അന്വേഷണം നടക്കണം; അത് സ്വതന്ത്രവുമാകണം
text_fieldsഡല്‍ഹിയിലെ ആരോപണ പ്രത്യാരോപണ ബഹളം വെറും രാഷ്ട്രീയ വാഗ്വാദമെന്ന നിലവിട്ട്, നിയമവും ഭരണവിശുദ്ധിയും ആദര്‍ശനിഷ്ഠയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയര്‍ത്തുന്ന വിവാദമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് (ജെയ്റ്റ്ലിയുടെ പേര് പറയാതെ) അടിവരയിട്ടും തെളിവ് നിരത്തിയും ബി.ജെ.പിയുടെതന്നെ എം.പിയും മുന്‍ ക്രിക്കറ്ററുമായ കീര്‍ത്തി ആസാദ് വാര്‍ത്താസമ്മേളനം തന്നെ നടത്തിയിരിക്കുന്നു. മറുഭാഗത്ത് സോണിയയും രാഹുലുമടക്കമുള്ള കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ ‘നാഷനല്‍ ഹെറാള്‍ഡ്’ കേസ് നടക്കുന്നു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദര്‍ കുമാറിനെതിരെ സി.ബി.ഐ അഴിമതിയന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ ഓഫിസില്‍ റെയ്ഡ് നടത്തിയതും ബഹളത്തിനിടയാക്കിയിരുന്നു. എ.എ.പിയും കോണ്‍ഗ്രസും അവരവര്‍ നേരിടുന്ന ആരോപണങ്ങളില്‍നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോള്‍ ജെയ്റ്റ്ലിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നാണ് ബി.ജെ.പി പറയുന്നത്. മന്ത്രിമാരായ വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി തുടങ്ങിയവര്‍ ജെയ്റ്റ്ലിയെ തുണച്ച് രംഗത്തത്തെി. അതേസമയം, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശം വരെ അവഗണിച്ചാണ് കീര്‍ത്തി ആസാദ് പരസ്യ നിലപാടെടുത്തിരിക്കുന്നത് എന്നത് പ്രധാനമാണ്.
ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന ക്രമക്കേടുകളാണ് ഇപ്പോള്‍ ജെയ്റ്റ്ലിയെ വേട്ടയാടുന്നത്. 1999 മുതല്‍ 2013 വരെ ജെയ്റ്റ്ലി ഭരണസമിതി പ്രസിഡന്‍റായിരിക്കെ നടന്ന ക്രമക്കേടുകളില്‍ അദ്ദേഹത്തിനും പങ്കുണ്ടെന്ന് എ.എ.പി ആരോപിക്കുന്നു. വാസ്തവത്തില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ ബിഷന്‍ സിങ് ബേദി, മദന്‍ലാല്‍, കീര്‍ത്തി ആസാദ് എന്നിവര്‍ ഒരുവര്‍ഷം മുമ്പ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ പരാതിനല്‍കിയിരുന്നു. ഒരു നടപടിയുമുണ്ടാകാതെ വന്നപ്പോള്‍ അവര്‍ ഡല്‍ഹി സര്‍ക്കാറിനെ സമീപിച്ചു. സര്‍ക്കാര്‍ അന്വേഷണം തുടങ്ങുകയും ചെയ്തു. മുമ്പ് ഡി.ഡി.സി.എയെക്കുറിച്ച് അന്വേഷണം നടത്തിയ മൂന്ന് സമിതികളുടെ റിപ്പോര്‍ട്ടുകള്‍ കെജ്രിവാളിന്‍െറ പക്കലുണ്ടായിരുന്നത് തട്ടിയെടുക്കാനാണ് സി.ബി.ഐയെക്കൊണ്ട് റെയ്ഡ് നടത്തിച്ചത് എന്ന് കെജ്രിവാള്‍ ആരോപിക്കുന്നു. കെജ്രിവാള്‍ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യമിടുന്നതെങ്കിലും സംഭവങ്ങളുടെ ക്രമം ശ്രദ്ധിക്കുന്നവര്‍ക്ക് ഇതില്‍ കാര്യമുണ്ടെന്നു തോന്നുകയും ചെയ്യാം. ആരോപണങ്ങള്‍ നിസ്സാരമല്ല. 24 കോടി രൂപ വകയിരുത്തിയ ഫിറോസ്ഷാ കോട്ട്ല സ്റ്റേഡിയം നവീകരണത്തിന് 114 കോടി ചെലവിട്ടു. പണം നല്‍കിയതാകട്ടെ ഇല്ലാത്ത കമ്പനികള്‍ക്കും. സ്റ്റേഡിയം നവീകരണ കരാറുകള്‍ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തി. കോര്‍പറേറ്റ് ഇരിപ്പിടങ്ങള്‍ നിര്‍മിച്ചതില്‍ ക്രമക്കേടുണ്ടായി. പണമിടപാട് നടത്തിയ ഒമ്പത് കമ്പനികള്‍ ഒരേ വിലാസത്തില്‍ വ്യത്യസ്ത പേരിലുള്ളതാണ് -ഇങ്ങനെ പോകുന്നു വിവിധ അന്വേഷണ സമിതികളുടെ കണ്ടത്തെലുകള്‍.
