Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമോദിയുടെ...

മോദിയുടെ ‘പ്ലാച്ചിമട’യില്‍ സംഭവിക്കുന്നത്

text_fields
bookmark_border
മോദിയുടെ ‘പ്ലാച്ചിമട’യില്‍ സംഭവിക്കുന്നത്
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ 18 ഗ്രാമപഞ്ചായത്തുകള്‍ ഇപ്പോള്‍ ശക്തമായൊരു സമരത്തിലാണ്. ഇവിടെ മഹ്ദിഗഞ്ചില്‍ കൊക്കക്കോള എന്ന അന്താരാഷ്ട്ര പാനീയഭീമന്‍ വന്‍തോതില്‍ ഭൂഗര്‍ഭ ജലമൂറ്റുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കമ്പനിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ പഞ്ചായത്തുകളുടെ സമരം. 1999ല്‍ മഹ്ദിഗഞ്ചില്‍ കോള പ്ളാന്‍റ് സ്ഥാപിക്കപ്പെട്ടതു മുതല്‍ രൂക്ഷമായ ജലക്ഷാമം അനുഭവിച്ചുതുടങ്ങിയിട്ടുണ്ടെന്ന് അന്നാട്ടുകാര്‍ പറയുന്നു. ഗംഗ തടത്തില്‍ പെടുന്ന പ്രദേശമായിട്ടും ഈ ഭാഗത്തെ കിണറുകള്‍ കോളയുടെ ജലമൂറ്റലോടെ വറ്റിവരണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. ഇതിനിടെ മണ്‍സൂണ്‍ തുടരത്തുടരെ കാലം തെറ്റുകയോ തെന്നി മാറുകയോ ചെയ്തതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുകയും ചെയ്യുന്നു. ജനത്തിന്‍െറ കുടിവെള്ളം വറ്റിക്കുന്നതു മാത്രമല്ല, പ്ളാന്‍റില്‍നിന്നു പുറംതള്ളുന്ന ഉപയോഗശൂന്യമായ മാലിന്യങ്ങള്‍ ലെഡ്, കാഡ്മിയം, ക്രോമിയം എന്നീ വിഷമയമായ വസ്തുക്കള്‍ അടങ്ങിയതിനാല്‍ അത് പ്രദേശത്തെ മണ്ണും അവശേഷിക്കുന്ന വെള്ളവും അപായകരമാംവിധം മലിനപ്പെടുത്തുന്നുമുണ്ട്. 2006 മുതല്‍ ലോക്സമിതിയുടെ കീഴില്‍ മഹ്ദിഗഞ്ചിലെ പ്ളാന്‍റിനു മുന്നില്‍ ആരംഭിച്ച സമരം പിന്നീട് ദേശീയ ജല സത്യഗ്രഹമായി ഡല്‍ഹിയിലേക്ക് പറിച്ചുനട്ടെങ്കിലും ഒമ്പതു വര്‍ഷത്തിനു ശേഷവും സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമപഞ്ചായത്തിനു കീഴിലുള്ള 14,520 ചതുരശ്രമീറ്റര്‍ സ്ഥലം അനുമതിയില്ലാതെ കൈവശപ്പെടുത്തിയതിനാല്‍ കോടതി അത് തിരിച്ചുകൊടുക്കാന്‍ പലവട്ടം നോട്ടീസ് അയച്ചിട്ടും വഴങ്ങിയിട്ടില്ല. ഇതൊക്കെയായിട്ടും ആരെയും കൂസാതെ കമ്പനി മുന്നോട്ടുപോകുന്നത് ആരുടെ പിന്‍ബലത്തില്‍ എന്നാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്ന ചോദ്യം.
കേരളത്തിലെ പ്ളാച്ചിമടയിലെന്നപോലെ മഹ്ദിഗഞ്ചിലും രാജസ്ഥാനിലെ കാലാദേരയിലും കോളഭീമന്‍ വെള്ളമൂറ്റ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്ളാച്ചിമടയില്‍ വമ്പിച്ച ജനകീയസമരത്തെ തുടര്‍ന്ന് പ്ളാന്‍റ് അടച്ചുപൂട്ടി. പ്രദേശത്തുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തികപരിഹാരം ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു. എന്നാല്‍, മഹ്ദിഗഞ്ചിലും കാലാദേരയിലും കോളക്കമ്പനിയെ പിടിച്ചുകെട്ടാനായിട്ടില്ല. ഇതിനവര്‍ക്ക് സഹായകമായത് കേന്ദ്ര ഭൂഗര്‍ഭ ജല അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശകതത്ത്വങ്ങളിലെ അപര്യാപ്തതകളായിരുന്നു. ഭൂഗര്‍ഭ ജലവിനിയോഗം സംബന്ധിച്ച് 2012 നവംബര്‍ 15ന് കേന്ദ്രം ഭേദഗതിചെയ്ത നിയന്ത്രണനിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിനുശേഷം നിലവില്‍ വരുന്ന കമ്പനികള്‍ക്കേ അത് ബാധമാക്കിയിരുന്നുള്ളൂ. അമിതമായ ഭൂഗര്‍ഭ ജലമൂറ്റ് നടത്തിയിരുന്ന പഴയ കമ്പനികള്‍ക്ക് അവരുടെ ചൂഷണം തുടര്‍ന്നുപോകാന്‍ ഇത് അവസരമൊരുക്കി. ഇതിനെതിരെ സാമൂഹികസംഘടനകള്‍ വിവിധ സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളോടെ ഈ നവംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്നത്. നിയന്ത്രണാതീതവും നശീകരണാത്മകവുമായ രീതിയില്‍ ഭൂഗര്‍ഭജലം ഊറ്റുന്ന സ്ഥാപനങ്ങളെല്ലാം കേന്ദ്ര ഭൂഗര്‍ഭ ജല അതോറിറ്റിയുടെ എന്‍.