Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൈശാചികബാധക്ക്...

പൈശാചികബാധക്ക് പാര്‍ട്ടികള്‍ സ്വയം ചികിത്സിക്കട്ടെ

text_fields
bookmark_border
പൈശാചികബാധക്ക് പാര്‍ട്ടികള്‍ സ്വയം ചികിത്സിക്കട്ടെ
cancel

മാനവികതയുടെ ഐക്യഗാനം പാടി മലയാളികളെല്ലാം ഓണാഘോഷത്തിന്‍െറ ആമോദത്തിമിര്‍പ്പില്‍ നില്‍ക്കുമ്പോള്‍തന്നെ, കക്ഷിരാഷ്ട്രീയ ഭീകരതയുടെ അസുരാവതാരങ്ങള്‍ കുടിപ്പകയുടെ കണക്ക് ചോരക്കളംകൊണ്ടു തീര്‍ക്കാന്‍ ഇറങ്ങിയതുകണ്ട് അന്തിച്ചുനില്‍ക്കുകയാണ് കേരളം. രണ്ടു മക്കളടങ്ങുന്ന കുടുംബത്തോടൊപ്പം ഓണമുണ്ണേണ്ട നേരത്താണ് കാസര്‍കോട് കോടോം ബേളൂര്‍ കാലിച്ചാനടുക്കത്തെ നാരായണനെ മനുഷ്യാധമര്‍ കുത്തിമലര്‍ത്തുന്നത്. ഓണാഘോഷം അവസാനിക്കും മുമ്പേ തൃശൂര്‍ കൊടകര മറ്റത്തൂര്‍ വാസുപുരത്ത് കാട്ടുര്‍ വീട്ടില്‍ അഭിലാഷ് എന്ന ചെറുപ്പക്കാരനെ അക്രമികള്‍ വടിവാളും ഇടിക്കട്ടയുമുപയോഗിച്ച് കൊന്നുതീര്‍ത്തു. സംഭവത്തെ തുടര്‍ന്ന് ഹര്‍ത്താല്‍ ആചരിച്ച രണ്ടിടത്തും കഴിഞ്ഞ ദിവസവും വ്യാപകമായ അക്രമങ്ങളാണ് നടന്നുവരുന്നത്. അങ്ങനെ ഇടക്കൊന്ന് ശമനം വന്നുവെന്നു കരുതിയ രാഷ്ട്രീയ അക്രമങ്ങളിലേക്കും വിധ്വംസകപ്രവര്‍ത്തനങ്ങളിലേക്കും കേരളം വീണ്ടും നീങ്ങുകയാണെന്ന ആശങ്കയുയരുകയാണ്. കൊല്ലപ്പെട്ട നാരായണന്‍ സി.പി.എം പ്രവര്‍ത്തകനും അഭിലാഷ് ബി.ജെ.പി പ്രവര്‍ത്തകനും ആയതിനാല്‍ രണ്ടിടത്തും അനുബന്ധ പ്രദേശങ്ങളിലും ഈ രണ്ടു കക്ഷികളും ചേരിതിരിഞ്ഞ് അക്രമത്തില്‍ മറുകക്ഷിയെ തോല്‍പിക്കാനുള്ള മത്സരത്തിലേര്‍പ്പെട്ടതുപോലെയാണ് സംഘര്‍ഷത്തിന്‍െറ പോക്ക്. കണ്ണൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും തൊടുപുഴയില്‍ രണ്ട് ആര്‍.എസ്.എസുകാര്‍ക്കും ഇന്നലെയും വെട്ടേറ്റു. കാസര്‍കോട്ടും കണ്ണൂരിലും കൊടകരയിലും അക്രമികള്‍ സംഘംതിരിഞ്ഞ് നിരവധി വീടുകളും പാര്‍ട്ടി ഓഫിസുകളും തകര്‍ത്തു. പല വീടുകളുടെ നേരെയും ബോംബാക്രമണമുണ്ടായി. പലയിടത്തും നിരോധാജ്ഞയുണ്ടെങ്കിലും സംഘര്‍ഷങ്ങള്‍ക്കൊട്ടും ശമനമുണ്ടായിട്ടില്ല.
