സംവരണത്തിനെതിരായ നിഴൽ യുദ്ധങ്ങൾ
text_fieldsകേരളത്തിലെ പിന്നാക്ക സമൂഹങ്ങളുടെ സർക്കാർ സർവിസിലെ പ്രാതിനിധ്യത്തെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ അധ്യക്ഷനും ടി.എം. സാവാൻ കുട്ടി, കെ.വി. രവീന്ദ്രൻ നായർ എന്നിവർ അംഗങ്ങളുമായി 2000 ഫെബ്രുവരിയിലാണ് അന്നത്തെ എൽ.ഡി.എഫ് സർക്കാർ കമ്മിറ്റിയെ നിശ്ചയിക്കുന്നത്. നരേന്ദ്രൻ കമീഷൻ എന്ന പേരിൽ അറിയപ്പെട്ട പ്രസ്തുത സമിതി 2001 സെപ്റ്റംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. സംവരണ സമുദായങ്ങൾക്ക് സർക്കാർ സർവിസിൽ അർഹമായ പ്രാതിനിധ്യം ഇനിയും ലഭിച്ചിട്ടില്ല എന്നതായിരുന്നു സൂക്ഷ്മമായ കണക്കുകൾ വെച്ചുള്ള കമീഷെൻറ കണ്ടെത്തൽ. ഈഴവ സമുദായം ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടിയെടുത്തിട്ടുണ്ടെങ്കിലും മറ്റ് സമുദായങ്ങൾ പിറകിലാണെന്ന് കമീഷൻ കണ്ടെത്തി. ഇതിൽ, ഏറ്റവും പിറകിൽ നിൽക്കുന്നത് മുസ്ലിം സമുദായമാണെന്നും കമീഷെൻറ കണക്കുകൾ വ്യക്തമാക്കി. സംവരണ സമുദായങ്ങൾക്ക് അർഹമായ പദവികൾ നേടിക്കൊടുക്കാൻ സ്പെഷൽ റിക്രൂട്ട്മെൻറ് അടക്കമുള്ള നടപടികൾക്ക് കമീഷൻ ശിപാർശ ചെയ്തു. ശിപാർശകൾ നടപ്പിലാക്കാനുള്ള മുറവിളികൾ ശക്തമായി; വലിയ പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷിയായി.
എന്നാൽ, ബാക്ലോഗ് നികത്തുക എന്ന സംവരണ സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തെ തള്ളിക്കൊണ്ടുള്ള ഒരു പാക്കേജാണ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നുവെന്ന വ്യാജേന പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ചത്. സംവരണ സീറ്റുകൾ നഷ്ടപ്പെടാതിരിക്കാനുള്ള ചില മുന്നൊരുക്കങ്ങൾ പ്രസ്തുത പാക്കേജിലുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ, അതിെൻറ മറവിൽ മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്ക് വിദ്യാഭ്യാസ രംഗത്ത് സംവരണം ഏർപ്പെടുത്താനും സർക്കാറിന് സാധിച്ചു. അതായത്, പിന്നാക്ക സമൂഹങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപവത്കരിക്കപ്പെട്ട ഒരു കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുമ്പോഴും അതിെൻറ ഗുണം മുന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തുകയായിരുന്നു! സംവരണവുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിലെല്ലാം, ഇടതു–വലതു ഭേദമന്യേ പരിഹാസ്യമായ ഈ വൈരുധ്യം എപ്പോഴും കാണാൻ കഴിയും. സംവരണത്തെ എങ്ങനെയെങ്കിലും നമ്മുടെ രാഷ്ട്രീയ വ്യവഹാരത്തിൽ നിന്ന് കുടഞ്ഞു തെറിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ കൈയിലാണ് ഭരണ നടത്തിപ്പ് എന്നതുതന്നെയാണ് കാരണം.]
