Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅസഹിഷ്ണുത...

അസഹിഷ്ണുത കേന്ദ്ര–സംസ്​ഥാന ബന്ധങ്ങളിലും

text_fields
bookmark_border
അസഹിഷ്ണുത കേന്ദ്ര–സംസ്​ഥാന ബന്ധങ്ങളിലും
cancel

കേന്ദ്രത്തിെൻറയും സംസ്​ഥാനങ്ങളുടെയും അധികാര സീമകൾ വ്യക്തമായി നിർവചിച്ച ഇന്ത്യൻ ഭരണഘടന, യു.എസ്​.എയുടേത് പോലെയല്ലെങ്കിലും സ്​റ്റേറ്റുകൾക്ക് ഒരു പരിധിവരെ സ്വയംഭരണാവകാശം ഉറപ്പുവരുത്തി ഫെഡറലിസത്തിെൻറ ചൈതന്യം നിലനിർത്താൻ ശ്രമിച്ചതായി കാണാം. മതങ്ങളും ജാതികളും ഭാഷകളും ഇത്രമേൽ ബഹുലമായ മറ്റൊരു രാജ്യം ഭൂമുഖത്തില്ല എന്ന വസ്​തുതയോർത്താൽ അവയുടെ സമാധാനപരമായ സഹവർത്തിത്വത്തിനും അതിലുപരി ജനാധിപത്യത്തിെൻറ ആരോഗ്യകരമായ നിലനിൽപിനും ക്രാന്തദർശികളായ ഭരണഘടനാ ശിൽപികൾ ഏറെ ചിന്തിച്ചും സംവദിച്ചും ആവിഷ്കരിച്ച ഫെഡറലിസത്തിെൻറ പ്രസക്തിയും അനുപേക്ഷ്യതയും ബോധ്യപ്പെടും.

എന്നാൽ, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ അഥവാ മുന്നണിയുടെ അമിതാധികാര പ്രമത്തത ഭരണഘടനയുടെ അന്തസ്സത്ത തകർക്കുന്നതിലാണ് കലാശിക്കുക. കേന്ദ്ര–സംസ്​ഥാന സർക്കാറുകൾ വിവിധ കക്ഷികളുടെയോ മുന്നണികളുടെയോ നിയന്ത്രണത്തിലായ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ അധികാര സീമകൾ പുനർനിർണയിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയുക്തമായ സർക്കാറിയാ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ പൂർണമായി നടപ്പായില്ലെങ്കിലും ഒരു പരിധിവരെ പരസ്​പര തർക്കങ്ങൾ ഒഴിവാക്കാൻ അവ പ്രയോജനപ്പെട്ടിരുന്നു. എന്നാൽ, ആർ.എസ്​.എസ്​ നോമിനി നരേന്ദ്ര മോദി കേന്ദ്രസർക്കാറിനെ നയിക്കാൻ തുടങ്ങിയതിൽപിന്നെ കേന്ദ്ര–സംസ്​ഥാന ബന്ധങ്ങൾ ആപത്കരമായ പതനത്തിലേക്ക് നീങ്ങുന്നതിെൻറ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിയിൽ മുഖ്യമന്ത്രി കെജ്രിവാളിെൻറ ഓഫിസിൽ, അദ്ദേഹത്തെ അറിയിക്കുകപോലും ചെയ്യാതെ സി.ബി.ഐ റെയ്ഡ് നടത്തിയതും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രകുമാറിെൻറ വീട്ടിൽനിന്ന് വിദേശ കറൻസി ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തതായി അറിയിച്ചതും പാർലമെൻറിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചത് നിസ്സാര സംഭവമല്ല. പരിശോധനാവിവരം മുഖ്യമന്ത്രിയെ അറിയിക്കേണ്ടതില്ലെന്ന സാങ്കേതികതയിലാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് കടിച്ചുതൂങ്ങുന്നത്. യഥാർഥത്തിൽ ഡൽഹി നിയമസഭയിലെ 70 സീറ്റുകളിൽ 67ഉം പിടിച്ചെടുത്ത് മോദിയെയും പാർട്ടിയെയും ഞെട്ടിച്ച ആപ്പിനോടുള്ള പ്രതികാരബുദ്ധിയും ഒപ്പം കെജ്രിവാളിെൻറ പ്രതിച്ഛായ തകർക്കാനുള്ള കുത്സിത നീക്കവുമാണ് സംഭവത്തിെൻറ പിന്നിലെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.