ഓണവും പെരുന്നാളും ക്രിസ്മസുമൊന്നും അക്രമരാഷ്ട്രീയ വേതാളങ്ങള്‍ക്ക് തിമിര്‍ക്കാന്‍ തടസ്സമല്ല. മനുഷ്യബന്ധങ്ങളിലല്ല, അറുത്തെടുക്കുന്ന കബന്ധങ്ങളുടെ കണക്കിലാണ് അവര്‍ അര്‍മാദിക്കുന്നത്. പുറംപൂച്ചിന് അപലപനവും അനുശോചനവും നടത്തി തടികാക്കുന്ന നേതൃമന്യന്മാര്‍ക്ക് രക്തസാക്ഷി, ബലിദാനി പട്ടികയിലേക്ക് ആളെ കൂട്ടാം. അവരുടെ ചാവേറുകളായി ഇറങ്ങിത്തിരിക്കുന്ന ക്വട്ടേഷന്‍കാര്‍ക്ക് കരാറില്‍ പറഞ്ഞ ശവപ്പണം ഉറപ്പിക്കാം. നഷ്ടം അത്താണിയായ പിതാവും മകനും സഹോദരനും ഭര്‍ത്താവും പോയ കുടുംബങ്ങള്‍ക്കുതന്നെ. പ്രാരബ്ധക്കണ്ണീര്‍ കുടിക്കേണ്ടത് സ്ത്രീകളും കുട്ടികളും മാത്രവും. അതിന്‍െറ കൈയും കണക്കുമൊക്കെ കക്ഷിരാഷ്ട്രീയക്കാരുടെ തരിശ്ശുമനസ്സിനു മുന്നില്‍ വനരോദനങ്ങളായി കലാശിച്ചിട്ടേയുള്ളൂ. കാലവും ലോകവുമെത്ര മാറിയിട്ടും കേരളത്തിലെ കശാപ്പുരാഷ്ട്രീയത്തിന്‍െറ പൈശാചികരീതിയും ശൈലിയുമൊക്കെ പ്രാകൃതമട്ടില്‍തന്നെ തുടരുന്നത് അതുകൊണ്ടാണല്ളോ. അതിനെ നിലക്കുനിര്‍ത്താന്‍ ബാധ്യതപ്പെട്ട അധികാരനേതൃത്വത്തിനും പതിവു പ്രഖ്യാപനങ്ങളല്ലാതെ പ്രയോഗതലത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് വസ്തുത. ഈയടുത്ത് തൃശൂരിലെ ചാവക്കാട്ട് ഭരണകക്ഷിയില്‍ പെട്ടവര്‍ തന്നെയാണ് ചേരിതിരിഞ്ഞ് അങ്കംവെട്ടി ഒരാളെ വകവരുത്തിയത്. കൊലപാതകങ്ങള്‍ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള സി.പി.എം-ബി.ജെ.പി ആസൂത്രിതനീക്കത്തിന്‍െറ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നു. രാഷ്ട്രീയചേരി തിരിഞ്ഞ് വിമര്‍ശമുന്നയിക്കാനല്ല, ഭരണസംവിധാനം ഉപയോഗപ്പെടുത്തി കൊലയാളികളെയും പശ്ചാത്തലശക്തികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും മതിയായ ശിക്ഷ നല്‍കാനുമുള്ള തിടുക്കവും തന്‍േറടവുമാണ് അധികൃതര്‍ കാണിക്കേണ്ടത്. കാടന്‍ കൊലപാതകങ്ങളിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ കാണിക്കുന്ന വ്യഗ്രത നിയമനടപടികള്‍ക്കു സ്വീകരിച്ചിരുന്നെങ്കില്‍ രാഷ്ട്രീയഭീകരന്മാരുടെ ചുടലനൃത്തത്തിന് എന്നോ തടയിടാന്‍ കഴിഞ്ഞേനെ.
