Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമാധ്യമപ്രവര്‍ത്തനം...

മാധ്യമപ്രവര്‍ത്തനം ആരോഗ്യത്തിന് ഹാനികരം

text_fields
bookmark_border
മാധ്യമപ്രവര്‍ത്തനം ആരോഗ്യത്തിന് ഹാനികരം
cancel

‘മാധ്യമപ്രവര്‍ത്തനം ആരോഗ്യത്തിന് ഹാനികരം’ എന്നു പറഞ്ഞത് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ജേണലിസം അധ്യാപകനുമായ റിച്ചാര്‍ഡ് കീബ്ള്‍ ആണ്. ഒരു തൊഴില്‍രംഗമെന്നനിലയില്‍ പത്രപ്രവര്‍ത്തനമേഖലയിലെ വൈവിധ്യമാര്‍ന്ന വെല്ലുവിളികളെ കുറിക്കാനാണ് കീബ്ള്‍ ഇത് പറഞ്ഞത്. റിപ്പോര്‍ട്ടേഴ്സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് (അതിരുകളില്ലാത്ത ലേഖകര്‍- ആര്‍.എസ്.എഫ്) എന്ന പേരിലറിയപ്പെടുന്ന, മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സാര്‍വദേശീയ സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച വാര്‍ഷിക റിപ്പോര്‍ട്ട് മുന്നില്‍വെക്കുമ്പോള്‍ കീബ്ളിന്‍െറ പ്രസ്താവനക്ക് ഗൗരവതരമായ മറ്റു ചില അര്‍ഥങ്ങള്‍കൂടിയുണ്ടെന്ന് നാം മനസ്സിലാക്കുന്നു. മാധ്യമപ്രവര്‍ത്തനം എന്ന തൊഴില്‍ മേഖല അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ചും വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നവരോട് ലോകത്തുതന്നെ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ചുമുള്ള മികച്ചൊരു രേഖയാണ് ആര്‍.എസ്.എഫിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ട്. ലോകം വികസിത ജനാധിപത്യത്തെക്കുറിച്ചുള്ള ഗൗരവപ്പെട്ട അന്വേഷണങ്ങള്‍ നടത്തുമ്പോഴും അസഹിഷ്ണുതയുടെ കനം കൂടിവരുന്നുവെന്നതിനെക്കുറിച്ച ഓര്‍മപ്പെടുത്തലാണത്.
110 പത്രപ്രവര്‍ത്തകരാണ് 2015ല്‍ ലോകത്ത് കൊല്ലപ്പെട്ടത്. ഇതില്‍ 49 പേരെ കൃത്യമായി ടാര്‍ഗറ്റ് ചെയ്ത് കൊലചെയ്തതാണ്. 18 പേര്‍ തങ്ങളുടെ ദൗത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെടുകയായിരുന്നു. 43 പേരുടെ കൊലപാതക കാരണം ഇനിയും ദുരൂഹത നീങ്ങി വ്യക്തമായിവരേണ്ടതുണ്ട്. 2005 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് സര്‍വകാല റെക്കോഡാണ്. 2005ല്‍ 64 പത്രപ്രവര്‍ത്തകരാണ് ലോകത്ത് കൊല്ലപ്പെട്ടതെങ്കില്‍ 2014ല്‍ 66 ആയിരുന്നു. റിപ്പോര്‍ട്ട് കാലയളവില്‍ 207 പത്രപ്രവര്‍ത്തകര്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഭരണകൂടത്തിന്‍െറ അറസ്റ്റിനോ തടവിനോ വിധേയരായിട്ടുണ്ട്. അതില്‍ 54 പേര്‍ ഇപ്പോഴും തടവില്‍തന്നെ കഴിയുന്നു. ഒമ്പത് മാധ്യമപ്രവര്‍ത്തകരാണ് റിപ്പോര്‍ട്ട് കാലയളവില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. പത്രപ്രവര്‍ത്തനം ഏറ്റവും അപകടകരമായിട്ടുള്ള ലോകത്തെ ആദ്യത്തെ 10 സ്ഥലങ്ങളില്‍ ആറാമതായിട്ടാണ് റിപ്പോര്‍ട്ട് ഇന്ത്യയെ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍, ഇറാഖ്, സിറിയ തുടങ്ങിയ സംഘര്‍ഷമേഖലകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ ഏഷ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
