Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightചെന്നൈ...

ചെന്നൈ നമ്മോടുപറയുന്നത്

text_fields
bookmark_border
ചെന്നൈ നമ്മോടുപറയുന്നത്
cancel

അഭൂതപൂര്‍വമായ പ്രളയക്കെടുതിയില്‍നിന്ന് ചെന്നൈ നഗരവും സമീപപ്രദേശങ്ങളും മോചിതമായിട്ടില്ല. മഴ ശമിക്കുന്നതുംകാത്ത് ലക്ഷങ്ങള്‍ ഇരിക്കെ, അത്യാവശ്യമേഖലകളില്‍ പൊതുസേവനം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളം തുറന്നു; ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിച്ചുകൊണ്ടിരിക്കുന്നു. അതേസമയം പലേടത്തുമായി കുടുങ്ങിക്കിടക്കുന്നവരെ മുഴുവനായും ഒഴിപ്പിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള വന്‍ ദുരന്തവേളകളിലെല്ലാമെന്നപോലെ ചെന്നൈയിലും ദുരിതമനുഭവിക്കുന്നവരോടുള്ള അനുതാപവും ഐക്യദാര്‍ഢ്യവും മനുഷ്യനന്മയുടെ മറ്റൊരു സാക്ഷ്യമാകുന്നുണ്ട്. സ്വന്തം വീടുകള്‍ തുറന്നിട്ട് അഭയംനല്‍കാന്‍ തയാറായവര്‍, ഭരണകൂടം നിശ്ചലമായപ്പോഴും മെഴുകുതിരിയും സഹായസന്നദ്ധതയുമായി പേമാരിയുടെ ഇരുട്ടിലേക്ക് എടുത്തുചാടിയവര്‍, സാമ്പത്തികസഹായവും ഭക്ഷണവും മരുന്നുമായി ദുരിതബാധിതര്‍ക്ക് താങ്ങായി പലേടത്തുനിന്നും ഒരുങ്ങിയിറങ്ങിയ സന്നദ്ധസേവകരും സംഘടനകളും സ്ഥാപനങ്ങളും അഭയകേന്ദ്രങ്ങളായി മാറ്റപ്പെട്ട മസ്ജിദുകളും അമ്പലങ്ങളും -മനുഷ്യനന്മയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന അനേകം അനുഭവകഥകള്‍ക്ക് ചെന്നൈ നിമിത്തമായിരിക്കുന്നു. സാധാരണക്കാരാണ് ഇവിടെയും താരങ്ങള്‍. അതേസമയം, സര്‍ക്കാര്‍ പൂര്‍ണപരാജയമായി എന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. മാത്രമല്ല, മഹാദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഉപയോഗിക്കാനും നേതാക്കള്‍ മടിച്ചില്ല. ദുരിതാശ്വാസമായി വിതരണംചെയ്യുന്ന പാക്കറ്റുകളില്‍ മുഖ്യമന്ത്രി ജയലളിതയുടെ പടമൊട്ടിക്കാന്‍വേണ്ടി അവ വെച്ചുതാമസിപ്പിച്ചത് ക്രൂരമെന്നേ പറയാനാവൂ. ചെയ്യേണ്ടതൊന്നും ചെയ്യാതെ മുതലെടുപ്പുനടത്താനാണ് സര്‍ക്കാര്‍ മുതിര്‍ന്നതെന്ന ആക്ഷേപം വ്യാപകമാണ്. ദുരന്തമുഖത്ത് സ്വയം സമര്‍പ്പിതമായി, എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കേണ്ട ഒൗദ്യോഗിക സംവിധാനങ്ങള്‍ മിക്കവാറും നിഷ്ക്രിയമായിരുന്നു. പരക്കെയുണ്ടായ വിമര്‍ശങ്ങളെ തുടര്‍ന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും നിലത്തിറങ്ങിയിട്ടുണ്ടെങ്കിലും സാധാരണജനങ്ങളും സന്നദ്ധസംഘങ്ങളും ചെയ്യുന്നതിന്‍െറ ചെറിയൊരംശമേ അവര്‍ ഇപ്പോഴും ചെയ്യുന്നുള്ളൂ എന്ന ആക്ഷേപമുണ്ട്. രക്ഷാദൗത്യവുമായത്തെിയ സൈനിക വിഭാഗങ്ങളെയും വിമാനങ്ങളെയും ചില ഉന്നതര്‍ സ്വന്തക്കാരെ രക്ഷപ്പെടുത്താനായി വഴിതെറ്റിച്ചത് ആയിരങ്ങളെ അപായപ്പെടുത്തിക്കൊണ്ടാണെന്ന ആരോപണവും തള്ളിക്കളയാവുന്നതല്ല. സൈനികരും പ്രാദേശിക ഭരണകൂടങ്ങളും തമ്മില്‍ ഏകോപനം വേണ്ടത്രയില്ലാതെ പോയതുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ ദുരിതമേറെ ബാധിച്ച ദിക്കുകള്‍ വിട്ട് മറ്റിടങ്ങളില്‍ എത്തിപ്പെട്ട