Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭീകരതക്കെതിരെ അടിയന്തര ...

ഭീകരതക്കെതിരെ അടിയന്തര രാഷ്ട്രീയചികിത്സ

text_fields
bookmark_border
ഭീകരതക്കെതിരെ അടിയന്തര രാഷ്ട്രീയചികിത്സ
cancel

ഫ്രഞ്ച് തലസ്​ഥാനമായ പാരിസ്​ വീണ്ടും കുരുതിക്കളമായി. നഗരത്തിൽ ആറിടങ്ങളിലായി വെള്ളിയാഴ്ചരാത്രി ‘മരണവ്യാപാരികളാ’യ ഭീകരസംഘം നടത്തിയ വെടിവെപ്പിൽ 129 ജീവനുകൾ പൊലിഞ്ഞു. പരിക്കേറ്റ 352 പേരിൽ നൂറോളംപേരുടെ നില ഗുരുതരമാണ്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത ഐ.എസ്​, എട്ടുപേരുടെ സംഘമാണ് അത് നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരിൽ ആറുപേർ സ്​റ്റേഡിയത്തിൽ വെടിവെപ്പ് നടത്തിയശേഷം സ്വയം പൊട്ടിത്തെറിച്ച് ചാവേറുകളായി. ഒരാളെ സൈന്യം വകവരുത്തി. ഐ.എസുമായി ബന്ധപ്പെട്ട മൂന്നു സംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന് ശനിയാഴ്ച ഫ്രാൻസും സ്​ഥിരീകരിച്ചു. മരിച്ച ഭീകരരിലൊരാൾ ഫ്രാൻസുകാരനും രണ്ടുപേർ ബെൽജിയത്തിൽനിന്നുള്ളവരുമാണ്. സംഭവസ്​ഥലത്തുനിന്ന് ഒരു സിറിയൻ പാസ്​പോർട്ടും കണ്ടെടുത്തിട്ടുണ്ട്. അക്രമികളുടെ പേരുവിവരം ഫ്രാൻസ്​ പുറത്തുവിട്ടിട്ടില്ലെങ്കിലും പശ്ചിമേഷ്യയിൽനിന്നുള്ള കുടിയേറ്റക്കാരാണ് മിക്കവരുമെന്നും ഇവർക്കൊപ്പം യൂറോപ്യൻ പൗരന്മാരായ ചിലരും ചേർന്നെന്നുമാണ് പൊതു അനുമാനം. സിറിയയിലെ ഫ്രഞ്ച് ഇടപെടലാണ് പ്രകോപനകാരണമെന്നാണ് പുറത്തുവന്ന ഐ.എസ്​ പ്രസ്​താവനയിലുള്ളത്. ഫ്രാൻസും അവരുടെ വഴി പിന്തുടരുന്നവരും സമാനമായ ആക്രമണങ്ങളെ നേരിടേണ്ടിവരുമെന്നും വെളിപ്പെടുത്തലിലുണ്ട്.

