Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightചീഫ് ജസ്​റ്റിസിന്‍റെ...

ചീഫ് ജസ്​റ്റിസിന്‍റെ നയപ്രഖ്യാപനം

text_fields
bookmark_border
ചീഫ് ജസ്​റ്റിസിന്‍റെ നയപ്രഖ്യാപനം
cancel

അന്യപൗരന്മാർക്കുപോലും നിയമവ്യവസ്​ഥയുടെ പരിരക്ഷ ഭരണഘടന ഉറപ്പുവരുത്തുന്നുവെന്നിരിക്കെ, ഇന്ത്യക്കാർ ഏതു മതക്കാരോ വിശ്വാസികളോ ആയിരുന്നാലും അരക്ഷിതബോധം അനുഭവിക്കേണ്ട പ്രശ്നമുദിക്കുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്​റ്റിസായി നിയമിതനായ ജസ്​റ്റിസ്​ തിറാത് സിങ് ഠാകുർ വ്യക്തമാക്കുന്നു. സഹപൗരന്മാരുടെ വിശ്വാസാദർശങ്ങളെ സംരക്ഷിക്കാൻ സുപ്രീംകോടതിക്ക് ഒരു മടിയുമില്ലെന്നും നിയമവ്യവസ്​ഥയും നടപടിച്ചട്ടങ്ങളും നിലനിൽക്കുവോളം ആർക്കും രാജ്യത്ത് പേടിച്ചുജീവിക്കേണ്ട കാര്യമില്ലെന്നും പരമോന്നത നീതിപീഠത്തിെൻറ മുഖ്യ ന്യായാധിപൻ ഉറച്ചുപറയുന്നു. മതപരമായ വിവേചനവും ശിക്ഷയും പേടിച്ച് സ്വന്തം നാടുവിട്ട് ഓടിപ്പോന്നവർക്ക് അഭയം നൽകിയ നാടാണിതെന്നും പിന്നീട് വ്യത്യസ്​ത മതവിശ്വാസികൾ ഇവിടെ വളർന്നു വികസിക്കുകയായിരുന്നുവെന്നും പാഴ്സി സമുദായത്തിെൻറ ചരിത്രത്തിലേക്ക് ചൂണ്ടി അദ്ദേഹം ഉദാഹരിക്കുന്നുമുണ്ട്. സ്​ഥാനമേറ്റെടുത്ത ശേഷം മാധ്യമപ്രവർത്തകരുമായി നടത്തിയ ആശയവിനിമയത്തിലാണ് ചീഫ് ജസ്​റ്റിസ്​ ഠാകുറിെൻറ ശ്രദ്ധേയമായ അഭിപ്രായപ്രകടനങ്ങൾ.

നീതിക്കുവേണ്ടിയുള്ള അന്വേഷണത്തിൽ ഏതു പൗരെൻറയും അവസാനത്തെ ആശ്രയമായ ജുഡീഷ്യറിയുടെ തലപ്പത്തുനിന്ന് യാഥാർഥ്യബോധത്തോടു കൂടിയ ഇത്തരമൊരു ശബ്ദം പൗരന്മാർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. സാമൂഹിക വിമർശത്തിനു മുതൽ മാട്ടിറച്ചി കഴിക്കുന്നതിനു വരെ ക്രൂരമായ കൊല ശിക്ഷ വിധിച്ച് ഫാഷിസം സംഹാരതാണ്ഡവം തുടങ്ങിയതോടെ രാജ്യത്തിെൻറ മുഖമുദ്രയായ സഹിഷ്ണുതക്കു മുറിവേറ്റപ്പോഴാണ് ജനം അതിനെതിരെ ഉണർന്നെണീറ്റത്. ഫാഷിസ്​റ്റുകളുടെ ക്രൂരതകൾക്ക് സ്വന്തം അനുയായികളായതിനാൽ കേന്ദ്രഭരണം മൗനാനുമതി നൽകുന്ന തരത്തിൽ നിസ്സംഗമായിരിക്കുകയും ഈ നിശ്ശബ്ദ ഭീതി പൊതുമണ്ഡലത്തിലേക്ക് വ്യാപിച്ചുതുടങ്ങുകയും ചെയ്യുന്ന ഘട്ടത്തിൽ അസഹിഷ്ണുതക്കെതിരെ കൈയും കെട്ടി നോക്കിനിൽക്കുന്ന ഭരണത്തോടും അതിനെ നയിക്കുന്ന കക്ഷികളോടും രാജ്യത്ത് പ്രതിഷേധം വളരുകയായിരുന്നു.

