Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസംസ്ഥാനങ്ങള്‍ക്ക്...

സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയാല്‍ എല്ലാമായോ?

text_fields
bookmark_border
സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയാല്‍ എല്ലാമായോ?
cancel

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് നിയന്ത്രിത സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലേറിയശേഷം രാജ്യത്തെ സാമുദായികാന്തരീക്ഷം പൂര്‍വാധികം മോശമായിട്ടുണ്ടെന്നും പല ഭാഗങ്ങളിലും വര്‍ധിതവീര്യത്തോടെ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കയാണെന്നും വസ്തുതകള്‍ ഉദ്ധരിച്ച് തെളിയിക്കേണ്ടതില്ല. കടുത്ത ന്യൂനപക്ഷ വിരോധത്തില്‍ പണിതുയര്‍ത്തപ്പെട്ട ഒരു ഫാഷിസ്റ്റ് പ്രസ്ഥാനത്തിന്‍െറ കൈകളില്‍ ക്രമസമാധാനപാലനം ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ വന്നുചേര്‍ന്നാല്‍ എന്ത് സംഭവിക്കുമോ അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നുപറയുന്നതാണ് ശരി. മതനിരപേക്ഷ ജനാധിപത്യവും സാമൂഹികനീതിയും ഉദ്ഘോഷിക്കുന്ന ഭരണഘടന ഇന്ത്യക്കുണ്ടെന്ന് ആവര്‍ത്തിച്ചതുകൊണ്ട് വിശേഷമൊന്നുമില്ല, അതനുസരിച്ച് നാടുഭരിക്കാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാറല്ല അധികാരത്തിലിരിക്കുന്നതെങ്കില്‍. നരേന്ദ്ര മോദിയെ ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനത്തിലിരുത്താന്‍ കഠിനാധ്വാനം ചെയ്ത കോര്‍പറേറ്റുകളും അദ്ദേഹത്തിന്‍െറ അപദാനങ്ങള്‍കൊണ്ട് അന്തരീക്ഷം മുഖരിതമാക്കിയ മാധ്യമങ്ങളും ഒരുപോലെ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, അധികാരലബ്ധിയുടെ ആദ്യ വര്‍ഷങ്ങളില്‍ ഏതായാലും അദ്ദേഹം ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ അനുവദിക്കുകയില്ളെന്ന്. ആ പ്രതീക്ഷക്കും പ്രവചനത്തിനും കുമിളകളുടെ ആയുസ്സേ ഉണ്ടായുള്ളൂ എന്ന് രാജ്യം നോക്കിക്കാണുന്നു.

പൊതുജനാരോഗ്യവുമായി ഒരു ബന്ധവുമില്ലാത്തതും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സാമാന്യബുദ്ധിയുള്ള മനുഷ്യര്‍ക്കാര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതുമായ മാട്ടിറച്ചി നിരോധം പോലുള്ള  ബ്രാഹ്മണിക ദുശ്ശാഠ്യത്തിനുംവേണ്ടി സംസ്ഥാനങ്ങള്‍ ഓരോന്നോരോന്നായി കര്‍ക്കശ നിയമനിര്‍മാണം നടത്തുകയും നടപ്പാക്കുകയും ചെയ്യുന്നതിനോടൊപ്പം, മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന വ്യാജാരോപണം ആരാധനാലയത്തില്‍നിന്ന് ഉച്ചഭാഷിണിയിലൂടെ അറിയിച്ച് ആളെക്കൂട്ടി ന്യൂനപക്ഷ സമുദായക്കാരനായ ഒരു പാവത്താന്‍െറ വീട്ടില്‍ കടന്നുകയറി അയാളെ തല്ലിക്കൊന്നതും മകനെ മൃതപ്രായനാക്കിയതും ലോകത്തിന്‍െറ പൊതു ശ്രദ്ധയാകര്‍ഷിച്ച ക്രൂര സംഭവമായി വളര്‍ന്നിരിക്കയാണിപ്പോള്‍. പശു എന്ന മൃഗത്തോടുള്ള അദമ്യസ്നേഹമോ ഗോഹത്യയോടുള്ള വിശ്വാസപരമായ എതിര്‍പ്പോ ഒന്നുമല്ല ഇത്തരം ക്രൂരതകളില്‍ അന്തര്‍ഭവിച്ചതെന്ന് ചിന്താശക്തിയുള്ളവര്‍ക്കെല്ലാം നിഷ്പ്രയാസം മനസ്സിലാവും.

