Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകൊള്ളാം; പക്ഷേ,...

കൊള്ളാം; പക്ഷേ, ഒട്ടും മതിയാകില്ല

text_fields
bookmark_border
കൊള്ളാം; പക്ഷേ, ഒട്ടും മതിയാകില്ല
cancel

കാലാവസ്ഥാ മാറ്റം തടുത്തുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഒപ്പുവെക്കപ്പെട്ട പാരിസ് ഉടമ്പടി, കടുത്ത നിരാശയില്‍നിന്ന് ഭൂമിയെ തല്‍ക്കാലത്തേക്ക് രക്ഷിക്കുന്നതില്‍ വിജയിച്ചുവെന്നുപറയാം. ഒന്നാമതായി, കാലാവസ്ഥാമാറ്റം അടിയന്തര ചികിത്സ ആവശ്യപ്പെടുന്ന പ്രതിസന്ധിയാണെന്ന് രാഷ്ട്ര നേതാക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടാമതായി, അന്തരീക്ഷ മലിനീകരണം കാര്യമായി കുറച്ചുകൊണ്ടുവന്നില്ളെങ്കില്‍ അതിജീവനം അസാധ്യമാണെന്നും അതുകൊണ്ട് ഇനിയും തര്‍ക്കിച്ചുനിന്നിട്ട് കാര്യമില്ളെന്നും അവര്‍ അംഗീകരിച്ചിരിക്കുന്നു. സമ്പന്ന രാഷ്ട്രങ്ങളും വന്‍കിട കോര്‍പറേറ്റുകളും കാല്‍നൂറ്റാണ്ടിലേറെക്കാലം തര്‍ക്കങ്ങള്‍ക്കായി പാഴാക്കിയതുകൊണ്ടാണ് പ്രശ്നം ഇത്ര വഷളായത് (1988ലായിരുന്നു കാലാവസ്ഥാ മാറ്റത്തെപ്പറ്റി ശാസ്ത്രജ്ഞര്‍ ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്). ഒടുവില്‍ നാശനഷ്ടങ്ങള്‍ ധാരാളം സംഭവിച്ചതിനുശേഷമെങ്കിലും അവരിപ്പോള്‍ കര്‍മരംഗത്തേക്ക് തിരിഞ്ഞിരിക്കുന്നു. മൂന്നാമതായി, മലിനീകരണത്തിന് ഉത്തരവാദികളായ സമ്പന്ന രാഷ്ട്രങ്ങള്‍ പരിഹാരത്തിന്‍െറ ചെലവും കുറെ വഹിക്കാമെന്ന് ഏറ്റിരിക്കുന്നു. നാലാമതായി, കഴിയും വേഗം ബദല്‍ ഊര്‍ജരീതികളിലേക്ക് മാറാന്‍ ലോകം തീരുമാനമെടുത്തിരിക്കുന്നു.
