Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകാമ്പസിലെ...

കാമ്പസിലെ നിയന്ത്രണങ്ങള്‍

text_fields
bookmark_border
കാമ്പസിലെ നിയന്ത്രണങ്ങള്‍
cancel

സംസ്ഥാനത്തെ മുന്‍നിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ സി.ഇ.ടിയില്‍ (കോളജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ഡ്രം) 2015 ആഗസ്റ്റ് 19ന് ഓണാഘോഷ പരിപാടിക്കിടെ വാഹനമിടിച്ച് തസ്നി ബഷീര്‍ എന്ന വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. കോളജിലെ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന അതിരുവിട്ട ആഘോഷ അര്‍മാദത്തിനിടെയാണ്, ആഘോഷ സംഘം ഓടിച്ച ജീപ്പിടിച്ച് തസ്നി കൊല്ലപ്പെടുന്നത്. പ്രത്യേക രീതിയില്‍ തയാറാക്കിയ ഈ ജീപ്പിന് പുറമെ ചെകുത്താന്‍ എന്ന് പേരിട്ട ലോറിയും ആഘോഷത്തിനായി ആ സംഘം ഉപയോഗിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഫയര്‍ ഫോഴ്സ് വാഹനം ഉപയോഗിച്ചുകൊണ്ടുള്ള ഓണാഘോഷത്തിന്‍െറ വാര്‍ത്തകള്‍ അടൂര്‍ എന്‍ജിനീയറിങ് കോളജില്‍നിന്ന് വന്നത്. അതിരുവിടുന്ന ആഘോഷങ്ങളെക്കുറിച്ചും ഉന്നത കലാലയങ്ങളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ചുമുള്ള വലിയ സംവാദങ്ങള്‍ പ്രസ്തുത സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉയര്‍ത്തി. ഈ സംവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കാമ്പസിലെ ആഘോഷങ്ങള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ വെച്ചുകൊണ്ട് ഒക്ടോബര്‍ 12ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്. പ്രസ്തുത ഉത്തരവിനെ ശരിവെച്ചുകൊണ്ടും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കാമ്പസില്‍ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചുകൊണ്ടുമുള്ള ഉത്തരവ് ഒക്ടോബര്‍ 20ന് ഹൈകോടതി പുറപ്പെടുവിച്ചിരിക്കുകയാണ്.
സി.ഇ.ടി സംഭവത്തെ തുടര്‍ന്ന് കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈകോടതി സിംഗ്ള്‍ ബെഞ്ച്  ജഡ്ജി വി. ചിദംബരേഷ് ഉത്തരവിട്ടിരിക്കുന്നത്. സസ്പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈകോടതി വിദ്യാര്‍ഥികള്‍ അവരുടെ പരാതികള്‍ യൂനിവേഴ്സിറ്റി ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാത്രി ഒമ്പതിനു ശേഷം ആഘോഷ പരിപാടികള്‍ നടത്തരുതെന്നതുള്‍പ്പെടെ സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈകോടതി വിധിയില്‍ പറയുന്നു. കാമ്പസിനകത്തേക്ക് വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കരുത്, പ്രവേശിക്കുന്നത് തടയാന്‍ ചെക്പോസ്റ്റ് സ്ഥാപിക്കണം, ആവശ്യമായ സുരക്ഷാ ജീവനക്കാരെ ഇക്കാര്യത്തിനായി നിയോഗിക്കണം തുടങ്ങിയ കാര്യങ്ങളും ചിദംബരേഷിന്‍െറ ഉത്തരവിലുണ്ട്. തടസ്സം മറികടന്ന് അകത്തു കടക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും പ്രിന്‍സിപ്പലിന് അധികാരമുണ്ട്. ശാരീരിക വൈകല്യം നേരിടുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രം പ്രിന്‍സിപ്പലിന്‍െറ അനുമതിയോടെ വാഹനങ്ങള്‍ കാമ്പസില്‍ കൊണ്ടുവരാം. പുറത്തുള്ള ഏജന്‍സികളുടെ സംഗീത, ആഘോഷ പരിപാടികള്‍ ഒരുനിലക്കും പാടില്ല. വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ അധ്യാപകരുടെ സാന്നിധ്യം നിയമപരമായി അനിവാര്യമാണ് -ചിദംബരേഷിന്‍െറ ഉത്തരവില്‍ പറയുന്നു.
