Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഫാഷിസ്റ്റ്...

ഫാഷിസ്റ്റ് പ്രവണതക്കെതിരെ സാംസ്കാരിക പ്രതിരോധം

text_fields
bookmark_border
ഫാഷിസ്റ്റ് പ്രവണതക്കെതിരെ സാംസ്കാരിക പ്രതിരോധം
cancel


രാജ്യത്ത് വളരുന്ന ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ എഴുത്തുകാര്‍ പ്രതികരിച്ചുതുടങ്ങിയത് നമ്മുടെ ആത്മാഭിമാനവും സ്വാതന്ത്ര്യവാഞ്ഛയും നീതിബോധവും തളര്‍ന്നിട്ടില്ല എന്ന് വ്യക്തമാക്കുന്നു. സാഹിത്യകാരി നയന്‍താര സെഗാളും പിന്നാലെ ഹിന്ദി കവി അശോക് വാജ്പേയിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ഉര്‍ദു നോവലിസ്റ്റ് റഹ്മാന്‍ അബ്ബാസ് മഹാരാഷ്ട്ര സംസ്ഥാന ഉര്‍ദു അക്കാദമി പുരസ്കാരവും തിരിച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചു. പത്മശ്രീ നേടിയ എഴുത്തുകാരി ശശി ദേശ്പാണ്ഡെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവെച്ചു. കെ. സച്ചിദാനന്ദന്‍ അക്കാദമിയുടെ എല്ലാ സമിതികളില്‍നിന്നും രാജിവെച്ചു. സാറാ ജോസഫ് അക്കാദമി പുരസ്കാരം തിരിച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചു. പി.കെ. പാറക്കടവ്, ഡോ. കെ.എസ്. രവികുമാര്‍, കന്നട എഴുത്തുകാരന്‍ ഡോ. അരവിന്ദ് മലഗട്ടി തുടങ്ങിയവര്‍ കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍നിന്ന് രാജിവെച്ചു. പഞ്ചാബിലെ പ്രമുഖ എഴുത്തുകാരായ ഗുര്‍ബച്ചന്‍ ഭുള്ളര്‍, അജ്മീര്‍ സിങ് ഒൗലാക്, അതാംജിത് സിങ്, ഗുജറാത്തി സാഹിത്യകാരന്‍ ഗണേഷ് ദെവി എന്നിവരും സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമിക്ക് എഴുത്തുകാരന്‍ ആനന്ദ് ശക്തമായ കത്തെഴുതിയിരിക്കുന്നു. അവാര്‍ഡ് ജേതാവും മഹാരാഷ്ട്രയിലെ പ്രമുഖ കവിയുമായ ആദില്‍ ജൂസ്സാവാലയും എഴുത്തുകാര്‍ക്കുമേലുള്ള കൈയേറ്റങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ കേന്ദ്ര സാഹിത്യ അക്കാദമി പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തത്തെിയിട്ടുണ്ട്. കശ്മീര്‍ എഴുത്തുകാരുടെ കൂട്ടായ്മ എഴുത്തുകാരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സി.ആര്‍. പ്രസാദും കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
രാജ്യത്ത് നിലനില്‍ക്കുന്ന ഭീതിയുടെയും അസഹിഷ്ണുതയുടെയും അന്തരീക്ഷമാണ് ഇത്രയേറെ സര്‍ഗപ്രതിഭകളെ പ്രതിഷേധത്തിലേക്ക് തള്ളിയിട്ടത്. അസഹിഷ്ണുത വര്‍ഗീയ ദംഷ്ട്രകള്‍ പുറത്തുകാട്ടി കൊലവിളി നടത്തുമ്പോള്‍ ഭരണകര്‍ത്താക്കള്‍ അതിനെ മൗനംകൊണ്ട് അംഗീകരിക്കുകയോ വിഷലിപ്തമായ പ്രസ്താവനകള്‍കൊണ്ട് പ്രോത്സാഹിപ്പിക്കുകയോ ചെയ്യുകയാണ്. ഇന്ത്യ ഇന്ത്യയല്ലാതായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും പറയാതെ, ഒന്നും ചെയ്യാതെ ഇരിക്കുന്നതുതന്നെ ഫാഷിസത്തെ ബലപ്പെടുത്തലാകും എന്ന ചിന്തയിലാണ് മുമ്പൊരിക്കലുമില്ലാത്തവിധം ഇത്രയേറെ സാഹിത്യപ്രവര്‍ത്തകരും ചിന്തകരും ഭരണകൂടത്തോട് കലഹിക്കാനിറങ്ങിയിരിക്കുന്നത്. ഗോമാംസം കഴിച്ചുവെന്ന് കള്ളപ്രചാരണം നടത്തി ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്നതും നരേന്ദ്ര ഭദോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരെ വെടിവെച്ച് കൊന്നതും ചൂണ്ടിക്കാട്ടിക്കൊണ്ട് നയന്‍താര