Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅറബ്–ലാറ്റിനമേരിക്കൻ...

അറബ്–ലാറ്റിനമേരിക്കൻ സഖ്യത്തിന്‍റെ പുതുസാധ്യതകൾ

text_fields
bookmark_border
അറബ്–ലാറ്റിനമേരിക്കൻ സഖ്യത്തിന്‍റെ പുതുസാധ്യതകൾ
cancel

ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് പുതിയ ശാക്തിക സമവാക്യങ്ങൾ ഉരുത്തിരിച്ചെടുക്കാനാകും എന്ന ആത്മവിശ്വാസത്തോടെയാണ് റിയാദിൽ ചേർന്ന അറബ്–ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ നാലാം ഉച്ചകോടി സമാപിച്ചത്. അർജൻറീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, എക്വഡോർ, ഗയാന, പരഗ്വേ, പെറു, സുരിനാം, ഉറുഗ്വായ്, വെനിസ്വേല എന്നീ 12 തെക്കൻ അമേരിക്കൻ രാജ്യങ്ങളും സൗദി അടങ്ങുന്ന ജി.സി.സി രാജ്യങ്ങൾ, അൽജീരിയ, ഖമറൂസ്​, ഈജിപ്ത്, ഇറാഖ്, ജോർഡൻ, ലബനാൻ, ലിബിയ, മോറിത്താനിയ, മൊറോക്കോ, ഫലസ്​തീൻ, സോമാലിയ, സുഡാൻ, സിറിയ, തുനീഷ്യ, യമൻ, ജിബൂതി എന്നീ 22 അറബ് രാജ്യങ്ങളും ഒത്തുചേർന്ന ഈ പൊതുവേദി വികസിത അറബ് എണ്ണരാജ്യങ്ങളുടെയും പുത്തൻ സാമ്പത്തിക ശക്തികളായി ഉയർന്നുവരുന്ന വികസ്വര രാജ്യങ്ങളുടെയും പുതിയൊരു ചേരിയായി രൂപാന്തരം പ്രാപിക്കുകയാണ്.

ബ്രസീൽ തലസ്​ഥാനമായ ബ്രസീലിയയിൽ 2005 മേയിൽ രൂപംകൊണ്ട ഈ വ്യത്യസ്​തമായ കൂട്ടായ്മ ഒരു ദശകം പിന്നിടുമ്പോൾ വ്യാപാര–വാണിജ്യരംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതോടൊപ്പം ഇരു വൻകരകളിലെയും രാഷ്ട്രീയ വിഷയങ്ങളിൽ താളപ്പൊരുത്തമുള്ള സംയുക്ത നിലപാടിലേക്ക് വളർന്നു വികസിച്ചിട്ടുണ്ട്. അറബ് നാടുകളിൽനിന്നുള്ള 25 ലക്ഷം കുടിയേറ്റക്കാരെ പേറുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് ഈ സഹകരണം സാമ്പത്തികവും രാഷ്ട്രീയവുമായ പൊറുതിക്ക് സഹായകമാകുമ്പോൾ, മറുഭാഗത്ത് അസ്വസ്​ഥമായ പശ്ചിമേഷ്യയിലെ പ്രശ്നങ്ങളിൽ പുതിയൊരു ആഗോളസഖ്യത്തെ കൂട്ടുലഭിച്ച സമാശ്വാസമാണ് അറബ് രാജ്യങ്ങൾക്ക് പ്രദാനം ചെയ്യുന്നത്. നാലാമത് ഉച്ചകോടി ഉദ്ഘാടനം ചെയ്ത സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. വൻശക്തികൾ ഇനിയും വഴങ്ങാതിരിക്കുകയും വഴിത്തിരിവാകേണ്ട സന്ദർഭങ്ങളിൽ ഇടങ്കോലിടുകയും ചെയ്യുന്ന ഫലസ്​തീൻ പ്രശ്നം പോലുള്ളവയിൽ അറബ് രാജ്യങ്ങളുടെ വികാരം ഉൾക്കൊണ്ട് പൊതുവേദികളിൽ അവർക്കൊപ്പം നിൽക്കാൻ ഈ കൂട്ടായ്മ സന്നദ്ധമാകുന്നത് അദ്ദേഹം എടുത്തുപറഞ്ഞു. സ്വതന്ത്ര ഫലസ്​തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും ഇസ്രായേലിെൻറ അധിനിവേശത്തിനെതിരെ ശക്തമായി അറബ് ചേരിയിൽ നിലകൊള്ളാനും പുതിയ സഖ്യം തയാറായി. 1967നു മുമ്പുള്ള അതിർത്തിയിലേക്ക് ഇസ്രായേൽ തിരിച്ചുപോകണമെന്നും ഗസ്സയിലെ ഉപരോധവും മൃഗീയമായ ആക്രമണങ്ങളും അംഗീകരിക്കാനാവില്ലെന്നും തെക്കൻ അമേരിക്കൻ രാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചത് വൻശക്തികളുടെ നെറ്റിചുളിച്ചിരുന്നു.

