Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമനുഷ്യരെ...

മനുഷ്യരെ തല്ലിക്കൊല്ലുന്ന ഫാഷിസം

text_fields
bookmark_border
മനുഷ്യരെ തല്ലിക്കൊല്ലുന്ന ഫാഷിസം
cancel

ഉത്തര്‍പ്രദേശിലെ ദാദ്രി ജില്ലയിലെ ബിസാഡ ഗ്രാമത്തിലെ മുഹമ്മദ് അഖ്ലാഖ് എന്ന 50കാരന്‍ സെപ്റ്റംബര്‍ 29 തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സംഭവം നമ്മുടെ രാജ്യം എന്തുമാത്രം ഉന്മത്തമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ്. വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ട് എന്ന അഭ്യൂഹത്തിന്‍െറ പേരിലാണ് ആ ഗ്രാമത്തിലെ നൂറോളം ആളുകള്‍ രാത്രി 10 മണിക്ക് അഖ്ലാഖിന്‍െറ വീടു വളയുകയും അദ്ദേഹത്തെ തല്ലിക്കൊല്ലുകയും ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ 24കാരനായ മകന്‍ ദാനിഷ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അഖ്ലാഖിന്‍െറ വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് സമീപത്തെ ഒരു ക്ഷേത്രത്തില്‍നിന്ന് അറിയിപ്പുണ്ടായതിനെ തുടര്‍ന്നാണത്രെ അക്രമികള്‍ അഖ്ലാഖിന്‍െറ വീട് ആക്രമിച്ചത്. എന്നാല്‍, തങ്ങള്‍ ബീഫ് തിന്നിട്ടില്ളെന്നും വീട്ടില്‍ അത് സൂക്ഷിച്ചിട്ടില്ളെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ച് ബന്ധുക്കള്‍ തന്ന ആട്ടിറച്ചി മാത്രമാണ് വീട്ടിലെ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു. ഇറച്ചി, പരിശോധനക്കായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ സമ്പൂര്‍ണമായി ഡിജിറ്റല്‍വത്കരിക്കാന്‍ വേണ്ടി പ്രധാനമന്ത്രി അമേരിക്കയില്‍ പോയി കിടിലന്‍ പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് തലസ്ഥാന നഗരിയോട് ചേര്‍ന്ന ഈ യു.പി ഗ്രാമത്തില്‍ ഇത് സംഭവിക്കുന്നത്. പരിഷ്കൃത, പുരോഗമന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മുഴുവന്‍ ലോകര്‍ക്കും മുന്നില്‍ രാജ്യത്തെ നാണംകെടുത്തുന്നതാണ് സംഭവം എന്നതില്‍ തര്‍ക്കമില്ല.
ഫേസ്ബുക് ആസ്ഥാനത്ത് പോയി ബഡായികള്‍ വിടുന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും അനുയായികളും ഈ സംഭവത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയേണ്ടതുണ്ട്. കാരണം, മാട്ടിറച്ചിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു ഭ്രാന്തമായ ഉന്മാദം രാജ്യത്ത് ബോധപൂര്‍വം പടര്‍ത്തിയത് പ്രധാനമന്ത്രികൂടി പങ്കാളിയായിട്ടുള്ള സംഘ്പരിവാര്‍ സംഘടനകളാണ്. പച്ചക്കറി തീറ്റയുടെ മഹത്ത്വം പ്രഘോഷിക്കുകയും മനുഷ്യരെ പച്ചക്ക് കൊല്ലുകയും ചെയ്യുന്ന സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്‍െറ ഇരയാണ് മുഹമ്മദ് അഖ്ലാഖ് എന്നതാണ് സത്യം.
ഗോവധം നിരോധിക്കപ്പെട്ട സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. എന്നാല്‍, തങ്ങള്‍ മാട്ടിറച്ചി തിന്നുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ളെന്നാണ് അഖ്ലാഖിന്‍െറ വീട്ടുകാര്‍ പറയുന്നത്. ഇനി, അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍തന്നെ അത് കണ്ടത്തൊനും നിയമം അനുശാസിക്കുന്ന രീതിയില്‍ അത് കൈകാര്യംചെയ്യാനും നാട്ടില്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍, അതിന് പകരം ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുകയും തങ്ങള്‍ കുറ്റവാളികളെന്ന് വിളിക്കുന്നവരെ വീട്ടില്‍ കയറി തല്ലിക്കൊല്ലുകയും ചെയ്യുന്നത് നിയമവ്യവസ്ഥയെ മാനിക്കുന്ന സമൂഹത്തിന് സങ്കല്‍പിക്കാന്‍ പറ്റുന്നതല്ല.
ഗോവധം എന്ന ആശയംതന്നെ പരിഷ്കൃത ലോകത്തിന് മുന്നില്‍ രാജ്യത്തെ പരിഹാസ്യമാക്കുന്നതാണ്. ഒരുകൂട്ടര്‍  ഒരു പ്രത്യേക മൃഗത്തെ ദൈവമായും അമ്മയായും കാണുന്നുവെന്ന കാരണത്താല്‍ അതിനെ എല്ലാവരും അങ്ങനത്തെന്നെ കാണണമെന്ന് വാദിക്കുന്നതാണ് ഈ നിയമത്തിന്‍െറ അടിസ്ഥാനം. അതിന്‍െറ മാംസം തിന്നാനോ സൂക്ഷിക്കാനോ വില്‍ക്കാനോ ആര്‍ക്കും അവകാശമില്ളെന്ന് മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ ക്രിമിനലുകളായി കണ്ട് കൈകാര്യംചെയ്യുന്നതാണ് പല സംസ്ഥാനങ്ങളിലെയും നിയമം. ഒരു ആധുനിക പുരോഗമന സമൂഹത്തില്‍ ഇത്തരമൊരു നിയമത്തിന്‍െറത്തന്നെ പ്രസക്തി വ്യാപകമായി ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിലാണ്, മാട്ടിറച്ചി കൈവശംവെച്ചു എന്ന അഭ്യൂഹത്തിന്‍െറ പേരില്‍ ഒരു ഗൃഹനാഥനെ ഭാര്യാസന്താനങ്ങളുടെ കണ്‍മുന്നില്‍വെച്ച് തല്ലിക്കൊല്ലുന്ന സംഭവമുണ്ടാവുന്നത്. ഇതിന് ഉത്തരവാദികളായ കിരാതന്മാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നല്‍കേണ്ടതുണ്ട്. അതിനുമപ്പുറം, ഇത്തരമൊരു അവസ്ഥയിലേക്ക് വലിയൊരു വിഭാഗത്തിന്‍െറ മനോനിലയെ മാറ്റിത്തീര്‍ത്ത രാഷ്ട്രീയ ഉപരിവര്‍ഗം എന്ത് മറുപടി പറയും എന്നതാണ് പ്രസക്തമായിട്ടുള്ളത്. ഏതൊരു ഇരുണ്ട കാലത്തേക്കാണ് ഇക്കൂട്ടര്‍ നമ്മുടെ നാടിനെ നയിച്ചുകൊണ്ടിരിക്കുന്നത്?

Show Full Article
TAGS:
Next Story