Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയു.എന്നില്‍...

യു.എന്നില്‍ തമ്മിലടിക്കുന്ന അയല്‍രാജ്യങ്ങള്‍

text_fields
bookmark_border
യു.എന്നില്‍ തമ്മിലടിക്കുന്ന അയല്‍രാജ്യങ്ങള്‍
cancel

ഐക്യരാഷ്ട്രസഭയുടെ എഴുപതാം വാര്‍ഷികം പ്രമാണിച്ച് ലോകരാഷ്ട്രത്തലവന്മാരില്‍ പ്രമുഖര്‍ സംഗമിച്ച മുഹൂര്‍ത്തം നോക്കി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കശ്മീര്‍പ്രശ്നം അവിടെ ശക്തിയായി ഉന്നയിച്ചപ്പോള്‍ യു.എന്‍ എന്ന രാഷ്ട്രാന്തരീയ വേദിയുടെ പ്രസക്തിയിലേക്കും പരാജയത്തിലേക്കുമുള്ള സൂചനകളാണ് അത് കൈമാറിയത്. ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സമയം തരപ്പെടുമ്പോഴൊക്കെ വിളിച്ചുപറയാനുള്ള ഒരു വേദിയായി പലപ്പോഴും യു.എന്‍ പ്രയോജനപ്പെടുത്തപ്പെടുമ്പോള്‍ പ്രശ്നപരിഹാരം അകന്നകന്നു മാറുന്ന സാഹചര്യങ്ങളെ നിസ്സംഗമായി നോക്കിനില്‍ക്കാനേ അതിനു സാധിക്കുന്നുള്ളൂ എന്ന ന്യൂനതയാണ് എടുത്തുകാട്ടപ്പെട്ടത്. യു.എന്നിന്‍െറ അത്രതന്നെ പ്രായമുള്ള കശ്മീര്‍ തര്‍ക്കം ഇന്നും ഒരു മേഖലയുടെ സ്വാസ്ഥ്യവും സമാധാനവും കെടുത്തുന്നുവെന്ന് ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ഇക്കുറി ഇന്ത്യയും പാകിസ്താനും കശ്മീര്‍പ്രശ്നത്തില്‍ വാഗ്വാദങ്ങളിലേര്‍പ്പെട്ടത്. ഇതുകൊണ്ടൊന്നും കാര്യമായ ഒരു പ്രയോജനവും ഇല്ളെന്ന് മനസ്സിലാക്കാത്തവരല്ല പാക് ഭരണാധികാരികള്‍. 1971നുശേഷം യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കശ്മീര്‍ വിഷയം ചര്‍ച്ചചെയ്തിട്ടില്ല. ഉഭയകക്ഷി സംഭാഷണങ്ങളിലൂടെ പ്രശ്നപരിഹാരമുണ്ടാവട്ടെ എന്നതാണത്രെ യു.എന്നിന്‍െറ സുചിന്തിത നിലപാട്. എന്നിട്ടും എന്തിന് യു.എന്‍ വേദികളിലേക്ക് കശ്മീരിനെ വലിച്ചിഴക്കുന്നുവെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; അത്തരമൊരു സമസ്യ ആരുടെ സൃഷ്ടിയാണോ അവരെയും നല്ല അയല്‍പക്കബന്ധം ഒരിക്കലും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന ശക്തികളെയും വ്യക്തികളെയും സന്തോഷിപ്പിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗം ഇതല്ലാതെ മറ്റൊന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ക്ക് നന്നായറിയാം എന്നതുതന്നെ. ഹുര്‍റിയത്ത് നേതാവ് മീര്‍വാഇസ് ഉമര്‍ ഫാറൂഖും സയ്യിദ് അലീഷാ ഗീലാനിയുമൊക്കെ ശരീഫിന്‍െറ പ്രസ്താവനയെ യാഥാര്‍ഥ്യബോധമുള്‍ക്കൊണ്ടത് എന്ന് വിശേഷിപ്പിച്ചുകഴിഞ്ഞു. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ചെന്ന പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും നവാസ് ശരീഫും ഒരേ ഹോട്ടലില്‍ താമസിച്ചിട്ടും മുഖാമുഖം കണ്ടുമുട്ടിയപ്പോള്‍ സംസാരിക്കാന്‍ കൂട്ടാക്കാതെ ആംഗ്യംകൊണ്ട് കുശലം അവസാനിപ്പിച്ചതില്‍നിന്നുതന്നെ, അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ഏത് വിതാനത്തിലാണ് നില്‍ക്കുന്നതെന്ന് വ്യക്തമാകുന്നു. റഷ്യയിലെ ഉഫയില്‍ ഇരുനേതാക്കളും കണ്ടുമുട്ടിയപ്പോള്‍ ലോകം കാണാനിടയായ സൗഹൃദം എത്ര പെട്ടെന്നാണ് അദൃശ്യമായത്?
