Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅയല്‍ക്കാരെ...

അയല്‍ക്കാരെ അകറ്റുന്നതോ വിദേശനയം?

text_fields
bookmark_border
അയല്‍ക്കാരെ അകറ്റുന്നതോ  വിദേശനയം?
cancel

വിദേശപര്യടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യപരിപാടി. അധികാരമേറ്റ ഇത്ര കുറഞ്ഞ കാലയളവില്‍ ഇത്രയധികം ഊരുചുറ്റിയതിന്‍െറ റെക്കോഡും അദ്ദേഹം തന്നെ പതിച്ചെടുത്തുകഴിഞ്ഞു. രണ്ടാമത്തെ അമേരിക്കന്‍ പര്യടനവും ആഗോള നേതാക്കളുമായും കുത്തക ഭീമന്മാരുമായുള്ള കൂടിക്കാഴ്ചയുമൊക്കെ കഴിഞ്ഞ് അദ്ദേഹം തിരിച്ചത്തെിയതേയുള്ളൂ. എന്നാല്‍, പുറം സന്ദര്‍ശനത്തിന്‍െറ ഈ ബഹളത്തിനപ്പുറം വിദേശ നയതന്ത്രത്തില്‍ മോദി ഗവണ്‍മെന്‍റിന്‍െറ പ്രകടനം വിലയിരുത്തുമ്പോള്‍ ഗ്രാഫ് അത്ര മേലോട്ടല്ല എന്നല്ല, നിര്‍ണായക വിദേശബന്ധങ്ങളില്‍ കുത്തനെ താഴോട്ടാണ് എന്നു പറയേണ്ടിവരും. ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളുടെ പിന്നണി സഹായത്തോടെ ഒപ്പിച്ചെടുക്കുന്ന സന്ദര്‍ശന പരിപാടികളുടെ വിജയം രാഷ്ട്രാന്തരീയ ബന്ധങ്ങളുടെ പ്രയോഗതലത്തിലേക്കു വരുമ്പോള്‍ പരാജയമായി പരിണമിക്കുന്നതാണ് കാണുന്നത്. അയല്‍പക്കങ്ങള്‍ ഇന്ത്യക്ക് സുരക്ഷിതമല്ലാതായിത്തീര്‍ന്നിരിക്കുന്നുവെന്നത് അതിന്‍െറ പ്രത്യക്ഷ തെളിവാണ്.

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞച്ചടങ്ങ് നരേന്ദ്ര മോദി ഗംഭീരമാക്കിയത് അയല്‍പക്കത്തെ ആജന്മവൈരിയായ പാകിസ്താന്‍െറ പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ടാണ്. കിട്ടിയ തക്കം നവാസ് ശരീഫും മോശമാക്കിയില്ല. എന്നാല്‍, അങ്ങുമിങ്ങും പുതപ്പും കമ്പളവുമെല്ലാം കൈമാറി തുടങ്ങിയ ബന്ധം വിശ്വാസനഷ്ടത്തിലേക്ക് വഴുതിവീഴാന്‍ സമയമേറെ വേണ്ടിവന്നില്ല. ഇന്നിപ്പോള്‍ അതിര്‍ത്തിയിലെ സംഘര്‍ഷവും മറ്റുമായി പാകിസ്താനുമായി മുമ്പെന്നത്തേതിലും കലുഷമായ നിലയിലാണ് ബന്ധങ്ങള്‍. ഒടുവില്‍ യു.എന്‍ ജനറല്‍ അസംബ്ളിപോലും അവര്‍ ഉപയോഗിച്ചത് നമ്മുടെ രാജ്യത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്‍െറ അഭിപ്രായമുയര്‍ത്താനാണ്. ഇന്ത്യയുടെ അയല്‍ദേശങ്ങളുടെ രാഷ്ട്രീയം നിര്‍ണയിക്കുന്നതില്‍ സുപ്രധാനഘടകമായ മേഖലയിലെ പ്രബല ശക്തി ചൈനയുമായി ഇന്ത്യക്കുള്ള ബന്ധം ഗാഢമല്ല, കരുതലോടെയാണ്.