അപ്പോഴും ഫാഷിസ്​റ്റ് കിരാതത്വത്തിനെതിരെ കൈയും കെട്ടി നോക്കിനിന്നവർ അസഹിഷ്ണുതയുടെ പര്യായമായി ഇന്ത്യ ലോകശ്രദ്ധ നേടുകയും ആഗോളനേതാക്കളുടെയും ബുദ്ധിജീവികളുടെയും വിമർശം ഏറ്റുവാങ്ങുകയും ചെയ്തപ്പോഴാണ് ഉണരാൻ തുടങ്ങിയത്. അപ്പോഴും അവരെ അസ്വസ്​ഥരാക്കിയത് അസഹിഷ്ണുക്കളുടെ മൃഗീയതകളല്ല. അതിൽ ചൂണ്ടി രാജ്യത്തിെൻറ അന്തസ്സും അഭിമാനവും നഷ്ടപ്പെടുന്നുവെന്ന രാജ്യസ്​നേഹികളുടെ മുന്നറിയിപ്പാണ്. പാർലമെൻറിൽ ഭരണഘടനാ വാർഷിക ചർച്ചയുടെ വേളയിൽ ആഭ്യന്തരമന്ത്രി മുതൽ ഭരണകക്ഷിയുടെ തലപ്പത്തുള്ളവരെല്ലാം അസ്വസ്​ഥരായതും സഹിഷ്ണുത കൈമോശം വരുന്നു എന്നു ചൂണ്ടിക്കാട്ടിയതിലായിരുന്നു. കാടൻ യുഗത്തെ അനുസ്​മരിപ്പിക്കുന്ന തരത്തിൽ നിസ്സാരകാരണങ്ങൾക്ക് മതവർണം നൽകി ആളെ കൊല്ലുന്ന പ്രവണതക്കെതിരെ നേർക്കുനേർ വിരൽ ചൂണ്ടാനോ ഫലപ്രദമായ നടപടി സ്വീകരിക്കാനോ കേന്ദ്രസർക്കാർ അപ്പോഴും തയാറായിരുന്നില്ല. എന്നുതന്നെയല്ല, ചില സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ മുതൽ കേന്ദ്രം തെരഞ്ഞെടുത്തയച്ച ഭരണഘടന സ്​ഥാനപതിമാരായ ഗവർണർമാർ വരെ അസഹിഷ്ണുതയുടെ മുദ്രാവാക്യങ്ങൾ ഏറ്റുപിടിക്കുന്നതാണ് കണ്ടത്. രാഷ്ട്രപതിക്കുതന്നെ ഇക്കാര്യത്തിൽ പലവട്ടം മുന്നറിയിപ്പ് നൽകേണ്ടിവന്നു.

ഈയൊരു പശ്ചാത്തലത്തിലാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിെൻറ മുഖ്യസ്​ഥാനം ഏറ്റെടുത്ത് ജസ്​റ്റിസ്​ ഠാകുർ ഭരണഘടനയുടെ കാമ്പും കാതലും ഓർമിപ്പിക്കുന്നത്. രാഷ്ട്രീയ വാദവിവാദങ്ങൾക്കില്ലെന്നും ഭരണഘടന സ്​ഥാപനത്തിെൻറ അധിപനെന്ന നിലയിൽ ഭരണഘടന വിഭാവനംചെയ്യുന്ന സാമൂഹികക്രമത്തിെൻറ സ്വഭാവം തെര്യപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ അരക്ഷിതബോധം വളർന്നുകൊണ്ടിരിക്കുകയും കേന്ദ്രസർക്കാറിനെ നയിക്കുന്നവരും അതിനു പിറകിൽനിന്ന് പശ്ചാത്തലസൗകര്യമൊരുക്കുന്നവരും എരിതീയിൽ എണ്ണയൊഴിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ചീഫ് ജസ്​റ്റിസിെൻറ നയപ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഈ പ്രസ്​താവനയുടെ പൊരുൾ ഉൾക്കൊണ്ടുള്ള തുടർപ്രവർത്തനം നീതിപീഠങ്ങളുടെ ഭാഗത്തുനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. ഫാഷിസ്​റ്റ് രാഷ്ട്രീയക്കാർ അധികാരം കൈയാളുമ്പോൾ വെകിളി പിടിച്ച അനുയായികളെ അവർ നിയന്ത്രിച്ചുകൊള്ളണമെന്നില്ല. അവർക്ക് മൂക്കുകയറിടാൻ ഗവൺമെൻറിന് കഴിഞ്ഞിരുന്നെങ്കിൽ ദാദ്രിയിൽ ഒതുങ്ങേണ്ടിയിരുന്ന മാട്ടിറച്ചി പേരിലുള്ള കൊലകൾ ആവർത്തിക്കുമായിരുന്നില്ല.

മുസഫർനഗറിലെ വർഗീയ കലാപം ഇനിയും അണയാതെ കത്തുകയോ മറ്റിടങ്ങളിലേക്ക് പടരുകയോ ചെയ്യുമായിരുന്നില്ല. പ്രതിഷേധത്തിന് കരുത്തു കൂടുന്നുവെന്നു കാണുമ്പോൾ ജനത്തിെൻറ കണ്ണിൽ പൊടിയിടാൻ ചില പ്രസ്​താവനകൾ നടത്തുന്നതു മാത്രമാണ് മിച്ചം. ഈ സാഹചര്യത്തിൽ ചീഫ് ജസ്​റ്റിസ്​ പറഞ്ഞതുപോലെ നിയമവ്യവസ്​ഥയുടെ പരിരക്ഷ പൗരന്മാർക്ക് ജാതിമതഭേദമന്യേ ലഭ്യമാക്കാൻ കഴിഞ്ഞാൽ അത് ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം മാത്രമല്ല, രാജ്യത്തിെൻറ പ്രതിച്ഛായയുടെ മാറ്റും വർധിപ്പിക്കും. അതിനു ജസ്​റ്റിസ്​ ഠാകുർ തന്നെ മുൻകൈയെടുക്കുമെന്ന് കരുതുക. ജനാധിപത്യത്തിെൻറ മോന്തായം വളയുമ്പോൾ അവസാന താങ്ങുനൽകാൻ ജുഡീഷ്യറിക്ക് കഴിയും. ആ കെൽപ് കർമമണ്ഡലത്തിൽ തെളിയിക്കാനുള്ള നിയമസംവിധാനത്തിെൻറ ഇച്ഛാശക്തിയാണ് ചീഫ് ജസ്​റ്റിസിെൻറ നയപ്രഖ്യാപനത്തിനു പിറകെ രാജ്യം പ്രതീക്ഷിക്കുന്നത്.
 

Show Full Article
TAGS:madhyamam editorial 
Next Story