ഡല്‍ഹി നാണംകെടുത്തുക തന്നെയാണ്
text_fieldsഡല്‍ഹി ഇന്ത്യയെ നാണംകെടുത്തുകതന്നെയാണ്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ഭരണം കൈയാളുന്ന രാജ്യതലസ്ഥാനം നാഥനില്ലാക്കളരിയായി മാറിയതിന്‍െറ കെട്ട വാര്‍ത്തകളാണ് ദിനേന പുറത്തുവരുന്നത്. ഡല്‍ഹിയില്‍ ശൈശവത്തിന്‍െറ കാലടിച്ചുവപ്പു മാറാത്ത പെണ്‍കുഞ്ഞുങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മാനഭംഗത്തിനിരയായിരിക്കുന്നു. ഒരാഴ്ച മുമ്പ് മാതാപിതാക്കളോടൊപ്പം ആനന്ദ് വിഹാറിലെ ഫ്ളാറ്റില്‍ താമസിക്കുന്ന നാലു വയസ്സുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് കാമവെറിക്കിരയാക്കി. നിലവിളിച്ചു പുറത്തേക്കോടിയ കുട്ടി ചൂണ്ടിയത് അതേ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുന്നവനെ. അവനെയും കൂട്ടുപ്രതികളായ രണ്ടുപേരെയും നാട്ടുകാര്‍ പിടിച്ചു പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഈ സംഭവത്തിന്‍െറ ഞെട്ടല്‍ മാറും മുമ്പാണ് പശ്ചിമ ഡല്‍ഹിയിലെ നാംഗ്ലോയിയില്‍ വെള്ളിയാഴ്ച രാത്രി അമ്മൂമ്മയോടൊപ്പം രാംലീല ഘോഷയാത്ര കാണാന്‍ പുറത്തിറങ്ങിയ രണ്ടര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ അയല്‍വാസികളായ പയ്യന്മാര്‍ തട്ടിയെടുത്ത് നശിപ്പിച്ചത്. പതിനേഴുകാരായ രണ്ടുപേരും ശനിയാഴ്ച പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസംതന്നെയാണ് ഡല്‍ഹിക്കടുത്ത നോയിഡയില്‍ മൂന്നുപേര്‍ നിരന്തരം പിന്തുടര്‍ന്ന് ശല്യംചെയ്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതികൊടുത്തിട്ടും ഫലമില്ലാതെ പതിനേഴുകാരി ജീവനൊടുക്കിയത്.
2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായതും തുടര്‍ന്ന് അണപൊട്ടിയ യുവജന പ്രതിഷേധവും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പേരു കെടുത്തിയതാണ്. അന്നത്തെ ഇരയായ പെണ്‍കുട്ടിയുടെ പേരുപോലും പുറത്തറിയിക്കാതെ മാനുഷികബോധം കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തതിനു പിറകെ ഡല്‍ഹി ഇന്ത്യയുടെ ബലാത്സംഗ തലസ്ഥാനമായി മാറുന്നതാണ് കണ്ടത്. തൊട്ടടുത്ത വര്‍ഷം 2013ല്‍ ഡല്‍ഹി നഗരത്തില്‍ 1441 ബലാത്സംഗക്കേസുകളാണ് രേഖപ്പെടുത്തിയതെങ്കില്‍ 2014ല്‍ അത് 1813 ആയി ഉയര്‍ന്നു. ഇതടക്കം സ്ത്രീകള്‍ക്കെതിരായി അവിടെ 15,265 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. നഗരത്തിലെ ലക്ഷം സ്ത്രീകളില്‍ ആറിലേറെ പേര്‍ പൈശാചികതയുടെ ഇരകളായിത്തീരുന്നുവെന്ന വസ്തുതയൊന്നും പക്ഷേ, രാജ്യഭരണം കൈയാളുന്നവരില്‍ കിടിലമുണ്ടാക്കിയ ലക്ഷണമില്ല. രാജ്യതലസ്ഥാനമായതിനാല്‍ ക്രമസമാധാന ചുമതല ഡല്‍ഹിയില്‍ കേന്ദ്രഭരണകൂടത്തിനാണ്.
