Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമതനിരപേക്ഷതയെ...

മതനിരപേക്ഷതയെ ആര്‍ക്കാണ് പേടി?

text_fields
bookmark_border
മതനിരപേക്ഷതയെ ആര്‍ക്കാണ് പേടി?
cancel

ഡോ. ബി.ആര്‍. അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം പ്രമാണിച്ച് ഭരണഘടനയേയും ഭരണഘടനാ ശില്‍പിയേയും അനുസ്മരിക്കാനുള്ള ലോക്സഭാ ചര്‍ച്ച മതനിരപേക്ഷതയെ കുറിച്ച സംവാദങ്ങള്‍കൊണ്ടാണ് ശ്രദ്ധേയമായത്.  അസഹിഷ്ണുതക്കെതിരെ വ്യത്യസ്ത മേഖലകളിലെ പ്രമുഖര്‍ പ്രതിഷേധവുമായി ശക്തമായി രംഗത്തിറങ്ങിയതും ബിഹാര്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും ബി.ജെ.പി സര്‍ക്കാറിന്‍െറ പ്രതിച്ഛായ തകര്‍ക്കുന്നതായിരുന്നു. എന്നിട്ടും മതനിരപേക്ഷത  ഭരണഘടനയില്‍ അനാവശ്യമാണെന്നും രാജ്യത്തിന്‍െറ സൗഹൃദത്തിന് തടസ്സം നില്‍ക്കുന്ന ഏറ്റവും ദുരുപയോഗപ്പെടുത്തപ്പെട്ട പദമാണെന്നും പതിറ്റാണ്ടുകാലമായി സംഘ്പരിവാര്‍ പുലര്‍ത്തുന്ന കാഴ്ചപ്പാട് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ചര്‍ച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് ആവര്‍ത്തിച്ചിരിക്കുന്നു. സാമൂഹികമായി എത്ര സമ്മര്‍ദങ്ങളുണ്ടായാലും തീവ്രനിലപാടുകളില്‍നിന്ന് പിന്നാക്കം പോകാനുള്ള ഭരണകൂടത്തിന്‍െറ വൈമനസ്യമാണ് ആഭ്യന്തര മന്ത്രിയുടെ തുടക്കപ്രഭാഷണത്തിലൂടെ വീണ്ടും വ്യക്തമാക്കപ്പെടുന്നത്. പന്്ഥ് നിരപേക്ഷത എന്ന പുതിയ പദം ചര്‍ച്ചയില്‍ ഉന്നയിച്ചതോടെ ഭരണകൂടത്തിനെതിരെയുള്ള മതനിരപേക്ഷ സമൂഹത്തിന്‍െറ ആശങ്ക അസ്ഥാനത്തല്ളെന്ന് ഉറപ്പിക്കുകയും ചെയ്തു അദ്ദേഹം. തീവ്രവലതുപക്ഷ വിഭാഗങ്ങളുടെ ഫാഷിസ്റ്റ് പ്രവണതകള്‍ രാജ്യത്തിന്‍െറ ശോഭ ആഗോളതലത്തില്‍തന്നെ കെടുത്തുകയും സാമ്പത്തിക വളര്‍ച്ചക്ക് വിഘാതമാകുകയും ചെയ്യുന്ന സാഹചര്യം കാരണം പ്രധാനമന്ത്രി വ്യക്തതയോടെ അസഹിഷ്ണുതക്കെതിരെ പ്രതികരിക്കുമെന്ന് ഇന്ത്യന്‍ ജനത പ്രത്യാശിച്ചിരുന്നു. മുന്‍കാല പ്രഭാഷണങ്ങള്‍പോലെ മനോഹരമായി സ്വപ്നങ്ങള്‍ പറയുകയും ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്തുവെന്നല്ലാതെ അസഹിഷ്ണുതാ പ്രവണതകളെ അപലപിക്കാനോ ന്യൂനപക്ഷ, മതേതര സമൂഹങ്ങളുടെ വിമര്‍ശങ്ങളെ ശരിയായ വിധത്തില്‍ അഭിമുഖീകരിക്കാനോ കൂട്ടാക്കാതെ സമര്‍ഥമായി ഒഴിഞ്ഞുമാറുകയായിരുന്നു പ്രധാനമന്ത്രി. ഇത്തരം ഒഴിഞ്ഞുമാറലുകളാണ് തീവ്ര വലതുപക്ഷങ്ങളുടെ ആക്രോശങ്ങള്‍ക്ക് എന്നും തണലാകുന്നതെന്ന് തിരിച്ചറിയാന്‍ ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും സാധിക്കാതെ പോകുന്നതാണ് രാജ്യത്തിന്‍െറ മതനിരപേക്ഷ  ഭാവിയെ സംബന്ധിച്ച  ആശങ്കകളെ പ്രബലമാക്കുന്നത്.  
മതനിരപേക്ഷത എന്ന പദം 1976ല്‍ കൂട്ടിച്ചേര്‍ത്തതാണെങ്കിലും തുടക്കംമുതലേ അത് നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയാണെന്ന്  വിവിധ സന്ദര്‍ഭങ്ങളില്‍ പരമോന്നത നീതിപീഠം  അര്‍ഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയെ പശ്ചാത്യ മതനിരാസ  ആശയമായി പരിഗണിക്കപ്പെട്ടിരുന്ന കാലത്ത് വിവിധ മതസമൂഹങ്ങള്‍ സഹകരിച്ച് ജീവിക്കുന്ന ഇന്ത്യയില്‍ തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്ന ആശങ്കയായിരുന്നു അത് ഭരണഘടനയില്‍ രേഖപ്പെടുത്താതിരിക്കാന്‍ കാരണമായത്. ഇന്ത്യയിലെ മതനിരപേക്ഷ കാഴ്ചപ്പാട് യൂറോപ്പിന്‍െറ മതനിരപേക്ഷതയില്‍നിന്ന് ഭിന്നമാണെന്നും അത് മതസൗഹൃദത്തിന്‍െറയും വിവിധ മതവിശ്വാസികള്‍ക്കിടയില്‍ നിരപേക്ഷ സമീപനത്തിന്‍െറ പ്രയോഗമാണെന്നും വിശദീകരിക്കുകയും ചെയ്തിരുന്നു. മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് നടന്ന സംവാദങ്ങളില്‍ ഈ വസ്തുത ഭരണഘടനാവിദഗ്ധര്‍ പലവുരു വ്യക്തമാക്കിയതുമാണ്. ഭൂരിപക്ഷാധിപത്യത്തിനുപകരം ന്യൂനപക്ഷങ്ങള്‍ക്കും സാംസ്കാരിക വ്യത്യസ്തത പുലര്‍ത്തുന്നവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ നമ്മള്‍ എന്ന വിചാരത്തില്‍ തുല്യപൗരത്വമനുഭവിച്ച് ജീവിക്കാനുള്ള അവസ്ഥയെയാണ് മതനിരപേക്ഷത എന്ന് ഇന്ത്യയില്‍ വിഭാവനം ചെയ്തുപോന്നതും. തീവ്രവലതുപക്ഷ രാഷ്ട്രീയം നിരന്തരം ചോദ്യം ചെയ്തത് ഈ മതനിരപേക്ഷ ആശയത്തെയാണ്.  അതുകൊണ്ടുതന്നെ മതനിരപേക്ഷത ഭരണഘടനയില്‍നിന്ന് ഒഴിവാക്കണമെന്ന  സംഘ് രാഷ്ട്രീയ വിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യത്തെ സാധൂകരിക്കുന്നതിലൂടെ രാജ്യത്ത് നിലനില്‍ക്കുന്ന/നിലനിര്‍ത്തേണ്ട മതനിരപേക്ഷ സാമൂഹികാവസ്ഥയെ ചോദ്യം ചെയ്യുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ സംരക്ഷിക്കേണ്ടവര്‍തന്നെ അതിനെതിരെ ആക്രമണം നടത്തുകയാണെന്ന സോണിയ ഗാന്ധിയുടെ നിലപാട് അര്‍ഥവത്താകുന്നത് അതിനാലാണ്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് പ്രവണതകളെന്നോ ഫാഷിസമെന്നോ വിളിക്കേണ്ടിയിരുന്ന, അസഹിഷ്ണുത  എന്ന  പദപ്രയോഗത്തിലൂടെ വ്യവഹരിക്കുന്ന  മാനസികവും സാമൂഹികവുമായ അധീശത്വത്തിന്‍െറ ഭാരത്തെയും അസ്വാതന്ത്ര്യത്തിന്‍െറ കല്‍പനകളെയുമായിരുന്നു പ്രധാനമന്ത്രിയും ഭരണകൂടവും അഭിമുഖീകരിക്കേണ്ടിയിരുന്നത്. എഴുതാനും പറയാനും ഭയക്കുന്ന അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  ചില കണ്ണുകളാല്‍ തങ്ങള്‍ നിരന്തരം നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നെന്ന തോന്നല്‍  ജനങ്ങളില്‍ വ്യാപകമായിരിക്കുന്നു. ഇതു പരിഹരിക്കാതെ വിവിധ ജനവിഭാഗങ്ങളില്‍ വ്യക്തിഗത നിയമങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് പൗരന്മാരുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നുവെന്ന്  ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെടുമ്പോള്‍ ഭരണഘടനയിലെ മതനിരപേക്ഷതയെന്ന പ്രയോഗവും ഇന്ത്യന്‍ സമൂഹത്തിലെ മതനിരപേക്ഷതയുടെ ജീവിതാവസ്ഥയും ഭരണകൂടത്തെ ഭയപ്പെടുത്തുന്നുവെന്ന് ഉറപ്പിക്കുന്നു. വാക്കുകളുടെ മാറ്റമല്ല, അനുഭവങ്ങളുടെ മാറ്റമുണ്ടാക്കാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. ജനാധിപത്യത്തിന്‍െറ അന്തസ്സത്ത സമവായമാണെന്നും നാനാത്വത്തില്‍ ഏകത്വമെന്ന ഭരണഘടനയുടെ കാഴ്ചപ്പാടിനോടാണ് കൂറെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പില്‍വരുത്തുന്നേടത്താണ് അസഹിഷ്ണുതയും വിവേചനവും ഭരണകൂടത്തിന് അവസാനിപ്പിക്കാന്‍ കഴിയുക. അല്ലാത്തപക്ഷം സീതാറാം യെച്ചൂരി രാജ്യസഭയില്‍ സൂചിപ്പിച്ചതുപോലെ ഇതും പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്കുവേണ്ടി സൃഷ്ടിച്ച ഒരു ഇവന്‍റ് മാനേജ്മെന്‍റ് പരിപാടി മാത്രമായി ഒതുങ്ങും.

Show Full Article
TAGS:br ambedkar Constitution Day SECURALISM 
Next Story