ഒരുവർഷത്തിനിടെ ഫ്രാൻസ്​ ഇരയാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ജനുവരിയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ച ഷാർലി എബ്ദോ മാസികയുടെ ആസ്​ഥാനത്തും മറ്റും ഐ.എസ്​ നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ലോകത്തിലെതന്നെ ഏറ്റവും തുറന്ന മഹാനഗരങ്ങളിലൊന്നായി അറിയപ്പെടുന്ന പാരിസ്​, ഭീകരരുടെ പ്രധാന ഉന്നമായി മാറുകയാണെന്നതിെൻറ തെളിവായാണ് ഫ്രാൻസ്​ ആക്രമണത്തെ എടുത്തിരിക്കുന്നത്. ഷാർലി എബ്ദോ മാഗസിനുനേരെ നടന്ന ആക്രമണത്തെ തുടർന്ന് ഭീകരതക്കെതിരെ അന്താരാഷ്ട്രസമൂഹത്തിെൻറ പിന്തുണയോടെ കടുത്ത നടപടികളുമായി മുന്നോട്ടുവന്ന ഫ്രാൻസിനെയും യൂറോപ്യൻ രാജ്യങ്ങളെയും പിന്നെയും ആശങ്കയിലേക്ക് തള്ളിവിടുന്നതാണ് പുതിയ ആക്രമണം. അനുദിനം വഷളാവുന്ന പശ്ചിമേഷ്യയിലെ ആഭ്യന്തരയുദ്ധങ്ങളുടെയും തൽഫലമായി യൂറോപ്പിലേക്കുണ്ടായ അഭയാർഥിപ്രവാഹത്തിെൻറയും പശ്ചാത്തലത്തിൽ ഈ ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കാണ് വഴിവെക്കുക. ഐ.എസ്​, ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തമേറ്റ വാർത്ത പുറത്തുവന്നതോടെ സിറിയയിൽനിന്നുള്ള അഭയാർഥികൾക്ക് ഇടമനുവദിക്കുന്നതിലെ അപകടസാധ്യത ഉയർത്തിപ്പിടിച്ചുള്ള വാദങ്ങളും ആവശ്യങ്ങളും ഇതിനകം ഉയർന്നുകഴിഞ്ഞു. സിറിയയിൽനിന്ന് ഓടിപ്പോകുന്നവർക്കുനേരെ ചില യൂറോപ്യൻ വാതിലുകൾ കൊട്ടിയടച്ച സന്ദർഭത്തിൽ നാനാഭാഗത്തുനിന്നും ഉയർന്ന മുറവിളികളും അന്താരാഷ്ട്രസമൂഹത്തിെൻറ അഭ്യർഥനയും മാനിച്ചുകൊണ്ട് ഫ്രാൻസ്​ അടക്കമുള്ള രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കാൻ തയാറായതോടെയാണ് ആ പ്രതിസന്ധി ഒട്ടൊക്കെ കെട്ടടങ്ങിയത്. അന്ന് അഭയാർഥികൾക്കെതിരെ വംശീയ സങ്കുചിതനിലപാട് സ്വീകരിച്ച് പ്രതിഷേധവുമായി രംഗത്തുവന്നവർക്ക് അവരുടെ അജണ്ട വിജയിപ്പിച്ചുകൊടുക്കുന്നതായി പാരിസ്​ ആക്രമണം.

സിറിയയിൽ ബശ്ശാർ അൽഅസദിെൻറ സ്വേച്ഛാധിപത്യ ഭരണകൂടത്തെ താഴെയിറക്കാൻ പ്രതിപക്ഷസേനയെ സഹായിക്കുകയാണ് പശ്ചിമേഷ്യയിലെ അറബ് രാഷ്ട്രങ്ങളും അമേരിക്കയും ഫ്രാൻസും അടക്കമുള്ള വൻശക്തിരാഷ്ട്രങ്ങളും ചെയ്തു വന്നത്. വംശീയവെറി പുലർത്തി ബശ്ശാറിനെതിരെ രംഗത്തുവന്ന ഐ.എസ്​ പിന്നീട് ലോകത്തെ ഞെട്ടിച്ച കിരാതവൃത്തികളുമായി മുന്നോട്ടുപോയപ്പോൾ വൻശക്തികൾ സിറിയയിൽ അവരെ തകർക്കാൻ നേരിട്ട് സൈനികനടപടിക്കിറങ്ങി. ഇതാണ് യൂറോപ്യൻനാടുകളിലേക്ക് ഭീകരത പടർത്തുന്നതിനുള്ള ന്യായമായി ഐ.എസ്​ പറയുന്നത്. പാരിസ്​ ആക്രമണത്തെ പ്രതി ഐ.എസും ബശ്ശാറും ഒരേ പോലെ സിറിയൻ ഇടപെടലിനെതിരെ വിരൽചൂണ്ടുന്നുണ്ട്. അഥവാ, ഐ.എസ്​ ഭീകരതചൂണ്ടി സ്വന്തം സ്വേച്ഛാധിപത്യത്തിന് നിൽക്കക്കള്ളിയുണ്ടാക്കാൻ ഈ ആക്രമണം ബശ്ശാറിനും സഹായകമാകുന്നുണ്ട്.