സ്വച്ഛ് ഭാരതുമായി അടിച്ചുതെളിക്കും സ്കൂളുകളിലെ ശൗചാലയ നിര്‍മാണത്തിനുമൊക്കെ പെരുമ്പറ മുഴക്കിയ ബി.ജെ.പി സര്‍ക്കാര്‍ പെണ്‍കുഞ്ഞുങ്ങളെ പിശാചുക്കള്‍ കൊത്തിക്കീറുന്നതിനെതിരെ ഫലപ്രദമായി ഇടപെട്ടുകാണുന്നില്ല. 2014ല്‍ ഒമ്പതുപേര്‍ക്കെതിരെ മാത്രമാണ് മാനഭംഗക്കേസുകളില്‍ കുറ്റം ചുമത്തിയത്. ഡല്‍ഹി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍തന്നെ ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാറും പ്രതിനിധിയായ ലഫ്റ്റനന്‍റ് ഗവര്‍ണറും സ്വന്തം അധികാരപരിധി കാത്തുസൂക്ഷിക്കാന്‍ കാണിക്കുന്ന ഒൗത്സുക്യം ആ അധികാരമുപയോഗിച്ച് ജനജീവിതത്തിന് സുരക്ഷ നല്‍കാന്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ് കെജ്രിവാള്‍ പറഞ്ഞത്. പൊലീസില്‍ പരാതി പറഞ്ഞിട്ടും രക്ഷയില്ളെന്നു വന്നപ്പോഴാണല്ളോ നോയിഡയില്‍ പെണ്‍കുട്ടിക്ക് ജീവനൊടുക്കേണ്ടിവന്നത്. സ്ത്രീപീഡനം തടയാന്‍ എന്തു ചെയ്യാനാവും എന്നു കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കര്‍ണാടക നേതാവ് കൈമലര്‍ത്തിയത് എത്ര ലാഘവത്തോടെയാണ് ബി.ജെ.പി ഈ വിഷയത്തെ കാണുന്നത് എന്നതിന്‍െറ തെളിവാണ്. രാജ്യത്ത് പശുവിറച്ചി തിന്നെന്നും കച്ചവടം ചെയ്തെന്നും പറഞ്ഞ് ആളെ കൊല്ലാന്‍ ആഹ്വാനം മുഴക്കുന്ന സംഘ്പരിവാര്‍ നേതാക്കളുണ്ട്. ഉപദ്രവിക്കുന്ന തെരുവുപട്ടികളെപ്പോലും കൊല്ലാതെ കാക്കാന്‍ കര്‍ക്കശ നിയമങ്ങള്‍ കാട്ടി പേടിപ്പിക്കുന്ന മന്ത്രിപ്രമുഖരുണ്ട്. പക്ഷേ, പെണ്‍കുഞ്ഞുങ്ങള്‍ക്ക് പൊറുതികൊടുക്കാത്ത ഈ പിശാചുക്കളുടെ പേക്കൂത്തിനെതിരെ മിണ്ടാന്‍ അവര്‍ക്കൊന്നും താല്‍പര്യമില്ല.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുടെ സംഗമഭൂമിയാണ് ഡല്‍ഹി. ഇതര കുറ്റകൃത്യങ്ങള്‍പോലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും ഡല്‍ഹി മുന്നിലത്തൊന്‍ ഇതും ഒരു കാരണമാണ്. ഇതെല്ലാം കണ്ടറിഞ്ഞ് സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനും സാമൂഹികവിരുദ്ധരെ നിര്‍ദാക്ഷിണ്യം നേരിടാനുമുള്ള സംവിധാനമാണ് ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്നുണ്ടാകേണ്ടത്. വി.വി.ഐ.പി സുരക്ഷ കേന്ദ്രം കൈയാളേണ്ടതുകൊണ്ട് പൊലീസിനെ കേന്ദ്രത്തിന്‍െറ വരുതിയില്‍ വെച്ചിടത്ത് ക്രമസമാധാനപാലനം പലപ്പോഴും പാളുകയാണ്. ക്രമസമാധാന പാലനം സംസ്ഥാനത്തിനു നല്‍കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണെങ്കിലും ഇതുവരെ വന്ന കേന്ദ്രഗവണ്‍മെന്‍റുകള്‍ ചെവികൊടുത്തിട്ടില്ല.
കേന്ദ്രത്തിനു വേണ്ടി ഇതിലൊരു സന്തുലിത കര്‍മരീതി ആവിഷ്കരിക്കാന്‍ മുന്‍കൈയെടുക്കേണ്ട ലഫ്. ഗവര്‍ണറാകട്ടെ, നിലവിലെ സംസ്ഥാന സര്‍ക്കാറുമായി സ്വരച്ചേര്‍ച്ചയിലുമല്ല. ഇതിന്‍െറയൊക്കെ ഫലം അനുഭവിക്കേണ്ടിവരുന്നത് സാധാരണ ജനമാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കവിഞ്ഞ് തുടര്‍നടപടികളുണ്ടാകുന്നില്ല എന്നതിന് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍തന്നെ തെളിവ്. കേന്ദ്രഭരണത്തിനു മൂക്കിന്‍ചുവട്ടിലെ ക്രമസമാധാന പാലനം എന്ന പ്രാഥമികധര്‍മം നിര്‍വഹിക്കാനുള്ള പ്രാപ്തി തെളിയിക്കാതെ വികസനമെന്ന് വലിയവായില്‍ കൂവിയിട്ടെന്തു കാര്യം! ശിശുക്കളുടെ പച്ചമാംസം കൊത്തിവലിക്കുന്ന കാമവെറിയന്മാരെയും പശുവിന്‍െറ പേരില്‍ പച്ചമനുഷ്യരെ അടിച്ചുകൊല്ലുന്ന വംശവെറിയന്മാരെയും കയറൂരിവിട്ട് ആരുടെ ഡിജിറ്റല്‍ ഇന്ത്യയിലേക്കാണാവോ ഈ ഭരണാധികാരികള്‍ നാടിനെ കൊണ്ടുപോകുന്നത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