ശ്രീലങ്കയും മാലദ്വീപുമായുള്ള ചങ്ങാത്തവും പഴയ ഊഷ്മളതയിലല്ല. ബംഗ്ളാദേശുമായി സമീപകാലത്തെ മികച്ച ചില ധാരണകളിലത്തെിപ്പെടാനായത് ഇതിനിടയില്‍ ആശ്വാസം പകരുന്നുണ്ട്. എന്നാല്‍, തൊട്ടടുത്ത് ഇന്ത്യയുടെ സ്വന്തക്കാരെന്നു പറയുന്ന നേപ്പാളുമായി ഇരുജനതയെയും അതിശയിപ്പിക്കുന്ന സ്വരച്ചേര്‍ച്ചയില്ലായ്മയില്‍ തുടങ്ങിയ കാര്യങ്ങള്‍ അതിര്‍ത്തി സംഘര്‍ഷത്തോളം ഭയാനകമായ സാഹചര്യത്തിലാണ് എത്തിനില്‍ക്കുന്നത്. സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രി രണ്ടു വട്ടം സന്ദര്‍ശിക്കുകയും ശതകോടി സഹായം വാഗ്ദാനം നല്‍കുകയും ചെയ്തിടത്തുനിന്ന് കാഠ്മണ്ഡു ഇപ്പോള്‍ മോദിയുടെ കോലം കത്തിക്കുന്ന ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിന്‍െറ നെരിപ്പോടായി മാറിയിരിക്കുന്നു. രാജ്യത്തിന്‍െറ ഭരണഘടനാ രൂപവത്കരണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഇടപെടലുകളാണ് നേപ്പാളിനെ ചൊടിപ്പിച്ചത്.
ഹിന്ദു ഭൂരിപക്ഷ നേപ്പാളിനെ ഏഴു ഫെഡറല്‍ പ്രവിശ്യകളാക്കി വിഭജിച്ച് മതേതര റിപ്പബ്ളിക്കായി പ്രഖ്യാപിക്കുന്ന പുതിയ ഭരണഘടനയെ മുഴുവന്‍ ലോകവും സ്വാഗതം ചെയ്തപ്പോള്‍ ഇന്ത്യമാത്രം എതിര്‍ക്കുന്നതിന്‍െറ ന്യായമാണ് നേപ്പാളിന് ബോധിക്കാത്തത്. ഇന്ത്യയുമായി 1,751 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തി പങ്കിടുന്ന നേപ്പാളിലെ അതിര്‍ത്തിപ്രദേശമായ തെറായ് സമതലങ്ങളില്‍ വസിക്കുന്ന മാധേശി, താരു തുടങ്ങിയ വിഭാഗങ്ങള്‍ ഇന്ത്യയുമായി അടുത്ത വംശീയബന്ധം പുലര്‍ത്തുന്നവരാണ്.

