Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭരണകൂടം ഇരുട്ടിന്‍റെ...

ഭരണകൂടം ഇരുട്ടിന്‍റെ കാവലാളാകരുത്

text_fields
bookmark_border
ഭരണകൂടം ഇരുട്ടിന്‍റെ കാവലാളാകരുത്
cancel

നാനാഭാഗത്തുനിന്നുമുള്ള ശക്തമായ എതിർപ്പിനെ തുടർന്ന്, സർക്കാർ ജീവനക്കാരുടെ സർഗാത്മക പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ  ഭരണപരിഷ്കരണ വകുപ്പ് കൊണ്ടുവന്ന ഉത്തരവ് തൽക്കാലം മരവിപ്പിച്ചിട്ടുണ്ടെങ്കിലും ഭരണകൂട കടിഞ്ഞാൺ ഉയർത്തുന്ന ഭീഷണി ഒഴിഞ്ഞുമാറിയെന്ന് ആശ്വസിക്കാൻ നിർവാഹമില്ല. വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി അധികാരപ്പെടുത്തിയ സ്​ഥിതിക്ക് ഒടുവിൽ പുറത്തുവരുന്നത് കേവലമൊരു ഉദ്യോഗസ്​ഥ തീരുമാനമാവാതിരിക്കാൻ സിവിൽസമൂഹം ജാഗ്രത പുലർത്തേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. ഇത്തരമൊരു ഉത്തരവ് പ്രബുദ്ധ കേരളത്തിെൻറ സാംസ്​കാരിക പാരമ്പര്യത്തോടുള്ള അപൂർവമായൊരു വെല്ലുവിളിയാണെന്ന് മനസ്സിലാക്കി അത് റദ്ദ് ചെയ്യാനുള്ള ആർജവമായിരുന്നു മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാവേണ്ടിയിരുന്നത്. പുസ്​തകം പ്രസിദ്ധീകരിക്കുന്നതിനും സ്വകാര്യ റേഡിയോ, ടി.വി ചാനലുകളിൽ പരിപാടി അവതരിപ്പിക്കുന്നതിനും സിനിമ, സീരിയൽ, പ്രഫഷനൽ നാടകം എന്നിവയിൽ അഭിനയിക്കുന്നതിനുമുള്ള അനുമതി കർക്കശമാക്കിക്കൊണ്ട് ഈമാസം 11ന് പുറത്തിറക്കിയ ഉത്തരവിെൻറ പിന്നിലെ ചേതോവികാരം എന്താണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.

ഉദ്യോഗസ്​ഥർ തമ്മിലുള്ള പടലപിണക്കംമൂലം ചാനലുകളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നതും ഫേസ്​ബുക്, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ വിരുദ്ധവീക്ഷണഗതികൾ പ്രകാശനം ചെയ്യുന്നതും സർക്കാറിനു പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിൽ ഇമ്മട്ടിൽ കാടടച്ചുവെടിവെക്കുകയല്ല വേണ്ടിയിരുന്നത്. മലയാൺമയെ സേവിക്കുകയും നമ്മുടെ കലാസാഹിത്യ മേഖലകളിൽ അനർഘങ്ങളായ സംഭാവനകൾ അർപ്പിക്കുകയും ചെയ്ത എത്രയോ പ്രഗല്ഭമതികൾ സർക്കാർ ജീവനക്കാരാണെന്നിരിക്കെ, തീർത്തും പ്രതിലോമപരമായ ഒരു നടപടിയിലൂടെ ഭരണത്തിെൻറ പകലറുതിയിൽ ഐക്യമുന്നണി സർക്കാർ കേരളത്തിനുതന്നെ ദുഷ്പേര് നേടിക്കൊടുത്തത് ദൗർഭാഗ്യകരമായിപ്പോയി. ഉള്ളൂർ, മലയാറ്റൂർ, ഒ.എൻ.വി, എസ്​. ഗുപ്തൻ നായർ, പ്രഫ. എം. കൃഷ്ണൻ നായർ, നരേന്ദ്രപ്രസാദ്, അയ്യപ്പപണിക്കർ, ചെമ്മനം ചാക്കോ, സി.എൻ. ശ്രീകണ്ഠൻ നായർ, ബാബു പോൾ തുടങ്ങി നമ്മുടെ നാടിെൻറ സാംസ്​കാരിക ചക്രവാളങ്ങളെ ദീപ്തമാക്കിയ എണ്ണമറ്റ പ്രതിഭകൾ വരുന്നത് സർക്കാർ ജോലി എന്ന ജീവസന്ധാരണമാർഗത്തിലൂടെ സഞ്ചരിക്കുമ്പോൾതന്നെയായിരുന്നുവെന്ന യാഥാർഥ്യം വിവാദ ഉത്തരവിനു പിന്നിലെ മസ്​തിഷ്കങ്ങൾ വിസ്​മരിച്ചുപോയത് കഷ്ടമാണ്.

