Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightശുദ്ധമായ...

ശുദ്ധമായ ലക്ഷ്യങ്ങള്‍ക്ക് ശുദ്ധമായ നടപടികള്‍

text_fields
bookmark_border
ശുദ്ധമായ ലക്ഷ്യങ്ങള്‍ക്ക് ശുദ്ധമായ നടപടികള്‍
cancel

കാലാവസ്ഥമാറ്റം സംബന്ധിച്ച പരിഹാരനടപടികളില്‍ വലിയ പങ്ക് നിര്‍വഹിക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം ലോകം പൊതുവെ സ്വാഗതം ചെയ്തിരിക്കുന്നു. ഈ വര്‍ഷം അവസാനം പാരിസില്‍ ചേരാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന  ഉച്ചകോടിക്കു മുന്നോടിയായി ഓരോ രാജ്യവും തങ്ങളുടെ പങ്കാളിത്ത തീരുമാനം (ഐ.എന്‍.ഡി.സി) അറിയിച്ചിരിക്കണമെന്ന വ്യവസ്ഥയുടെ ഭാഗമായാണ് ഇത്. ഭൂരിപക്ഷം രാജ്യങ്ങളും താന്താങ്ങളുടെ നിര്‍ണിതലക്ഷ്യം ഇങ്ങനെ അറിയിച്ചുകഴിഞ്ഞു. ഇതില്‍ യു.എസും ചൈനയും അടക്കമുള്ള പല രാജ്യങ്ങളെയും അപേക്ഷിച്ച് മികച്ചതും കാലാവസ്ഥയോടുള്ള താല്‍പര്യം കൂടുതല്‍ പ്രകടിപ്പിക്കുന്നതുമാണ് ഇന്ത്യയുടെ ലക്ഷ്യനിര്‍ണയം എന്ന് വിലയിരുത്തപ്പെടുന്നു. 15 വര്‍ഷത്തിനകം ഇന്ത്യയില്‍നിന്നുള്ള കാര്‍ബണ്‍ നിര്‍ഗമനത്തോത് 35 ശതമാനംവരെ വെട്ടിക്കുറക്കുമെന്നാണ് നാം പറയുന്നത്. രണ്ടരലക്ഷം കോടി ഡോളറാണ് ഇതിന്‍െറ മതിപ്പുചെലവ്.

സൗരോര്‍ജവും കാറ്റുവൈദ്യുതിയും അടക്കമുള്ള ബദല്‍രീതികള്‍ വികസിപ്പിച്ചും വനവത്കരണം വര്‍ധിപ്പിച്ചുമാണ് ലക്ഷ്യം സാധിക്കുക. ബദല്‍ ഊര്‍ജോല്‍പാദനം 40 ശതമാനമായി വര്‍ധിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഹരിതഗൃഹവാതകങ്ങള്‍ വന്‍തോതില്‍ പുറന്തള്ളപ്പെട്ടതിനാല്‍ വ്യവസായവിപ്ളവത്തിന്‍െറ മുമ്പത്തേതിനെ അപേക്ഷിച്ച് ഭൗമാന്തരീക്ഷത്തിന് മുക്കാല്‍ ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയിരിക്കുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ ആഗോളതാപനം ഭീതിതമായ അളവില്‍ വര്‍ധിക്കുന്നുമുണ്ട്. ഇന്നത്തെ തോതില്‍ പോയാല്‍ നൂറ്റാണ്ട് അവസാനത്തോടെ നാലര ഡിഗ്രി സെല്‍ഷ്യസ് വരെ താപം കൂടാം. ഇപ്പോള്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ച പരിഹാരനടപടികള്‍ കൃത്യമായി നടന്ന് നിര്‍ണിതലക്ഷ്യങ്ങള്‍ നേടിയാല്‍പോലും മൂന്നര ഡിഗ്രി താപവര്‍ധന ഉണ്ടാകാമെന്ന് കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ, പ്രഖ്യാപിത നിലവാരത്തിലെങ്കിലും പരിഹാരനടപടികള്‍ നടക്കുകയെന്നത് പ്രധാനമാണ്.

ഇതുവരെയുള്ള മലിനീകരണത്തിന് മുഖ്യ ഉത്തരവാദികള്‍ വികസിത രാജ്യങ്ങളായതിനാല്‍ പരിഹാരനടപടികളില്‍ അവരുടെ സാമ്പത്തികവും സാങ്കേതികവുമായ സഹകരണം അത്യാവശ്യമാണ്. ഇന്ത്യ പ്രതീക്ഷിക്കുന്ന രണ്ടരലക്ഷം കോടി ഡോളര്‍, ആഭ്യന്തരവും വൈദേശികവുമായ സമാഹരണത്തിലൂടെ കണ്ടത്തൊമെന്നാണ് വിചാരിക്കുന്നത്. വികസ്വരരാജ്യങ്ങളെ സഹായിക്കാനുള്ള ഗ്രീന്‍ കൈ്ളമറ്റ് ഫണ്ടില്‍നിന്ന് ഇന്ത്യ ധനസഹായവും സാങ്കേതികസഹായവും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ആ ഫണ്ടിലേക്ക് ആരൊക്കെ എത്രയൊക്കെ കൊടുക്കണമെന്ന് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. അത് തീരുമാനിക്കപ്പെടുകയും ഫണ്ട് യാഥാര്‍ഥ്യമാവുകയും ചെയ്യുന്നതുവരെ കാലാവസ്ഥ പരിഹാര പ്രഖ്യാപനങ്ങള്‍ ഭാവനയായേ ഗണിക്കപ്പെടുകയുള്ളൂ. പാരിസില്‍ ഇത് വിഷയമാകും.