പ്രവിശ്യാവിഭജനത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടും എന്ന് ആശങ്കിച്ച് ഈ വിഭാഗങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. ഇന്ത്യയില്‍നിന്ന് ഇന്ധനമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുമായി വരുന്ന ട്രക്കുകള്‍ തടയുകയായിരുന്നു അവര്‍ കണ്ട വഴി. അതിനു പ്രതികരണമായി തലസ്ഥാനത്തും മറ്റു നഗരങ്ങളിലും മാത്രമല്ല, സാമൂഹികമാധ്യമതലങ്ങളിലും ‘ബാക് ഓഫ് ഇന്ത്യ’ കാമ്പയിനുമായി മുന്നോട്ടുപോകുകയാണ് നേപ്പാളികള്‍. മതേതര രാജ്യമായിത്തീരാനുള്ള നേപ്പാളിന്‍െറ തീരുമാനം സംഘ്പരിവാര്‍ ഗവണ്‍മെന്‍റിന് ദഹിച്ചിട്ടില്ളെന്ന് നേപ്പാള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ബംഗ്ളാദേശിന്‍െറ തീവ്ര മതേതര ലൈനിനെ ശ്ളാഘിക്കുമ്പോള്‍ തന്നെയാണ് മോദിക്കും കൂട്ടര്‍ക്കും കാഠ്മണ്ഡുവിന്‍െറ മതേതരവത്കരണം മനംപിരട്ടലുണ്ടാക്കുന്നത്. ഇന്ത്യയില്‍നിന്നു പെട്രോളിയം ഉല്‍പന്നങ്ങള്‍ അടക്കമുള്ള നിത്യോപയോഗവസ്തുക്കളുടെ കടത്ത് നിര്‍ത്തിവെക്കുന്നതിനു പിന്നില്‍ ഭരണകൂടത്തിന്‍െറ പരോക്ഷ പിന്തുണയുണ്ടെന്ന് അവര്‍ കരുതുന്നു. എണ്ണയില്ലാതെ ജനജീവിതം ദുസ്സഹമായിരിക്കെ, ദസറയും ദീപാവലിയും അടുത്ത സന്ദര്‍ഭത്തില്‍ മറുമാര്‍ഗം തേടാതെ വഴിയില്ളെന്നും അത് ചൈനയെ അഭയം പ്രാപിക്കുകയാണെന്നും നേപ്പാള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഭൂരിപക്ഷ ജനപ്രതിനിധി സഭ പാസാക്കിയ ഭരണഘടനയില്‍ ഭേദഗതി വേണമെന്ന് മറ്റൊരു രാജ്യം ആവശ്യപ്പെടുന്നത് ‘വല്യേട്ടന്‍’ മനോഭാവത്തിന്‍െറ ഫലമാണെന്നും അത് അനുവദിക്കില്ളെന്നുമാണ് അവരുടെ പൊതുനിലപാട്. ഇന്ത്യയാകട്ടെ, സ്വന്തക്കാരുമായി ഉടക്കിയെന്നു ഉറക്കെ പറയാന്‍ തയാറുമല്ല.

ബിഹാറില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, അതിര്‍ത്തി പുകഞ്ഞാലുള്ള പ്രശ്നം ന്യൂഡല്‍ഹിക്കറിയാം. മറുഭാഗത്ത് പാകിസ്താന്‍, ഒരവസരവും പാഴാക്കാതിരിക്കാന്‍ കാത്തിരിക്കെ വിശേഷിച്ചും. എന്നാല്‍ പുകയുന്ന അയല്‍പക്കങ്ങളില്‍ നിന്ന് അതിര്‍ത്തികളിലേക്ക് പടരുന്ന അശാന്തി കെടുത്താന്‍ തക്ക നയതന്ത്രവിദ്യകളൊന്നും മോദിയുടെ കൈവശമില്ളെന്ന് പാക് ബന്ധത്തിലെ വീഴ്ചകള്‍ തെളിയിച്ചതാണ്. ശാന്തമായ മിത്രങ്ങളെപ്പോലും ശത്രുപാളയത്തിലത്തെിക്കുന്ന മണ്ടത്തരമാണ് നേപ്പാളിലെ ‘വല്യേട്ടന്‍’ കളി ബാക്കിയാക്കുന്നത്. ചേരിചേരാ, സാര്‍ക്ക് രാഷ്ട്ര കൂട്ടായ്മകള്‍ക്ക് രൂപം നല്‍കിയ ഇന്ത്യ അയല്‍ക്കാരില്‍നിന്ന്  ഒറ്റപ്പെടുന്നത് സ്വയം കൃതാനര്‍ഥം കൊണ്ടെങ്കില്‍ അത് തിരുത്തിയേ തീരൂ.

Show Full Article
TAGS:
Next Story