Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമറ്റൊരു അവകാശനിഷേധം;...

മറ്റൊരു അവകാശനിഷേധം; മറ്റൊരു ബഹിഷ്കരണം

text_fields
bookmark_border
മറ്റൊരു അവകാശനിഷേധം; മറ്റൊരു ബഹിഷ്കരണം
cancel

ഇന്ത്യയിലെ എഴുത്തുകാരും കലാകാരന്മാരും വര്‍ഗീയ-ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരിക്കെ, മറ്റൊരു പ്രതിഷേധം വേണ്ടത്ര ശ്രദ്ധനേടാതെ പോയി. കേന്ദ്ര വിവരാവകാശ കമീഷന്‍ (സി.ഐ.സി) കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ഷികസമ്മേളനം അനേകം വിവരാവകാശ പ്രവര്‍ത്തകരും സംഘങ്ങളും ബഹിഷ്കരിക്കുകയുണ്ടായി-വിശേഷിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉദ്ഘാടന സെഷന്‍. വിവരാവകാശനിയമത്തിന്‍െറ 10ാം വാര്‍ഷികത്തിലാണ് മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രതിഷേധം. ഇത് സ്വാഭാവികം-കാരണം, മുമ്പില്ലാതിരുന്ന നിയന്ത്രണങ്ങളായിരുന്നു സമ്മേളനത്തില്‍ ഇത്തവണ. വിവരാവകാശനിയമത്തിന് (ആര്‍.ടി.ഐ) വേണ്ടി ശക്തമായി പോരാടിയ അരുണാ റോയ് മുതല്‍ ഒരുപാട് ആര്‍.ടി.ഐ ആക്ടിവിസ്റ്റുകള്‍ ബഹിഷ്കരണത്തില്‍ പങ്കെടുത്തു. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനായുള്ള ദേശീയപ്രസ്ഥാനം (എന്‍.സി.പി.ആര്‍.ഐ) പോലുള്ള സംഘടനകളും ബഹിഷ്കരണത്തിനുവേണ്ടി ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാന വിവരാവകാശ കമീഷനുകള്‍ നിര്‍ദേശിച്ച ആളുകളടക്കം ഒട്ടനവധി പ്രവര്‍ത്തകരെ കേന്ദ്രസര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം സി.ഐ.സി ഒഴിവാക്കിയതാണ് വലിയ പ്രകോപനം സൃഷ്ടിച്ചത്. മാത്രമല്ല, രാജ്യമെങ്ങുമുള്ള അസംഖ്യം പ്രവര്‍ത്തകരെക്കുറിച്ച് ഇന്‍റലിജന്‍സ് ബ്യൂറോയെ വിട്ട് അന്വേഷിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടവരെപ്പറ്റി അന്വേഷണം പതിവാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രവര്‍ത്തകര്‍ ആ വാദം അംഗീകരിച്ചിട്ടില്ല. 2006 മുതല്‍ എല്ലാവര്‍ഷവും ആര്‍.ടി.ഐ കണ്‍വെന്‍ഷന്‍ നടക്കാറുണ്ട്; പ്രധാനമന്ത്രി അതില്‍ സംസാരിക്കാറുമുണ്ട്. എന്നാല്‍, ഇത്ര വ്യാപകമായി ഐ.ബി സാന്നിധ്യവും പ്രവര്‍ത്തകരെ ഒഴിവാക്കലും ആദ്യമാണ്.