സാര്‍വദേശീയ തലത്തില്‍ വലിയ പ്രാമുഖ്യമുള്ള സന്നദ്ധ സംഘടനയാണ് ആര്‍.എസ്.എഫ്. അവരുടെ വാര്‍ഷിക റിപ്പോര്‍ട്ട് ആകട്ടെ, ലോക തലത്തില്‍തന്നെ ചര്‍ച്ചചെയ്യപ്പെടുന്നതുമാണ്. ആര്‍.എസ്.എഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ എല്ലാംതന്നെ ഭരണകൂടമോ ഭരണകൂട ഏജന്‍സികളോ നടത്തിയതല്ല. തീവ്രവാദ സംഘടനകള്‍, മാഫിയാസംഘങ്ങള്‍, ഖനി ലോബികള്‍, ക്രിമിനല്‍ ഗ്യാങ്ങുകള്‍ തുടങ്ങിയവയുടെയെല്ലാം ഇരകളായിട്ടുണ്ട് മാധ്യമപ്രവര്‍ത്തകര്‍. തീവ്രവാദത്തിന്‍െറ വിളനിലങ്ങളിലാണ് പത്രപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സിറിയ, സോമാലിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കണക്കുകള്‍ അക്കാര്യം വ്യക്തമാക്കുന്നു. അസഹിഷ്ണുത തീവ്രവാദത്തിന്‍െറ അടിസ്ഥാന ഭാവമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ളോ. സത്യം ജനങ്ങളറിയുന്നത് ഭയക്കുന്ന കോര്‍പറേറ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ക്രിമിനല്‍ ഗ്യാങ്ങുകളുടെ കൊലക്കത്തിക്ക് ഇരയായവരുമുണ്ട്. ഭരണകൂടം പലപ്പോഴും തടവറ തീര്‍ത്തുകൊണ്ടാണ് പത്രപ്രവര്‍ത്തകരെ നിലക്കുനിര്‍ത്താന്‍ ശ്രമിക്കുന്നത്. സ്വേച്ഛാധിപത്യത്തില്‍ ഒന്നാംനിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് അക്കാര്യത്തിലും മുന്നില്‍. കൂട്ടക്കൊലയാളികള്‍ എന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വിളിക്കുന്ന ബശ്ശാര്‍ അല്‍അസദിന്‍െറയും അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെയും രാജ്യങ്ങളായ സിറിയ, ഈജിപ്ത്; കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ചൈന എന്നിവയാണ് പത്രപ്രവര്‍ത്തകരെ തുറുങ്കിലടക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കൈയേറ്റങ്ങള്‍ വ്യാപകമാകുമ്പോഴും അവരുടെ തൊഴില്‍സുരക്ഷക്കായുള്ള നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഗൗരവത്തില്‍ നടക്കുന്നില്ല എന്നതാണ് ആര്‍.എസ്.എഫ് ഉന്നയിക്കുന്ന പ്രധാനപ്പെട്ട വിമര്‍ശം. പത്രപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര നിയമം ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ രൂപപ്പെടുത്തണമെന്നാണ് ഇതുസംബന്ധിച്ച് ആര്‍.എസ്.എഫ് മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ഒരു ആശയം. അത്തരമൊരു നിയമം യു.എന്‍ അംഗരാജ്യങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ യു.എന്‍ സെക്രട്ടറി ജനറലിന്‍െറ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിശ്ചയിക്കുക, പത്രപ്രവര്‍ത്തകര്‍ക്കെതിരായുള്ള അതിക്രമങ്ങളെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിഗണനയിലേക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളും ആര്‍.എസ്.എഫ് സെക്രട്ടറി ജനറല്‍ ക്രിസ്റ്റഫ് ഡെലയര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
സന്ദേശങ്ങളും വിവരങ്ങളും യഥാവിധി ജനങ്ങളിലേക്ക് എത്തിക്കുക എന്ന, തന്നില്‍ അര്‍പ്പിതമായ ജോലി നിര്‍വഹിക്കുന്നവരാണ് പത്രപ്രവര്‍ത്തകര്‍. സന്ദേശവാഹകനെ കൊല്ലുക എന്നത് ഒരു നാഗരികസമൂഹത്തിന് ചേര്‍ന്ന ഏര്‍പ്പാടല്ല. സന്ദേശവാഹകനെ കൊന്നതുകൊണ്ട് സന്ദേശം ഇല്ലാതാകുന്നുമില്ല. കൊല്ലപ്പെടുന്ന പത്രപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നതുകൊണ്ട് പത്രപ്രവര്‍ത്തനം ക്ഷയിച്ചുപോകും എന്ന് നമ്മള്‍ ഭയപ്പെടേണ്ട കാര്യവുമില്ല. പക്ഷേ, നാട്ടില്‍ കനംവെക്കുന്ന അസഹിഷ്ണുതയെക്കുറിച്ച് നാമെല്ലാം ജാഗ്രത്തായിരിക്കുന്നത് നല്ലതാണ്.

Show Full Article
TAGS:madhyamam editorial 
Next Story