Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവാഹനാപകടം: കമീഷന്‍...

വാഹനാപകടം: കമീഷന്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വരട്ടെ

text_fields
bookmark_border
വാഹനാപകടം: കമീഷന്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വരട്ടെ
cancel

വാഹനാപകടങ്ങളിലൂടെ എണ്ണമറ്റ മനുഷ്യജീവനുകള്‍ ദിനംപ്രതി പൊതുനിരത്തില്‍ പൊലിയുമ്പോള്‍ അതിന് പരിഹാരം നിര്‍ദേശിക്കുക എളുപ്പമല്ളെങ്കിലും ദുരന്തത്തിന്‍െറ ആഘാതം പരമാവധി കുറക്കുന്നതിനുള്ള പോംവഴികള്‍ ആരായേണ്ടത് ഭരണകൂടത്തിന്‍െറയും പൗരസമൂഹത്തിന്‍െറയും കടമയാണ്. റോഡുകളുടെ സുരക്ഷ, വാഹനമോടിക്കുന്നവരുടെ സൂക്ഷ്മത, നിയമം ലംഘിക്കുന്നവരോടുള്ള അധികൃതരുടെ നിലപാട്, ദുരന്തത്തില്‍പെടുന്നവരോടുള്ള സമീപനം തുടങ്ങിയ വിവിധ വശങ്ങള്‍ ആഴത്തില്‍ പഠിച്ച് ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമീഷന്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആ നിലക്ക് നോക്കുമ്പോള്‍ വകുപ്പ് മന്ത്രിയുടെ അലമാരയില്‍ പൊടിപിടിച്ചുകിടക്കാനുള്ളതല്ളെന്നും ഗൗരവതരമായ ചര്‍ച്ചയും സംവാദവും അര്‍ഹിക്കുന്നുണ്ടെന്നും ഓര്‍മപ്പെടുത്തട്ടെ. കമീഷന്‍െറ നിര്‍ദേശങ്ങളെല്ലാം പ്രായോഗികമോ യുക്തിസഹമോ അല്ളെന്ന അഭിപ്രായക്കാരുണ്ടാവാമെങ്കിലും വിഷയത്തിന്‍െറ മര്‍മംതൊട്ടാണ് വിവിധ വശങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ഒറ്റവായനയില്‍ ഗ്രഹിക്കാനാവും. 2013 സെപ്റ്റംബര്‍ ആറിന് മലപ്പുറം തേലക്കാട്ട് ബസപകടത്തില്‍ 15പേര്‍ മരിക്കാനിടയായ ദുരന്തത്തിനുശേഷമാണ് ഇത്തരമൊരു കമീഷനെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. ദുരന്തത്തിന്‍െറ ആഘാതം സൃഷ്ടിച്ച വേദനയും രോഷവും ശമിപ്പിക്കുക എന്നതിനപ്പുറം ഇത്തരം കമീഷനുകളെ വെക്കുന്നതിലൂടെ ഗൗരവതരമായ പഠനവും പ്രശ്നപരിഹാരവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടോ എന്ന് സംശയമാണ്. എന്നിരുന്നാലും 2000 കി.മീറ്റര്‍ സഞ്ചരിച്ച്, 720 അപകടസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് ചവറ്റുകൊട്ടയില്‍ തള്ളാനുള്ളതല്ളെന്ന തിരിച്ചറിവോടെ ജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെയും അഭിപ്രായങ്ങളറിയാന്‍ അവസരം ഉണ്ടാക്കേണ്ടതുണ്ട്.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്തുണ്ടായ 50,000 വാഹനാപകടങ്ങളില്‍ 26000വും വരുത്തിവെച്ചത് യുവാക്കള്‍, വിശിഷ്യാ വിദ്യാര്‍ഥികളാണെന്നത് കൊണ്ടാവാം ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി പുരുഷന്മാര്‍ക്ക് ഇരുപതും സ്ത്രീകള്‍ക്ക് 21ഉം ആയി നിജപ്പെടുത്തണമെന്ന് കമീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ സ്ത്രീപുരുഷ വിവേചനം തുക്തിസഹമാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടാകാം.  ഇക്കാലത്ത് എല്ലാ വീടുകളിലും ഇരുചക്ര വാഹനങ്ങളോ കാറോ ഉണ്ടാവുമെന്നിരിക്കെ പ്രായപരിധി കൂട്ടണമെന്ന നിര്‍ദേശത്തോട് വ്യാപകമായ എതിര്‍പ്പുണ്ടാവാനാണ് സാധ്യത. എന്നിരുന്നാലും 18ന്‍െറ തിളപ്പില്‍ ‘ചത്തെിനടക്കാന്‍’ രാപകല്‍ ഭേദമന്യേ തെരുവിലിറങ്ങുന്ന ഒരു തലമുറയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാവുമെങ്കില്‍ നിര്‍ദേശം  പരിഗണിക്കാവുന്നതേയുള്ളൂ. അതേസമയം, ‘വിദ്യാര്‍ഥി വാഹനം’ എന്ന സ്റ്റിക്കറൊട്ടിച്ച് കലാലയങ്ങളിലേക്കും തിരിച്ചും അവരുടെ യാത്ര പരിമിതപ്പെടുത്തണമെന്ന കമീഷന്‍െറ അഭിപ്രായം എത്ര കണ്ട് നടപ്പാകുമെന്ന്് പറയാനാവില്ല. വേണ്ടത് മതിയായ അവബോധവും കാര്യക്ഷമമായ സുരക്ഷാസംവിധാനവുമാണ്. ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള ലേണേഴ്സ് ടെസ്റ്റും ചില ജില്ലകളിലെങ്കിലും നടപ്പാക്കുന്ന  അവബോധക്ളാസും നല്ല ഡ്രൈവര്‍മാരെ സൃഷ്ടിച്ചെടുക്കുന്നതിന് പര്യാപ്തമല്ളെന്ന് കമീഷനും അധികാരികളും മനസ്സിലാക്കിയിട്ടുണ്ടാവണം. ഡ്രൈവിങ് സ്കൂള്‍ സമ്പ്രദായത്തില്‍തന്നെ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള, മതിയായ വിദ്യാഭ്യാസ യോഗ്യതയും പരിശീലനശേഷിയുമുള്ള സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കാവൂ. പരമാവധി പത്തുമാസം വരെ നീളുന്ന പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഡ്രൈവേഴ്സ് കോഴ്സ് എന്ന കമീഷന്‍ മുന്നോട്ടുവെച്ച ആശയം പ്രയോഗവത്കരിക്കുന്നതിനെ  കുറിച്ച് ബന്ധപ്പെട്ടവര്‍ ഉചിതമായ നടപടി കൈക്കൊള്ളേണ്ടതുണ്ട്. വാഹനമോടിക്കാന്‍ അറിയാഞ്ഞിട്ടല്ല, സുരക്ഷിതമായ ഡ്രൈവിങ്ങിന്‍െറ പ്രാഥമിക മര്യാദകള്‍ പോലും പാലിക്കാത്തതുകൊണ്ടാണ് പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടം തുടങ്ങിയ ഘടകങ്ങളാണ് ഒട്ടുമിക്ക വാഹനദുരന്തങ്ങള്‍ക്കും ഹേതുകമാവുന്നത്.
അപകടങ്ങള്‍ വരുത്തിവെക്കുന്നതില്‍ നമ്മുടെ റോഡുകള്‍ക്കുള്ള പങ്ക് ഭരിക്കുന്ന സര്‍ക്കാര്‍ ഒരിക്കലും സമ്മതിച്ചുതരണമെന്നില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച പൊതുനിരത്തുകളെയാണ് ഇന്നും നാം മുഖ്യമായും ആശ്രയിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ ജനായത്ത സര്‍ക്കാര്‍ സംസ്ഥാനത്ത് എത്ര കി.മീറ്റര്‍ പുതുതായി റോഡ് വെട്ടി എന്ന ഒരന്വേഷണം നിരാശ മാത്രമായിരിക്കും സമ്മാനിക്കുക. വാഹനങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ എത്ര ഇരട്ടി വര്‍ധനയുണ്ടായി എന്ന് നമ്മുടെ ജീവിതപരിസരത്തെ കുറിച്ചുള്ള ചെറിയ പഠനത്തില്‍നിന്ന് തന്നെ വ്യക്തമാവും. ഉള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അമാന്തമാണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നത്. ദേശീയപാതകള്‍ നാലുവരിയാക്കണമെന്നും സംസ്ഥാന പാതകള്‍ രണ്ടുവരിയാക്കണമെന്നുമൊക്കെ കമീഷന്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും അടിസ്ഥാനവികസനരംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തുലോം പിറകിലാണെന്ന യാഥാര്‍ഥ്യം സമ്മതിച്ചേ പറ്റൂ. ഉള്ള റോഡില്‍ അലക്ഷ്യമായോ അമിതവേഗത്തിലോ മത്സരബുദ്ധിയോടെയോ വാഹനമോടിക്കുന്നവരെ പിടികൂടുന്ന കാര്യത്തില്‍ ശുഷ്കാന്തി കാട്ടുന്ന പ്രത്യേക റോഡ് സുരക്ഷാസേന രൂപവത്കരിക്കണമെന്ന കമീഷന്‍ ശിപാര്‍ശ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ. അതേസമയം, റോഡ് സുരക്ഷാഫണ്ടിലേക്കായി ടിക്കറ്റിന്മേല്‍ ഒരു രൂപവീതം ഈടാക്കണമെന്ന നിര്‍ദേശത്തെ ജനം എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. എണ്ണമറ്റ യുവതയുടെ ജീവിതമൊടുക്കുന്ന ഇരുചക്രവാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കുന്നതിന് നിര്‍മാണത്തില്‍തന്നെ സംവിധാനമുണ്ടാക്കണമെന്ന നിര്‍ദേശവും പരിഗണിക്കാവുന്നതേയുള്ളൂ.

 

Show Full Article
TAGS:
Next Story