അങ്കാറ സ്ഫോടനം ഉയര്‍ത്തുന്ന ആശങ്ക
text_fields
തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ശനിയാഴ്ച സമാധാന റാലിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെടുകയും 160 പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. 65 പേരുടെ നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്. ‘തൊഴില്‍, സമാധാനം, ജനാധിപത്യം’ എന്ന മുദ്രാവാക്യമുയര്‍ത്തി പൊതുമേഖല തൊഴിലാളി യൂനിയനുകളുടെ കോണ്‍ഫെഡറേഷന്‍ സംഘടിപ്പിച്ച സമാധാന റാലിയില്‍ രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിച്ചതായാണ് തുര്‍ക്കിയുടെ പ്രാഥമിക നിഗമനം. ഇടതു ദേശീയ സായുധസംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി എന്ന പി.കെ.കെയുടെ തീവ്രവാദി വിഭാഗവും ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ സമാധാന റാലിയിലാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ളെങ്കിലും ഐ.എസ്, പി.കെ.കെ, തീവ്ര ഇടതുപാര്‍ട്ടിയായ റെവലൂഷനറി പീപ്ള്‍സ് ലിബറേഷന്‍ പാര്‍ട്ടി-ഫ്രന്‍റ് എന്ന ഡി.എച്ച്.കെ.പി-സി എന്നീ പാര്‍ട്ടികളിലേതെങ്കിലുമൊന്നാവാം എന്നു പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു പറയുന്നു. രണ്ടു ചീഫ് സിവില്‍ ഇന്‍സ്പെക്ടര്‍മാരെയും രണ്ടു ചീഫ് പൊലീസ് ഇന്‍സ്പെക്ടര്‍മാരെയും ഉള്‍പ്പെടുത്തി രൂപവത്കരിച്ച അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷമേ ഇതില്‍ വ്യക്തതയുണ്ടാകൂ. ഏതായാലും പശ്ചിമേഷ്യയെയും യൂറോപ്പിനെയും വേട്ടയാടുന്ന ഭീകരരുടെ ഹിറ്റ്ലിസ്റ്റില്‍ തുര്‍ക്കിയും പെട്ടിരിക്കുന്നു.
ഇറാഖില്‍നിന്നുള്ള അഭയാര്‍ഥികളുടെയും ലോകത്തെ രാജ്യമില്ലാത്ത ഏറ്റവും വലിയ വിഭാഗമായ കുര്‍ദുകളുടെയും അഭയകേന്ദ്രമായി തുര്‍ക്കി മാറിയിട്ട് കാലം കുറച്ചായി. അതിനു പിറകെയാണിപ്പോള്‍ ജനസംഖ്യയില്‍ പകുതിയും പലായനം ചെയ്തു കഴിഞ്ഞ സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളുടെ കൂലംകുത്തിയൊഴുക്ക്. ഇവരെയെല്ലാം മനുഷ്യത്വത്തിന്‍െറ പേരില്‍ ഉള്‍ക്കൊള്ളുകയും കുര്‍ദുകളുടെ അവകാശസംരക്ഷണത്തിനു മുതിര്‍ന്ന് സ്വദേശത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിഷേധം മുഴുവന്‍ ഏറ്റുവാങ്ങുകയും ചെയ്തതാണ് തുര്‍ക്കി ഗവണ്‍മെന്‍റ്. അതിനു മീതെയാണിപ്പോള്‍ കൂനിന്മേല്‍ കുരുവെന്നോണം അകത്തും പുറത്തും നിന്നുള്ള ഭീകരരെ നേരിടേണ്ടിവന്നിരിക്കുന്നത്. തുര്‍ക്കി ഗവണ്‍മെന്‍റിനു ഭീഷണി സൃഷ്ടിക്കുന്ന പി.കെ.കെയെ നിരായുധീകരിക്കാനും സമാധാനത്തിന്‍െറ വഴിയിലേക്ക് കൊണ്ടുവരാനും സൈനികവും രാഷ്ട്രീയവുമായ നീക്കങ്ങള്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറയും ദാവൂദ് ഒഗ്ലുവിന്‍െറയും അക് പാര്‍ട്ടി ഗവണ്‍മെന്‍റ് നടത്തിയതാണ്. രാജ്യത്തിനകത്തുള്ള കുര്‍ദുകളെ പൗരന്മാരായി ഗണിച്ചും ആയുധം വെച്ച് കീഴടങ്ങിയാല്‍ പി.കെ.കെക്ക് മുഖ്യധാരാ രാഷ്ട്രീയപ്രവര്‍ത്തനത്തിനു വഴിയൊരുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചും ചില ശ്രദ്ധേയമായ ചുവടുകള്‍ വെച്ചിരുന്നു. എന്നാല്‍, യൂറോപ്പില്‍ പുതിയ ശക്തിയായി ഉയര്‍ന്നുവരുന്ന തുര്‍ക്കിയെ ‘യൂറോപ്പിന്‍െറ രോഗി’ എന്ന പഴയ ഗതികേടിലേക്ക് തള്ളിവിടുന്നതിനുള്ള നീക്കങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള ബാഹ്യശക്തികളുടെ പിന്തുണയോടെ തുര്‍ക്കിയിലെ രാഷ്ട്രീയ പ്രതിയോഗികള്‍ നടത്തുന്നത്. മേഖലയിലെ അസ്ഥിരരാജ്യങ്ങളുടെ പട്ടികയിലേക്ക് ക്രമത്തില്‍ തുര്‍ക്കിയെക്കൂടി ചേര്‍ത്തുവെക്കുന്നതിനുള്ള കരുനീക്കങ്ങള്‍ നടക്കുന്നതായി ഭരണകൂടം സംശയിക്കുന്നതില്‍ ന്യായമുണ്ട്.
