Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightശമ്പളക്കയറ്റവും...

ശമ്പളക്കയറ്റവും കർഷകരുടെ ഇറക്കവും

text_fields
bookmark_border
ശമ്പളക്കയറ്റവും കർഷകരുടെ ഇറക്കവും
cancel

ഏഴാം ശമ്പള കമീഷെൻറ ശിപാർശകൾ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കാര്യമായ വേതനവർധനയുണ്ടാക്കുമെങ്കിലും അവ ജീവനക്കാർക്കുതന്നെ തൃപ്തികരമായിട്ടില്ല. വേതനത്തിലും ബത്തയിലും 23.55 ശതമാനം വർധനയാണ് നിർദേശിച്ചിരിക്കുന്നത്. 47 ലക്ഷം ജീവനക്കാർക്കും 52 ലക്ഷം പെൻഷനർമാർക്കും പ്രയോജനം ചെയ്യുന്ന ശമ്പളവർധന പൊതുഖജനാവിന് 1.02 ലക്ഷം കോടിരൂപ അധിക ചെലവുണ്ടാക്കും. ആറാം ശമ്പള കമീഷൻ വഴി 40 ശതമാനം വർധന കഴിഞ്ഞ തവണ ഉണ്ടായിരുന്നു. പക്ഷേ, സാമ്പത്തിക ഞെരുക്കം കാരണം ഇക്കുറി 23.55 ശതമാനത്തിൽ ഒതുക്കുകയായിരുന്നു. ഇതുപോലും വരുത്തിവെക്കുന്ന അധികച്ചെലവ് എങ്ങനെ കണ്ടെത്തുമെന്ന ചോദ്യമുണ്ട്. കൂടിയ വരുമാനം കൂടുതൽ ഉപഭോഗത്തിനും അങ്ങനെ വർധിതമായ സാമ്പത്തിക ക്രയവിക്രയങ്ങൾക്കും കാരണമാകുമെന്നും അത് ദേശീയ വരുമാനത്തിലുണ്ടാക്കാൻ പോകുന്ന കുതിപ്പു വഴി അധികച്ചെലവ് താങ്ങാൻ സാധ്യമാകുമെന്നുമത്രെ കേന്ദ്രം കരുതുന്നത്. എന്നാൽ, നിർദിഷ്ട വർധന ഒട്ടും പോരെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. 23.55 ശതമാനം വർധന പ്രയോഗത്തിൽ 16 ശതമാനമേ ഉണ്ടാകൂ എന്നാണ് ഒരു വാദം. മുതിർന്ന ഉദ്യോഗസ്​ഥർക്ക് ഭേദപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ താഴേക്കിടയിലുള്ളവർക്ക് ഇന്നത്തെ പണപ്പെരുപ്പം  നേരിടാനാവശ്യമായ വർധനപോലും കിട്ടില്ലെന്നും വാദിക്കപ്പെടുന്നു. അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കാനും ധനകമ്മി കുറക്കാനുമുള്ള റിസർവ് ബാങ്കിെൻറയും കേന്ദ്രത്തിെൻറയും ശ്രമങ്ങൾ പുതിയ ശമ്പള വർധനയോടെ അട്ടിമറിയുമെന്ന് റേറ്റിങ് ഏജൻസികൾ ആശങ്കിക്കുന്നുണ്ട്. ശമ്പളവർധനവിെൻറ  പ്രയോജനം ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമാകുമ്പോൾ, അതുണ്ടാക്കാവുന്ന വിലക്കയറ്റം സാമാന്യ ജനങ്ങളെ മൊത്തം ബാധിക്കുമെന്നർഥം.

കാലാകാലങ്ങളിലുള്ള ശമ്പളവർധന അനിവാര്യമാണ്. എന്നാൽ, രാജ്യം ജീവനക്കാർക്ക് നൽകുന്ന പ്രതിഫലം അവർ തിരിച്ചുനൽകുന്ന സേവനങ്ങൾക്കുള്ളതാണ് എന്നതിനാൽ, ശമ്പളത്തോടൊപ്പം പരിഗണിക്കപ്പെടേണ്ടതാണ് അവരുടെ സാമൂഹികപ്രതിബദ്ധതയും കാര്യക്ഷമതയുമെല്ലാം. വിവരാവകാശനിയമം, സേവനാവകാശനിയമം തുടങ്ങിയവയുടെ അടിസ്​ഥാനത്തിൽ ജീവനക്കാരുടെ ജോലിക്ഷമത വിലയിരുത്താനും അത് ശമ്പളവും സ്​ഥാനക്കയറ്റവുമായി ബന്ധിപ്പിക്കാനും വസ്​തുനിഷ്ഠ സംവിധാനം വേണ്ടതുണ്ട്. ജീവനക്കാർ സംഘടിതരും അവരുടെ യജമാനന്മാരെന്ന് പറയപ്പെടുന്ന പൊതുജനം അസംഘടിതരുമാകുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ ആവശ്യമാണ്. അസംഘടിതരാണെന്നതുകൊണ്ടുമാത്രം അവഗണിക്കപ്പെടുന്ന വലിയ ജനവിഭാഗങ്ങളുടെ അവസ്​ഥയും ഓർക്കാതിരിക്കാനാവില്ല. നമ്മുടെ കാർഷികരംഗം പ്രതിസന്ധിയിലായിട്ട് കുറച്ചായി. ചെറുകിട വ്യവസായങ്ങളും നിർമാണമേഖലയും തളർച്ചയിലാണ്.