ഒ.സി ഉടനടി കൈപ്പറ്റിയിരിക്കണം. ലഘുപാനീയങ്ങള്‍, കുപ്പിവെള്ളം, ഡിസ്റ്റിലറികള്‍, രാസവള നിര്‍മാണം, കടലാസ്-പള്‍പ്പ് നിര്‍മാണം തുടങ്ങി ജലോപയോഗം കൂടുതലുള്ള വ്യവസായങ്ങളെ പുതിയ നിയമത്തില്‍ വേറത്തെന്നെ ഇനംതിരിച്ചിട്ടുണ്ട്. അമിത ജലചൂഷണം നടന്ന സ്ഥലങ്ങളില്‍ ഇനിയും വെള്ളമൂറ്റിന് നിയമം തടസ്സമാകും. അതിനാല്‍, പുതിയ നിയന്ത്രണനിയമത്തിലെ ഉപാധികളെല്ലാം ലംഘിച്ച് പ്രവര്‍ത്തനം തുടരുന്ന പ്ളാന്‍റ് പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് 18 പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ഒപ്പിട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരിക്കുന്നത്. 1999ല്‍ തുടങ്ങിയ ജലചൂഷണം നിയന്ത്രിക്കാനുള്ള നിയമഭേദഗതികള്‍ക്ക് ഇത്രയും വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നെങ്കില്‍ കടലാസിലെ നിയമങ്ങള്‍ പ്രയോഗത്തിലേക്കിറങ്ങാന്‍ ഇനിയെത്ര കാത്തിരിക്കേണ്ടി വരും എന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്ക്. അതാണ് വീണ്ടും സമ്മര്‍ദസമരത്തിന് കരുത്തു കൂട്ടി അവര്‍ വീണ്ടും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. 20 അടി കുഴിച്ചാല്‍ വെള്ളം കിട്ടിയിരുന്നിടത്ത് 500 അടി കുഴല്‍ക്കിണര്‍ കുഴിച്ചാലും നീരു കാണാത്ത സാഹചര്യത്തിലാണ് ജനം കുടിക്കാനും ജീവിതമാര്‍ഗമായ കൃഷി നട്ടുനനക്കാനുമുള്ള വെള്ളത്തിനു വേണ്ടി സമരത്തിന് ഇറങ്ങിത്തിരിച്ചത്.
ഭൂഗര്‍ഭ ജലവിനിയോഗം സംസ്ഥാന ഗവണ്‍മെന്‍റിന്‍െറ പരിധിയില്‍ പെടുന്ന വിഷയമാണ്. എന്നാല്‍, കേന്ദ്ര അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ ബാധ്യസ്ഥരാണ്. വര്‍ഷങ്ങളായി കുടിവെള്ളത്തിനു വേണ്ടി പോരാടുന്ന ജനത്തിന്‍െറ ജീവല്‍പ്രശ്നത്തിനു നേരെ ഗവണ്‍മെന്‍റിനു കണ്ണടക്കാനാവില്ല. സ്വന്തം മണ്ഡലത്തിലെ പ്രശ്നമെന്ന നിലക്ക് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി കൂടുതല്‍ താല്‍പര്യമെടുത്തേ തീരൂ. പാരിസിലെ ആഗോള കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കു പുറപ്പെടുന്ന സാഹചര്യത്തില്‍ ഇന്നലെ, ഞായറാഴ്ച ‘മന്‍ കി ബാത്’ പരിപാടിയില്‍ പ്രധാനമന്ത്രി സംസാരിച്ചത് ഊര്‍ജ പ്രതിസന്ധിയെക്കുറിച്ചാണ്. പരിസ്ഥിതിസൗഹൃദപരമായ വഴി തേടുന്നതിനൊപ്പംതന്നെ വികസ്വരരാജ്യങ്ങളുടെ ഊര്‍ജപ്രതിസന്ധിക്ക് ഹാനികരമായ കുത്തകശക്തികളുടെ നിയന്ത്രണത്തിനെതിരെ രാഷ്ട്രങ്ങളുടെ മുന്നണിയുണ്ടാക്കി പ്രതിരോധം തീര്‍ക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. വെള്ളം ജനങ്ങളുടെ അതീവ അടിയന്തരാവശ്യമാണ്. അതിന്മേല്‍ കൈവെക്കുന്നത് ജനജീവിതത്തിനെതിരായ അവകാശ ലംഘനമാണ്. അത് ചൂഷണം ചെയ്യുന്ന ശക്തികളെ പിടിച്ചുകെട്ടാന്‍ നിയമമുണ്ടാക്കി കൈകെട്ടിയിരുന്നാല്‍ പോരാ; പ്രയോഗത്തിലേക്കു പകര്‍ത്താനുള്ള സാമൂഹികപ്രതിബദ്ധതയും ഇച്ഛാശക്തിയും വേണം.

Show Full Article
TAGS:editorial 
Next Story