Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതെരഞ്ഞെടുപ്പ് അജണ്ട...

തെരഞ്ഞെടുപ്പ് അജണ്ട ജനം നിശ്ചയിക്കണം

text_fields
bookmark_border
തെരഞ്ഞെടുപ്പ് അജണ്ട ജനം നിശ്ചയിക്കണം
cancel

എന്തെല്ലാം ന്യൂനതകളുണ്ടെങ്കിലും കേരളത്തിലെ ത്രിതല പഞ്ചായത്ത് സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കപ്പെടുകയാണെങ്കില്‍ അധികാരവികേന്ദ്രീകരണത്തിന്‍െറ മാര്‍ഗത്തില്‍ വലിയ ചുവടുവെപ്പുകള്‍ക്ക് നിദാനമാകുമെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. വികസിത രാജ്യങ്ങളില്‍നിന്നുപോലും നമ്മുടെ പഞ്ചായത്തീരാജ് ഭരണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധര്‍ ഇവിടെ എത്തുന്നത് ഇതിലെ ക്രിയാത്മകവശം ഉള്‍ക്കൊണ്ടാവാനേ തരമുള്ളൂ. ജനപങ്കാളിത്തത്തോടെയുള്ള താഴേതട്ടിലുള്ള വികസനവും ജനക്ഷേമ പദ്ധതി പ്രയോഗവത്കരണവും ഉദാത്തമായ ആശയങ്ങളാണെന്ന കാര്യത്തില്‍ ഒരു പാര്‍ട്ടിക്കും എതിരഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല.

എന്നാല്‍, അധികാരവികേന്ദ്രീകരണത്തിന്‍െറ ഈ അടിസ്ഥാനവശങ്ങളെ വിസ്മരിച്ചുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിനെ കേവല രാഷ്ട്രീയപോര്‍ക്കളമാക്കി മാറ്റുകയും കക്ഷിമാത്സര്യങ്ങളുടെ അഴുക്കുചാലായി അപനയിക്കുകയും  ചെയ്യുന്ന ഇന്നത്തെ സമ്പ്രദായത്തെ കുറിച്ച് ആര്‍ക്കും പരിഭവമില്ല എന്ന് വരുന്നത് നമ്മുടെ രാഷ്ട്രീയ അപക്വതയാണ് എടുത്തുകാട്ടുന്നത്. ജനകീയാധികാര കേന്ദ്രങ്ങളെ പൂര്‍ണമായും രാഷ്ട്രീയമുക്തമാക്കണമെന്ന് ആരും വാദിക്കുമെന്ന് തോന്നുന്നില്ളെങ്കിലും പ്രാദേശിക നേതാക്കള്‍ക്കുള്ള പരിശീലന കളരികളായി, അല്ളെങ്കില്‍ ശല്യക്കാരെ കുടിയിരുത്താനുള്ള ഇടങ്ങളായി അവ തരംതാഴുന്നത് ഒരുനിലക്കും ആശാസ്യമല്ല. സ്ഥാനാര്‍ഥിത്വത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിന്‍െറയും കാലുമാറലിന്‍െറയും കുതികാല്‍വെട്ടിന്‍െറയും വിമതപടയുടേതുമൊക്കെ വാര്‍ത്തകള്‍ ആരോഗ്യകരമായ ഒരു ജനാധിപത്യപ്രക്രിയയുടെ ആരവമാണെന്ന് വിലയിരുത്താന്‍ ആരെങ്കിലും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല.

ഇതിലെല്ലാമുപരി, എന്തായിരിക്കണം ഈ തെരഞ്ഞെടുപ്പിന്‍െറ മുഖ്യ ചര്‍ച്ചാവിഷയം എന്നതിനെക്കുറിച്ച് ഇതുവരെ ഇവിടത്തെ വോട്ടര്‍മാര്‍ക്ക് ഒരു ധാരണയും രൂപപ്പെടുത്താനായിട്ടില്ളെന്നാണ് മനസ്സിലാക്കേണ്ടത്. രാഷ്ട്രീയ നേതൃത്വമാവട്ടെ, പതിവുപോലെ പലതരം വിവാദങ്ങളില്‍ കടിച്ചുതൂങ്ങി അന്തരീക്ഷം കലുഷിതമാക്കുന്നതല്ലാതെ, അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം, വികസനവുമായി ബന്ധപ്പെട്ട നവീനാശയങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഒരു ചര്‍ച്ചക്കും വാതില്‍ തുറന്നിടാന്‍ ഇതുവരെ തയാറായിട്ടില്ല. വെള്ളാപ്പള്ളി നടേശന്‍െറ രാഷ്ട്രീയപരീക്ഷണ ശ്രമങ്ങളെയും ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പ് സംഭവിച്ച സ്വാമി ശാശ്വതീകാനന്ദയുടെ ‘ജലസമാധി’യെ കുറിച്ചുമൊക്കെയാണ് ഇന്ന് വിവാദങ്ങള്‍ പൊടിപൊടിക്കുന്നത്.

