ശാസ്ത്രാന്ധവിശ്വാസങ്ങളും മാധ്യമങ്ങളും
text_fieldsഏതാനും വർഷങ്ങൾക്കു മുമ്പ്, പ്രഗല്ഭ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞൻ ജയന്ത് വിഷ്ണു നർലിക്കറുടെ നേതൃത്വത്തിൽ രാജ്യത്തെ ജ്യോതിഷികളെ വെല്ലുവിളിച്ചുകൊണ്ട് മഹാരാഷ്ട്രയിൽ നടത്തിയ വ്യത്യസ്തമായ ഒരു പരീക്ഷണത്തെക്കുറിച്ച് പറയാം. സമർഥരായ 100 വിദ്യാർഥികളുടെയും മാനസിക വെല്ലുവിളി നേരിടുന്ന മറ്റു 100 കുട്ടികളുടെയും ജാതകക്കുറിപ്പുകൾ നർലിക്കറും സംഘവും ശേഖരിച്ചു. തുടർന്ന്, വെല്ലുവിളി സ്വീകരിച്ചെത്തിയ 27 ജ്യോതിഷികൾക്കായി 40 എണ്ണം വീതം നൽകി അത് വിശദമായി പഠിക്കാൻ ആവശ്യപ്പെട്ടു. പരീക്ഷണം ഇതായിരുന്നു: ജാതകങ്ങൾ പരിശോധിച്ച് അതിലൂടെ സമർഥരായ വിദ്യാർഥികളെയും മാനസിക വൈകല്യമുള്ളവരെയും തിരിച്ചറിയുക. ജാതകപ്രകാരമുള്ള ജ്യോതിഷികളുടെ പ്രവചനങ്ങൾ 90 ശതമാനവും തെറ്റായിരുന്നു; യഥാർഥ ജീവിതത്തിലെ ‘സമർഥർ’ മാനസിക വൈകല്യമുള്ളവരും ‘മാനസിക വൈകല്യമുള്ളവർ’ സമർഥരുമായി. ചുരുക്കത്തിൽ, 27 ജ്യോതിഷികളും ദയനീയമായി പരാജയപ്പെട്ടു. അന്ധവിശ്വാസ പ്രചാരണങ്ങൾക്കെതിരെ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഗോവിന്ദ പൻസാരെ ഉൾപ്പെടെയുള്ള ആക്റ്റിവിസ്റ്റുകൾ പ്രക്ഷോഭം നടക്കുന്ന കാലത്തായിരുന്നു ഈ പരീക്ഷണം നടന്നത്. ഫാഷിസ്റ്റുകൾ അറുകൊല ചെയ്ത സാമൂഹിക പ്രവർത്തകൻ നരേന്ദ്ര ദാഭോൽക്കറുമുണ്ടായിരുന്നു നർലിക്കറുടെ സംഘത്തിൽ.
ഈ സംഭവം ഇപ്പോൾ ഓർക്കാൻ കാരണം, ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ജ്യോതിഷ പരിപാടിയെക്കുറിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ അഭിപ്രായ പ്രകടനമാണ്. ഇത്തരം പരിപാടികൾ അതിരുവിടുന്നുവെന്നും നിയന്ത്രിക്കാൻ നിയമ നിർമാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നുമായിരുന്നു ബംഗളൂരുവിൽ ദലിത് സംഘർഷ് സമിതിയുടെ സമ്മേളനത്തിൽ അദ്ദേഹം പ്രസ്താവിച്ചത്. ജ്യോതിഷ പരിപാടികൾ പലതരത്തിൽ ആളുകളെ വഴിതെറ്റിക്കുന്നുവെന്നും സാമാന്യം പുരോഗമന ചിന്താഗതിക്കാരായ തെൻറ കുടുംബംപോലും ഇത്തരം പരിപാടികൾക്കടിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ജനങ്ങളുടെ കൈയടി ലഭിക്കാനായി അദ്ദേഹം നടത്തിയ കേവലമായ ഒരു പ്രസ്താവനയായി ഇതിനെ കാണാൻ കഴിയില്ല. കാരണം, രണ്ട് വർഷം മുമ്പ് അദ്ദേഹത്തിെൻറ തന്നെ സർക്കാർ നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അന്ധവിശ്വാസ നിർമാർജന നിയമം പുതിയ രൂപത്തിൽ (കർണാടക പ്രിവൻഷൻ ഓഫ് സൂപർസ്റ്റീഷ്യസ് പ്രാക്ടീസസ് ബിൽ 2015) ഉടൻ മന്ത്രിസഭക്കു മുന്നിൽവെക്കാൻ ധാരണയായതായി ഇതേ ദിവസങ്ങളിൽതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ നിയമത്തിെൻറ പരിധിയിൽ ഫലഭാഗ ജ്യോതിഷംകൂടി ഉൾപ്പെട്ടാൽ പിന്നെ, ഇത്തരം ‘ശാസ്ത്രാന്ധ’ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതും മറ്റും ക്രിമിനൽ കുറ്റമാകും. സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ സംസ്ഥാനത്തെ സ്വകാര്യ ചാനലുകൾ കടുത്ത രീതിയിലാണ് പ്രതിഷേധിച്ചത്. വിഷയത്തിൽ, ബി.ജെ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നിലപാട് ആരാഞ്ഞ് പ്രതിരോധം തീർത്തതിനുപുറമെ, ചില ചാനലുകൾ ഒരു ദിവസം മുഴുവൻ ജ്യോതിഷ പരിപാടികൾ സംപ്രേഷണം ചെയ്യുകയുമുണ്ടായി. സിദ്ധരാമയ്യയുടെ നീക്കത്തെ പ്രതിരോധിക്കാൻ ചാനലുകാർ ഹിന്ദുത്വ വാദികളെയും രംഗത്തിറക്കി.