വര്‍ഗീയാന്തരീക്ഷം പരമാവധി വഷളാക്കി സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കാനുള്ള ഹീനതന്ത്രത്തില്‍ കുറഞ്ഞ ഒന്നുമല്ല ദാദ്രി അറുകൊലയുടെ പിന്നില്‍. ദാദ്രി സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംരക്ഷണത്തിന് മോദി സര്‍ക്കാറിനെ ഉപദേശിക്കണമെന്നാവശ്യപ്പെട്ട് യു.പി ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ പ്രമുഖ നേതാവ് അഅ്സംഖാന്‍ ഐക്യരാഷ്ട്ര സഭക്ക് കത്തെഴുതിയതോടെ ഊതിവീര്‍പ്പിച്ച പ്രതിച്ഛായ തകരുമെന്ന ഭീതിയില്‍  കേന്ദ്രആഭ്യന്തരമന്ത്രാലയം മതേതരത്വം അപകടപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരിക്കുകയാണിപ്പോള്‍. സത്യത്തില്‍, കേന്ദ്ര സര്‍ക്കാറും അതിനെ നയിക്കുന്ന സംഘ്പരിവാറും മനസ്സിരുത്തിയാല്‍ മണിക്കൂറുകള്‍ക്കകം ഒതുക്കാവുന്നതേയുള്ളൂ മതേതരത്വം അപകടപ്പെടുത്തുന്ന ശക്തികളെ. മാട്ടിറച്ചി നിരോധം, ഘര്‍ വാപസി, ലവ് ജിഹാദ് പോലുള്ള വൈകാരിക പ്രശ്നങ്ങളും തജ്ജന്യ പ്രകോപനങ്ങളും നിര്‍ത്തിവെച്ചാല്‍ത്തന്നെ വഷളായ വര്‍ഗീയാന്തരീക്ഷം തനിയെ തണുക്കും. ചുരുങ്ങിയപക്ഷം, നിരന്തരം പരക്കുന്ന വര്‍ഗീയ കലാപങ്ങളെയും അതിനുത്തരവാദികളാവുന്നവരെയും മുഖംനോക്കാതെ തള്ളിപ്പറയാനെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായാല്‍ പിരിമുറുക്കത്തിന്നറുതിയാവും.

അതിനദ്ദേഹം തയാറില്ളെന്നതുതന്നെ ഹിന്ദുത്വ അജണ്ട അതിവേഗം നടപ്പാക്കാനുള്ള വ്യഗ്രതയിലാണദ്ദേഹവും എന്ന് വ്യക്തമാവുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് കൊയ്യാന്‍  കളമൊരുക്കിയ മുസഫര്‍നഗര്‍ കലാപത്തിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനെപ്പോലുള്ള തീവ്ര വര്‍ഗീയ വാദികള്‍ ദാദ്രി സന്ദര്‍ശിച്ച് തീപ്പൊരി പ്രസംഗം തുടരുകയാണിപ്പോഴും. ബി.ജെ.പി എം.പി സാക്ഷി  മഹാരാജ്, വി.എച്ച്.പി നേതാവ് സാധ്വി പ്രാചി തുടങ്ങിയവരും കാളകൂടവുമായി രംഗത്തുണ്ട്. അവരോടൊന്നും സംയമനം പാലിക്കാന്‍ പോലും ആവശ്യപ്പെടാതെ, സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിട്ട് എന്തു പ്രയോജനം? മോദിയുടെ സ്വന്തം നിയോജകമണ്ഡലമായ വാരാണസിയിലും വര്‍ഗീയാഗ്നി പടര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരുവശത്ത് ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച ഹിമാലയന്‍ സ്വപ്നങ്ങളും അവകാശവാദങ്ങളും മറുവശത്ത് സ്വന്തം രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് പശുക്കള്‍ക്ക് തുല്യമായ അവകാശങ്ങള്‍പോലും അനുവദിച്ചുകൊടുക്കാത്ത ശിലാഹൃദയവും. ഈ ഇരട്ടത്താപ്പ് ലോകം തിരിച്ചറിയുന്നില്ളെന്നോ രാജ്യത്തിന്‍െറ മതേതര മനസ്സ് ഇതൊക്കെ നിശ്ശബ്ദം സഹിക്കുമെന്നോ കണക്കുകൂട്ടിയാല്‍ മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നം മാത്രമാവും അത്.

Show Full Article
TAGS:
Next Story