Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഏക സിവിൽ...

ഏക സിവിൽ കോഡിനെക്കുറിച്ച് സുപ്രീംകോടതി

text_fields
bookmark_border
ഏക സിവിൽ കോഡിനെക്കുറിച്ച് സുപ്രീംകോടതി
cancel

ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് ചീഫ് ജസ്​റ്റിസ്​ ടി.എസ്​. ഠാകുർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നവംബർ ഏഴിന് പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്. ഏക സിവിൽകോഡ് ഇല്ലാത്തതുകാരണം മുസ്​ലിംസ്​ത്രീകൾ കഷ്ടപ്പെടുകയാണെന്നും അവരെ രക്ഷപ്പെടുത്താൻ ഏക സിവിൽകോഡ് നടപ്പാക്കാൻ സർക്കാറിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിക്കാരനായ അശ്വനി കുമാർ ഉപാധ്യായയാണ് പ്രഗല്ഭ അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം മുഖേന സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഏക സിവിൽകോഡ് നടപ്പാക്കാൻ സർക്കാറിനോട് ആവശ്യപ്പെടാൻ കോടതിക്ക് കഴിയില്ലെന്നും അത് പാർലമെൻറിെൻറ ജോലിയാണ് എന്നുമാണ് സുപ്രീംകോടതി വിധിപ്രസ്​താവത്തിൽ പറഞ്ഞത്.

ഏക സിവിൽകോഡിെൻറ ആവശ്യത്തെക്കുറിച്ച് സുപ്രീംകോടതിതന്നെ മുമ്പ് നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടല്ലോ എന്ന് അഡ്വ. ഗോപാൽ സുബ്രഹ്മണ്യം ചൂണ്ടിക്കാണിച്ചപ്പോൾ അത് ‘പ്രതീക്ഷയുടെയും ആഗ്രഹങ്ങളുടെയും മണ്ഡലം’ മാത്രമാണെന്നായിരുന്നു ചീഫ് ജസ്​റ്റിസിെൻറ മറുപടി. ഇവ്വിഷയകമായി സുപ്രീംകോടതിക്ക് നിയമമുണ്ടാക്കാൻ കഴിയില്ല.1993ൽതന്നെ ഇക്കാര്യത്തിൽ കോടതി തീർപ്പുകൽപിച്ചതാണ്. ഏക സിവിൽകോഡ് ഇല്ലാത്തതുകാരണം മുസ്​ലിംസ്​ത്രീകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ആവലാതിയുമായി വരേണ്ടതെന്നും കോടതി നിർദേശിച്ചു.ആധുനികവും പുരോഗമനാത്മകവുമായ സമൂഹത്തിെൻറ സൃഷ്ടിപ്പ് എന്നതിലുപരി പിന്തിരിപ്പൻ വർഗീയ അജണ്ടയുടെ ആയുധമായിട്ടാണ് സംഘ്പരിവാർ ഏക സിവിൽകോഡിനെ പരിഗണിച്ചുപോന്നത്. തങ്ങൾ അധികാരത്തിലിരിക്കെ കോടതിയെക്കൊണ്ട് അനുകൂലമായ വിധി ഒപ്പിച്ചെടുത്ത് അജണ്ട നടപ്പാക്കിക്കളയാം എന്നതായിരുന്നു അവരുടെ വിചാരം. ഈ ഗൂഢ ലക്ഷ്യത്തിനേറ്റ പ്രഹരമാണ്  ചൊവ്വാഴ്ചത്തെ സുപ്രീംകോടതി വിധി.

ഏക സിവിൽകോഡിനെക്കുറിച്ച്, വൈകാരികതയില്ലാത്തതും അവർഗീയവുമായ ഗൗരവ ചർച്ച നടക്കുന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. പക്ഷേ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുസ്​ലിം അപരവത്കരണത്തിെൻറ ആയുധമായി ബി.ജെ.പി അത് എപ്പോഴും ഉപയോഗിക്കുന്നതാണ് പ്രശ്നം. യഥാർഥത്തിൽ സിവിൽ കോഡ് എന്നത് മുസ്​ലിംകളുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിൽ ഏക സിവിൽകോഡ് വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ, പത്രിക പുറത്തിറക്കിയ അടുത്ത ദിവസംതന്നെ മുതിർന്ന ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലി അതിനെ തള്ളിപ്പറഞ്ഞു. കാരണം ലളിതം; അദ്ദേഹം മത്സരിക്കുന്ന അമൃത്സറിൽ സിഖുകാർ നിർണായകമാണ്. തങ്ങൾക്ക് സ്വന്തമായ സിവിൽകോഡ് വേണമെന്നതാണ് സിഖ് സംഘടനകളുടെ നിലപാട് (എന്തായാലും തെരഞ്ഞെടുപ്പിൽ ജെയ്റ്റ്ലി തോറ്റു). അതായത്, ഇവിടെ മുസ്​ലിംകൾക്ക് മാത്രമല്ല സ്വന്തമായി സിവിൽകോഡ് ഉള്ളത്. ഏക സിവിൽകോഡ് എന്ന മഹത്തായ ആശയം നടപ്പാക്കപ്പെടാത്തത് മുസ്​ലിംകളുടെ എന്തോ ദുർവാശികൊണ്ടാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നത് സംഘ്പരിവാറിെൻറ ആവശ്യമാണ്.