സർക്കാർ ജീവനക്കാരും മുൻജീവനക്കാരുമടങ്ങുന്ന 99 ലക്ഷം പേരെയാണ് ശമ്പള കമീഷൻ പരിഗണിച്ചത്. മറുവശത്ത് 60 കോടി വരുന്ന കർഷകർ (ജനസംഖ്യയുടെ 52 ശതമാനം) കൂടുതൽ കൂടുതൽ പ്രാന്തവത്കരിക്കപ്പെടുന്നു. ഈ കൊടും വിവേചനം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ചേർന്ന കർഷകസംഘങ്ങളുടെ രണ്ടാം ദേശീയ കൺവൻഷൻ, ശമ്പള കമീഷൻ ശിപാർശ നടപ്പാക്കുന്നത് തൽക്കാലം നിർത്തിവെക്കുകയും ജീവനക്കാർക്കും കർഷകർക്കുമിടയിൽ നീതി ഉറപ്പുവരുത്തുകയും വേണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളവർധനക്കാധാരമായ മാനദണ്ഡങ്ങൾ (അത്യാവശ്യ ഭക്ഷണം, വസ്​ത്രം, പാർപ്പിടം, മറ്റു അവശ്യ ചെലവുകൾ) കർഷകർക്കും ബാധകമാണ്– ജീവനക്കാരെൻറ ജീവിതാവശ്യങ്ങൾ കർഷകനുമുണ്ടല്ലോ. ജീവനക്കാർക്ക് ശമ്പളത്തിൽ നൽകുന്ന 23.55 ശതമാനം വർധന, കാർഷിക വിളകളുടെ താങ്ങുവിലയിലും വരുത്തേണ്ടതല്ലേ? എന്നാൽ, കർഷകർക്ക് 50 ശതമാനം ലാഭം ഉറപ്പുവരുത്തണമെന്ന സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിനോട് കേന്ദ്ര സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചത് ഈയിടെയാണ്. കഴിഞ്ഞ വർഷം നെല്ലിനും ഗോതമ്പിനും ക്വിൻറലിന് 50 രൂപയുടെ താങ്ങുവില വർധന മാത്രമാണ് മോദിസർക്കാർ അനുവദിച്ചത്. 3.6 ശതമാനം മാത്രം വരുന്ന ഈ വർധന വിലക്കറ്റത്തിെൻറ ഭാരം നേരിടാൻപോലും തികയില്ല. നടപ്പുവർഷം വരുത്തിയ 75 രൂപയുടെ വർധനവും തീർത്തും അപര്യാപ്തമാണ്.

2014ലെ  റിപ്പോർട്ടനുസരിച്ച് ഒരു ശരാശരി കർഷകകുടുംബത്തിന് കൃഷിയിൽനിന്ന് കിട്ടുക മാസത്തിൽ 3078 രൂപയാണ്. തൊഴിലുറപ്പു പദ്ധതിയിൽനിന്നും മറ്റും അവർ നേടുന്നതുകൂടി ചേർത്താൽ 6,000 രൂപ. ഏഴാം ശമ്പള കമ്മീഷൻ മിനിമം ശമ്പളം 18,000 രൂപയാക്കി ഉയർത്തുമ്പോൾ ഈ കർഷകർക്ക് അതിെൻറ മൂന്നിലൊന്നു പോലും ഇല്ലെന്നു മാത്രമല്ല, കൂടിയ പണപ്പെരുപ്പത്തിെൻറ ഭാരം കൂടി താങ്ങേണ്ടിയും വരും. 1986ൽ മിനിമം കൂലി 750 രൂപയായിരുന്നു– അത് ഇന്ന് 18,000 ആകുന്നു. 1986ൽ ഗോതമ്പിെൻറ താങ്ങുവില ക്വിൻറലിന് 315 രൂപയായിരുന്നു. ജീവനക്കാരുടെ ശമ്പളവർധനവിെൻറ തോതനുസരിച്ച് അത് 7505 രൂപയാകണം. പക്ഷേ, 2015–16 ലേക്ക് പ്രഖ്യാപിച്ചിട്ടുള്ളത് 1525 രൂപമാത്രം. മറ്റ് അസംഘടിതമേഖലകളിലും ഇങ്ങനെ സാമ്പത്തിക അന്തരം വർധിച്ചുകൊണ്ടിരിക്കുന്നു. ജീവനക്കാരുടെ വരുമാനത്തിനു സമാന്തരമായി മറ്റു അസംഘടിത വിഭാഗങ്ങളുടെ വരുമാനവും വർധിക്കുമ്പോഴേ നാട് വളരൂ. ശമ്പള കമീഷൻ മാതൃകയിൽ അത്തരക്കാർക്കുമുണ്ടാവട്ടെ വരുമാന കമീഷനുകൾ.

Show Full Article
TAGS:madhyamam editorial 
Next Story