Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightക്ഷമാപണം കൊണ്ട്...

ക്ഷമാപണം കൊണ്ട് മായില്ല ഈ പാപക്കറ

text_fields
bookmark_border
ക്ഷമാപണം കൊണ്ട് മായില്ല ഈ പാപക്കറ
cancel

വടക്കന്‍ അഫ്ഗാനിസ്താനിലെ കുന്ദുസ് പ്രവിശ്യാ ആസ്ഥാനത്തെ  ആശുപത്രിക്കു നേരെ ഒക്ടോബര്‍ മൂന്നിന് അമേരിക്കന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 12 ഡോക്ടര്‍മാരടക്കം 22 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവത്തിന്‍െറ പേരില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒമാബ ഒടുവില്‍ ഖേദപ്രകടനം നടത്തിയിരിക്കയാണ്. ഇതുകൊണ്ടുമാത്രം ഇവ്വിഷയകമായി രാഷ്ട്രാന്തരീയതലത്തില്‍ തുടരുന്ന വിവാദം കെട്ടടങ്ങാന്‍ പോകുന്നില്ല. സംഭവത്തെക്കുറിച്ച് സുതാര്യവും കാര്യക്ഷമവുമായ അന്വേഷണം വാഗ്ദാനംചെയ്ത ഒബാമ മേലില്‍ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ക്കശ നിര്‍ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കുന്നു.

എന്നാല്‍, കുന്ദുസില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ട് സംഭവിച്ചുവെന്നും എങ്ങനെ സംഭവിച്ചുവെന്നും കണ്ടത്തൊന്‍ അന്താരാഷ്ട്ര വസ്തുതാന്വേഷണ കമീഷനെ (ഇന്‍റര്‍നാഷനല്‍ ഹുമാനിറ്റേറിയന്‍ ഫാക്ട് ഫൈന്‍ഡിങ് കമീഷന്‍) വെക്കണമെന്ന ആവശ്യമാണ് ഡോക്ടര്‍മാരുടെ സന്നദ്ധ സംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. ലോകത്തിന്‍െറ ഏത് ഭാഗത്തായാലും സംഘര്‍ഷമേഖലകളില്‍ ഓടിച്ചെന്ന് വിദഗ്ധചികിത്സ ഒരുക്കുന്ന അന്താരാഷ്ട്ര ജീവകാരുണ്യപ്രവര്‍ത്തക സംഘമാണ് ‘മെഡിസിന്‍സ് സാന്‍സ് ഫ്രന്‍റിയേഴ്സ്’ (എം.എസ്.എഫ്) എന്ന ഭിഷഗ്വര കൂട്ടായ്മ. നൊബേല്‍ സമ്മാനം, ഇന്ദിര ഗാന്ധി പ്രൈസ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ’ നടത്തുന്ന ആശുപത്രിക്കു നേരെ കനത്ത ബോംബാക്രമണത്തെ ആദ്യം ന്യായീകരിക്കാന്‍ ശ്രമിച്ച അധിനിവേശ സേനക്ക് ലോകത്തിന്‍െറ രോഷത്തിനു മുന്നില്‍ കീഴടങ്ങേണ്ടിവന്നതിന്‍െറ തെളിവാണ് ഇപ്പോഴത്തെ ക്ഷമാപണം.

കഴിഞ്ഞ 14 വര്‍ഷമായി തങ്ങള്‍ നടത്തുന്ന ഭീകരവിരുദ്ധ പോരാട്ടത്തില്‍ താലിബാനെ നിഷ്കാസിതമാക്കി എന്ന അവകാശവാദത്തെ തള്ളിക്കൊണ്ട് യു.എസ് സൈന്യത്തെയും അഫ്ഗാന്‍ ഭരണകൂടത്തെയും ഞെട്ടിച്ചുകൊണ്ട് കുന്ദുസിന്‍െറ നിയന്ത്രണം താലിബാന്‍ പിടിച്ചടക്കിയതാണ് 200ഓളം രോഗികളും എണ്ണമറ്റ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും താമസിക്കുന്ന ആശുപത്രിക്കു നേരെ ബോംബാക്രമണം നടത്താന്‍ ഉദ്യുക്തരാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ മുന്നേറ്റം അഫ്ഗാന്‍െറ ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വളര്‍ത്തിയ ഒരു ഘട്ടത്തില്‍ പുതിയ തലവന്‍ അഖ്തര്‍ മന്‍സൂറിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ കരുത്തോടെ താലിബാന്‍ തിരിച്ചുവരുന്നതിലെ അപകടം കാബൂള്‍, വാഷിങ്ടണ്‍ സര്‍ക്കാറുകളെ അലോസരപ്പെടുത്തുന്നുണ്ടാവാം. അയല്‍രാജ്യമായ തജികിസ്താനുമായി ഓക്സസ് നദിക്കു കുറുകെയുള്ള പാലം വഴി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന കുന്ദുസിന്‍െറ ഭൂമിശാസ്ത്രപരമായ കിടപ്പ്  പ്രവിശ്യ താലിബാന്‍െറ നിയന്ത്രണത്തില്‍ തുടരുന്നത് അപരിമേയമായ അത്യാഹിതമായിരിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നുമുണ്ടാവാം.

