Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപശു ഫാഷിസം...

പശു ഫാഷിസം കാമ്പസുകളിലേക്കും

text_fields
bookmark_border
പശു ഫാഷിസം കാമ്പസുകളിലേക്കും
cancel

‘ഞങ്ങള്‍ പശുമാംസം കഴിക്കാറില്ല, അതിനാല്‍ നിങ്ങളും കഴിക്കാന്‍ പാടില്ല’ എന്നത് മിതമായ അസഹിഷ്ണുതയുടെ ഗണത്തില്‍പെടുത്താവുന്ന നിലപാടാണ്. എന്നാല്‍, അത് വളര്‍ന്ന്, പശുമാംസം കഴിക്കുന്നവരെയും അത് കൈവശംവെക്കുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഭരണകൂടംതന്നെ തീരുമാനിക്കുകയും അതിന് നിയമങ്ങളുണ്ടാക്കി കര്‍ക്കശമായി നടപ്പാക്കുകയും ചെയ്യുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയും പക്ഷപാതിത്വവുമാണ്. അവിടെയും കടന്ന്, ബീഫ് കഴിക്കുന്നതായി ഞങ്ങള്‍ക്ക് ആരെക്കുറിച്ചെങ്കിലും സംശയമുണ്ടായെങ്കില്‍ അവനെ തല്ലിക്കൊല്ലുമെന്ന് പ്രഖ്യാപിക്കുന്നതും അത് നടപ്പാക്കുന്നതുമായ അവസ്ഥയിലത്തെിയിരിക്കുന്നു. ലക്ഷണമൊത്ത ഫാഷിസമാണിത്. ദൗര്‍ഭാഗ്യവശാല്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിളിക്കപ്പെടുന്ന നമ്മുടെ ഇന്ത്യയില്‍ ഈ ഫാഷിസം ഇപ്പോള്‍ ചടുലനൃത്തമാടിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടവും ഭരണകൂടത്തോട് ചേര്‍ന്നുനില്‍ക്കുന്ന സംഘടനകളും ഇത്തരം നടപടികളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ചുകൊണ്ടിരിക്കുമ്പോള്‍ അത്യന്തം കരാളമായ അവസ്ഥകളിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത് എന്ന് നാം തിരിച്ചറിയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ വിഷയത്തെക്കുറിച്ച് ഈ പംക്തിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അത് പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന വിധമാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. മറുവാക്കുകള്‍ മൊഴിയുന്നവരെ തോക്കെടുത്ത് വീഴ്ത്തുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്തെങ്ങുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, രാഷ്ട്രത്തിന്‍െറ നടത്തിപ്പ് ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട പ്രധാനമന്ത്രി ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല എന്നത് ഗൗരവപ്പെട്ട കാര്യമാണ്. അതിനാല്‍, ജനാധിപത്യത്തിലും ബഹുസ്വരതയിലും താല്‍പര്യമുള്ളവര്‍ അങ്ങേയറ്റം ജാഗ്രത്താവേണ്ട സന്ദര്‍ഭമാണിത്. ബഹുസ്വരത, സഹിഷ്ണുത തുടങ്ങിയ നാഗരികതയുടെ അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോകരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഇന്നലെ ഓര്‍മിപ്പിച്ചത് അപകടകരമായ ഈ സാഹചര്യത്തിലാണ്.
ഫാഷിസത്തിന്‍െറ വിധ്വംസകരൂപങ്ങള്‍ സമൂഹത്തിനുമേല്‍ പിടിമുറുക്കുമ്പോള്‍ അതിനെതിരായുള്ള പ്രതികരണങ്ങള്‍ മറ്റേത് സംസ്ഥാനത്തെക്കാളും കൂടുതലായി കേരളത്തില്‍നിന്ന് ഉയര്‍ന്നുവരും. നമ്മുടെ രാഷ്ട്രീയ-സാംസ്കാരിക ഉണര്‍വിന്‍െറ ഭാഗമാണത്. ഉത്തര്‍പ്രദേശിലെ മാട്ടിറച്ചി കൊലപാതകത്തിന്‍െറ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ ഈ പ്രബുദ്ധതയുടെ ഭാഗമാണ്. ഇത്തരം പ്രതിഷേധങ്ങളുടെ ഭാഗമായി കേരളത്തിലെ പല കാമ്പസുകളിലും വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ ബീഫ് തീരെ കഴിച്ചിട്ടില്ലാത്തവര്‍പോലും ഒരു പ്രതിരോധപ്രവര്‍ത്തനം എന്ന നിലയില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നു. ബീഫിനെ മുന്‍നിര്‍ത്തി ഒരു വിഭാഗം ഭ്രാന്തന്‍ വംശീയത ഉല്‍പാദിപ്പിക്കുമ്പോള്‍ അതേ വസ്തുവിനെ മുന്‍നിര്‍ത്തി അതിനെതിരായ പ്രതിരോധം സംഘടിപ്പിക്കുകയെന്നത് ശരിയായ രാഷ്ട്രീയ നിലപാടാണ്. എന്നാല്‍, ഇത്തരം പരിപാടികള്‍പോലും സംഘടിപ്പിക്കാന്‍ അനുവദിക്കുകയില്ല എന്ന നിലപാടും ഇവിടെ ഉയര്‍ന്നുവരുകയാണ്. തൃശൂരിലെ കേരളവര്‍മ കോളജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുക മാത്രമല്ല, പ്രസ്തുത പരിപാടിയെ അനുകൂലിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട അധ്യാപികക്കെതിരെയും നടപടിയെടുക്കാനൊരുങ്ങുകയാണ് കോളജ് മാനേജ്മെന്‍റ്. കോട്ടയത്തും വടകരയിലും കോളജുകളില്‍ നടന്ന ബീഫ് ഫെസ്റ്റിവലുകളില്‍ സംഘര്‍ഷമുണ്ടായി. ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരെ റിസര്‍ച് സ്കോളേഴ്സ് അസോസിയേഷന്‍ കാലടി സംസ്കൃത സര്‍വകലാശാലയില്‍ നടത്താന്‍ നിശ്ചയിച്ച സെമിനാറിന് സര്‍വകലാശാല രജിസ്ട്രാര്‍ അനുമതി നിഷേധിച്ചതും വാര്‍ത്തയായി. അസഹിഷ്ണുതയുടെയും ഫാഷിസത്തിന്‍െറയും തദ്സ്വരൂപങ്ങള്‍ പശുപ്പുറത്തേറി നമ്മുടെ കാമ്പസുകളിലേക്കും കടന്നുവരുന്നതിന്‍െറ ലക്ഷണങ്ങളാണിത്. അതിനാല്‍, കൂടുതല്‍ ജാഗ്രതയോടെ, ജനാധിപത്യ ഉണര്‍വോടെ നിലയുറപ്പിക്കേണ്ടത് ജനാധിപത്യ പുരോഗമന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സര്‍വരുടെയും വിട്ടുവീഴ്ചയില്ലാത്ത കടമയായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി ഓര്‍മിപ്പിച്ചതുപോലെ, നമുക്ക് നമ്മുടെ അടിസ്ഥാന മൂല്യങ്ങള്‍ കൈയൊഴിക്കാന്‍ കഴിയില്ലതന്നെ.

Show Full Article
TAGS:
Next Story