സി.ഇ.ടിയിലെ തസ്നി ബഷീറിന്‍െറ മരണം കേരള സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകള്‍ക്കു നേരെയും വിമര്‍ശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച്, സി.ഇ.ടിയടക്കം കേരളത്തിലെ നല്ളൊരു ശതമാനം കാമ്പസുകളില്‍ ആധിപത്യമുള്ള ഇടതു വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കടുത്ത വിമര്‍ശങ്ങള്‍ നേരിടേണ്ടിവന്നു. വിദ്യാര്‍ഥി സംഘടനകള്‍ പോറ്റിവളര്‍ത്തുന്ന അരാജക ഗ്യാങ്ങുകളാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെന്ന് ആരോപിക്കപ്പെട്ടു. ഇപ്പറഞ്ഞതിലെല്ലാം ശരിയുടെ അംശങ്ങള്‍ ധാരാളമുണ്ട്. അതേസമയം, സി.ഇ.ടി സംഭവത്തെ മുന്‍നിര്‍ത്തി കാമ്പസുകളാകമാനം അപകടകരമാണെന്നും വിദ്യാര്‍ഥിസമൂഹം ഒന്നടങ്കം വഴിപിഴച്ചു പോയിരിക്കുന്നു എന്നൊക്കെയുള്ള മട്ടില്‍ സാമാന്യവത്കരണങ്ങളും വ്യാപകമായി ഉണ്ടായിട്ടുണ്ട്. അതിനാല്‍, ‘അധാര്‍മിക’രായ വിദ്യാര്‍ഥികളെ ‘ശരി’യാക്കിക്കളയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ അവര്‍ക്ക് മേല്‍ ചുമത്തിയേ തീരൂ എന്ന തീര്‍പ്പില്‍ മുതിര്‍ന്നവരത്തെി. ഈ ‘കാരണവര്‍ മനസ്ഥിതി’യുടെ മിന്നലാട്ടങ്ങള്‍ ഹൈകോടതി വിധിയിലും കാണാവുന്നതാണ്.
പ്രായത്തിന്‍െറ പ്രത്യേകതയായ പളപ്പും ചടുലതയും വിദ്യാര്‍ഥികളില്‍ സ്വാഭാവികമായും കാണും. പഴയ തലമുറക്ക് പരിചിതമല്ലാത്ത പല രീതികളും അവരിലുണ്ടാവുകയും ചെയ്യും. അവയൊന്നും മനസ്സിലാവാതെ എല്ലാവരെയും അച്ചടക്ക ചമ്മട്ടി പ്രയോഗിച്ച് അടക്കിനിര്‍ത്താമെന്നത് തെറ്റായ വിചാരം മാത്രമാണ്. അതിനര്‍ഥം, നിയന്ത്രണങ്ങള്‍ക്കതീതമായി എന്തും ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കണമെന്നല്ല. ഉത്തരവാദിത്തബോധമുള്ള പെരുമാറ്റത്തിലേക്ക് ഉയരാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുകയാണ് വേണ്ടത്. അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥി സംഘടനകള്‍, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ എന്നിവരെല്ലാം ചേര്‍ന്ന് നടത്തേണ്ട സംയോജിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് ഉണ്ടായിവരുക. കേവലമായ അച്ചടക്ക പ്രയോഗങ്ങളിലൂടെ വരിഞ്ഞുകെട്ടുന്നതും അതിരുകളില്ലാത്ത സ്വാതന്ത്ര്യമെന്ന വാദവും ഒരേ അളവില്‍ അപകടകരമായ ആത്യന്തികതകളാണ്. രണ്ടിനുമിടയിലാണ് ശരിയായ വഴി. ആ വഴിയിലേക്ക് മുതിര്‍ന്ന തലമുറയും പുതിയ തലമുറയും ഒരുമിച്ച് സഞ്ചരിക്കട്ടെ.

Show Full Article
TAGS:
Next Story