കുറെ ശുഭസൂചനകള്‍ക്കിടയിലും പാരിസ് ഉടമ്പടി പ്രശ്നപരിഹാരത്തിന് പര്യാപ്തമല്ല എന്ന വസ്തുത ബാക്കിനില്‍ക്കുന്നുണ്ട്. ഇത്രയെങ്കിലും സമവായം സാധ്യമാകുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വ്യാപകമായ ആശ്വാസത്തിന് അടിസ്ഥാനം. ജോര്‍ജ് മോണ്‍ബയട്ട് പറഞ്ഞപോലെ, ഉച്ചകോടിയുടെ പരിണതി എത്രത്തോളം മോശമായേനേ എന്നാലോചിക്കുമ്പോള്‍ ഈ ഉടമ്പടി ഒരു അദ്ഭുതമാണ്; എന്നാല്‍, അത് എന്താവേണ്ടിയിരുന്നു എന്ന് നോക്കുമ്പോള്‍ ഇതൊരു വന്‍ പരാജയവുമാണ്. ഉദാഹരണത്തിന്, വ്യവസായവത്കരണം തുടങ്ങുന്നതിന് മുമ്പത്തെ അന്തരീക്ഷതാപത്തേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വര്‍ധനയില്‍ ഒതുങ്ങിയില്ളെങ്കില്‍ അപരിഹാര്യമായ നാശത്തിലേക്ക് ഭൂമി കൂപ്പുകുത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പാരിസ് ഉടമ്പടിയനുസരിച്ച് രണ്ടു ഡിഗ്രിക്കും താഴെയായി ഇത് ഒതുക്കുമെന്ന് 189 രാജ്യങ്ങള്‍ ഏറ്റിരിക്കുന്നു. കഴിയുന്നിടത്തോളം, ഒന്നര ഡിഗ്രിയിലേക്ക് വര്‍ധന ചുരുക്കാന്‍ ശ്രമിക്കുമെന്നും പറയുന്നുണ്ട്. എന്നാല്‍, ഈ വര്‍ഷത്തോടെ ഒരു ഡിഗ്രി വര്‍ധന യാഥാര്‍ഥ്യമാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇനി അരയോ മുക്കാലോ ഡിഗ്രി മാത്രമേ വര്‍ധനക്ക് വകയുള്ളൂ എന്നര്‍ഥം. ഈ ബാധ്യത ഏറ്റെടുത്തെന്ന് പറയുന്ന ലോകരാഷ്ട്രങ്ങള്‍തന്നെ അതിന് കാണുന്ന കാലാവധി 2020നു ശേഷമാണ്! ഏറ്റെടുത്ത ലക്ഷ്യം നേടാതെപോയാല്‍ ആ രാജ്യങ്ങള്‍ക്ക് പ്രത്യേക ശിക്ഷയൊന്നുമില്ല. പല രാജ്യങ്ങളും കാര്‍ബണ്‍ നിര്‍ഗമന നിയന്ത്രണ ലക്ഷ്യം നേടാനുള്ള സാധ്യത കുറവാണ് -ഇന്ത്യതന്നെ കല്‍ക്കരിപ്പാടങ്ങള്‍ വ്യാപകമായി ഖനനംചെയ്യാന്‍ പോവുകയാണല്ളോ. ഫോസില്‍ ഇന്ധനമെന്ന വാക്കുപോലും പറയാതെ തയാറാക്കിയ ഉടമ്പടി, അത്തരം ഇന്ധനങ്ങള്‍ക്കുള്ള സബ്സിഡി എടുത്തുകളയുന്നതിനെപ്പറ്റിയോ, അവക്ക് പ്രത്യേക ചുങ്കം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റിയോ പറയുന്നില്ല. ഇപ്പോള്‍ അതത് രാജ്യങ്ങള്‍ സ്വയം നിര്‍ണയിച്ച ലക്ഷ്യങ്ങള്‍ നിറവേറിയാല്‍പോലും രണ്ടര ഡിഗ്രിയിലേറെ താപവര്‍ധന ഉണ്ടാകുമെന്നിരിക്കെ, ഈ പരിമിതലക്ഷ്യം നേടാനുള്ള വ്യക്തമായ കര്‍മപദ്ധതിപോലും ഇല്ളെന്നത് വലിയ പോരായ്മയാണ്. കാര്‍ബണ്‍ മലിനീകരണത്തിന്‍െറ വന്‍ സ്രോതസ്സുകളായ സൈനികകേന്ദ്രങ്ങള്‍, കപ്പല്‍-വ്യോമഗതാഗതം തുടങ്ങിയവയെയും പാരിസ് ഉടമ്പടി പരാമര്‍ശിക്കാതെ വിട്ടിരിക്കുന്നു.