ആര്‍.ടി.ഐകൂടി അധികൃതരുടെ ഒൗദാര്യത്തിന് വിധേയമായാല്‍ അത് വല്ലാത്ത വിരോധാഭാസമാകും. മഹാരാഷ്ട്രയിലെ വിവരാവകാശപ്രവര്‍ത്തകനായ ഭാസ്കര്‍ പ്രഭുവിന്‍െറ സുഹൃത്ത് കുംഭാറിനോട് അന്വേഷിച്ചത്, പ്രഭുവിന്‍െറ രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാറിനെക്കുറിച്ചുള്ള അഭിപ്രായത്തെപ്പറ്റിയുമാണ്; ഒടുവില്‍ ക്ഷണവുമില്ല. സുരക്ഷാകാരണങ്ങളാല്‍ പ്രവേശം കിട്ടില്ളെന്ന അറിയിപ്പ് ഇ-മെയില്‍വഴി പലര്‍ക്കും കിട്ടി. ആര്‍.ടി.ഐ പ്രവര്‍ത്തകരില്‍പെട്ട ഏതാനുംപേര്‍ മാത്രമാണ് ക്ഷണിക്കപ്പെട്ടത്. സുതാര്യത, ജനങ്ങളുടെ പങ്കാളിത്തം, ജനാധികാരത്തിന് മുമ്പാകെ ഭരണകൂടത്തിന്‍െറ വിധേയത്വം എന്നിവ മുഖമുദ്രയാകേണ്ട ഒരു സമ്മേളനത്തിലാണ് ജനങ്ങള്‍ വിലക്കപ്പെട്ടത്. തങ്ങളെ അധികാരമേല്‍പിച്ചാല്‍ ആര്‍.ടി.ഐ നിയമത്തിന് ശക്തിപകരുമെന്ന് വാക്കുപറഞ്ഞ് അധികാരത്തിലത്തെിയവര്‍ അത് കൂടുതല്‍ പരിമിതപ്പെടുത്തുകയാണിപ്പോള്‍. വിസ്ല്‍ ബ്ളോവര്‍ സംരക്ഷണ നിയമം ഒന്നരവര്‍ഷംമുമ്പ് പാര്‍ലമെന്‍റ് പാസാക്കിയതാണ്. 2014 മേയില്‍ അതിന് രാഷ്ട്രപതിയുടെ ഒപ്പും കിട്ടി. പക്ഷേ, അധികാരമേറ്റ് 16 മാസം കഴിഞ്ഞിട്ടും ഇത് നടപ്പാക്കാനാവശ്യമായ ചട്ടങ്ങള്‍ക്ക് രൂപംനല്‍കാന്‍ മോദിസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ലോക്പാല്‍ നിയമവും പാസായെങ്കിലും നടപ്പായിട്ടില്ല. പരാതിപരിഹാര സംവിധാന നിയമത്തിന്‍െറ കാര്യത്തിലും മെല്ളെപ്പോക്ക് തുടരുന്നു. രാജ്യസഭയിലടക്കം ഇതിനൊന്നും എതിര്‍പ്പുണ്ടാകില്ല എന്നിരിക്കെയാണിത്. ജനായത്തത്തോടും ജനങ്ങളുടെ അവകാശത്തോടുമുള്ള വെല്ലുവിളിയാണ് ഇതെല്ലാം.
സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങള്‍ ജനായത്താധികാരം ഭാഗികമായെങ്കിലും രുചിച്ചുതുടങ്ങിയത് ആര്‍.ടി.ഐയിലൂടെയാണ്. ഇന്ന് ലോകത്ത് ഏറ്റവുംവലിയ ജനകീയ ഇടപെടലായി അത് വളര്‍ന്നിരിക്കുന്നു. വര്‍ഷംതോറും 45 ലക്ഷം വിവരാവകാശ ചോദ്യങ്ങള്‍ ഇവിടെ ഫയല്‍ ചെയ്യപ്പെടുന്നുണ്ട്. അമേരിക്കയില്‍ ഇത് 35 ലക്ഷം തികയില്ല. ഈ നിയമം സര്‍ക്കാറിന്‍െറ ഒൗദാര്യമായി ലഭിച്ചതല്ല. ദശലക്ഷക്കണക്കിന് ജനങ്ങള്‍ അതിനുവേണ്ടി ആവശ്യമുന്നയിച്ചു; അനേകംപേര്‍ അതിനുവേണ്ടി ജീവന്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, ഇന്നും ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും ജുഡീഷ്യറിയുമൊക്കെ അതിന്‍െറ വ്യാപ്തി പരിമിതപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വര്‍ഷങ്ങളോളം സമരംചെയ്ത് നേടിയ വിവരാവകാശത്തിന്‍െറ അതിരുകള്‍ ഇപ്പോഴും പരിമിതപ്പെട്ടുകിടക്കുന്നു. അതുപോലും എടുത്തുകളയാനുള്ള നീക്കങ്ങളെ തോല്‍പിച്ചേ മതിയാവൂ. വിവരാവകാശ സംവിധാനത്തിന്‍െറ ബലക്ഷയം ഇല്ലാതാക്കാനും അതിനെ സംരക്ഷിക്കാനും ജനങ്ങള്‍ ഇനിയും ഇടപെടേണ്ടതുണ്ട്. നിതാന്തജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്‍െറ വില. വിവരാവകാശവും ആ വില ചോദിക്കുന്നുണ്ട്.

Show Full Article
TAGS:
Next Story