സാമുദായിക ധ്രുവീകരണത്തിനൊരു ജനസേന
text_fieldsകാസർകോട്ടുനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് സമാപിച്ച എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ സമത്വമുന്നേറ്റ യാത്രക്കൊടുവിൽ അദ്ദേഹം പ്രഖ്യാപിച്ച ഭാരത് ധർമ ജന സേന (ബി.ഡി.ജെ.എസ്) എന്ന രാഷ്ട്രീയപാർട്ടി ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും അത് കേരളത്തിൽ വേരുപിടിക്കില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. ആർ.എസ്.എസ്–സംഘ്പരിവാർ ശക്തികളുടെ ദല്ലാളായി പ്രവർത്തിക്കുകയാണ് വെള്ളാപ്പള്ളിയെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. വെള്ളാപ്പള്ളിയുടെ പുതിയ പാർട്ടി ആർ.എസ്.എസ്–ബി.ജെ.പി പദ്ധതിയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പുതിയ പാർട്ടി ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജൻസിയാണെന്ന് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും. ചുരുക്കത്തിൽ, യു.ഡി.എഫും എൽ.ഡി.എഫും മറ്റെന്തുകാര്യത്തിൽ വിയോജിച്ചാലും എസ്.എൻ.ഡി.പി സുപ്രീമോ വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ച രാഷ്ട്രീയപാർട്ടി സദുദ്ദേശ്യപൂർവം രൂപംനൽകിയ ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമല്ലെന്ന കാര്യത്തിൽ രണ്ടു മുന്നണികളും യോജിപ്പാണ്.
തെൻറ പാർട്ടിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രമല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടതോ ഒരു മതത്തിനും വിധേയമായല്ല, മതേതര സ്വഭാവത്തിൽ എല്ലാ വിഭാഗങ്ങളെയും സഹോദരതുല്യമായി ഉൾക്കൊണ്ടാണ് രാഷ്ട്രീയപാർട്ടി പ്രവർത്തിക്കുകയെന്ന് വ്യക്തമാക്കിയതോ ഒന്നും യു.ഡി.എഫും എൽ.ഡി.എഫും മാത്രമല്ല, കേരളത്തിലെ ജനങ്ങളിൽ അധികപേരും മുഖവിലക്കെടുക്കുന്നില്ല. ബി.ജെ.പി പ്രസിഡൻറ് അമിത് ഷായുടെ മാർഗദർശനത്തിൽ, ആർ.എസ്.എസിെൻറ സജീവ പങ്കാളിത്തത്തോടെ പുതിയ പാർട്ടി രൂപവത്കരിക്കുന്നതിെൻറ മുന്നോടിയായി വെള്ളാപ്പള്ളി നടത്തിയ തീവ്ര വർഗീയ പ്രസംഗങ്ങളാണ് ജനങ്ങളുടെ മുന്നിൽ എന്നതാണ് പ്രധാന കാരണം. ശംഖുമുഖത്തെ യാത്രാ സമാപന പരിപാടിയിൽപോലും വർഗീയധ്രുവീകരണം ലക്ഷ്യമാക്കിയ പ്രചാരണമാണ് അദ്ദേഹം നടത്തിയത്. ഭൂരിപക്ഷ സമുദായത്തെ തീർത്തും തഴഞ്ഞ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയും അവർക്ക് വാരിക്കോരി കൊടുക്കുകയുമായിരുന്നു കേരളം ഇന്നേവരെ ഭരിച്ച ഇടത്–വലത് സർക്കാറുകളെന്ന് പച്ചക്കള്ളം വെള്ളാപ്പള്ളി തട്ടിവിട്ടു. ന്യൂനപക്ഷങ്ങൾക്ക് നൽകിവരുന്ന വിവിധ ആനുകൂല്യങ്ങളുടെ കണക്കുകൾ അദ്ദേഹം നിരത്തിയപ്പോൾ അതിലും എത്രയോ ഇരട്ടി തെൻറ സംഘടനക്കും ജാതിക്കും നൽകിയകാര്യം പാടെ മറച്ചുവെച്ചു.
വെള്ളാപ്പള്ളിയുടെ ലക്ഷ്യം എന്തായാലും അദ്ദേഹത്തിെൻറ പാത സുഗമമല്ലെന്ന് വ്യക്തം. രാഷ്ട്രീയേതര സാമുദായിക സംഘടനയായ എസ്.എൻ.ഡി.പിയുടെ ജനറൽ സെക്രട്ടറി പദവി വെല്ലുവിളികളില്ലാതെ തുടർന്നുകൊണ്ടുപോവാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നതാണൊരു ചോദ്യം. കാരണം, ധർമപരിപാലന യോഗത്തിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മറ്റ് പാർട്ടിക്കാരും വേണ്ടത്രയുണ്ട്.
