Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനീതിപൂര്‍വമാകട്ടെ,...

നീതിപൂര്‍വമാകട്ടെ, ന്യായാധിപ നിയമനങ്ങള്‍

text_fields
bookmark_border
നീതിപൂര്‍വമാകട്ടെ, ന്യായാധിപ നിയമനങ്ങള്‍
cancel

ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച  ദേശീയ ന്യായാധിപ നിയമന കമീഷനെ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ച് റദ്ദാക്കിയ വിധി നിയമനിര്‍മാണ സഭയുടെ അധികാരവും നിയമ സംവിധാനത്തിന്‍െറ നിഷ്പക്ഷതയെയും കുറിച്ചുള്ള സംവാദങ്ങളിലേക്ക് വഴിതുറക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്‍െറ അമിതാധികാര സാധ്യത നിയമന കമീഷനില്‍ നിലനില്‍ക്കുന്നതിനാല്‍ നീതിന്യായ സംവിധാനത്തിന്‍െറ നിഷ്പക്ഷത നിലനിര്‍ത്തുകയെന്ന ഭരണഘടനാ താല്‍പര്യം സംരക്ഷിക്കാനാണ് ജസ്റ്റിസ് കെ.എസ്. കഹാര്‍ അധ്യക്ഷനായ ബെഞ്ച് ഇത്തരമൊരു വിധിന്യായം രേഖപ്പെടുത്തിയിരിക്കുന്നത്. കൊളീജിയം സംവിധാനത്തിന്‍െറ പോരായ്മ കോടതി അംഗീകരിക്കുകയും അത് നവീകരിക്കുന്നതിന് വിപുലമായ ബെഞ്ചിനെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ലോക്സഭയും രാജ്യസഭയും ഐകകണ്ഠ്യേന അംഗീകരിക്കുകയും 20 നിയമസഭകള്‍ യോജിക്കുകയും ചെയ്ത ഭരണഘടനാ ഭേദഗതി റദ്ദുചെയ്തതില്‍ കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ അനിഷ്ടം പ്രകടിപ്പിച്ചപ്പോള്‍  രാംജത്മലാനി, ഫാലി എസ്. നരിമാന്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ ഭരണഘടനാ വിദഗ്ധര്‍ ഈ വിധി ചരിത്രപ്രധാനമാണെന്നും ജനാധിപത്യത്തിന്‍െറ വിജയമായും വിലയിരുത്തുന്നു.
 സുപ്രീംകോടതി ജഡ്ജിമാരും ഹൈകോടതി ജഡ്ജിമാരുമായി കൂടിയാലോചിച്ച് ഭരണനിര്‍വാഹക തലവനായ രാഷ്ട്രപതി ന്യായാധിപന്മാരെ നിയമിക്കണമെന്നാണ് ഭരണഘടന 124 അനുച്ഛേദം വിവക്ഷിക്കുന്നത്. കാലാന്തരത്തില്‍ ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയസ്വാധീനം വര്‍ധിക്കുകയും അഴിമതിയില്‍ കുരുങ്ങുന്ന ഭരണനിര്‍വഹണ വിഭാഗത്തോട് ന്യായാധിപന്മാര്‍ വിധേയത്വം പ്രകടിപ്പിക്കുന്ന പ്രവണതകള്‍ വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, നിയമനം നീതിന്യായ സ്ഥാപനം തന്നെ നടത്തണമെന്നും എക്സിക്യൂട്ടിവിന് ഭരണഘടനാ കോടതികളിലെ ജഡ്ജിമാരെ നിശ്ചയിക്കാന്‍ അധികാരമില്ളെന്നും  സുപ്രീംകോടതി വ്യക്തമാക്കി. ഇതിന് ചുവടുപിടിച്ചാണ് സുപ്രീംകോടതിയിലെയും 24 ഹൈകോടതികളിലെയും ജഡ്ജിമാരെ നിശ്ചയിക്കുന്നതിനും സ്ഥലം മാറ്റുന്നതിനും കൊളീജിയം സമ്പ്രദായം രണ്ട് പതിറ്റാണ്ടുമുമ്പ് രൂപവത്കരിച്ചത്. എന്നാല്‍, ഈ രീതി കുറ്റമറ്റതല്ളെന്നും ജനാധിപത്യസ്വഭാവം പ്രകടിപ്പിക്കുന്നില്ളെന്നുമുള്ള വിമര്‍ശം ശക്തമാകുകയും