സിറിയയിലെ സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യമെന്ന നിലക്കുകൂടിയാണ് ബശ്ശാര്‍ അല്‍അസദിന്‍െറ ഭരണകൂടത്തെ എതിര്‍ത്തുതന്നെ ഐ.എസിനെതിരെ വന്‍ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് തുര്‍ക്കി പട നയിച്ചത്. തത്ഫലമായി ഐ.എസ് ആക്രമണങ്ങള്‍ക്ക് തുര്‍ക്കിയും ഇരയായി. ഇതിനിടയിലാണ് ‘ആഭ്യന്തരശത്രുക്കളാ’യ പി.കെ.കെയുടെ ആക്രമണങ്ങള്‍. അതിര്‍ത്തികളില്‍ മൈനുകള്‍ വിതറി സൈനികരെ കൊന്നും റസ്റ്റാറന്‍റുകളില്‍ സ്ഫോടനം നടത്തിയും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ആക്രമണങ്ങള്‍ പി.കെ.കെ നിരന്തരം സംഘടിപ്പിക്കുന്നു. 2011 മുതല്‍ തുര്‍ക്കി ഭരണകൂടം ഈ കക്ഷിയുമായി സംഭാഷണം നടത്തിവരുന്നുണ്ടെങ്കിലും അതിനിടയിലും സായുധവത്കരണവും ഭീകരാക്രമണവും തുടര്‍ന്നുപോവുകയാണ് പി.കെ.കെ. ഇതിനായി 200 അംഗ ചാവേര്‍വിഭാഗത്തിനും അവര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇങ്ങനെ സമാധാനനീക്കങ്ങളെ മുഴുവന്‍ തകര്‍ക്കുന്ന ലൈന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് പി.കെ.കെക്ക് എതിരായ സൈനികനീക്കം തുര്‍ക്കി ശക്തമാക്കി. ജൂലൈ 22 മുതല്‍ ഭരണകൂടം നടത്തിയ സൈനിക ഓപറേഷനില്‍ നിരവധി കുര്‍ദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ തുര്‍ക്കി നഗരങ്ങളില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കുര്‍ദ് പാര്‍ട്ടി നേതാവ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പി.കെ.കെയെ സംശയിക്കുന്നത്.
യൂറോപ്പിലെയും ലോകത്തെയും പുത്തന്‍ ശക്തി താരോദയത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തുര്‍ക്കിയെ ഭീകരത കടന്നാക്രമിക്കുന്നത്. അതിന് ആക്കം കൂട്ടാന്‍ പാകത്തില്‍ അയല്‍ദേശങ്ങളായ ഇറാഖും സിറിയയും കത്തിയെരിയുന്നുമുണ്ട്. ഈ കലുഷാന്തരീക്ഷവും വന്‍ശക്തികളുടെ ഇടപെടലും ഐ.എസ്, പി.കെ.കെ തുടങ്ങിയ വിധ്വംസകശക്തികള്‍ക്ക് ആയുധമണിയാനും ആക്രമണങ്ങള്‍ക്കും അവസരമൊരുക്കുകയാണ്. ഇക്കാര്യത്തില്‍ തുര്‍ക്കി നേരത്തേ തന്നെ നാറ്റോ സേനക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതൊന്നും ഫലിച്ചില്ളെന്നല്ല, തുര്‍ക്കികൂടി ഭീകരതയുടെ ഇരയായി മാറുന്നതിന്‍െറ ലക്ഷണമാണ് അങ്കാറയിലെ ഇരട്ട സ്ഫോടനം. പശ്ചിമേഷ്യയിലെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്ക് പരിഹാരമായില്ളെങ്കില്‍ നാശത്തിന്‍െറ ഭൂപടം ഇനിയും കൂടുതല്‍ നീട്ടിവരക്കേണ്ടി വരും എന്ന ഭീഷണമായ യാഥാര്‍ഥ്യത്തിലേക്കാണ് ഈ ദുരന്തം വിരല്‍ ചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
