Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസിറിയയില്‍ റഷ്യ...

സിറിയയില്‍ റഷ്യ ഇറങ്ങിക്കളിക്കുമ്പോള്‍

text_fields
bookmark_border
സിറിയയില്‍ റഷ്യ ഇറങ്ങിക്കളിക്കുമ്പോള്‍
cancel

രണ്ടരലക്ഷം മനുഷ്യരെ കുരുതികൊടുക്കുകയും 11 ദശലക്ഷംപേരെ വഴിയാധാരമാക്കുകയുംചെയ്ത സിറിയന്‍ പ്രതിസന്ധി കൂടുതല്‍ വഷളാക്കുന്നതില്‍ സാമ്രാജ്യത്വ ശക്തികളെല്ലാം പങ്ക് വഹിച്ചുപോരുന്നുണ്ട്. രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങള്‍ പലതും പറയുന്നുണ്ടെങ്കിലും സ്വന്തം താല്‍പര്യത്തിലപ്പുറം മറ്റൊന്നും അവരുടെ അജണ്ടയിലില്ല. നാലുവര്‍ഷത്തോളമായി ആഭ്യന്തരയുദ്ധത്തിലൂടെ ദശലക്ഷക്കണക്കിനാളുകളുടെ ദുരിതത്തിന് നിമിത്തമായ സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ താഴെയിറക്കാന്‍ അറബ് മുസ്ലിം രാജ്യങ്ങളും അവരുടെ സമ്മര്‍ദത്തില്‍ വന്‍ശക്തികളുമെല്ലാം രംഗത്തുവന്നെങ്കിലും അതിനകത്തുമുണ്ടായിരുന്നു ഒട്ടേറെ വൈരുധ്യങ്ങള്‍. സിറിയന്‍ സ്വേച്ഛാധിപതിക്കെതിരായ പോര്‍വിളികളുമായി രംഗത്തുവന്ന അറബ് രാജ്യങ്ങളില്‍നിന്ന് ഒട്ടേറെ യുവാക്കള്‍ സ്വയം പ്രചോദിതരായി പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചു. അതിനിടെ അല്‍ ഖാഇദ തുടങ്ങിയ നിലവിലെ തീവ്രവാദി ഗ്രൂപ്പുകള്‍ രംഗം കൈയടക്കി. പിന്നീട് ഈ ആഭ്യന്തരസംഘര്‍ഷത്തിന്‍െറ ഉപോല്‍പന്നമെന്ന പേരില്‍ ഐ.എസ് എന്ന ഭീകരസംഘം ബശ്ശാര്‍ വിരുദ്ധയുദ്ധത്തിന്‍െറ ഗതി തന്നെ മാറ്റിമറിച്ചു. നിലവിലെ സ്വേച്ഛാധിപതിയായ വില്ലനെ വിട്ട് പുതിയ ഭീകരസംഘത്തിനെതിരെ യുദ്ധമുഖം തിരിക്കാന്‍ എല്ലാവരും ഒരുപോലെ നിര്‍ബന്ധിതമാകുന്നതാണ് പിന്നെ കണ്ടത്. അതിനിടയില്‍ ബശ്ശാര്‍ അല്‍അസദ് സ്വേച്ഛാവാഴ്ച അരക്കിട്ടുറപ്പിക്കാന്‍ സ്വന്തം ജനതക്കെതിരായ യുദ്ധം അവിരാമം തുടര്‍ന്നു. റഷ്യയും ഇറാനും അതിന് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയേകി.

ഐ.എസിനെ തുരത്താന്‍ അറബ് രാഷ്ട്രങ്ങളും അമേരിക്കയും വന്‍ശക്തികളില്‍ ചിലതും സഖ്യസേനയായി സിറിയയിലെയും ഇറാഖിലെയും ഐ.എസ് കേന്ദ്രങ്ങളില്‍ ഒറ്റക്കും കൂട്ടായും ആക്രമണങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിനിടയിലാണ് റഷ്യ ആയുധ, സൈനികസഹായത്തിനപ്പുറം നേരിട്ട് ഇറങ്ങിക്കളിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. രണ്ടുദിവസമായി റഷ്യന്‍ ബോംബറുകള്‍ ഹുംസിലും പ്രാന്തങ്ങളിലും ശക്തമായ ആക്രമണം നടത്തിവരികയാണ്. ഐ.എസിനെതിരായ അന്താരാഷ്ട്രസഖ്യത്തെ സഹായിക്കുകയാണെന്ന് അവകാശപ്പെട്ടുവന്ന റഷ്യയുടെ ലക്ഷ്യം പക്ഷേ, വേറെ ചിലതാണെന്ന് ആദ്യദിനത്തിലെ ആക്രമണംതന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. ബുധനാഴ്ച റഷ്യ നടത്തിയ 30 വ്യോമാക്രമണങ്ങളില്‍ കൂടുതല്‍ ഐ.എസ് മേഖലയിലല്ളെന്നും അമേരിക്കന്‍ പിന്തുണയോടെ ബശ്ശാര്‍ അല്‍അസദിനെതിരെ പൊരുതുന്ന വിമതസേനക്കെതിരെയാണെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. ബശ്ശാര്‍ വിരുദ്ധ പോരാളികളുടെ നിയന്ത്രണത്തിലുള്ള ജിസ്ര്‍ അശ്ശുഖൂര്‍, ഇദ്ലിബ് എന്നീ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുകുട്ടികളടക്കം 36 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഒരു ഐ.എസ് ഭീകരന്‍പോലും ഇല്ലാത്തയിടമാണ് ഇതെന്ന് ബശ്ശാര്‍ വിരുദ്ധ സംഘടനയായ സിറിയന്‍ നാഷനല്‍ കൗണ്‍സില്‍ പറയുന്നു. ഭീകര സാന്നിധ്യമില്ലാത്ത, എന്നാല്‍ ബശ്ശാറിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടക്കുന്നതെന്ന് ഡമസ്കസ് അനുകൂല മാധ്യമങ്ങളും പറയുന്നു. ഐ.എസിന് സ്വാധീനമുള്ള വടക്കുകിഴക്കന്‍ സിറിയയല്ല, ഹാമായിലെയും ഹുംസിലെയും ഗവണ്‍മെന്‍റ് വിരുദ്ധ കേന്ദ്രങ്ങളാണ് റഷ്യയുടെ സുഖോയ് യുദ്ധ വിമാനങ്ങള്‍ ഉന്നംവെച്ചത്. റഷ്യയുടെ മധ്യധരണ്യാഴിയിലെ നാവികത്താവളം സ്ഥിതിചെയ്യുന്നത് ഇദ്ലിബിനോട് ചേര്‍ന്നാണ്. ഗവണ്‍മെന്‍റ് വിരുദ്ധസേനകളുടെ നിയന്ത്രണത്തിലുള്ള ഇതടക്കമുള്ള പ്രദേശങ്ങളില്‍ അടുത്തിടെയായി ബശ്ശാറിന്‍െറ സേനക്ക് കനത്തതിരിച്ചടി നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുവരെ പരോക്ഷസഹായവുമായി ബശ്ശാറിന് പിന്നില്‍ ശക്തമായി നിലകൊണ്ടിരുന്ന റഷ്യ രണ്ടും കല്‍പിച്ച പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

