Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഹര്‍ത്താല്‍...

ഹര്‍ത്താല്‍ നിയന്ത്രണബില്‍: മൗലികാവകാശ നിഷേധം

text_fields
bookmark_border
ഹര്‍ത്താല്‍ നിയന്ത്രണബില്‍: മൗലികാവകാശ നിഷേധം
cancel

സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹര്‍ത്താല്‍ നിരോധിക്കാന്‍ ബഹുജനാഭിപ്രായം തേടി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ലേഖനം ഭരണഘടന ഉറപ്പുനല്‍കുന്ന ജനങ്ങളുടെ സംഘടിക്കാനും സമരംചെയ്യാനുമുള്ള പൗരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കമായിട്ടേ കാണാനാവൂ. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഹര്‍ത്താലുകള്‍മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമായി ‘കേരള ഹര്‍ത്താല്‍ നിയന്ത്രണബില്‍ 2015’ന്‍െറ കരട് തയാറാക്കുന്നതിന്‍െറ മുന്നോടിയായിട്ടായിരുന്നു പ്രസ്തുത ലേഖനം.
ഹര്‍ത്താല്‍ നിരോധ നീക്കം ഒരു പുതിയ കാര്യമല്ല. നവലിബറല്‍ പരിഷ്കാരങ്ങളുടെ ചുവടുപിടിച്ചാണല്ളോ ഇന്ത്യയില്‍ ഭരണഘടനയുടെ മൗലികകാഴ്ചപ്പാടുകളെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് ജനകീയസമരങ്ങള്‍ക്കും പണിമുടക്കുകള്‍ക്കും തൊഴിലാളി ബഹുജനവിഭാഗങ്ങളുടെ സംഘടിതപ്രവര്‍ത്തനങ്ങള്‍ക്കും കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങള്‍ക്ക് നാന്ദി കുറിച്ചത്. മൗലികാവകാശങ്ങള്‍ക്ക് ഭീഷണിയാകുന്ന നിയമനിര്‍മാണങ്ങളും കോടതിവിധികളും ഒന്നിനുപിറകെ ഒന്നായി ഈ കാലയളവില്‍ നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ടല്ളോ. ബന്ദുകള്‍ നിരോധിച്ചും പണിമുടക്കുകള്‍ തടഞ്ഞും വിദ്യാര്‍ഥിരാഷ്ട്രീയവും കാമ്പസിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുമുള്ള കോടതിവിധികളെ നമ്മുടെ നീതിന്യായരംഗത്തെ പ്രഗല്ഭമതികള്‍ തന്നെ ഭരണഘടനയുടെ മൗലികാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ വിവരം കേരളത്തിന്‍െറ ആഭ്യന്തരമന്ത്രി മറന്നുപോയതാണോ? അതോ ജനങ്ങളുടെ പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങള്‍ക്ക് വിലങ്ങിടാനുള്ള ഇറങ്ങിപ്പുറപ്പാടോ?

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഹര്‍ത്താലുകളെ  നിരോധിക്കുകയാണെന്ന വ്യാജേന എല്ലാവിധ ബഹുജനപ്രക്ഷോഭ സമരരൂപങ്ങള്‍ക്കും തടയിടാനുള്ള നീക്കമാണ് ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് പിറകിലുള്ളത്. തീര്‍ച്ചയായും രാഷ്ട്രീയപാര്‍ട്ടികളും മറ്റ് സംഘടനകളും വിവേകരഹിതമായി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളും സമരങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അത് രാഷ്ട്രീയനേതൃത്വങ്ങള്‍ ഉദ്ബുദ്ധമായ ഇടപെടലിലൂടെ നിയന്ത്രിക്കുകയാണ് വേണ്ടത്. പൊതുവെ ഹര്‍ത്താല്‍ സമരവിരുദ്ധര്‍ ഹര്‍ത്താലുകളിലും സമരങ്ങളിലുമുണ്ടാക്കുന്ന അനാശാസ്യകരമായ ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച് ഹര്‍ത്താലും സമരവുമെല്ലാം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അക്രമവുമാണെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന് കുത്തകമാധ്യമങ്ങളുടെ നല്ല സഹായവും ഉണ്ട്.

