Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഗുജറാത്തിൽ കാറ്റ്...

ഗുജറാത്തിൽ കാറ്റ് മാറിവീശുന്നു

text_fields
bookmark_border
ഗുജറാത്തിൽ കാറ്റ് മാറിവീശുന്നു
cancel

കഴിഞ്ഞ രണ്ടുപതിറ്റാണ്ട് ഹിന്ദുത്വരാഷ്ട്രീയത്തിെൻറ പരീക്ഷണശാലയായി വർത്തിക്കുകയും നരേന്ദ്ര മോദിയെ  പ്രധാനമന്ത്രിപദത്തിലേക്ക് ആനയിക്കാൻ നിർണായക പങ്കുവഹിക്കുകയുംചെയ്ത ഗുജറാത്തിൽ  കാറ്റ് മാറിവീശുകയാണോ? നവംബർ 26, 29 തീയതികളിലായി തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളിലേക്കുനടന്ന തെരഞ്ഞെടുപ്പിെൻറ ഫലം വ്യക്തമാക്കുന്നത് അതാണ്. നഗര–ഗ്രാമീണതലങ്ങളിൽ ഒരുപോലെ ബി.ജെ.പി ഇതുവരെ വെച്ചുപുലർത്തിയ ആധിപത്യത്തിന് കാര്യമായ ഇടിവുസംഭവിച്ചതായാണ് ഫലങ്ങൾ തെളിയിക്കുന്നത്. നഗരങ്ങളും പട്ടണങ്ങളും ഇപ്പോഴും കാവിരാഷ്ട്രീയത്തിെൻറ സ്വാധീനത്തിൽതന്നെയാണെങ്കിലും ഗ്രാമീണമേഖലയിൽ കോൺഗ്രസ്​ വൻതോതിൽ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.

31 ജില്ലാപഞ്ചായത്തുകളിൽ 20ഉം  പിടിച്ചടക്കിയത് കോൺഗ്രസിന് അഭിമാനിക്കാവുന്ന നേട്ടമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 30 ജില്ലാപഞ്ചായത്തുകളും ബി.ജെ.പിക്കൊപ്പമായിരുന്നു. 230 താലൂക്കുതല ഭരണസമിതിയിലും 125ലേറെ നേടിയ കോൺഗ്രസ്​ ബി.ജെ.പിയെ ഞെട്ടിച്ചു. 4778 ബ്ലോക് വാർഡുകളിൽ ഭൂരിപക്ഷംനേടി കോൺഗ്രസ്​ ആധിപത്യം തെളിയിച്ചു. അതേസമയം, ആറു മുനിസിപ്പൽ കോർപറേഷനുകളിലും 56 മുനിസിപ്പാലിറ്റികളിൽ ഭൂരിഭാഗത്തിലും ബി.ജെ.പിക്കുതന്നെയാണ് മേധാവിത്വം. എന്നാൽ, നഗരങ്ങളിലും കോൺഗ്രസ്​ തിരിച്ചുവരവിെൻറ വക്കിലാണെന്ന ലക്ഷണങ്ങൾ തെരഞ്ഞെടുപ്പുഫലത്തിൽ പ്രകടമാണ്. രാജ്കോട്ട് കോർപറേഷനിൽ കോൺഗ്രസ്​ 34 സീറ്റുകൾ പിടിച്ചടക്കിയപ്പോൾ നാലംഗങ്ങളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിക്ക് ഭരണം നിലനിർത്താനായത്.

സംസ്​ഥാന മുഖ്യമന്ത്രി ആനന്ദ്ബെൻ പട്ടേലിനും പ്രധാനമന്ത്രി മോദിക്കും പാർട്ടി ദേശീയ പ്രസിഡൻറ് അമിത് ഷാക്കും ഈ ജനവിധി പലവിധേനയും കനത്ത തിരിച്ചടിയാവുന്നുണ്ട്. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ജന്മനാടായ മെഹ്സാന മുനിസിപ്പാലിറ്റി  കോൺഗ്രസ്​ തൂത്തുവാരിയത് ഗുജറാത്തിലെ ജനം മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതിെൻറ സ്​പഷ്ടമായ തെളിവാണ്. ഹിന്ദുത്വയുടെ ശക്തിദുർഗമായി അറിയപ്പെടുന്ന വഡോദരയിൽപോലും ബി.ജെ.പിയുടെ കാലിനടിയിൽനിന്ന് മണ്ണ് ഉതിർന്നുപോകാൻ തുടങ്ങിയതിെൻറ ലക്ഷണം കാണാനുണ്ട്. അതേസമയം, പട്ടേൽ സംവരണ പ്രക്ഷോഭത്തിെൻറ പ്രഭവകേന്ദ്രവും സമരനായകൻ ഹാർദിക് പട്ടേലിെൻറ ജന്മനാടുമായ വിറംഗം മുനിസിപ്പാലിറ്റി  ബി.ജെ.പിക്ക് നിലനിർത്താനായതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത് ജനങ്ങളെ ആഴത്തിൽ സ്വാധീനിക്കാൻ പട്ടേൽസംവരണവാദികൾക്ക് സാധിച്ചിട്ടില്ല എന്നതാണ്.