നാലുനാള്‍ മുമ്പ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും തമ്മില്‍ സിറിയയെ ചൊല്ലി യു.എന്‍ രക്ഷാസമിതി യോഗത്തില്‍ കൊമ്പുകോര്‍ത്തിരുന്നു. പതിനായിരങ്ങളെ ഒരു ഭരണാധികാരി കൊന്നുമുടിച്ചു തിമിര്‍ക്കുമ്പോള്‍ അത് ഒരു രാജ്യത്തിന്‍െറ ആഭ്യന്തരപ്രശ്നം മാത്രമായി കാണാനാവില്ളെന്ന് ഒബാമ തുറന്നടിച്ചു. എന്നാല്‍ സിറിയയിലടക്കം പശ്ചിമേഷ്യയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം അമേരിക്കയുടെ സ്വയംകൃതാനര്‍ഥമാണെന്നായിരുന്നു പുടിന്‍െറ മറുപടി. ഈ തര്‍ക്കങ്ങള്‍ക്ക് പിറകെയാണ് റഷ്യയുടെ സിറിയന്‍ അധിനിവേശം.

പശ്ചിമേഷ്യന്‍ പ്രതിസന്ധികളില്‍ കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുകയാണ് സാമ്രാജ്യത്വശക്തികള്‍. പ്രശ്നപരിഹാരത്തിലല്ല, അതിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിലാണ് പലപ്പോഴും അവരുടെ ഇടപെടലുകള്‍ കലാശിക്കുന്നത്. വന്‍ശക്തികളും അറബ് നാടുകളും സഖ്യപ്പെട്ട് ഐ.എസിനെതിരെ നടത്തുന്ന നീക്കം സിറിയയില്‍ ബശ്ശാറിന് ആശ്വാസമാണ്. അത് മറയാക്കി മറുഭാഗത്തുകൂടി റഷ്യയെ വിളിച്ചുവരുത്തി സ്വന്തം രാഷ്ട്രീയ പ്രതിയോഗികളെകൂടി തകര്‍ത്ത് ജനാധിപത്യ പുന$സ്ഥാപന പ്രക്ഷോഭത്തെ തുടച്ചുനീക്കാനാണ് ബശ്ശാറിന്‍െറ ശ്രമം. അത് വിജയിപ്പിച്ചെടുക്കാനാണ് റഷ്യയുടെ പുതിയ ആക്രമണങ്ങള്‍. നാടും നാട്ടുകാരെയും ഇല്ലാതാക്കിയും സ്വന്തക്കാരനെ സംരക്ഷിക്കാന്‍ വ്രതമെടുത്ത സോവിയറ്റ് റഷ്യ മുമ്പ് അച്ഛന്‍ അസദിനെ സഹായിച്ചത് ഹമാ എന്ന സിറിയന്‍ നഗരം നക്കിത്തുടച്ചാണ്. ഇപ്പോള്‍ മകന്‍ അസദിനെ പുടിന്‍െറ റഷ്യ സഹായിക്കാനത്തെിയതും ഹമായില്‍ ബോംബിട്ടുകൊണ്ടായത് യാദൃച്ഛികമാവില്ല. അവസാനത്തെ ചോരക്കളിക്കാണ് ബശ്ശാറിന്‍െറ ഇറക്കം. അതില്‍ വിജയിക്കുന്നത് ബശ്ശാറോ, സിറിയയോ എന്നത് കാത്തിരുന്നുതന്നെ കാണണം.

Show Full Article
TAGS:
Next Story