ആഭ്യന്തര സമ്മര്‍ദങ്ങള്‍കൊണ്ടാകാം മതിയായ ഗൃഹപാഠത്തോടെയാണ് പാക് പ്രധാനമന്ത്രി യു.എന്നിലത്തെിയതെന്ന് അദ്ദേഹം മുന്നോട്ടുവെച്ച കര്‍ക്കശമായ നിലപാടില്‍നിന്ന് തെളിയുന്നുണ്ട്. ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ മാത്രം ഉതകുന്ന നാലിന പരിഹാരനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ നവാസ് ശരീഫിന്‍െറ ആത്യന്തിക ലക്ഷ്യം സമാധാനമല്ല, സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുകയാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കശ്മീരിനെ സൈനികമുക്തമാക്കുക, സിയാച്ചിനില്‍നിന്ന് ഇരുരാജ്യങ്ങളും നിരുപാധികം പിന്മാറുക, നിയന്ത്രണരേഖയില്‍ 2003ലെ ധാരണപ്രകാരം ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പാലിക്കുക, അത് പരിശോധിക്കാന്‍ യു.എന്‍ സൈനിക നിരീക്ഷകരെ നിയോഗിക്കുക തുടങ്ങിയ ‘പരിഹാരങ്ങള്‍’ മുന്നോട്ടുവെച്ചത് കശ്മീരിന്‍െറ പേരിലുള്ള ചക്കളത്തിപ്പോര് അവസാനിക്കട്ടെ എന്ന ചിന്തയോടെയാണെന്ന് കരുതാന്‍ മാത്രം മൂഢരല്ല ലോകസമൂഹം. നിലപാട് കടുപ്പിച്ചുതന്നെയാണ് ഇതിനോട് ഇന്ത്യ പ്രതികരിച്ചത്. ഭാവിയില്‍ ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കുമ്പോള്‍ കശ്മീര്‍ തര്‍ക്കം കേന്ദ്രീകരിച്ചാവണം അത് എന്ന ഇസ്ലാമാബാദിന്‍െറ തന്ത്രപരമായ സമീപനത്തെ പൊളിച്ചുകൊടുക്കുന്ന രീതിയിലാണ് ഇന്ത്യ അതിനെ നേരിട്ടത്. കശ്മീര്‍ ‘വിദേശ അധിനിവേശ’ത്തിലാണ് എന്ന ശരീഫിന്‍െറ ആരോപണത്തെ നേരിട്ടത് പാകിസ്താന്‍െറ കൈവശമുള്ള കശ്മീര്‍ ഭാഗത്തുനിന്നും അവര്‍ ഒഴിഞ്ഞുപോകണമെന്ന് തിരിച്ചടിച്ചുകൊണ്ടാണ്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദവും സമാധാനവും പുന$സ്ഥാപിക്കാന്‍ പാകിസ്താന്‍ ഭീകരത ഉപേക്ഷിക്കുക മാത്രമാണ് പോംവഴിയെന്ന് ഓര്‍മപ്പെടുത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നവാസ് ശരീഫിന്‍െറ നാലിന നിര്‍ദേശത്തെ അപ്പടി തള്ളിക്കളഞ്ഞത് ലോകസമൂഹം ശ്രദ്ധിച്ചിട്ടുണ്ടാകണം. കശ്മീരിനെ സൈനികമുക്തമാക്കുകയല്ല, പാകിസ്താനെ ഭീകരമുക്തമാക്കുകയാണ് വേണ്ടതെന്ന വിദേശകാര്യവക്താവ് വികാസ് സ്വരൂപിന്‍െറ അഭിപ്രായപ്രകടനത്തിനുപോലും വലിയ വാര്‍ത്താപ്രാധാന്യം കൈവന്നത് നല്ല അയല്‍പക്കബന്ധം സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സമീപനത്തിലെ അന്തരവും മാനസിക അകല്‍ച്ചയും മുമ്പൊരിക്കലുമില്ലാത്തവിധം അനാവൃതമാക്കപ്പെട്ടതുകൊണ്ടാണ്.
സമാധാനകാംക്ഷികളെ നിരാശപ്പെടുത്തുന്നതാണ് പുതിയ വാഗ്വാദങ്ങളും അവകാശവാദങ്ങളും. ഷിംല കരാറും ലാഹോര്‍ പ്രഖ്യാപനവുമൊക്കെ എല്ലാവരും വിസ്മരിച്ചമട്ടാണ്.  മുന്‍ എന്‍.ഡി.എ ഭരണകാലത്ത് ലാഹോറിലേക്കും ആഗ്രയിലേക്കും നീണ്ട സൗഹാര്‍ദത്തിന്‍െറ പാതകളിലാണ് യു.എന്‍ വേദികളില്‍ മുഴങ്ങിക്കേട്ട ശാത്രവത്തിന്‍െറ കനത്ത മൊഴികള്‍ ഇപ്പോള്‍ വൈതരണികളായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിറവിയിലെ പിഴവിനെ മാത്രം പഴിക്കുന്നത് ലോകരാഷ്ട്രങ്ങളുടെ ചരിത്രം അറിയാത്തവര്‍ക്കേ ഭൂഷണമാകൂ.
 

Show Full Article
TAGS:
Next Story