ക്രമക്കേടുകള്‍ നടന്ന കാലത്ത് ജെയ്റ്റ്ലിയായിരുന്നു ഡി.ഡി.സി.എ പ്രസിഡന്‍െറങ്കിലും അതിന്‍െറ ദൈനംദിന കാര്യങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ളെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരിയാവാം. അഴിമതിക്കറ പുരളാത്ത വ്യക്തിയാണ് അദ്ദേഹം എന്നതും ശരിയാവാം. എന്നാല്‍, അദ്ദേഹം അധ്യക്ഷനായ കാലത്ത് ക്രമക്കേട് നടന്നു എന്നതും വസ്തുതയാണെന്നാണ് വന്‍ ക്രമക്കേടുകള്‍ അന്വേഷിക്കുന്ന എസ്.എഫ്.ഐ.ഒ എന്ന (കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴിലെ) ഏജന്‍സിയും ഡി.ഡി.സി.എയുടെ തന്നെ ആഭ്യന്തരസമിതിയും ഡി.ഡി.സി.എ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഡല്‍ഹി ഹൈകോടതി നിയോഗിച്ച സമിതിയും അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രമക്കേടിന് നേരിട്ട് ഉത്തരവാദി ആയാലും അല്ളെങ്കിലും ധാര്‍മികമായ ഉത്തരവാദിത്തം അന്നത്തെ പ്രസിഡന്‍റിനുണ്ട്. ജെയ്റ്റ്ലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യമുന്നയിച്ചത് കീര്‍ത്തി ആസാദ് തന്നെയാണ്. സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടക്കേണ്ടത്, കുറ്റവാളികളെ കണ്ടത്തെുന്നതിനു മാത്രമല്ല, ജെയ്റ്റ്ലിയെപ്പോലുള്ളവര്‍ അവകാശപ്പെടുന്ന നിരപരാധിത്വം സ്ഥാപിച്ചുകിട്ടുന്നതിനും ആവശ്യമാണ്. അങ്ങനെ ഒരന്വേഷണത്തിന് തീരുമാനിക്കുമ്പോഴാകട്ടെ, അതിന്‍െറ വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും ബോധ്യപ്പെടുന്ന തരത്തിലാവുകയും വേണം. ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണം ആരു നടത്തിയാലും ജെയ്റ്റ്ലി ഇപ്പോള്‍ കൈകാര്യംചെയ്യുന്ന വകുപ്പിനു കീഴിലെ ചില സംവിധാനങ്ങളും ഏജന്‍സികളും അന്വേഷണത്തില്‍ പങ്കെടുക്കേണ്ടിവരുമെന്നിരിക്കെ, ആ വകുപ്പിന്‍െറ തലപ്പത്ത് അദ്ദേഹം ഇരിക്കുന്നതിലെ ഒൗചിത്യം ചോദ്യംചെയ്യപ്പെടുന്നുണ്ട്. ആരോപണമുന്നയിക്കുന്ന ചിലര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവാം. പക്ഷേ, ഭരണത്തിന്‍െറയും ഭരണകര്‍ത്താക്കളുടെയും വിശ്വാസ്യത തെളിയിക്കേണ്ടിവരുമ്പോള്‍ തടസ്സവാദമായി അത് പറയുന്നത് സംശയം കൂട്ടുകയേ ചെയ്യൂ.