ഫലഭാഗ ജ്യോതിഷത്തിന് രാജ്യത്ത് നല്ല മാർക്കറ്റാണ്. അതിെൻറ പ്രധാന വിപണന കേന്ദ്രമാകട്ടെ, നമ്മുടെ സ്വകാര്യ ചാനലുകളും. പല ചാനലുകളുടെയും ടാം റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്നത് ഇത്തരം പരിപാടികളാണത്രെ. കടുത്ത മത്സരമാണ് ഈ മേഖലയിൽ നടക്കുന്നത്. റേറ്റിങ്ങിൽ മുന്നിലെത്താൻ എന്തുമാകാമെന്നായിരിക്കുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കർണാടകയിലെ ഒരു സ്വകാര്യ ചാനൽ നടത്തിയ ജ്യോതിഷ പരിപാടിയിലെ ‘പ്രവചനങ്ങൾ’ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയുണ്ടായി. സൗര രാശിവെച്ച് ഒരാൾ ബലാത്സംഗം ചെയ്യപ്പെടാനുള്ള സാധ്യതയായിരുന്നു ആ പരിപാടിയിൽ പ്രവചിക്കപ്പെട്ടത്. കന്നി രാശിക്കാർ 14നും 20 നും ഇടയിൽ വീട്ടിനുള്ളിൽവെച്ച് ബലാത്സംഗം ചെയ്യപ്പെടുമത്രെ! മീനം രാശിയാണെങ്കിൽ അയൽവാസിയുടെ ഭർത്താവും മകരം രാശിയാണെങ്കിൽ രക്ഷിതാവും ലൈംഗികമായി പീഡിപ്പിക്കുമെന്നും പ്രശസ്തനായ ഈ ജ്യോതിഷി പ്രവചിച്ചു. ഈ ‘ദോഷങ്ങളെ’ ചെറുക്കാൻ ചില പ്രതിവിധികളും അദ്ദേഹം നിർദേശിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഈ പരിപാടി വലിയ ചർച്ചയാവുകയും ഏതാനും ആക്ടിവിസ്റ്റുകൾ ചാനലിനും ജ്യോതിഷിക്കുമെതിരെ നിയമ നടപടിക്കൊരുങ്ങുകയും ചെയ്തുവെങ്കിലും ആ പരിപാടി ഇപ്പോഴും മികച്ച റേറ്റിങ്ങിൽ തുടരുകയാണ്. ചാനലുകളിലെ ജ്യോതിഷ പരിപാടികൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പല സംഘടനകളും മുമ്പ് കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂലമായ വിധി സമ്പാദിക്കാനായിട്ടില്ല. ഇത്തരം പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള പെരുമാറ്റച്ചട്ടം തയാറാക്കേണ്ടത് സർക്കാറിെൻറ ബാധ്യതയാണെന്നായിരുന്നു ഒരു ഹരജിയിൽ ഡൽഹി ഹൈകോടതി വിധി പ്രസ്താവിച്ചത്.
യഥാർഥത്തിൽ, ജ്യോതിഷ പരിപാടിയെ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ ഇല്ലാത്തതല്ല ഇവിടത്തെ പ്രശ്നം. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും (എൻ.ബി.എ) പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയവുമെല്ലാം ഇതുസംബന്ധിച്ച വ്യക്തമായ മാർഗനിർദേശങ്ങൾ പലതവണ പുറപ്പെടുവിച്ചതാണ്. എന്നാൽ, ഇതിനെയെല്ലാം തീർത്തും അവഗണിച്ചാണ് ചാനലുകൾ സഞ്ചരിക്കുന്നത്. ഇതിന് സർക്കാറിെൻറയും പാർട്ടികളുടെയും നിലപാടുകളും സഹായകമാകുന്നുണ്ട്. ജ്യോതിഷം ശുദ്ധ ശാസ്ത്രമാണെന്നും അതിനെ മാജിക്കൽ റെമഡീസ് ആക്ടിെൻറ പരിധിയിൽ കൊണ്ടു വരാനാകില്ലെന്നുമായിരുന്നു 2012ലെ ഒരു കേസിൽ കേന്ദ്രസർക്കാർ ബോംബെ ഹൈകോടതിയെ അറിയിച്ചത്. ശാസ്ത്രാവബോധം വളർത്തുക എന്നത് ഭരണഘടന പൗരെൻറ ബാധ്യതയായാണ് പഠിപ്പിക്കുന്നത്. മാധ്യമങ്ങൾ ഇതിനുപുറത്തല്ല. സ്വയം നിയന്ത്രണത്തിലൂടെയും ഇത്തരം പരിപാടികൾക്കെതിരായ ബോധവത്കരണത്തിലൂടെയും ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് പലതും ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