സോളാര്‍, ബാര്‍കോഴ വിവാദങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ ഇട്ടുകൊടുത്ത എല്ലിന്‍ കഷണത്തില്‍ കടിച്ചുതൂങ്ങി അന്തരീക്ഷമലിനീകരണത്തിനു മറ്റു വിഷയങ്ങള്‍ കണ്ടത്തെി എന്നു മാത്രം. തദ്ദേശീയ തെരഞ്ഞെടുപ്പില്‍ ഇത്തരം വിഷയങ്ങളെ  പരാമര്‍ശിക്കരുത് എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. ഒന്നാം ഗള്‍ഫ് യുദ്ധകാലത്ത് അന്നത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇറാഖ് മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈനെ പ്രചാരണവിഷയമാക്കിയത് പലരും വിസ്മരിച്ചുകാണില്ല. ദേശീയ, സംസ്ഥാന സംഭവവികാസങ്ങള്‍ എടുത്തിട്ട് വോട്ടുതേടുന്നത് പാതകമൊന്നുമല്ളെങ്കിലും പ്രചാരണത്തിന്‍െറ ഊന്നല്‍ പ്രദേശത്തിന്‍െറ വികസനവും പുരോഗതിയുമായുള്ള വിഷയങ്ങളായിരിക്കണമെന്ന കാര്യത്തില്‍ അഭിപ്രായൈക്യമുണ്ടാവേണ്ടിയിരിക്കുന്നു. അതല്ളെങ്കില്‍, വലിയൊരു ജനാധിപത്യ മുന്നേറ്റത്തെ അറിഞ്ഞുകൊണ്ട് നാം അട്ടിമറിക്കുന്നതിനു കൂട്ടുനില്‍ക്കേണ്ടിവരും.

ഓരോ കോര്‍പറേഷനും മുനിസിപ്പാലിറ്റിക്കും പഞ്ചായത്തിനും വെവ്വേറെ മാനിഫെസ്റ്റോകള്‍ തയാറാക്കി സമ്മതിദായകരെ സമീപിക്കുന്ന ഒരു രീതിയിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ വളരേണ്ടിയിരിക്കുന്നു. പ്രദേശത്തിന്‍െറ സ്ഥായിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും നാട്ടിന്‍െറ അടിസ്ഥാന വികസനത്തിനു നൂതന പദ്ധതികള്‍ ആവിഷ്കരിക്കാനും മുന്നോട്ടുവരുന്ന കക്ഷികളെയും ഗ്രൂപ്പുകളെയും പ്രോത്സാഹിപ്പിക്കുന്ന ജനായത്ത സംസ്കാരം വളര്‍ത്തിക്കൊണ്ടുവരുന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്കും ചില ബാധ്യതകളുണ്ട്. കക്ഷിപക്ഷങ്ങളുടെ ഇടുങ്ങിയ ചിന്തകളില്‍നിന്ന്  കരകയറി പ്രശ്നങ്ങളെ സമീപിക്കാന്‍ പ്രാപ്തി വോട്ടര്‍മാര്‍ കാണിക്കുകയാണെങ്കില്‍ മിഴിവാര്‍ന്ന അജണ്ടകള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന പത്രികകളുമായി ജനങ്ങളിലേക്ക് ഇറങ്ങാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ബന്ധിതരാവാതിരിക്കില്ല.

നവംബര്‍ രണ്ട്, അഞ്ച് തീയതികളിലായി നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ നാമനിര്‍ദേശപത്രിക സമര്‍പ്പണവും സൂക്ഷ്മപരിശോധനയുമൊക്കെ പൂര്‍ത്തിയായ സ്ഥിതിക്ക് സ്ഥാനാര്‍ഥികള്‍ വരുംദിവസങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍  സമാധാനപരവും ആരോഗ്യകരവുമായ ജനായത്ത രീതികളാണ് പിന്തുടരുന്നതെന്ന് ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമീഷന്‍ ജാഗ്രത കാണിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ഫ്ളെക്സിന് സംസ്ഥാനത്തിനു നിരോധമില്ളെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളുയര്‍ത്തുന്നതുകൊണ്ട് അത് വര്‍ജിക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചത് സ്ഥാനാര്‍ഥികള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. പണം വാരിക്കോരിയെറിഞ്ഞ് വോട്ടര്‍മാരെ വശീകരിക്കുന്ന അധമസംസ്കാരത്തിനെതിരെ ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗത്തുനിന്നുതന്നെ ശക്തമായ പ്രതികരണമുണ്ടാവണം. എല്ലാറ്റിനുമുപരി, വീട്ടിനകത്ത് സ്വസ്ഥമായി കഴിയാനും രാത്രി ശാന്തമായി കിടന്നുറങ്ങാനും പൊതുവഴിയിലൂടെ സൗകര്യപൂര്‍വം നടന്നുനീങ്ങാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തെ ഹനിച്ചുകൊണ്ടുള്ള ഏത് പ്രചാരണ പരിപാടികളില്‍നിന്നും ബന്ധപ്പെട്ടവര്‍ മാറിനില്‍ക്കണം. ജനാധിപത്യത്തിന്‍െറ യഥാര്‍ഥ പൊരുള്‍ തിരിച്ചറിയാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പുകാലത്തെ പ്രയോജനപ്പെടുത്തുമ്പോഴാണ് പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന നമ്മുടെ സമ്മതിദാനാവകാശത്തിനു വില കൂടുന്നത്.

Show Full Article
TAGS:
Next Story