ആഗോളഭീകരതയുടെ പിതാക്കന്മാര്‍
text_fieldsഇറാഖ് അധിനിവേശത്തെ പരാമര്‍ശിക്കെ ‘മാപ്പപേക്ഷ’ എന്നൊരു വാക്ക് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറുടെ നാവില്‍നിന്ന് വീണിരിക്കുന്നു. ‘സി.എന്‍.എന്‍’ ചാനലില്‍ സുഹൃത്ത് ഫരീദ് സകരിയയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണിത്. ഇറാഖ് അധിനിവേശത്തിന് ആധാരമായ രഹസ്യാന്വേഷണ വിവരങ്ങള്‍ തെറ്റായിരുന്നു എന്നതിനാലാണത്രെ അദ്ദേഹം ക്ഷമാപണം ചെയ്യുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയുടെ ഉദയത്തിന് ഇറാഖ് അധിനിവേശം കാരണമായെന്നും ബ്ളെയര്‍ സമ്മതിക്കുന്നു. 12 കൊല്ലം കഴിഞ്ഞുള്ള ഈ അര്‍ധകുമ്പസാരം കൊണ്ട്, അധിനിവേശ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒന്നേകാല്‍ ലക്ഷം ഇറാഖികളുടെയോ അനന്തരഫലങ്ങളാല്‍ മരണപ്പെട്ട പത്തുലക്ഷത്തോളം ഇറാഖികളുടെയോ ഏതാനും ആയിരം അധിനിവേശ സേനാനികളുടെയോ ജീവന്‍ തിരിച്ചുകിട്ടില്ല. കൂടുതല്‍ കൂടുതല്‍ വഷളായി വരുന്ന ഇറാഖില്‍ സമാധാനജീവിതം കൈവരില്ല. ആകെ ത്തകര്‍ന്ന പൗരാണിക നാഗരികതയുടെ പഴയ പ്രൗഢിയുടെ നിഴലാട്ടംപോലും മടക്കിയെടുക്കാനാവില്ല. ഒരു തരത്തിലും തെറ്റിന് പരിഹാരമുണ്ടാവില്ളെന്ന സ്ഥിതിയില്‍ വൈകിയുദിച്ച ഈ അല്‍പവിവേകത്തിന് ലോകം ആരോടാണ് നന്ദി പറയേണ്ടത്? ക്ഷമ ചോദിക്കേണ്ട യാതൊന്നുമില്ളെന്ന് 2004ല്‍ ബ്രിട്ടീഷ് പൊതുസഭയില്‍ ബ്ളെയര്‍ പ്രഖ്യാപിച്ചിരുന്നല്ളോ. 2007ല്‍ ഒരു അഭിമുഖത്തിലും ഇദ്ദേഹം പറഞ്ഞത്, മാപ്പ് ചോദിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല എന്നാണ് -ഏതെങ്കിലും ഭീകരര്‍ എവിടെയെങ്കിലും കാര്‍ ബോംബ് വെക്കുന്നതിന് താനെന്ത് പിഴച്ചു എന്ന്. ഇന്ന്, അതേ നാക്കുകൊണ്ട് ബ്ളെയര്‍ പറയുന്നു, ഭീകരസംഘടന ഉണ്ടാവാന്‍ കാരണം തന്‍െറയും ബുഷിന്‍െറയും ചെയ്തിയായിരുന്നുവെന്ന്. എന്തൊരു ആര്‍ജവം!
