Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅനാരോഗ്യകരമായ വിവാദം

അനാരോഗ്യകരമായ വിവാദം

text_fields
bookmark_border
അനാരോഗ്യകരമായ വിവാദം
cancel

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കെ, ക്രമാനുസൃതമായി തെരഞ്ഞെടുപ്പ് നടത്തി നവംബറില്‍ പുതിയ പഞ്ചായത്തുകളും നഗരസഭകളും നിലവില്‍ വരേണ്ടതാണ്. സാധാരണഗതിയില്‍ നിര്‍വിഘ്നം നടക്കേണ്ട ഒരു ഭരണഘടനാ പ്രക്രിയയാണിത്. രാജീവ് ഗാന്ധിയുടെ കാലത്ത് പഞ്ചായത്തീരാജ് നിലവില്‍വന്നതില്‍ പിന്നെ കാലാകാലങ്ങളില്‍ പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പുകള്‍ നിശ്ചിത സമയക്രമമനുസരിച്ച് സാമാന്യം തൃപ്തികരമായിത്തന്നെ നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ അതിന്‍െറ കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായി പരാതിയും ഉയര്‍ന്നിട്ടില്ല. ഇത്തവണ പക്ഷേ, കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന് സര്‍ക്കാറിനോ തെരഞ്ഞെടുപ്പ് കമീഷനോ നിശ്ചയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒടുവില്‍ കോടതി തീരുമാനിക്കട്ടെയെന്ന് തീരുമാനിച്ചിരിക്കുകയാണ് ഇരുപക്ഷവും.

അതേസമയം, ഇത്തരമൊരു പ്രതിസന്ധിക്ക് ആരാണുത്തരവാദി എന്നതിനെക്കുറിച്ച് വിവാദവും ആരോപണ പ്രത്യാരോപണങ്ങളും തുടരുന്നു. ഭരണപക്ഷത്തുതന്നെ തദ്ദേശ സ്വയംഭരണ വകുപ്പ് കൈയാളുന്ന മുസ്ലിം ലീഗാണ് ഇതിനുത്തരവാദിയെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം ആരോപിക്കുമ്പോള്‍ യു.ഡി.എഫിന്‍െറ പൊതു തീരുമാനമനുസരിച്ചാണ് കാര്യങ്ങളെല്ലാം നടന്നതെന്നിരിക്കെ മുസ്ലിം ലീഗിനെ മാത്രം പഴിചാരി രക്ഷപ്പെടാന്‍ ആരും ശ്രമിക്കേണ്ടെന്ന നിലപാടിലാണ് ആ പാര്‍ട്ടി. പ്രതിപക്ഷമാകട്ടെ, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെപ്പിക്കാനുള്ള ഭരണക്കാരുടെ കുതന്ത്രമായി സംഭവത്തെ ചിത്രീകരിക്കുകയും ചെയ്യുന്നു. യഥാസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെച്ചൊല്ലി ഇലക്ഷന്‍ കമീഷനും സര്‍ക്കാറും തമ്മില്‍ മല്‍പിടിത്തത്തിലത്തെിനില്‍ക്കുന്നതാണ് ഏറ്റവുമൊടുവിലത്തെ കാഴ്ച.

വികസനത്തേക്കാളുപരി രാഷ്ട്രീയ ലാഭചേതങ്ങള്‍ കണക്കുകൂട്ടി 69 പഞ്ചായത്തുകള്‍ പുതുതായി നിര്‍മിക്കുകയും കോര്‍പറേഷനുകളോട് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ രാഷ്ട്രീയലാക്കോടത്തെന്നെ കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോവുകയും 28 പഞ്ചായത്തുകളെ നഗരസഭകളും കണ്ണൂര്‍ നഗരസഭയെ മഹാനഗരസഭയുമാക്കി ഉയര്‍ത്തുകയും ചെയ്ത സംസ്ഥാന സര്‍ക്കാറിന്‍െറ നടപടിയാണ് നിശ്ചിത സമയക്രമമനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തടസ്സമായത്. 2010ലെ വാര്‍ഡുകളെ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ സന്നദ്ധമാണെന്ന് ഇലക്ഷന്‍ കമീഷന്‍ പറയുമ്പോള്‍ കോടതി അംഗീകരിച്ച പുതിയ നഗരസഭകളിലേക്കും കണ്ണൂര്‍ സിറ്റി കോര്‍പറേഷനിലേക്കും കൂടി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാറിന്‍െറ ആവശ്യം.