ഇരട്ട നികുതി എടുത്തുകളഞ്ഞും പുതിയ വ്യാപാരവേദികൾക്ക് രൂപംനൽകിയും സ്വതന്ത്ര വ്യാപാര കരാറുകൾ രൂപപ്പെടുത്തി മുന്നോട്ടുപോകാനും രണ്ടു മേഖലകളിലെയും സാമ്പത്തിക നിക്ഷേപങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള തീരുമാനം അറബ് രാഷ്ട്രങ്ങളുടെ മാറിവരുന്ന വൻശക്തി ചായ്വുകളുടെ പശ്ചാത്തലത്തിൽ സവിശേഷ ശ്രദ്ധയർഹിക്കുന്നുണ്ട്. ഈ സംയുക്തവേദിയുടെ തുടക്കത്തിൽ രാജ്യങ്ങൾ തമ്മിലുണ്ടായിരുന്ന വ്യാപാര കരാർ പത്തുവർഷം പിന്നിടുമ്പോൾ എട്ടു ശതകോടിയിൽനിന്ന് 33 ശതകോടിയായി വികസിച്ചു. കരീബിയൻ രാഷ്ട്രങ്ങളെക്കൂടി ചേർത്ത് രൂപവത്കരിച്ച പൊതുവേദി നയതന്ത്ര, സാമ്പത്തിക മേഖലകളിൽ 50ഓളം സംരംഭങ്ങൾക്ക് തുടക്കമിട്ടു. വിദേശ നിക്ഷേപം വൻതോതിൽ രാജ്യത്ത് കൊണ്ടുവരാനുള്ള തീരുമാനത്തിെൻറ ഭാഗമായി തെക്കൻ അമേരിക്കൻ രാജ്യങ്ങളുമായി കടൽ വഴിയുള്ള വ്യാപാരബന്ധം തുറക്കാൻ സൗദി ഇതിനകം തീരുമാനമെടുത്തിട്ടുണ്ട്. വ്യോമ, നാവികരംഗത്തെ സഹകരണം വിപുലപ്പെടുത്താൻ റിയാദിൽ ധാരണയായിട്ടുണ്ട്. അറബ് രാഷ്ട്രങ്ങളുടെ സ്വന്തമായൊരു സേനയെന്ന ആശയത്തിന് അംഗീകാരം വാങ്ങാനും ഭീകരതയെ മതസംഹിതകളുമായി ബന്ധപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കാനും റിയാദ് പ്രഖ്യാപനം ആവശ്യപ്പെടുന്നുണ്ട്.

ഇങ്ങനെ പടിഞ്ഞാറൻ നാടുകളുമായുള്ള ബന്ധത്തിൽ അറബ് രാജ്യങ്ങൾക്കിടയിൽ വിശ്വാസനഷ്ടം സംഭവിച്ചു കൊണ്ടിരിക്കെ, പുതിയ ശക്തികളെ കൂട്ടിപ്പിടിക്കാൻ ഇരുഭാഗത്തുനിന്നുമുള്ള ശ്രമം ഈ കൂട്ടായ്മയിൽനിന്ന് വായിച്ചെടുക്കാനാവും. വൻശക്തികളുടെ ബാഹ്യസമ്മർദങ്ങൾക്കൊത്തു തുള്ളാൻ നിൽക്കാതെ പ്രകൃതി, മനുഷ്യ വിഭവങ്ങളിലെ സ്വയംസമ്പന്നതയുടെ ബലത്തിൽ ഒത്തുചേർന്ന് പുതിയൊരു സമ്മർദശക്തിയാകാനുള്ള ഈ ശ്രമത്തെ ശുഭകരമായിത്തന്നെ കാണണം. രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാർഥി ഭീഷണിയെ ലോകം അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യത്തിൽ സൗഹാർദത്തിെൻറയും സഹകരണത്തിെൻറയും പുതുചരിത്രം കുറിക്കുന്ന ഈ കൂട്ടായ്മ ലോകത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത് അർഥവത്താണ്. ഈ പുതിയ അർഥതലങ്ങളിലേക്ക് ഭൂഖണ്ഡങ്ങൾ അപ്രസക്തമാക്കിക്കൊണ്ടുള്ള കൂട്ടായ്മക്ക് വളർന്നു വികസിക്കാനായാൽ ലോകഗതിതന്നെ മാറിമറിയുമെന്ന കാര്യത്തിൽ സംശയമില്ല.

Show Full Article
TAGS:editorial 
Next Story