Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightലഹരിപ്പുകയില്‍...

ലഹരിപ്പുകയില്‍ മുങ്ങുന്ന കേരളം

text_fields
bookmark_border
ലഹരിപ്പുകയില്‍ മുങ്ങുന്ന കേരളം
cancel

കേരളത്തിലേക്കുള്ള പുകയില ഉല്‍പന്നങ്ങളുടെ കള്ളക്കടത്ത് വര്‍ധിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത് അവയുടെ നിരോധം  ഫലപ്രദമായിട്ടില്ളെന്നുതന്നെയാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് മാത്രം കഴിഞ്ഞ ഒരാഴ്ചക്കിടെ 20 ലക്ഷത്തിനടുത്ത് രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ശേഖരമാണ് പിടിച്ചെടുത്തത്. ചെക്പോസ്റ്റുകളിലൂടെ മാത്രമല്ല, ട്രെയിനും അന്തര്‍സംസ്ഥാന ബസുകളും കള്ളക്കടത്തിന് സമര്‍ഥമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ്് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇന്നും ഗ്രാമ നഗര ഭേദമന്യേ  പെട്ടിക്കടകളില്‍ സുലഭമായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. ഹാന്‍സ്, പാന്‍പരാഗ്, ഗുഡ്ക, മധു തുടങ്ങിയവ കര്‍ണാടകയിലും തമിഴ്നാട്ടിലും നിരോധിക്കാത്തതിനാല്‍  കേരളത്തിലേക്കുള്ള കടത്ത് എളുപ്പമാണ്. വിലക്കുറവും  വേഗത്തില്‍ വിറ്റഴിക്കാനുള്ള സാധ്യതയും നിയമത്തിലെ ദൗര്‍ബല്യവും ഭയരഹിതമായി ആളുകളെ ഈ കള്ളക്കടത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍, കൗമാരക്കാര്‍, സാധാരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ തുടങ്ങി വലിയ നിരതന്നെ ഇത്തരം ഉല്‍പന്നങ്ങളുടെ അടിമകളാണുതാനും. അവയുടെ ഉപയോഗം അത്ര വലിയ കുറ്റമൊന്നുമല്ളെന്ന ബോധവും നിരോധത്തെ പരാജയപ്പെടുത്തുന്ന വലിയ ഘടകമാണ്.

