്നതിലൂടെ സംഭവിച്ചേക്കാവുന്ന ലാഭചേതങ്ങളെക്കുറിച്ച് ആലോചിച്ച് രാഷ്ട്രീയനേതാക്കള്‍ തലപുണ്ണാക്കുന്നുണ്ടാവാം. പൊലീസിനെ കണ്ടപ്പോഴേക്കും കാന്‍റീന്‍ മെനുവില്‍നിന്ന് ബീഫ് വെട്ടിമാറ്റാന്‍ തുനിഞ്ഞ കേരള ഹൗസ് അധികൃതരുടെ തീരുമാനം പിന്നീട് തിരുത്തിയത് കേരളത്തിന്‍െറ മുഖം രക്ഷിച്ചു. അല്ളെങ്കില്‍ സമൂഹത്തില്‍ വിദ്വേഷവും അസഹിഷ്ണുതയും വിതക്കാന്‍ ഒരുമ്പെട്ട ശക്തികളുടെ മുന്നില്‍ തലകുനിച്ചതായി കേരളത്തിനുമേല്‍ അപമാനം ചാര്‍ത്തപ്പെട്ടേനെ.

Show Full Article
TAGS:
Next Story