എന്നാല്‍, താലിബാനെ നേരിടാനെന്ന പേരില്‍ നടത്തിയ ബോംബാക്രമണം അന്താരാഷ്ട്രനിയമത്തിന്‍െറ നഗ്ന ലംഘനമായി മാത്രമല്ല, യുദ്ധക്കുറ്റം കൂടിയാണെന്നാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മ എടുത്തുകാട്ടുന്നത്. ഇത് ആശുപത്രിക്കു നേരെയുള്ള ആക്രമണം മാത്രമല്ല, ജനീവ ഉടമ്പടിക്കു നേരെയുള്ള യുദ്ധംകൂടിയാണെന്നാണ് എം.എസ്.എഫ് മേധാവി രോഷംകൊണ്ടത്. ആശുപത്രിക്കിടക്കയില്‍ വെന്തുമരിച്ച രോഗികളുടെ ഹൃദയംപിളര്‍ക്കുന്ന കാഴ്ച വിവരിക്കുന്ന കുറെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. താലിബാന്‍ തീവ്രവാദികള്‍ ആശുപത്രിയില്‍നിന്ന് തങ്ങള്‍ക്കുനേരെ ബോംബാക്രമണം നടത്തിയെന്നായിരുന്നു ഹീനകൃത്യത്തിനു ന്യായീകരണമായി യു.എസ് കേന്ദ്രങ്ങള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, അത്തരം വാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരും മറ്റു ജീവനക്കാരും മുന്നോട്ടുവന്നതോടെയാണ് ക്ഷമാപണസ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങിയത്. ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കാനുള്ള സാമാന്യമര്യാദ കാണിച്ചിരുന്നുവെങ്കില്‍ ദുരന്തവ്യാപ്തി കുറക്കാന്‍ കഴിയുമായിരുന്നു. അതിനു തയാറാവാതിരുന്നത് അന്താരാഷ്ട്രനിയമത്തിന്‍െറ നഗ്ന ലംഘനമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.

അധിനിവിഷ്ട ജനതയോട് അല്‍പം മനുഷ്യത്വത്തോടെ പെരുമാറുന്നത് കുറച്ചിലായി കാണുന്ന സാമ്രാജ്യശക്തികള്‍ മന$പൂര്‍വം നടപ്പാക്കിയ ക്രൂരമായ ഓപറേഷനാണ് കുന്ദുസിലേതെന്ന് സാഹചര്യത്തെളിവുകള്‍ സമര്‍ഥിക്കുന്നു. വിഷയം അന്താരാഷ്ട്രതലത്തില്‍ വന്‍ വിവാദമായതോടെ സംഭവങ്ങളെക്കുറിച്ചുള്ള ഒൗദ്യോഗിക ഭാഷ്യം കൂടക്കൂടെ മാറ്റിപ്പറയേണ്ടി വന്നു.  തങ്ങളുടെ സംവിധാനത്തിന്‍ കീഴില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പറഞ്ഞ് രോഷം തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നാറ്റോയുടെയോ യു.എസ്-അഫ്ഗാന്‍ സംയുക്ത ഏജന്‍സിയുടെയോ യു.എസ് പ്രതിരോധ മന്ത്രാലയത്തിന്‍െറയോ  കീഴില്‍ നടക്കുന്ന ഒരന്വേഷണവും തങ്ങള്‍ക്ക് സ്വീകാര്യമല്ളെന്നാണ് എം.എസ്.എഫ് നേതൃത്വം ശഠിക്കുന്നത്.

യുദ്ധമുഖത്ത് വന്‍ശക്തികള്‍ നിരന്തരം ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്താറുണ്ടെങ്കിലും ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധകൂട്ടായ്മകളെ കെടുതികളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ പരമാവധി ശ്രമിക്കാറുള്ളതാണ്. ശത്രുവിനോടുള്ള കെറുതീര്‍ക്കാന്‍ യു.എസും സഖ്യകക്ഷികളും നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നത് ഇതാദ്യ സംഭവമല്ല. അത്തരം നിഷ്ഠുരതകള്‍ക്കെതിരെ ജനരോഷം ഉയരുമ്പോള്‍ ക്ഷമാപണം നടത്തി മുഖം രക്ഷിക്കുകയാണ് പതിവ്. എന്നാല്‍, അത്തരം ക്ഷമാപണംപോലും വന്‍ അപരാധമാണെന്നു കാണിച്ച് റിപ്പബ്ളിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തുവന്നുകഴിഞ്ഞു. തങ്ങളില്‍ തിന്മയും ആസുരതയും മാത്രമേ ലോകം പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന താക്കീതുതന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story