ഈ മനോഭാവത്തിെൻറ മറ്റൊരു ലക്ഷണമായിരുന്നു ബുധനാഴ്ച കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട മുന്നാക്ക കമീഷൻ ബില്ലിലെ ചില പരാമർശങ്ങൾ. ‘പട്ടിക ജാതി–വർഗ, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളുടെ സംവരണം മുന്നാക്ക വിഭാഗങ്ങളിലെ യുവാക്കളുടെ വിദ്യാഭ്യാസ–തൊഴിൽ സാധ്യതകളെ പരിമിതപ്പെടുത്തുന്നു’ എന്ന പരാമർശത്തോടെയാണ് മുന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള കേരള സംസ്ഥാന കമീഷൻ ബിൽ 2015’ നിയമസഭയിൽ അവതരിപ്പിച്ചത്. പരാമർശത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ അത് പിൻവലിക്കാൻ സർക്കാർ സന്നദ്ധമായി. പരാമർശം പിൻവലിച്ചുകൊണ്ടാണ് ബിൽ പാസാക്കപ്പെട്ടതെങ്കിലും സംവരണത്തെക്കുറിച്ച് നമ്മുടെ അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ ശരിയായ മനോഭാവത്തെ ഇത് പ്രകടമാക്കുന്നുണ്ട്.
ഇത്തരം മനോഭാവത്തിെൻറ പുറത്ത് രൂപപ്പെട്ട അതിബൃഹത്തായ ഒരു ഗൂഢാലോചനയായിരുന്നു പി.എസ്.സിയുടെ എസ്.ഐ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ. പി.എസ്.സി തയാറാക്കിയ ലിസ്റ്റ് റദ്ദാക്കിക്കിട്ടാൻ വേണ്ടി സർക്കാർ എന്തെല്ലാം ശ്രമങ്ങളാണ് നടത്തിയത്. 170 സംവരണ തസ്തികകളടക്കമുള്ള പട്ടികയിലെ നിയമനം റദ്ദാക്കുന്നതിന് ഏറ്റവും ഒടുവിൽ സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹരജിയും നൽകി. ഡിസംബർ 17ന്, ആ ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചത് പിന്നാക്ക വിഭാഗങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നവർക്കുള്ള ശക്തമായ തിരിച്ചടിയാണ്. ജസ്റ്റിസുമാരായ എ.കെ. സിക്രി, ആർ. ഭാനുമതി എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹരജി തള്ളിയത്. സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രത്യേക താൽപര്യമെടുത്താണ് ഈ പ്രത്യേക അനുമതി ഹരജി നൽകിയത് എന്നറിയുമ്പോഴാണ് സംവരണത്തെക്കുറിച്ച് ഔദ്യോഗിക പദവിയിലിരിക്കുന്നവരുടെ യഥാർഥ മനോഭാവം വെളിച്ചത്ത് വരുന്നത്.
സംവരണത്തിനെതിരായ നിഴൽയുദ്ധങ്ങൾ നമ്മുടെ ഭരണനിർവഹണ ഇടനാഴികളിൽ നടക്കുന്നുവെന്നതിെൻറ വ്യക്തമായ തെളിവുകളാണ് ഇതെല്ലാം. പിന്നാക്ക വിഭാഗങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പ്രാമുഖ്യമുണ്ടെന്ന് കരുതപ്പെടുന്ന ലിസ്റ്റുകൾ പ്രത്യേകം ശ്രദ്ധവെച്ച്, എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞോ, നിയമക്കുരുക്കുകൾ സൃഷ്ടിച്ചോ അട്ടിമറിക്കാനും അനന്തമായി വൈകിപ്പിക്കാനുമൊക്കെയുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുവെന്ന് സംശയിക്കാവുന്ന സാഹചര്യമാണുള്ളത്. രാഷ്ട്രീയ നേതൃത്വം ഇതിന് പിന്തുണയും നൽകുന്നു. എസ്.ഐ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട സങ്കീർണമായ നിയമവഴികൾ അതിെൻറ നിദർശനമാണ്. സംവരണ സമുദായങ്ങൾ കണ്ണും കാതും തുറന്നിരുന്ന് ജാഗ്രത്തായില്ലെങ്കിൽ ഭരണകൂട പിന്തുണയോടെ സംവരണവിരുദ്ധർ കാര്യങ്ങൾ അട്ടിമറിക്കുമെന്നതിൽ സംശയം വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