സെഗാള്‍ ഇവിടെ വളര്‍ന്നുവരുന്ന മനുഷ്യവിരുദ്ധ സംസ്കാരത്തെ കുറിച്ച് വേവലാതിപ്പെടുന്നു; ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തേക്കാള്‍ അടുത്തകാലത്തെ പല സംഭവങ്ങള്‍ സൂചിപ്പിക്കുന്ന പ്രവണതയെപ്പറ്റി വ്യാകുലപ്പെടുന്നു. മുമ്പ് അടിയന്തരാവസ്ഥക്കെതിരെ നിലകൊണ്ട സെഗാള്‍ ഇന്നത്തെ അന്തരീക്ഷത്തിലും ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ ഉണ്ടെന്ന് അറിയുന്നു. ചോരമണത്ത ഫാഷിസം ഇറങ്ങിപ്പുറപ്പെട്ടതിന്‍െറ മറ്റൊരു ഉദാഹരണമാണ് ഇന്നലെ സുധീന്ദ്ര കുല്‍ക്കര്‍ണിക്കുമേല്‍ ശിവസേനക്കാര്‍ കരിമഷി ഒഴിച്ചതും അതിനോട് സേനാ നേതൃത്വം പ്രതികരിച്ച രീതിയും. വിവിധ സംഭവങ്ങള്‍ നല്‍കുന്ന സൂചനയെപ്പറ്റി ആനന്ദും എഴുതുന്നു. വിയോജിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശം പോലെ പ്രധാനമാണെന്നും രണ്ടും ഇന്ന് ഭീഷണി നേരിടുകയാണെന്നും എഴുത്തുകാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുമായുള്ള നാലുപതിറ്റാണ്ടത്തെ ബന്ധം ഉപേക്ഷിച്ച സച്ചിദാനന്ദന്‍ ജീവിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്നു. പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴും പ്രധാനമന്ത്രി പുലര്‍ത്തുന്ന നിസ്സംഗതയെ അശോക് വാജ്പേയി അപലപിക്കുന്നു.
പുരസ്കാരങ്ങള്‍ മടക്കിക്കൊടുക്കുകയും അക്കാദമികളില്‍നിന്ന് രാജിവെക്കുകയും ചെയ്തവര്‍ മാത്രമല്ല ഇത്തരം ഉത്കണ്ഠകള്‍ പ്രകടിപ്പിക്കുന്നത്. നാട്ടിലെ അനുദിനം വഷളാകുന്ന അന്തരീക്ഷത്തെ ചൊല്ലി ആശങ്കപ്പെടുമ്പോള്‍ തന്നെ, അക്കാദമി പോലുള്ള സ്ഥാപനങ്ങളില്‍ വിയോജിപ്പിന്‍െറ ശബ്ദം ഉയര്‍ത്തലാണ് ശരിയായ പ്രതിരോധമെന്ന് വിചാരിക്കുന്നവര്‍ കേന്ദ്ര അക്കാദമിയിലും മറ്റും ഇനിയുമുണ്ട്. മനുഷ്യനെയും ജീവിതത്തെയും സംസ്കാരത്തെയും അറിഞ്ഞവര്‍ ഒരേ ശബ്ദത്തില്‍ പറയുന്നത്, നാടിന്‍െറ ഈ പോക്ക് നാശത്തിലേക്കാണ് എന്നുതന്നെ. പക്ഷേ, അധികൃതരില്‍ ഇതുവരെ തിരുത്താനുള്ള സന്നദ്ധത കാണാനില്ല. ഒരു മനുഷ്യനെ അടിച്ചുകൊന്ന സംഭവം, ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബീഫ് ഒരു വിഷയമാക്കാന്‍ ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി പോലും ചെയ്തത്. നയന്‍താര സെഗാള്‍ തന്‍െറ പുരസ്കാരം മടക്കിക്കൊടുത്തപ്പോള്‍ അക്കാദമി ചെയര്‍മാന്‍ വിശ്വനാഥ് പ്രസാദ് തിവാരി ആദ്യം ചെയ്തത് അവരില്‍ ദുരുദ്ദേശ്യം ആരോപിക്കുകയാണ്. പിന്നീടദ്ദേഹം മയപ്പെടുത്തുകയും അക്കാദമി സമിതി വിളിച്ചുകൂട്ടാന്‍ ആലോചിക്കുകയുമുണ്ടായി. ഇത് കാണിക്കുന്നത് പ്രതിഷേധങ്ങള്‍ ഫലം ചെയ്യുന്നുവെന്നാണ്. നാടിന്‍െറ യശസ്സ് നശിപ്പിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ രാജ്യസ്നേഹികളും സാംസ്കാരിക നേതാക്കളും ചെയ്യുന്ന സമരം വെറുതെയാവില്ല. മഹത്തായ ഇന്ത്യയെ സ്വപ്നംകാണുന്നവരെല്ലാം ഈ ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ മുന്നോട്ടുവരും. വിയോജിക്കാനുള്ള സ്വാതന്ത്ര്യം മുതല്‍ ജീവിക്കാനുള്ള അവകാശം വരെ മനുഷ്യന് വിലപ്പെട്ടതാണ്. സമാധാനപൂര്‍വംതന്നെ അതെല്ലാം നേടിയെടുക്കാന്‍ കഴിയും. സ്വാതന്ത്ര്യലബ്ധിയും അടിയന്തരാവസ്ഥയില്‍നിന്നുള്ള മോചനവും അത് തെളിയിച്ചു കഴിഞ്ഞതാണ്.
 

Show Full Article
TAGS:
Next Story