അതേയവസരത്തിൽതന്നെയാണ് കോൺഗ്രസ്​ ഭരിക്കുന്ന അരുണാചൽപ്രദേശിൽ മുഖ്യമന്ത്രിയുടെയോ മന്ത്രിസഭയുടെയോ ശിപാർശകൂടാതെ ഗവർണർ ജെ.പി. രാജ്കോവ നിയമസഭ വിളിച്ചുചേർത്തിരിക്കുന്നത്. രാജ്ഭവനുകളിൽ കുടിയിരുത്തപ്പെട്ട സംഘ്പരിവാർ അനുകൂലികൾ അവരുടെ ദൗത്യം നിറവേറ്റുകയാണെന്ന നഗ്നസത്യമാണിവിടെ അനാവരണം ചെയ്യപ്പെടുന്നത്. ജനുവരി 14ന് നിയമസഭ വിളിക്കാൻ സംസ്​ഥാന സർക്കാർ തയാറായിരിക്കെയാണ് ഡിസംബർ 16ന് നിയമസഭാ യോഗം വിളിച്ചുചേർക്കാനുള്ള ഗവർണറുടെ നീക്കം. ഡൽഹിയിലെ കേരള ഹൗസിൽ ബീഫ് വിൽക്കുന്നുവെന്ന പരാതിയുടെ പുറത്ത് സംസ്​ഥാന സർക്കാറിനെ അറിയിക്കുകപോലും ചെയ്യാതെ കേന്ദ്ര പൊലീസ്​ റെയ്ഡ് നടത്തിയത് ഏതാനും ആഴ്ചകൾക്കുമുമ്പാണ്.

അതിലുള്ള പ്രതിഷേധം കെട്ടടങ്ങുന്നതിനുമുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ആർ. ശങ്കർ പ്രതിമാ അനാച്ഛാദന പരിപാടിയിൽനിന്ന് അവസാനനിമിഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയ നടപടിയെത്തുടർന്നുള്ള വിവാദവും ഇപ്പോൾ കത്തിയാളിപ്പടരുകയാണ്. ചടങ്ങിെൻറ സംഘാടകനായ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയെ അധ്യക്ഷപദവിയിൽനിന്ന് പിൻവലിച്ചതിെൻറ ഉത്തരവാദിത്തം തനിക്കാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ്​തന്നെ ആസൂത്രണംചെയ്ത നാടകമായി സംഭവത്തെ കണുന്നവരാണ് വലിയൊരു വിഭാഗം ജനങ്ങൾ. അഹിന്ദുവായ ഉമ്മൻ ചാണ്ടി പുത്തൻകൂറ്റുകാരായ ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായത് എന്നതുമുതൽ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്.

എന്തുതന്നെയായാലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇദംപ്രഥമമായി കേരളം സന്ദർശിക്കുമ്പോൾ നടത്തിയ പരിപാടിയിൽനിന്ന് സംസ്​ഥാന മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ബി.ജെ.പി ഇതരർ ഭരിക്കുന്ന സംസ്​ഥാനങ്ങളിലെ സർക്കാറുകളോടുള്ള അദ്ദേഹത്തിെൻറയും പാർട്ടിയുടെയും അസഹിഷ്ണുതയായാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം നടപടികൾമൂലം ബി.ജെ.പി ഇതരർ ഭരിക്കുന്ന സംസ്​ഥാനങ്ങളോടുള്ള കേന്ദ്രത്തിെൻറ അവഹേളനവും അവഗണനയും പ്രതികാരദാഹവും ന്യായീകരിക്കാനോ മറച്ചുപിടിക്കാനോ ആവാത്തവിധം പ്രകടമാവുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സഹപ്രവർത്തകരും മോദിക്ക് സമർപ്പിച്ച പതിനഞ്ചിന ആവശ്യങ്ങളിൽ റബറിന് ഇറക്കുമതി ചുങ്കം കൂട്ടുന്നകാര്യം മാത്രമാണ് പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചിരിക്കുന്നത്. അഖണ്ഡഭാരതം സ്വപ്നംകാണുന്നവർ രാഷ്ട്രത്തിെൻറ നിലവിലുള്ള ഏകതയും ദേശീയ ഐക്യവും നഷ്ടപ്പെടുത്താൻ മാത്രമുതകുന്ന ചെയ്തികളിലേർപ്പെടുന്നത് തികഞ്ഞ വൈരുധ്യവും നാശഹേതുകവുമാണെന്ന് പറയാതെ വയ്യ.
 

Show Full Article
TAGS:madhyamam editorial 
Next Story