നടപ്പാക്കേണ്ടതില്ലാത്ത ഉറപ്പുകള്‍ നല്‍കാന്‍ എളുപ്പമാണ്. മലിനീകരണം കുറച്ചുകൊണ്ടുവരാനും ബദല്‍ ഊര്‍ജവിദ്യകള്‍ വികസിപ്പിക്കാനും 2020ഓടെ വേണ്ടിവരുന്ന ചെലവ് വര്‍ഷംപ്രതി ഒരുലക്ഷം കോടി ഡോളറാണ്. ഇതില്‍തന്നെ 67,000 കോടി വികസ്വര രാജ്യങ്ങള്‍ക്ക് കിട്ടേണ്ടതുമാണ്. വ്യവസായവത്കൃത-സമ്പന്ന രാജ്യങ്ങളാണ് ഭൂമിയുടെ രോഗത്തിന് മുഖ്യകാരണക്കാര്‍ എന്നതിനാല്‍ പരിഹാരം കാണാനുള്ള ഈ ചെലവ് കൂടുതല്‍ വഹിക്കേണ്ടതും വികസിതരാജ്യങ്ങള്‍തന്നെ. എന്നാല്‍, അവര്‍ നല്‍കാമെന്നേറ്റിട്ടുള്ളത് 10,000 കോടി ഡോളര്‍ മാത്രമാണ്. കാലാവസ്ഥാ മാറ്റത്തിന്‍െറ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ദരിദ്രരാജ്യങ്ങള്‍ക്ക് സുരക്ഷാനടപടികള്‍ക്ക് വേറൊരു 15,000 കോടി ഡോളര്‍ വര്‍ഷംപ്രതി കിട്ടേണ്ടതുണ്ട്. ഇതെല്ലാം എവിടെനിന്ന് കിട്ടും? സൈന്യങ്ങള്‍ക്കുവേണ്ടി രാജ്യങ്ങള്‍ ഓരോ വര്‍ഷവും രണ്ടുലക്ഷം കോടി ഡോളര്‍ ചെലവാക്കുന്നുണ്ടെങ്കിലും ഭൂമിയെയും ജീവജാലങ്ങളെയും രക്ഷിക്കുന്നതിന് രാഷ്ട്രബജറ്റുകളില്‍ അത്ര മുന്‍ഗണന ഇല്ലല്ളോ. ഭൂമിയേക്കാള്‍ മുന്‍ഗണന രാജ്യങ്ങള്‍ക്കാണ്!
ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് സുസ്ഥിര ഊര്‍ജസ്രോതസ്സുകളിലേക്ക് മാറാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചതാണ് പ്രത്യാശ പകരുന്ന ഒരുകാര്യം. വിവിധ രാജ്യങ്ങള്‍ ഏറ്റെടുത്ത ലക്ഷ്യങ്ങള്‍ എത്രത്തോളം നിറവേറ്റിയെന്ന് കൂടക്കൂടെ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. മാത്രമല്ല, ആ ലക്ഷ്യങ്ങള്‍ പുന$പരിശോധിക്കാനും കഴിയുന്നത്രവേഗത്തില്‍ ഫോസില്‍ ഇന്ധനത്തിന്മേലുള്ള ആശ്രിതത്വം ഇല്ലാതാക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കാലാവസ്ഥാമാറ്റം സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളിലത്തെിക്കാനും ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിന് അവരെ സന്നദ്ധരാക്കാനും വിവിധ സര്‍ക്കാറുകള്‍ക്ക് കഴിയണം. പക്ഷേ, അന്തിമമായ പരിഹാരം സാങ്കേതികമാറ്റങ്ങളിലല്ല നിലകൊള്ളുന്നത് -അനീതിയും സംഘര്‍ഷങ്ങളും യുദ്ധങ്ങളും പഴങ്കഥയാക്കാന്‍ പോന്ന രാഷ്ട്രീയ പരിഹാരങ്ങളിലാണ്. നീതിയും സമാധാനവുമാണ് ഭൂമിയെ നിലനിര്‍ത്തുക -ചൂഷണവും അനീതിയും അതിനെ നാശത്തിലേക്ക് നയിക്കും.

Show Full Article
TAGS:editorial 
Next Story