ഒരാധുനിക ജനാധിപത്യസമൂഹത്തിനാവശ്യമായ നിലയില്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ ഉയരുകയും വിവേചനത്തിന്‍െറയും വെറുപ്പിന്‍െറയും സംസ്കാരത്തിന് കാരണമായ മൂലധനശക്തികളില്‍നിന്ന് നാടിന്‍െറയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. മൂലധനവും നിക്ഷിപ്ത താല്‍പര്യങ്ങളും സൃഷ്ടിക്കുന്ന വിവേചനങ്ങളും ചൂഷണവും അടിച്ചമര്‍ത്തലുകളുമാണ് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമെന്ന് പ്രാഥമികമായ സാമൂഹികശാസ്ത്രധാരണയുള്ള ആര്‍ക്കും അറിയാവുന്നതാണ്. നവലിബറല്‍ മൂലധനതാല്‍പര്യങ്ങളുടെ സംരക്ഷകരായി ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന രാഷ്ട്രീയ നിലപാടാണല്ളോ ബി.ജെ.പിക്കെന്നപോലെ കോണ്‍ഗ്രസിനുമുള്ളത്.

ആഗോളീകരണ നയങ്ങള്‍ക്ക് ഗതിവേഗം കൂടിയതോടെയാണല്ളോ സബ്സിഡികളും ക്ഷേമാനുകൂല്യങ്ങളും നിര്‍ത്തിവെക്കപ്പെട്ടത്. സേവനമേഖലകള്‍ കൈയൊഴിക്കപ്പെട്ടതും. റേഷനും സംവരണവുമെല്ലാം അട്ടിമറിക്കപ്പെട്ടതും. ഹര്‍ത്താല്‍ നിയന്ത്രിച്ച് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് വാചാലനാവുന്ന ചെന്നിത്തല ജീവന്‍ നിലനിര്‍ത്താനുള്ള സാധാരണക്കാരുടെ റേഷന്‍ ആനുകൂല്യങ്ങള്‍പോലും ഇല്ലാതാക്കുന്ന ഒരു സര്‍ക്കാറിലെ ആഭ്യന്തരമന്ത്രിയാണെന്ന കാര്യം ഓര്‍ക്കേണ്ടതായിരുന്നു. യു.പി.എ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാനിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് കേരളത്തിലെ എ.പി.എല്‍, ബി.പി.എല്‍ ഭക്ഷ്യധാന്യ ക്വോട്ട ഏകപക്ഷീയമായി ബി.ജെ.പി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ജനങ്ങളുടെ ജീവിതാവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ക്കെതിരെ പ്രതിഷേധം പ്രകാശിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് എല്ലാ സമരരൂപങ്ങളുമെന്നകാര്യം ചെന്നിത്തല മറന്നുകളയരുതായിരുന്നു. കമ്പോളനീതിയെ ജനതാല്‍പര്യങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കാനുള്ള ആഗോളീകരണനയങ്ങളുടെ ഭാഗമായിട്ടേ ഇത്തരം സമരനിരോധനിയന്ത്രണനിയമങ്ങളെ കാണാന്‍ കഴിയൂ.

നിര്‍ദിഷ്ട ഹര്‍ത്താല്‍ നിയന്ത്രണബില്‍ നിയോലിബറല്‍ സാമ്പത്തികരാഷ്ട്രീയനയങ്ങളുടെ സൃഷ്ടിയാണെന്നകാര്യത്തില്‍ ഒരു സംശയവുമില്ല. വ്യക്തികളുടെ മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനെന്ന വ്യാജേന ബഹുജനസമരങ്ങളെ അടിച്ചമര്‍ത്താനും ജനനേതാക്കളെ തടങ്കലിലടക്കാനുമുള്ള അത്യന്തം ഭീകരമായ വ്യവസ്ഥകളും നിര്‍ദേശങ്ങളുമാണ് പുതിയ ബില്ലിന്‍െറ ഉള്ളടക്കമായി മുന്നോട്ടുവെച്ചിട്ടുള്ളത്. ഹര്‍ത്താലിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സംഘാടകരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നത് നമ്മുടെ ക്രിമിനല്‍ നിയമനടപടികളെ കരിനിയമങ്ങളാക്കി മാറ്റാനുള്ള നീക്കമാണ്. ഒരാള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഒൗദ്യോഗിക വക്താവെന്ന നിലയില്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അയാളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുക എന്നതിന് നീതിന്യായപരമായി എന്ത് യുക്തിയാണുള്ളത്? ഒരു വ്യക്തിയോ സംഘടനയോ ബഹുജനസമരത്തിന്‍െറ ഭാഗമായി നടത്തുന്ന പ്രവൃത്തിക്ക് കൂട്ടുത്തരവാദിത്തം പ്രഖ്യാപിച്ച് കുറ്റകൃത്യത്തില്‍ പങ്കാളിയാകാത്തവരെപോലും പ്രതിയാക്കാമെന്നതും ശിക്ഷിക്കാമെന്നതും കിരാതമായ നടപടിയാണ്. ബ്രിട്ടീഷ് ഭരണാധികാരികള്‍ ഒരു പ്രദേശത്ത് നിയമത്തെ ധിക്കരിക്കുന്നതോ സര്‍ക്കാറിനെ തലവേദനയുണ്ടാക്കുന്നതോ ആയ കൃത്യം നടന്നാല്‍ അതിന് ആ പ്രദേശത്തെ മുഴുവന്‍ ആളുകളില്‍നിന്നും കൂട്ടപ്പിഴ ഈടാക്കിയിരുന്നുവെന്നുകൂടി അറിയുക.