രാജ്യത്തിെൻറ ഏകതയും അഖണ്ഡതയും നിലനിർത്താൻ ഒറ്റ നിയമം വേണമെന്നത് പഴഞ്ചൻ ആശയമാണ്. ലോകത്ത് വൻ ശക്തിയായി നിൽക്കുന്ന രാജ്യമാണ്  ബ്രിട്ടൻ. അവിടെ സ്​കോട്ടിഷ് നിയമം, ഇംഗ്ലീഷ് നിയമം എന്നിങ്ങനെ രണ്ട് നിയമങ്ങളുണ്ട്. ക്രിമിനൽ നിയമങ്ങൾവരെ അവിടെ രണ്ടു തരമാണ്. ആയതിനാൽ, ഒരു അഖണ്ഡതയുമില്ലാതെ ബ്രിട്ടൻ ദുർബലമായിപ്പോയി എന്നാരും പറയില്ല. വ്യത്യസ്​ത സാംസ്​കാരിക, സാമൂഹിക വിഭാഗങ്ങൾക്ക് അവരുടെതായ നിയമങ്ങളുണ്ടാവുന്നത് ബഹുസ്വരതയുടെ കരുത്തായിട്ടാണ് വികസിത ജനാധിപത്യം മനസ്സിലാക്കുന്നത്. ഏക നിയമത്തിനു വേണ്ടി മുറവിളി കൂട്ടുന്ന സംഘ്പരിവാറും ഇടതുപക്ഷവും പക്ഷേ, ജനാധിപത്യത്തിെൻറ ഈ വികാസത്തെ മനസ്സിലാക്കുന്നില്ല.
രാജ്യം ഹിന്ദുരാഷ്ട്രമാക്കുമെന്ന് പ്രഖ്യാപിക്കുന്ന ഒരുസംഘം ഏക സിവിൽകോഡിനുവേണ്ടി വാദിക്കുമ്പോൾ അവർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമം എന്തായിരിക്കും എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ഇനി, അതിനുവേണ്ടി വാദിക്കുന്ന മറ്റുള്ളവരാകട്ടെ, ഒരു പൊതു സിവിൽകോഡിെൻറ കരട് മാതൃകപോലും ഇതുവരേക്കും സംവാദത്തിനായി പോലും മുന്നോട്ടുവെച്ചിട്ടില്ല. തികച്ചും ശൂന്യമായ ഇത്തരമൊരു സാഹചര്യത്തിൽ ഏക സിവിൽകോഡിനായുള്ള മുറവിളി സംഘ്പരിവാറിെൻറ പ്രതിലോമ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്ന് എല്ലാവരും മനസ്സിലാക്കണം.

മുസ്​ലിംകൾ ശരീഅത്ത് ഉപയോഗിച്ച് സ്​ത്രീകളെ ആകപ്പാടെ അരച്ചു കുഴച്ച് പിഴിയുകയാണ് എന്നത് ലിബറലുകളും ഹിന്ദുത്വവാദികളും നിരന്തരം പ്രചരിപ്പിക്കുന്ന ആശയമാണ്. അങ്ങനെ, രക്ഷാകർത്താക്കളുടെ ആർഭാടപൂർണമായ ബാഹുല്യംകൊണ്ട് പൊറുതിമുട്ടുന്നവരാണ് മുസ്​ലിംസ്​ത്രീകൾ. ഏറ്റവും ഒടുവിലത്തെ സുപ്രീംകോടതിയിലെ ഹരജിയും ആ രക്ഷാകർതൃ ആകുലതയാൽ സമർപ്പിക്കപ്പെട്ടതാണ്. പക്ഷേ, ഈ രക്ഷാകർത്താക്കളെ ഒട്ടുമേ പരിഗണിക്കാതെ മുന്നോട്ട് കുതിക്കുന്നതാണ് സമകാലിക മുസ്​ലിംസ്​ത്രീത്വത്തിെൻറ നേരവസ്​ഥ. അതേസമയം, ശരീഅത്തിെൻറതന്നെ ഉന്നത താൽപര്യങ്ങൾക്ക് വിരുദ്ധമായ പല ഘടകങ്ങളും നിലവിലെ മുസ്​ലിംവ്യക്തിനിയമത്തിൽ ഉണ്ട് എന്നതും വാസ്​തവമാണ്. അതിനെതിരായ ശബ്ദങ്ങൾ മുസ്​ലിം കേന്ദ്രങ്ങളിൽനിന്നുതന്നെ ഉയരുന്നുമുണ്ട്. അത്തരം ശബ്ദങ്ങളെ ശക്തിപ്പെടുത്തുകയും ഏക സാംസ്​കാരികത അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുകയുമാണ് യാഥാർഥ്യബോധമുള്ളവർ ചെയ്യേണ്ടത്. അങ്ങനെ ചിന്തിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്നതാണ് സുപ്രീംകോടതി വിധി.

Show Full Article
TAGS:madhyamam editorial 
Next Story