സർക്കാർഭൂമിയും സ്കൂളുകളും കോളജുകളും അനുവദിക്കുന്നതിൽ എസ്.എൻ ട്രസ്റ്റിനെയോ എസ്.എൻ.ഡി.പിയെയോ അവഗണിക്കാൻ ഒരു സർക്കാറും ഉദ്യുക്തമായിട്ടില്ലെന്ന സത്യം അദ്ദേഹം സൗകര്യപൂർവം വിസ്മരിച്ചു. നമ്പൂതിരി മുതൽ നായാടിവരെയുള്ള ജാതികളെ ഒറ്റച്ചരടിൽ കോർക്കാൻ ഇറങ്ങിപ്പുറപ്പെട്ട വെള്ളാപ്പള്ളി പട്ടികജാതി–വർഗങ്ങൾക്ക് സർക്കാർ അനുവദിച്ച സംവരണവും ധനസഹായവും സ്കോളർഷിപ്പുകളും ഭൂരിപക്ഷസമുദായത്തിെൻറ പട്ടികയിൽ വരവുവെക്കാൻ വിസമ്മതിച്ചു. കോഴിക്കോട്ട് മാൻഹോളിൽ ഓടവെള്ളത്തിൽ പ്രാണനുവേണ്ടി പൊരുതുന്ന രണ്ടു തൊഴിലാളികളെ മുൻ പിൻ നോക്കാതെ രക്ഷിക്കാൻ ശ്രമിക്കെ ജീവത്യാഗംചെയ്ത നൗഷാദ് എന്ന ഓട്ടോ തൊഴിലാളിയുടെ നിരാലംബരായ കുടുംബത്തിന് തൊഴിൽ നൽകുമെന്ന മുഖ്യമന്ത്രിയുടെ ഓഫർപോലും മുസ്ലിം പ്രീണനത്തിെൻറ പട്ടികയിലെണ്ണിയ വെള്ളാപ്പള്ളിയുടെ, തേൻറത് മതേതരവിരുദ്ധ പാർട്ടിയല്ലെന്ന അവകാശവാദം ചിരിക്കാൻ വകനൽകുന്നതാണ്.
വെള്ളാപ്പള്ളിയുടെ ലക്ഷ്യം എന്തായാലും അദ്ദേഹത്തിെൻറ പാത സുഗമമല്ലെന്ന് വ്യക്തം. രാഷ്ട്രീയേതര സാമുദായിക സംഘടനയായ എസ്.എൻ.ഡി.പിയുടെ ജനറൽ സെക്രട്ടറി പദവി വെല്ലുവിളികളില്ലാതെ തുടർന്നു കൊണ്ടുപോവാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നതാണൊരു ചോദ്യം. കാരണം, ധർമപരിപാലന യോഗത്തിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മറ്റ് പാർട്ടിക്കാരും വേണ്ടത്രയുണ്ട്. അവരിൽ ഒരുവിഭാഗത്തെ ബി.ജെ.പി പാളയത്തിലേക്ക് കൊണ്ടുപോവാനേ ഏറിവന്നാൽ അദ്ദേഹത്തിന് കഴിയൂ. മറ്റുള്ളവർ അദ്ദേഹത്തിെൻറ ഡബ്ൾ റോളിനെ ചോദ്യംചെയ്യാതിരിക്കില്ല. ജന സേനയിലേക്ക് മറ്റ് ജാതി സംഘടനകളെയും അദ്ദേഹം സ്വാഗതം ചെയ്തിരിക്കെ തെൻറ ഈഴവ പ്രമാണിത്തം അവർ എത്ര അളവിൽ പൊറുപ്പിക്കുമെന്നതും പ്രശ്നമാണ്.
മുസ്ലിം, ക്രിസ്ത്യൻവിരോധം എന്ന ഏകയിന അജണ്ടയല്ലാതെ ക്രിയാത്മകമായ ഒരു തത്ത്വത്തിെൻറയും ബലത്തിലല്ല വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ നിലനിൽപ് എന്നതാണ് സത്യം. മുൻ എസ്.ആർ.പിയുടെ ഗതി ബി.ഡി.ജെ.എസിനും വരാതിരിക്കാൻ സംഘ്പരിവാർ ജാഗ്രത പുലർത്തിയേക്കാം. പക്ഷേ, അദ്ദേഹത്തിെൻറ വ്യക്തിപരമായ താൽപര്യങ്ങൾക്കും നേട്ടങ്ങൾക്കുമുപരി പാർട്ടിയെ പിളരാതെയും പതറാതെയും പിടിച്ചുനിർത്താൻ അവർക്കുപോലും സാധിക്കണമെന്നില്ല. എന്നാൽ, പുതിയ ബാന്ധവം ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുവിഭാഗം ഈഴവവോട്ടുകൾ ബി.ജെ.പിക്ക് നേടിക്കൊടുക്കാനാണിട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