പുകയില ഉല്‍പന്നങ്ങള്‍ നിരോധിച്ച സംസ്ഥാനമാണ് കേരളം. പരസ്യമായ പുകവലി  ശിക്ഷാര്‍ഹവുമാണ്. പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ക്കും സംസ്ഥാനത്ത്  നിരോധമേര്‍പ്പെടുത്തിയിരിക്കുന്നു. സിഗരറ്റ് പാക്കറ്റുകളിലെ 65 ശതമാനം സ്ഥലത്തും പുകവലിയുടെ അപകട മുന്നറിയിപ്പ് നല്‍കണമെന്ന് കേന്ദ്രം അനുശാസിക്കുന്നു. സിനിമാശാലകളിലും ടെലിവിഷനിലും,  ശ്വാസകോശത്തില്‍ നിക്കോട്ടിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച പരസ്യങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നു. എന്നിട്ടും നമ്മുടെ സംസ്ഥാനത്ത് പുകയില ഉല്‍പന്നങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്ക് കുറവ് സംഭവിക്കാത്തതിന്‍െറ കാരണം ചെന്നത്തെുക ഈ കള്ളക്കടത്ത് വിപണിയുടെ വന്‍ വൈപുല്യത്തില്‍ തന്നെയാണ്. പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളം; തദ്ജന്യമായ രോഗത്തിന്‍െറ കാര്യത്തിലും. പുകയിലജന്യ രോഗങ്ങള്‍ മൂലം നമ്മുടെ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം 1500 കോടിയിലധികം രൂപവരുമെന്ന് പബ്ളിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും കേന്ദ്ര ആരോഗ്യ മന്ത്രാലയവും നടത്തിയ പഠനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ പ്രതിവര്‍ഷമുണ്ടാകുന്നത് 10 ലക്ഷം പുതിയ കാന്‍സര്‍ രോഗികളാണ്. അവരില്‍ 25 ശതമാനവും പുകയില ഉപഭോക്താക്കളാണത്രെ. വായയിലെ കാന്‍സറില്‍ 80 ശതമാനവും പുകയില ഉപഭോഗംകൊണ്ട് വരുന്നതുമാണ്.  പുകയില ഉല്‍പന്നങ്ങളുടെ നികുതി വരുമാനത്തേക്കാള്‍ അഞ്ചിരട്ടി തുക സര്‍ക്കാറുകള്‍ക്ക് പുകയിലജന്യ രോഗങ്ങള്‍ക്കുവേണ്ടി നമ്മുടെ രാജ്യം ചെലവഴിക്കുന്നുണ്ട്. ഒരു ലക്ഷം കോടിയിലധികം രൂപയാണ്  ഇതിനുവേണ്ടി ഉപയോഗിക്കേണ്ടിവരുന്നത്. പുകയില വരുത്തുന്ന സാമ്പത്തികബാധ്യത അത്ര ചെറുതല്ളെന്ന് ചുരുക്കം.  
പുകയിലയുടെ കെടുതികളില്‍ വീണ് കരിഞ്ഞുണങ്ങുന്നതില്‍ വലിയ പങ്ക് വിദ്യാര്‍ഥികളാണെന്നതാണ് കൂടുതല്‍ ദു$ഖകരം. 50 ലക്ഷം കൗമാരക്കാരാണ് ഇന്ത്യയില്‍ പുകയില ഉല്‍പന്നങ്ങളുടെ അടിമകളായിട്ടുള്ളത്. ന്യൂജനറേഷനും   പഴയ തലമുറയുടെ അതേ വിഡ്ഢിത്തത്തിലൂടെതന്നെയാണ് സഞ്ചരിക്കുന്നത്. ചെറുപ്പക്കാര്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നതും ‘ബുദ്ധിജീവിതം’ പ്രഖ്യാപിക്കുന്നതും ലഹരിയുടെ പുകകളിലും ഒഴിഞ്ഞ കുപ്പികളുടെ എണ്ണങ്ങളിലുമാണ്. കേരളത്തിലെ കലാലയങ്ങളും വിദ്യാലയങ്ങളും മയക്കുമരുന്നുകളുടെയും പുകയില ഉല്‍പന്നങ്ങളുടെയും ഉപഭോഗകേന്ദ്രങ്ങള്‍ കൂടിയായി മാറിയിട്ടുണ്ട്. ക്ളീന്‍ കാമ്പസ്, സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി കലാലയ പരിസരങ്ങളില്‍ നടന്നത് 35,000ത്തിലധികം റെയ്ഡുകളാണ്. 8,037 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 10 ലക്ഷത്തിലധികം രൂപ പിഴയായി പിരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കാലത്ത് പെണ്‍കുട്ടികളും ഇത്തരം ദുശ്ശീലങ്ങള്‍ക്ക് വേഗത്തില്‍ അടിമപ്പെടുകയാണ്. 10 വര്‍ഷം മുമ്പുവരെ  പുകയില ഉപഭോഗംകൊണ്ട് രോഗം വരുന്നവരില്‍ സ്ത്രീകള്‍ അപൂര്‍വമായിരുന്നെങ്കില്‍ ഇപ്പോള്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ അധികമൊന്നും വേര്‍തിരിവില്ലാതായിരിക്കുന്നു.

പുകയില കള്ളക്കടത്ത് എന്തു വിലകൊടുത്തും തടയുകതന്നെയാണ് ഉപഭോഗം കുറക്കുന്നതിനുള്ള വഴി. നിയമം നിര്‍മിക്കുന്നതില്‍ മാത്രമല്ല, ഉല്‍പാദനം അവസാനിപ്പിക്കാനുള്ള സംവിധാനം ഒരുക്കുന്നതിലും  സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. ക്രമപ്രവൃദ്ധമായ പുകയില ഉല്‍പാദനവും പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ എണ്ണവും  കുറക്കാനുള്ള തീരുമാനവും ഇച്ഛാശക്തിയും കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. ലഹരിമുക്ത ജീവിതം ആരോഗ്യമുള്ള വ്യക്തിക്കും സമൂഹത്തിനുമെന്നത് കേവല മുദ്രാവാക്യമായാല്‍ പോരാ, പ്രായോഗികമായി നടപ്പാക്കാന്‍ കഴിയേണ്ടതുണ്ട്. അല്ലാത്തപക്ഷം ഏട്ടിലെ പശുവായി നിയമങ്ങളുണ്ടാകും; ദിനംപ്രതി ലഹരിവസ്തുക്കള്‍ പിടികൂടുന്ന വാര്‍ത്തകളുമുണ്ടാകും; ആശുപത്രികളില്‍ പുകയില ജന്യരോഗികളുടെ നീണ്ട വരിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story