ആഗോളീകരണം സൃഷ്ടിച്ച അരാഷ്ട്രീയവത്കരണത്തിന്‍െറയും അമിതമായ വ്യക്തിവത്കരണത്തിന്‍േറതുമായ പ്രതിലോമകരമായ ഒരു സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് ഹര്‍ത്താലിനും സമരങ്ങള്‍ക്കുമൊക്കെ നിരോധം ഉണ്ടാക്കിയെടുക്കാനുള്ള നീക്കം നവലിബറല്‍ ഭരണാധികാരികള്‍ നടത്തുന്നത്. കഴിഞ്ഞ കുറെക്കാലമായി കേരളത്തില്‍ കുത്തകമാധ്യമങ്ങളും വലതുപക്ഷരാഷ്ട്രീയ നേതൃത്വവും ഒരു വിഭാഗം ബുദ്ധിജീവികളും ഹര്‍ത്താലിനെയും പണിമുടക്കിനെയുമൊക്കെ ചൂണ്ടിക്കാട്ടി കടുത്ത സമരവിരോധത്തിന്‍േറതായ പ്രത്യയശാസ്ത്ര പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. നവലിബറല്‍ മൂലധനത്തിന്‍െറ സര്‍വതന്ത്രസ്വതന്ത്രമായ അധിനിവേശ താല്‍പര്യങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ചങ്ങലയിടുക എന്നതാണ് ഇത്തരം നീക്കങ്ങളുടെയും ലക്ഷ്യമെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

കോര്‍പറേറ്റ് മൂലധനകുത്തകകളുടെ ഭ്രാന്തമായ ലാഭതാല്‍പര്യങ്ങള്‍ക്കും പ്രകൃതി ചൂഷണത്തിനുമെതിരെ തൊഴിലാളികളും കൃഷിക്കാരും തദ്ദേശീയ ജനസമൂഹങ്ങളും നടത്തുന്ന ചെറുത്തുനില്‍പുകളെ അടിച്ചമര്‍ത്താനും തകര്‍ക്കാനും തൊഴില്‍ നിയമഭേദഗതി മുതല്‍ പരിസ്ഥിതി നിയമഭേദഗതിവരെ ഇന്ത്യന്‍ ഭരണകൂടം അടിച്ചേല്‍പിക്കുകയാണ്. മൂലധനതാല്‍പര്യങ്ങള്‍ക്ക് വിഘാതമാകുന്ന എല്ലാ പ്രസ്ഥാനങ്ങളെയും പ്രതിരോധങ്ങളെയും കൂച്ചുവിലങ്ങിടാനാണ് ഇത്തരം നിയമങ്ങള്‍ പടച്ചുവിടുന്നത്. മൂലധനത്തിന് നിയന്ത്രണവും നിരോധവുമേര്‍പ്പെടുത്താത്തവര്‍ ജനങ്ങളുടെ അവകാശപോരാട്ടങ്ങള്‍ക്ക് നിയന്ത്രണവും നിരോധവുമേര്‍പ്പെടുത്തി കോര്‍പറേറ്റ് കൊള്ളക്ക് നാടിനെ വിട്ടുകൊടുക്കുകയാണ്. വികസനത്തിന്‍െറയും നിക്ഷേപസൗഹൃദത്തിന്‍െറയും പേരുപറഞ്ഞ് ഊഹമൂലധനശക്തികള്‍ക്കും ഭൂമാഫിയകള്‍ക്കും കേരളത്തെ അടിയറവെക്കുന്നവര്‍ ജനകീയ സമരങ്ങള്‍ക്ക് വിലങ്ങുതീര്‍ക്കുന്നത് എന്തിനാണെന്ന് കാര്യവിവരമുള്ള ഓരോ മലയാളിയും മനസ്സിലാക്കും. മൗലികാവകാശങ്ങളെ നിഷേധിക്കുന്ന ഇത്തരം നിയമങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഭവിഷ്യത്തുകളെ തിരിച്ചറിയും.

Show Full Article
TAGS:
Next Story