ഈവക അതിക്രമങ്ങളൊന്നും അതില്‍ കക്ഷികളായ പാര്‍ട്ടികളുടെ പ്രഖ്യാപിതനയങ്ങളല്ല. എന്നാല്‍,  ഈ പാര്‍ട്ടികളില്‍ പെട്ടവര്‍ ഈ പൈശാചികതയില്‍നിന്നു മുക്തരാകുന്നുമില്ല. എന്നുതന്നെയല്ല, ഏത് അക്രമത്തിനും നരഹത്യക്കും പിറകിലുള്ളവന്‍െറ കൊടിവര്‍ണം അറിയുകയേ വേണ്ടൂ. അവന് ബന്ധപ്പെട്ട കക്ഷികളുടെ സഹായമത്തെുകയും ചെയ്യും. അതിനാല്‍,  അധികാരരാഷ്ട്രീയത്തെ ഗ്രസിച്ച പൈശാചികബാധക്ക് ചികിത്സ നടത്തേണ്ടത് ബന്ധപ്പെട്ട പാര്‍ട്ടികള്‍ തന്നെയാണ്. വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കക്ഷിരാഷ്ട്രീയം വലിച്ചിഴക്കരുതെന്ന് ഈ രാഷ്ട്രീയക്കാര്‍ വലിയ വായില്‍ പറയാറുണ്ട്. ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്ന ഇടപെടലുകളെയും പ്രതിരോധസമരങ്ങളെയും പ്രാകൃതമെന്നും പഴഞ്ചനെന്നുമൊക്കെ അപഹസിക്കാനും ഇവര്‍ മത്സരിക്കാറുണ്ട്. എന്നാല്‍,  മനുഷ്യത്വത്തെ വിലമതിക്കാതെ കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന പ്രാകൃത തമോന്യായങ്ങള്‍ ഇപ്പോഴും പാര്‍ട്ടിരീതിയായി കൊണ്ടുനടത്താന്‍ ഇവര്‍ക്ക് അറപ്പില്ളേ? കൊലയും കൊള്ളയും കൊള്ളിവെപ്പും പ്രായോഗിക രാഷ്ട്രീയപ്രവര്‍ത്തനമാക്കുന്നതില്‍ നിന്നു വഴി മാറി നടക്കാന്‍ ഇവര്‍ക്കു കഴിയില്ളേ? അങ്ങനെ വന്നാല്‍ ജനപിന്തുണ കൂടുകയേയുള്ളൂ എന്നാണല്ളോ സ്വച്ഛഭാരതിന്‍െറ അടിച്ചുതെളിക്കലിനും ജൈവകൃഷിയുടെ കിളച്ചുമറിക്കലിനുമൊക്കെ ലഭിക്കുന്ന വര്‍ധിത പ്രചാരം തെളിയിക്കുന്നത്. അതിനാല്‍,  വീണ്ടുവിചാരത്തിനും മാനവികതയിലേക്കുള്ള തിരിച്ചുപോക്കിനും മുന്‍കൈയെടുക്കേണ്ടത് ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികള്‍ തന്നെയാണ്. അക്രമികളെ അടിച്ചോടിക്കേണ്ടത് പ്രസ്താവനകള്‍ വഴിയല്ല, പാര്‍ട്ടികള്‍ക്കകത്ത് ശുദ്ധികലശം നടത്തിയാണ്. അതിനു തയാറാവാത്ത മൃഗീയതയുടെ പ്രണേതാക്കളെ രാഷ്ട്രീയത്തിന്‍െറ ഭൂമികയില്‍നിന്നു പുറന്തള്ളാന്‍ ജനങ്ങളും തയാറാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story