അതേസമയം, ബദല്‍ ഊര്‍ജരംഗത്തേക്കുള്ള ഇന്ത്യയുടെ മാറ്റം യാഥാര്‍ഥ്യമാക്കാന്‍ പ്രഖ്യാപനത്തിനപ്പുറം രാഷ്ട്രീയ ഇച്ഛാശക്തിയും ആവശ്യമാണ്. വിചാരിച്ചാല്‍ നേടാവുന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന്‍െറ ഭാഗമായിട്ടെങ്കിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സമ്പൂര്‍ണ സൗരോര്‍ജ താവളമാക്കിയിട്ടുണ്ട്. അരലക്ഷത്തോളം സൗരോര്‍ജപാനലുകള്‍ സ്ഥാപിച്ചുകൊണ്ട് വിമാനത്താവള അധികൃതര്‍ നല്ല മാതൃകയാണ് കാണിച്ചിരിക്കുന്നത്. സൗരോര്‍ജം കുറഞ്ഞ ചെലവിലും കൂടുതല്‍ സുഗമമായും ലഭ്യമാക്കാനുള്ള പഠനങ്ങള്‍ പലരും നടത്തുന്നുണ്ട്. കടല്‍ത്തിരയില്‍നിന്നും കാറ്റില്‍നിന്നുമുള്ള വൈദ്യുതിയും കല്‍ക്കരി-പെട്രോളിയം ഊര്‍ജത്തില്‍നിന്ന് മാറാന്‍ നമ്മെ സഹായിക്കും. എന്നാല്‍, ഒരുഭാഗത്ത് ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളും പ്രായോഗിക നടപടികളും ഉണ്ടാകുമ്പോള്‍തന്നെ, മറുഭാഗത്ത് ഇതിനെയൊക്കെ വ്യര്‍ഥമാക്കാന്‍പോന്ന നയപരിപാടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അടുത്ത 15 വര്‍ഷംകൊണ്ട് ഹരിതഗൃഹവാതക നിര്‍ഗമനം വെട്ടിക്കുറക്കാമെന്നേറ്റ നമ്മള്‍തന്നെയാണ് അടുത്ത അഞ്ചു വര്‍ഷംകൊണ്ട് കല്‍ക്കരി ഖനനം ഇരട്ടിയാക്കാനും മുതിരുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിക്കൊണ്ട്, പരിഹാരമില്ലാത്ത പരിസ്ഥിതിത്തകര്‍ച്ചക്കാണ് നാം വേദിയൊരുക്കുന്നത്. ചൊല്ലും ചെയ്തിയും തമ്മിലുള്ള ഈ പൊരുത്തക്കേട് നമ്മെ പരിഹാസ്യരാക്കില്ളേ?

ശുദ്ധമായ അന്തരീക്ഷം പരിസ്ഥിതി സുരക്ഷക്കുമാത്രമല്ല, മനുഷ്യരുടെയും ഇതരജീവികളുടെയും ആരോഗ്യത്തിനും അത്യാവശ്യമാണ്. കാര്‍ബണ്‍ നിര്‍ഗമനം നിയന്ത്രിക്കുന്നതിനൊപ്പം അന്തരീക്ഷ വായു-പ്രത്യേകിച്ച് നഗരങ്ങളില്‍-മാലിന്യമുക്തമാക്കാനുള്ള യജ്ഞംകൂടി നടക്കേണ്ടതുണ്ട്. മാലിന്യനിര്‍ഗമനത്തോത് 2005-10 കാലത്തുതന്നെ 12 ശതമാനത്തോളം കുറക്കാന്‍ സാങ്കേതികവിദ്യയും ഭരണനടപടികളും രാജ്യത്തെ സഹായിച്ചിട്ടുണ്ട്. എന്നാല്‍, ശുദ്ധവായു ഇന്നും വിദൂരസ്വപ്നമാണ് പലര്‍ക്കും. ലോകത്തില്‍ ഏറ്റവും മലിനമായ വായു ഉള്ള നഗരങ്ങളില്‍പെടുന്നു ഡല്‍ഹിയും മറ്റു മെട്രോകളും. വ്യവസായങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാലിന്യനിര്‍ഗമനത്തോത് നിശ്ചയിക്കുകയും ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യാത്തിടത്തോളംകാലം സ്ഥിതി മോശമായിക്കൊണ്ടിരിക്കും. നിര്‍ഭാഗ്യവശാല്‍ വായുവിന്‍െറ  ശുദ്ധി അളക്കുന്ന കൃത്യമായ സൂചികയോ അതിനാവശ്യമായ ഉപകരണങ്ങളോ വന്‍നഗരങ്ങളില്‍പോലുമില്ല. വായു ഗുണനിലവാരം സംബന്ധിച്ച ദേശീയ സൂചിക (എന്‍.എ.ക്യൂ.ഐ) അടിസ്ഥാനമാക്കി ഭരണനടപടികള്‍ സ്വീകരിച്ചുകൊണ്ടേ ശുദ്ധവായു എന്ന ജന്മാവകാശം എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്താന്‍ കഴിയൂ. നയങ്ങളിലെയും നടപടികളിലെയും പാളിച്ചകളും വൈരുധ്യങ്ങളും നമ്മുടെ ഏറ്റവുംനല്ല ഉദ്ദേശ്യങ്ങളെപ്പോലും പരാജയപ്പെടുത്തും; ഭൂമിയുടെ മൊത്തം കാര്യത്തിലായാലും അന്തരീക്ഷവായുവിന്‍െറ കാര്യത്തിലായാലും.

Show Full Article
TAGS:
Next Story