സംഭവങ്ങളുമുണ്ടായി. ഇത്തരം പരാജയം ഒരു എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിന്‍േറത് മാത്രവുമല്ല. പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിലും ദുരിതങ്ങള്‍ അടിയന്തരപ്രവര്‍ത്തനങ്ങളിലൂടെ തരണംചെയ്യുന്നതിലും ഇന്ത്യയിലെ വിവിധ സംവിധാനങ്ങള്‍ തൃപ്തികരമായ തോതില്‍ വിജയിച്ച ഉദാഹരണങ്ങള്‍ ഏറെയില്ല. അടിയന്തരഘട്ടങ്ങളാണ് ഭരണസംവിധാനത്തിന്‍െറ കാര്യക്ഷമത അളക്കുക എന്നുപറയാറുണ്ട്. ആ അര്‍ഥത്തില്‍ നമ്മുടെ ഭരണകൂടങ്ങള്‍ കാര്യക്ഷമത ഇനിയും ആര്‍ജിച്ചിട്ടുവേണം. സാധാരണക്കാര്‍ വെറുംകൈയും ചിലപ്പോള്‍ സ്മാര്‍ട്ട് ഫോണുമായി ചെയ്ത സേവനങ്ങള്‍പോലും ഒൗദ്യോഗികതലത്തില്‍ ആദ്യം ലഭ്യമായിരുന്നില്ലല്ളോ. ചെന്നൈ ദുരന്തത്തില്‍ ഒരുപാട് വീഴ്ചകള്‍ക്ക് സര്‍ക്കാര്‍ ഉത്തരംപറയേണ്ടതുണ്ട്.
ഒപ്പം, വികസനവും സമൂഹസുരക്ഷയും എങ്ങനെ ഒരുമിച്ചുകൊണ്ടുപോകാമെന്ന ‘പഴഞ്ചന്‍’ ചിന്തകള്‍ പൊടിതട്ടിയെടുക്കേണ്ട ഘട്ടവുമത്തെിയിരിക്കുന്നു. വ്യവസായവത്കരണത്തിന്‍െറ ചിറകിലേറിയുള്ള അതിവികസന മാതൃകയുടെ തിക്തഫലമാണ് കാലാവസ്ഥാമാറ്റവും ചെന്നൈ ദുരന്തമടക്കമുള്ള പ്രത്യാഘാതങ്ങളും. നര്‍മദ മുതല്‍ കൂടങ്കുളം വരെയുള്ള പദ്ധതികള്‍ക്കും പ്രകൃതിസന്തുലനം തകിടംമറിച്ചുള്ള കടും വികസനത്തിനുമെതിരെ സംസാരിച്ചവരെ പരിസ്ഥിതി തീവ്രവാദികളെന്ന് വിളിച്ചവര്‍ക്ക് വീണ്ടുവിചാരത്തിന് സമയമായിരിക്കുന്നു. കായലുകള്‍ നികത്തിയും അവശ്യനീര്‍ച്ചാലുകള്‍ കൊട്ടിയടച്ചും ചെന്നൈയിലും ചുറ്റും കെട്ടിപ്പൊക്കിയ വികസനക്കൊട്ടാരങ്ങളാണ് പ്രളയദുരന്തത്തെ ഇത്ര രൂക്ഷമാക്കിയത്. ഭൂമാഫിയയും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ടിനൊന്നും തടുക്കാനാവാത്ത വെള്ളപ്പൊക്കത്തില്‍ നാശമനുഭവിക്കുന്നത് എല്ലാവരുമാണ്. ആ നിലക്ക് ചെന്നൈ പ്രളയം ഒരു ഉണര്‍ത്തലാണ്. ആസൂത്രണത്തില്‍ പരിസ്ഥിതിക്ക് ഒരു സ്ഥാനംവേണമെന്നും അത് അട്ടിമറിക്കാന്‍ ആര്‍ത്തിപൂണ്ട കോര്‍പറേറ്റുകളെയോ സ്വാര്‍ഥമതികളായ ‘പൊതുസേവകരെ’യോ അനുവദിച്ചുകൂടെന്നും ചെന്നൈ പറയുന്നുണ്ട്. കെട്ടിടങ്ങളിലും മറ്റും കുടുങ്ങി ദാഹജലത്തിനുപോലും വഴിയില്ലാതെ മരിച്ചുപോയവരും ആഡംബരക്കാറുകളും കൂറ്റന്‍ ബാങ്ക് ബാലന്‍സുമൊന്നും ഉപകാരപ്പെടാതെ മറ്റാരെയുംപോലെ മരണത്തിന് കീഴടങ്ങിയവരും ജീവിച്ചിരിക്കുന്നവരെ ചില ആത്യന്തിക വിചാരങ്ങളിലേക്ക് നയിക്കേണ്ടതുണ്ട്. ദുര മൂത്ത് കെട്ടിപ്പൊക്കുന്ന സ്വാര്‍ഥതയുടെ സൗധങ്ങള്‍ ഇടുങ്ങിയിടുങ്ങി പ്രയോജനംചെയ്യാത്ത നേരമുണ്ട്; ഏറ്റവും വലിയ സമ്പന്നനും ഏറ്റവും കരുത്തനും സമുന്നതനായ അധികാരിയുമൊക്കെ ഒരേ നിസ്സഹായതയുടെ മൂര്‍ച്ചയറിയുന്ന നിമിഷങ്ങള്‍. തീര്‍ത്തും നിസ്സാരമായ സ്വന്തത്തിനും സ്വന്തംതാല്‍പര്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുമപ്പുറം ആര്‍ദ്രതയുടേതായ മറ്റൊരു വിശാലലോകം സൃഷ്ടിക്കാനുള്ള ക്ഷണംകൂടിയാവാം പ്രകൃതിക്ഷോഭങ്ങള്‍ -മനുഷ്യന്‍ ചിന്തിക്കുമെങ്കില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialchennai flood
Next Story