ആര്‍ജവമല്ല ഇത് -സാഹചര്യം നോക്കിയുള്ള നിറം മാറ്റമാണ്. ബ്ളെയര്‍ ഗവണ്‍മെന്‍റിന്‍െറ ഇറാഖ് ചെയ്തികളന്വേഷിച്ച സര്‍ ജോണ്‍ ചില്‍കോട്ടിന്‍െറ റിപ്പോര്‍ട്ട് ആറേഴ് വര്‍ഷം വൈകി, വന്‍ സമ്മര്‍ദഫലമായി പുറത്ത് വരാനിരിക്കുന്നു. ബ്ളെയറെ അനുകൂലിക്കുന്നയാളെന്നറിയപ്പെട്ട ചില്‍കോട്ടിനുപോലും അദ്ദേഹത്തെ കുറ്റമുക്തനാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ചോര്‍ന്ന വിവരം. ബ്ളെയറെ യുദ്ധക്കുറ്റവാളിയെന്ന നിലക്ക് വിചാരണ ചെയ്യണമെന്ന് ബിഷപ് ഡെസ്മണ്ട് ടുട്ടു മുതല്‍ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെയുമല്ല, രഹസ്യാന്വേഷകര്‍ തന്ന വിവരം തെറ്റിയതുകൊണ്ടാണ് താന്‍ യുദ്ധത്തിനിറങ്ങിയതെന്ന് കുമ്പസരിക്കുന്ന ബ്ളെയര്‍ വാസ്തവത്തില്‍ യു.എസ് സര്‍ക്കാറുമായി യുദ്ധത്തില്‍ സഹകരിക്കാമെന്ന് 2002ല്‍തന്നെ ഏറ്റിരുന്നുവെന്ന വിവരം കഴിഞ്ഞയാഴ്ച പുറത്തുവന്നു. ഈയിടെ പുറത്തുവിട്ട ‘ഹിലരി ക്ളിന്‍റണ്‍ ഇ-മെയില്‍ സന്ദേശങ്ങളി’ലുള്‍പ്പെട്ട പഴയ സര്‍ക്കാര്‍ മെമോകളിലാണ് ഈ വിവരമുള്ളത്. യുദ്ധം തുടങ്ങാന്‍ തീരുമാനിച്ചശേഷവും ബ്ളെയര്‍, ബ്രിട്ടീഷ് പാര്‍ലമെന്‍റിനെയും ലോക ജനതയെയും തെറ്റിദ്ധരിപ്പിച്ചു. യു.എന്നിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി വ്യാജ തെളിവുകള്‍ നിര്‍മിക്കുന്നതിന് എം-16 എന്ന രഹസ്യാന്വേഷകസംഘത്തെ ഉപയോഗിച്ചു. ‘ബുഷിന്‍െറ വളര്‍ത്തുപട്ടി’ എന്ന പേരുദോഷം നീക്കാന്‍ ബ്ളെയര്‍ ബുഷിനേക്കാള്‍ യുദ്ധവീര്യം കാട്ടി എന്നാണ് പഴയ രേഖകള്‍ നല്‍കുന്ന സൂചന. ഏതായാലും കള്ളം പറഞ്ഞാണ് താന്‍ (ബുഷിനേപ്പോലെ) യുദ്ധത്തിനിറങ്ങിയതെന്ന് വ്യക്തമായിരിക്കെ, ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലെ ‘പിഴവു’കളെപ്പറ്റി പറഞ്ഞ് തടിയൂരാനാവാം ബ്ളെയര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ക്ഷമാപണമെന്ന വാക്കിനുപിന്നില്‍നിന്നുകൊണ്ടദ്ദേഹം ഇപ്പോഴും അധിനിവേശത്തെയും സദ്ദാമിനെ നീക്കിയതിനെയും ന്യായീകരിക്കുന്നുണ്ട്. അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരവും ന്യൂറംബര്‍ഗ് തത്ത്വങ്ങള്‍ പ്രകാരവും അവയും കുറ്റങ്ങളാണെന്ന് അറിയാത്തയാളാണോ ബ്ളെയര്‍?
ബ്ളെയര്‍ ചോരക്കൊതിയന്‍ മാത്രമല്ല കപടന്‍ കൂടിയാണെന്നാണ് പുതിയ ‘ക്ഷമാപണം’ നമ്മോട് പറയുന്നത്. ഇന്‍റലിജന്‍സുകാര്‍ നല്‍കിയ വിവരങ്ങളെ പഴിക്കുമ്പോള്‍ തെറ്റ് തന്‍േറതല്ല എന്നാണല്ളോ അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇത് തന്നെയും കള്ളമാണെന്ന് പുതുതായി പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, അദ്ദേഹത്തിന്‍െറ കാബിനറ്റില്‍ പ്രമുഖാംഗമായിരുന്ന ഡേവിഡ് ബ്ളങ്കറ്റ്, ഇറാഖധിനിവേശത്തിന്‍െറ പ്രത്യാഘാതങ്ങളെപ്പറ്റി അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ബുഷിന്‍െറ വിഴുപ്പലക്കുന്ന ജോലിയായിപ്പോയി ബ്ളെയറിന്‍േറത്. വ്യാജപ്രചാരണത്തിനും അദ്ദേഹത്തെ ബുഷ് ഉപയോഗിച്ചു. ഒരു രാജ്യത്തെയും ലക്ഷക്കണക്കിന് മനുഷ്യരെയും അന്താരാഷ്ട്ര മര്യാദകളെയും നശിപ്പിച്ച് ബ്ളെയറും ബുഷും ലോക കോടതിക്ക് മുമ്പാകെ വിചാരണ ചെയ്യപ്പെടണം. കപടക്ഷമാപണത്തിന് ഒരു പ്രസക്തിയും ഇപ്പോഴില്ല. ആഗോള ഭീകരതയുടെ പിതാക്കളെ ലോകം അങ്ങനത്തെന്നെ തിരിച്ചറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