വൈകാരികവും
വിഭാഗീയവുമായ
വിഷയങ്ങൾ എടുത്തുകാട്ടി
ജനങ്ങളെ എക്കാലവും കൂടെ കൊണ്ടുനടക്കാൻ സാധിക്കില്ലെന്ന മുന്നറിയിപ്പാണ് ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം രാഷ്ട്രീയക്കാർക്ക് കൈമാറുന്നത്
 

 

കോൺഗ്രസിന് ഒരുപരിധിവരെ പട്ടേൽമാരുടെ പിന്തുണ ആർജിച്ചെടുക്കാൻ കഴിഞ്ഞിട്ടുമുണ്ട്. ജാതിമത വേർതിരിവുകൾക്കപ്പുറം, തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചത് ഭരണവിരുദ്ധവികാരവും കാവിരാഷ്ട്രീയത്തോടുള്ള മടുപ്പുമാണെന്ന് പ്രാഥമിക വിശകലനത്തിൽനിന്ന് വായിച്ചെടുക്കാവുന്നതേയുള്ളൂ. ഗുജറാത്ത് മോഡൽ വികസനം യഥാർഥത്തിൽ ബി.ജെ.പിയുടെ പ്രൊപഗാൻഡ അജണ്ട മാത്രമാണ്. മോദിയെ മാതൃകാ ഭരണാധികാരിയായി ഉയർത്തിക്കാട്ടുന്നതിനും കാവിരാഷ്ട്രീയത്തിന് വർഗീയ വിഭാഗീയതക്കപ്പുറത്തുള്ള വലിയൊരു പ്രചാരണവിഷയം കണ്ടെത്തുന്നതിനും ആസൂത്രിതമായി വികസിപ്പിച്ചെടുത്ത പ്രചാരണായുധമാണെന്ന് വൈകിയാണെങ്കിലും ജനം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നുവെന്നതിെൻറ നിദർശനമാണിത്. ഗ്രാമീണജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലോ സാമൂഹിക–സാമ്പത്തിക അഭ്യൂന്നതി ലക്ഷ്യമിടുന്നതോ ആയ പദ്ധതികളൊന്നും ആവിഷ്കരിച്ചുനടപ്പാക്കുന്നതിൽ ബി.ജെ.പി ഇത$പര്യന്തം പരാജയപ്പെട്ടതിെൻറ നിരാശയാവണം തങ്ങളുമായി പൊക്കിൾക്കൊടി ബന്ധം വിച്ഛേദിച്ച കോൺഗ്രസിലേക്ക് തിരിഞ്ഞുനോക്കാൻ വോട്ടർമാരെ നിർബന്ധിതരാക്കിയത്. വൈകാരികവും വിഭാഗീയവുമായ വിഷയങ്ങൾ എടുത്തുകാട്ടി ജനങ്ങളെ എക്കാലവും കൂടെ കൊണ്ടുനടക്കാൻ സാധിക്കില്ലെന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പുഫലം രാഷ്ട്രീയക്കാർക്ക് കൈമാറുന്നത്.

ആദ്യം ഡൽഹി നിയമസഭയിലെ കനത്ത തോൽവി. പിന്നീട്,  ബിഹാറിൽ മഹാസഖ്യത്തിനു മുന്നിൽ കീഴടങ്ങേണ്ടിവന്നതിെൻറ ജാള്യം. എല്ലാറ്റിനുമൊടുവിൽ തങ്ങളുടെ ഭദ്രമായ തട്ടകമെന്നുകരുതിയ ഗുജറാത്തിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി. പ്രധാനമന്ത്രി മോദിക്കും പാർട്ടി പ്രസിഡൻറ് അമിത് ഷാക്കും തങ്ങളുടെ അപ്രമാദിത്വം എക്കാലവും കൊണ്ടുനടക്കാൻ സാധ്യമല്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ് ഈ ജനവിധി നൽകുന്നത്. കോൺഗ്രസിെൻറ സംഘടനാക്കരുത്തോ തന്ത്രപരമായ മികവോകൊണ്ടാണ് ഈ രാഷ്ട്രീയവിജയമെന്ന് ആ പാർട്ടിയുടെ നേതാക്കൾപോലും അവകാശപ്പെടാൻ ഇടയില്ല. ഗുജറാത്തിൽ നഷ്ടപ്പെട്ട ഭൂമിക തിരിച്ചുപിടിക്കാൻ ഫലപ്രദമായ ഒരുനീക്കവും കോൺഗ്രസിെൻറ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ബി.ജെ.പിയെ ഒരുനിലക്കും തോൽപിക്കാനാവില്ലായെന്ന പിഴച്ച കണക്കുകൂട്ടലിൽ തെരഞ്ഞെടുപ്പുകളെ ഗൗരവപൂർവം കാണാൻപോലും കോൺഗ്രസ്​ നേതാക്കൾ മുന്നോട്ടുവരാറില്ല.

പാർട്ടിക്ക്  ശക്തമായ ഒരു സംസ്​ഥാനനേതൃത്വമോ ജനകീയാടിത്തറയുള്ള  ഭാരവാഹികളോ ഇല്ലാത്ത സാഹചര്യത്തിൽ സമീപകാലത്തൊന്നും അധികാരത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. എന്നാൽ, 2017ൽ നടക്കാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാൻ മനോബലം നൽകുന്നതാണ് ഇപ്പോഴത്തെ ജനവിധി. നഗരങ്ങളും പട്ടണങ്ങളും ഇപ്പോഴും കാവിരാഷ്ട്രീയത്തിെൻറ സ്വാധീനവലയത്തിലാണെങ്കിലും കിണഞ്ഞുശ്രമിച്ചാൽ രാഷ്ട്രീയദിശാമാറ്റത്തിന് വേദിയൊരുക്കാനാവുമെന്ന ആത്മവിശ്വാസം നേതാക്കൾക്ക് ഈ തെരഞ്ഞെടുപ്പുഫലം കൈമാറുന്നുണ്ട്. അതിനനുസൃതമായി സംഘടനയെ ശക്തിപ്പെടുത്താനും ജനങ്ങളെ പാർട്ടിയോട് അടുപ്പിക്കാനും സാധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഗുജറാത്തിെൻറ ജനാധിപത്യഭാവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story