ഐ.എസിനെതിരായ ആഗോളസഖ്യം സൈനികനടപടിയിൽനിന്ന് ശക്തവും പ്രായോഗികവുമായ രാഷ്ട്രീയനീക്കങ്ങളിലേക്ക് കടക്കാൻ വൈകിയെന്ന് പാരിസ്​ സംഭവം ആവർത്തിച്ചുറപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈജിപ്തിൽ റഷ്യൻ യാത്രാവിമാനത്തെ വീഴ്ത്തിയും ബൈറൂതിൽ സ്​ഫോടനം നടത്തിയും അവകാശവാദം ഉന്നയിച്ച ഐ.എസ്​ സമീപചരിത്രത്തിൽ കാണാത്ത ദുരിതമാണ് പാരിസിൽ വിതച്ചത്. പേരിലെ ഇറാഖും സിറിയയും കടന്ന് ലോകവ്യാപകമായ ഭീകരതാ വിതയ്ക്ക് അവർ തയാറെടുത്തതായിവേണം മനസ്സിലാക്കാൻ. പശ്ചിമേഷ്യാ രാഷ്ട്രീയത്തിൽ നിക്ഷിപ്തതാൽപര്യങ്ങളുമായി പുറംലോക വൻശക്തികൾ ഇറങ്ങിക്കളിക്കാൻ തുടങ്ങിയിട്ട് ദശകങ്ങളായി. അതിെൻറകൂടി ഫലമാണ് ഉയർന്നുവന്നുകൊണ്ടേയിരിക്കുന്ന പുത്തൻ ഭീകരവാദപ്രവണതകൾ. ഇതിനെ ഏതെങ്കിലും പ്രദേശവുമായോ സമൂഹവുമായോ കൂട്ടിക്കെട്ടി തൊലിപ്പുറമേയുള്ള മറുമരുന്ന് തേടുന്നതിനപ്പുറം പ്രശ്നത്തെ കാര്യകാരണബന്ധത്തിെൻറ അടിസ്​ഥാനത്തിൽ വിശകലനം ചെയ്യുകയും മൗലികപരിഹാരം കണ്ടെത്തുകയും ചെയ്തേ മതിയാവൂ. പശ്ചിമേഷ്യ കലക്കി മീൻപിടിക്കാവുന്ന പഴയ രാഷ്ട്രീയസാഹചര്യം മാറിയെന്നും ഭീകരത സർവവ്യാപിയായ സംഹാരതാണ്ഡവത്തിന് ഇറങ്ങിയിരിക്കുകയാണ് എന്നുമുള്ള തിരിച്ചറിവ് വൻശക്തികളടക്കം ഉൾക്കൊണ്ടുള്ള പ്രശ്നപരിഹാരമാണ് ഉരുത്തിരിയേണ്ടത്. സൈനികനടപടി ഏത് അതിക്രമത്തിനുമുള്ള ക്ഷിപ്രപ്രതികരണമേ ആവുന്നുള്ളൂവെന്നും ഈടുറ്റ രാഷ്ട്രീയപരിഹാരം മാത്രമേ എല്ലാവരുടെയും സമാധാനത്തിലേക്ക് നയിക്കൂ എന്നും എത്രവേഗം ആഗോളസമൂഹം മനസ്സിലാക്കുന്നുവോ, അത്രയും ലോകത്തിന് നല്ലത്.

Show Full Article
TAGS:editorial 
Next Story