ഹൈകോടതികളിലും സുപ്രീംകോടതികളിലും ജാതിസമവാക്യങ്ങളില്‍ പിന്നാക്ക ജാതികളുടെ പ്രാതിനിധ്യം തുലോം കുറവാണെന്ന വസ്തുത പുറത്തുവരുകയും ചെയ്തു. ഈ അസന്തുലിതാവസ്ഥ കോടതികളുടെ വിധിന്യായങ്ങളില്‍  പ്രതിഫലിക്കുകയും സാമൂഹിക നീതിയുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുകയും ചെയ്യുന്നുണ്ടെന്ന പഠനങ്ങള്‍ കോടതികളുടെ ‘സ്വഭാവ’ത്തെ കുറിച്ചുതന്നെ സംശയങ്ങള്‍ ജനിപ്പിച്ചു. വിരമിച്ചശേഷം ഭരണവിഭാഗങ്ങളില്‍നിന്ന് സ്ഥാനമാനങ്ങള്‍ നേടാനുള്ള ജഡ്ജിമാരുടെ മോഹങ്ങള്‍ നീതിന്യായ മേഖലകളിലും അഴിമതിയുടെ വ്യാപനത്തിനും ഭരണകൂട വിധേയത്വത്തിനും ആക്കംകൂട്ടി. 2008 ജനുവരിക്ക് ശേഷം വിരമിച്ച 21 സുപ്രീംകോടതി ജഡ്ജിമാരില്‍ 18 പേരും സര്‍ക്കാര്‍ കമീഷനുകളിലോ ട്രൈബ്യൂണലുകളിലോ സ്ഥാനം പിടിച്ചിരിക്കുകയാണ്. ന്യായാധിപ നിയമനങ്ങളുടെ ഏകപക്ഷീയതകള്‍ പരിഹരിക്കുവാനും അവ സുതാര്യവും സാമൂഹികനീതിയിലധിഷ്ഠിതവുമാക്കാനുള്ള മുറവിളികളുടെ ഫലമായിരുന്നു ന്യായാധിപ നിയമന കമീഷന്‍. എന്നാല്‍, നിയമന കമീഷന്‍ രൂപവത്കരണത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ മേല്‍ക്കൈ  ഉറപ്പുവരുത്തിയത് ജുഡീഷ്യറിയെ അട്ടിമറിക്കുന്നതിന് ഉപാധിയാക്കിയേക്കുമെന്ന ആശങ്ക പ്രബലമാക്കി. നേരത്തേ തന്നെ, ഇങ്ങനെയുള്ള  ഇടപെടല്‍ പാടില്ളെന്ന് 1996ലെ വിധിന്യായത്തില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പുതിയ വിധിയിലും ആ നിലപാട് തന്നെയാണ് പ്രതിഫലിക്കുന്നത്.
ന്യായാധിപ നിയമനത്തില്‍ പാര്‍ലമെന്‍റിന് അധികാരമുണ്ടോ, പാര്‍ലമെന്‍റ് ഐകകണ്ഠ്യേന അംഗീകരിച്ച ഭരണഘടനാ ഭേദഗതി റദ്ദാക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ടോ തുടങ്ങി സങ്കീര്‍ണമായ ചോദ്യങ്ങളും ഈ വിധിയിലൂടെ ഉയരുന്നുണ്ട്. കൊളീജിയവും ന്യായാധിപ നിയമന കമീഷനും സുതാര്യമായ നീതിന്യായ സംവിധാനത്തിലേക്കുള്ള വഴിയല്ളെന്ന് കോടതി വിധി ബോധ്യപ്പെടുത്തുന്നു. നീതിന്യായ സംവിധാനം സുതാര്യവും കളങ്കരഹിതവുമായെങ്കില്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കൂ. വിശേഷിച്ച്  ഭരണകൂടങ്ങളാല്‍ നീതി നിഷേധിക്കപ്പെടുന്നവരുടെ വ്യവഹാരങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ കോടതിമുറികള്‍. കൊളോണിയല്‍ ആഢ്യതയും ഫ്യൂഡല്‍ മനോഘടനയും ജഡ്ജിമാരെക്കൂടി നയിക്കുന്നുണ്ടെന്ന് സുവിദിതമായിരിക്കെ പുതിയ സംവിധാനത്തെ കുറിച്ചുള്ള അന്വേഷണം തന്നെയാണ് അനിവാര്യം. അതിന് സ്വജനതാല്‍പര്യങ്ങള്‍ക്കപ്പുറം ജുഡീഷ്യറിയുടെയും ലെജിസ്ളേചറിന്‍െറയും പ്രതിബദ്ധത ഭരണഘടനയോടും അതിന്‍െറ ദാതാക്കളായ ജനങ്ങളോടുമായിരിക്കണമെന്ന് മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story