ഏൽപിക്കപ്പെട്ട ജോലി യഥാവിധി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് മേലധികാരികളുടെ അധികാരവും കർത്തവ്യവും. അതല്ലാതെ സർഗശേഷി തെളിയിച്ച പ്രതിഭയുടെ ആവിഷ്കാരങ്ങൾക്ക് മാർക്കിടലോ ചാപ്പ കുത്തലോ അല്ല

സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 48ാം വകുപ്പ് അനുസരിച്ച് മുൻകൂർ അനുമതി വാങ്ങാതെ, കലാസാഹിത്യ, ശാസ്​ത്ര, സാംസ്​കാരിക, ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടാം. കൃത്യനിർവഹണത്തിന് തടസ്സമുണ്ടാവാൻ പാടില്ലെന്നുമാത്രം. പുതിയ ഉത്തരവിലൂടെ മുൻകൂർ അനുമതി വാങ്ങണമെന്നും ഓരോ കേസും പ്രത്യേകം പ്രത്യേകം പരിശോധിച്ചായിരിക്കും മേലധികാരികൾ അനുമതി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും വന്നതോടെ സർഗാത്മതക്ക് കൂച്ചുവിലങ്ങിടുന്ന ഭീതിദമായ അവസ്​ഥയാണ് വന്നുചേർന്നത്. കവിത രചിക്കുന്ന ഉദ്യോഗസ്​ഥനാണെങ്കിൽ ഓരോ കവിതയും ബോസിനെ കാണിച്ച് അംഗീകാരം നേടിയ ശേഷമേ അത് പ്രസിദ്ധീകരിക്കുന്നതിന് നൽകാനാവൂ. ഗവേഷണ പ്രബന്ധങ്ങൾപോലും മേലുദ്യോഗസ്​ഥെൻറ ഫയലിൽ ചുവപ്പുനാടയിൽ കുടുങ്ങി പൊടിപിടിച്ചുകിടക്കുമെന്ന് തീർച്ച.

തെൻറ കീഴിൽ ജോലിചെയ്യുന്ന സഹൃദയനെ പ്രോത്സാഹിപ്പിക്കാൻ പോയിട്ട്, അവനെ അവെൻറ സർഗാത്മക ലോകത്ത് സ്വൈരമായി വിഹരിക്കാൻ പോലും തലപ്പത്തിരിക്കുന്നവർ വിശാലമനസ്​കത കാട്ടില്ലെന്ന് അനുഭവങ്ങൾ വിളിച്ചുപറയുന്നു. കീഴ്ജീവനക്കാരൻ വലുതാവുന്നതുകണ്ട് സഹിക്കാനുള്ള സഹിഷ്ണുത പലർക്കുമുണ്ടാവില്ലെന്ന് സാംസ്​കാരികലോപം പിടിപെട്ട നമ്മുടെ കാലഘട്ടം ഓർമപ്പെടുത്തുന്നുണ്ട്. ഏൽപിക്കപ്പെട്ട ജോലി യഥാവിധി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് മേലധികാരികളുടെ അധികാരവും കർത്തവ്യവും. അതല്ലാതെ, സർഗശേഷി തെളിയിച്ച പ്രതിഭയുടെ ആവിഷ്കാരങ്ങൾക്ക് മാർക്കിടലോ ചാപ്പകുത്തലോ അല്ല. തമസ്സ് എല്ലാം കീഴടക്കിക്കൊണ്ടിരിക്കുന്ന ഒരു കാലസന്ധിയിൽ കൂടുതൽ കൂരിരുൾ പരത്താനേ അത്തരം നിയന്ത്രണങ്ങൾ സഹായകമാവുകയുള്ളൂ.  ഇരുട്ടിെൻറ കാവലാളാവാൻ അല്ല,  വെളിച്ചത്തിെൻറ ഉപാസകനാവാനായിരിക്കണം  ജനാധിപത്യ സർക്കാർ ശ്രമിക്കേണ്ടത്.

 ഗഹനമായ ഗവേഷണപ്രബന്ധങ്ങൾ വായിച്ച് ഗ്രഹിക്കാനുള്ള ധൈഷണികശേഷി കുഞ്ചികസ്​ഥാനത്തിരിക്കുന്ന  എല്ലാ മേലധികാരിക്കും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതുപോലും മൗഢ്യമാണ്. എന്താണ് സർഗാത്മകതയെന്ന് തിരിച്ചറിവില്ലാത്ത ബ്യൂറോക്രസിയുടെ ദയാവായ്പിനു മുന്നിൽ കൈകൂപ്പി നിൽക്കേണ്ടവരല്ല  ഇവർ. അനീതിക്കെതിരെ ഇടിമുഴക്കമായും ഫാഷിസ്​റ്റ് പ്രവണതകൾക്കെതിരെ കൊടുങ്കാറ്റായും അക്ഷരങ്ങളെയും കലയെയും വിന്യസിപ്പിക്കേണ്ട സാംസ്​കാരിക പ്രവർത്തകരെ തങ്ങൾ നിയന്ത്രിച്ചോളാം എന്ന് പരോക്ഷമായി പ്രഖ്യാപിക്കുന്നത് ഭരണഘടന പ്രദാനംചെയ്യുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ കവർന്നെടുക്കാനുള്ള ഹീനശ്രമത്തിെൻറ ഭാഗമാണ്. പ്രബുദ്ധ കേരളത്തിൽ ഇത് വിലപ്പോവില്ലെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തേണ്ട  ബാധ്യത ഓരോ പൗരനുമുണ്ടെന്ന് മാത്രമാണ് ഞങ്ങൾക്ക് ഓർമിപ്പിക്കാനുള്ളത്.

Show Full Article
TAGS:madhyamam editorial 
Next Story