എന്നാല്‍, അതൊട്ടും സാധ്യമല്ളെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇലക്ഷന്‍ കമീഷന്‍. കാരണം, 28 നഗരസഭകളില്‍ വാര്‍ഡ് പുനര്‍നിര്‍ണയവും ബ്ളോക് പഞ്ചായത്തുകളുടെ പുനക്രമീകരണവും പൂര്‍ത്തിയാക്കി, വോട്ടര്‍പട്ടിക പുതുക്കി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഇനിയുള്ള രണ്ടുമാസം മതിയാവില്ല. രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താമെന്നുവെച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ സമയപരിധിയെ ഉല്ലംഘിക്കേണ്ടിയും വരും. ഈ സ്ഥിതിവിശേഷത്തിന് കാരണം കമീഷന്‍െറ അനാസ്ഥയാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിവേണമെന്ന് 2012 മുതല്‍ കമീഷന്‍ ആവശ്യപ്പെട്ടുവന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ പക്ഷേ, ഗൗനിച്ചില്ളെന്നുമാണ് കമീഷന്‍ കോടതിയില്‍ ബോധിപ്പിച്ചതും ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും. ഡിസംബര്‍ ഒന്നിന് പുതിയ ത്രിതല പഞ്ചായത്തുകളും നഗരസഭകളും നിലവില്‍വരുന്നവിധം ക്രമീകരണം വരുത്താമെന്നാണത്രെ സര്‍ക്കാറിന്‍െറ ഒടുവിലത്തെ നിര്‍ദേശം. കോടതി എന്ത് തീരുമാനിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭാവി കാര്യങ്ങള്‍.

എന്തായാലും ഒരുകാര്യം തീര്‍ച്ച. രാഷ്ട്രീയത്തിനതീതമായി വികസനലക്ഷ്യം മാത്രം മുന്‍നിര്‍ത്തി അധികാര വികേന്ദ്രീകരണം നടപ്പാക്കുകയെന്ന പഞ്ചായത്തീരാജിന്‍െറ സ്പിരിറ്റ് പൂര്‍ണമായി അവഗണിക്കപ്പെടുകയും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍മാത്രം മുന്‍നിര്‍ത്തി  പഞ്ചായത്ത്-നഗരസഭകളുടെ ഭരണം മാറ്റിയെടുക്കുകയും ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളാണ് നിലവിലെ അനിശ്ചിതത്വത്തിനും ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിനും ഉത്തരവാദികള്‍.  ഇത്തവണയാകട്ടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുമപ്പുറത്ത് വര്‍ഗീയ പരിഗണനകള്‍കൂടി വാര്‍ഡ് പുനര്‍നിര്‍ണയത്തിലും പുതിയ പഞ്ചായത്ത് രൂപവത്കരണത്തിലും കടന്നുവന്നുവെന്ന ആരോപണവും ഉയര്‍ന്നു. ഒട്ടും ആരോഗ്യകരമോ അഭിമാനകരമോ അല്ല ഈ അവസ്ഥാവിശേഷം.

മുഖ്യ രാഷ്ട്രീയകക്ഷികള്‍ തമ്മിലെ ആശയവിനിമയത്തിലൂടെയും സമവായത്തിലൂടെയും പുതിയ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും രൂപവത്കരണവും വാര്‍ഡുകളുടെ പുന$സംവിധാനവും യഥാസമയം നടന്നിരുന്നെങ്കില്‍ ഈ കലഹവും അനിശ്ചിതത്വവും ഒഴിവാക്കാമായിരുന്നു. ഒരേ മുന്നണിക്കകത്തുപോലും അഭിപ്രായ സമന്വയം വേണ്ട അളവിലും വേണ്ട സമയത്തും നടക്കാതെ പോയതിന്‍െറ ഭവിഷ്യത്തുകൂടിയാണ് ഇപ്പോഴത്തെ എടങ്ങേറുകള്‍. ഇനിയെങ്കിലും സംയമനവും സമചിത്തതയും വീണ്ടെടുത്ത് അധികാരം ജനങ്ങളിലേക്ക് എന്നലക്ഷ്യം സഫലമാവാന്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാറിനും പാര്‍ട്ടികള്‍ക്കും കഴിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story