രാജ്യ നയതന്ത്രം അയത്നലളിതമല്ല
text_fieldsഇന്ത്യ-പാകിസ്താന് സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നടക്കാനിരുന്ന ചര്‍ച്ച അവസാനനിമിഷം റദ്ദായി. നേരത്തേ ഇരു പ്രധാനമന്ത്രിമാരും നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ചയുടെ അജണ്ടയെച്ചൊല്ലി തര്‍ക്കമുയരുകയും അവസാനനിമിഷം പാകിസ്താന് സംഭാഷണത്തിനില്ളെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. സുരക്ഷാവിഷയത്തില്മാത്രം ചര്‍ച്ച കേന്ദ്രീകരിക്കണമെന്നും കശ്മീര്‍പ്രശ്നം സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചക്ക് വിഷയമാവേണ്ടതില്ളെന്നും വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ പാടില്ളെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഈ നിലപാട് അംഗീകരിച്ചില്ളെങ്കില് ചര്‍ച്ച നടക്കില്ളെന്ന് അവര്‍ തുറന്നുപറഞ്ഞു. ഇതിന് പ്രതികരണമായാണ് ശനിയാഴ്ച രാത്രി പാകിസ്താന് ചര്‍ച്ചക്ക് വരുന്നില്ളെന്ന് അറിയിച്ചത്. കശ്മീര്‍ പ്രശ്നമടക്കം എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാവാമെന്നാണ് നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും റഷ്യയിലെ ഊഫയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായതെന്നും ഹുര്‍റിയത്ത് നേതാക്കളെ പാകിസ്താന് കാണുന്നത് പുതിയ കാര്യമല്ളെന്നും അവരെ കാണരുതെന്നത് ചര്‍ച്ചക്കുള്ള ഉപാധിയായി ഉന്നയിക്കുന്നത് ശരിയല്ളെന്നുമാണ് പാകിസ്താന് നിലപാട്. അങ്ങനെ അന്താരാഷ്ട്ര ശ്രദ്ധനേടിയ കൂടിക്കാഴ്ച ഒടുവില്‍ റദ്ദായി. ഇരുഭാഗത്തും സംഭാഷണത്തിന് വഴിയടച്ചതാരെന്ന പഴിചാരല്‍ മത്സരമാണിപ്പോള്‍ നടക്കുന്നത്.
നരേന്ദ്ര മോദിയുടെ പൂര്‍വകാല നിലപാടുകളെ ആസ്പദിച്ച് പാകിസ്താനുമായി സ്വീകരിക്കാനിടയുള്ള ഉഭയകക്ഷിബന്ധം സംബന്ധിച്ചുണ്ടായിരുന്ന സാമാന്യധാരണകളെ അപ്രസക്തമാക്കിയ അസാധാരണ നടപടിയായിരുന്നു പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചതും സമ്മാനം കൊടുത്തയച്ചതും. നേരത്തേ, വാജ്പേയി സര്‍ക്കാറിന്‍െറ കാലത്തെ പാകിസ്താനുമായുള്ള സമാധാന ഉച്ചകോടിയുടെയും ബസ് നയതന്ത്രത്തിന്‍െറയും കൂടുതല്‍ ചടുലമായ തുടര്‍ച്ചയായി ഇതിനെ കണ്ടവരുണ്ട്. എന്നാല്‍, ഉഭയകക്ഷി പ്രശ്നപരിഹാരത്തിലേക്ക് ഈ ബന്ധം വികസിപ്പിക്കാനുള്ള ശ്രമം പിന്നീട് ഗവണ്‍മെന്റിന്‍െറ ഭാഗത്തുനിന്നുണ്ടായില്ല. മാത്രമല്ല, നയതന്ത്രയുദ്ധത്തിന് പകരം തനി യുദ്ധത്തിലേക്ക് അന്തരീക്ഷം വളര്‍ത്താന്‍ പാകിസ്താനിലേതിന് സമാനമായ അണിയറനീക്കങ്ങളുടെ അനുരണനങ്ങളാണ് ഇന്ത്യയിലും കണ്ടത്. ചൈന പാകിസ്താനുമായി വാണിജ്യ ഇടനാഴി തുറക്കുകയും അഫ്ഗാനിസ്താനിലെ സമാധാനശ്രമങ്ങള്‍ക്ക് വന്‍ശക്തികള്‍ പാകിസ്താനെ ഇടനിലക്കാരനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന തന്ത്രപ്രാധാന്യത്തെ പരിഗണിച്ച് പാകിസ്താനെ നയതന്ത്രരംഗത്ത് ഏറ്റുമുട്ടി പരാജയപ്പെടുത്തുന്നതിനു പകരം ഏകപക്ഷീയമായ ഒറ്റപ്പെടുത്തല്‍ നീക്കത്തിനാണ് ഇന്ത്യ ശ്രമിച്ചത്. ഇടക്കാലത്ത് പാക് രഹിത ‘സാര്‍ക്’ സഖ്യചര്ച്ചപോലും ഉയര്‍ന്നുവന്നു. അതേസമയം, യുദ്ധാന്തരീക്ഷം നിലനിര്‍ത്താനുള്ള പേശീബലം പിടിക്കാന്‍ ഗവണ്മെന്റിന് സാധിച്ചതുമില്ല. പാകിസ്താനാകട്ടെ, നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും നിരന്തരം പ്രകോപനമുണ്ടാക്കുകയും അതിര്‍ത്തി കടന്നത്തെി പഞ്ചാബില്വരെ നാശംവിതക്കുകയും ചെയ്തു. ഗുര്‍ദാസ്പുരിലെ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്ന് കുറ്റപ്പെടുത്തുമ്പോഴും മാധ്യമ പ്രസ്താവനകളിലൊളിക്കുകയല്ലാതെ പാക് ഹൈകമീഷണറെ വിളിച്ചുവരുത്തുന്നതുപോലുള്ള കടുത്ത നടപടികള്‍ക്ക് മോദിഗവണ്മെന്റ് മുതിര്‍ന്നതുമില്ല. അഥവാ, മുഴക്കുന്ന വായ്ത്താരികള്‍ക്കപ്പുറം മൂര്‍ത്തമായ ചുവടുവെപ്പുകള്ക്കാവുന്നില്ല എന്ന നയതന്ത്രരംഗത്തെ പാകതക്കുറവാണ് ഇത് കാണിക്കുന്നത്.
ഇതുതന്നെയായിരുന്നു റഷ്യയിലെ ഊഫയില്‍ ജൂലൈയില്‍ ഷാങ്ഹായ് സഹകരണസംഘ രാഷ്ട്ര ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചയുടെ ഫലവും. പാകിസ്താനുമായി മാറിനടന്ന ഇന്ത്യയുടെ മുന്‍കൈയിലായിരുന്നു അന്ന് ചര്‍ച്ച. അന്നത്തെ അഞ്ചു തീരുമാനങ്ങളില്‍ ആദ്യത്തേതാണ് ഇരുവിഭാഗം സുരക്ഷാ ഉപദേഷ്ടാക്കളും ന്യൂഡല്‍ഹിയില്‍ സമ്മേളിച്ച് ഭീകരതയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നത്. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്, തര്‍ക്കപ്രദേശമല്ല. എന്നാല്‍, പാകിസ്താന് അത് തര്‍ക്കപ്രശ്നമാണ് എന്നിരിക്കെ ഭീകരത സമഗ്രമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനമെടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാട് പറഞ്ഞ് അത് മാറ്റിവെപ്പിക്കാന്‍ അന്ന് നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ല. അതിനാല്‍, ചര്‍ച്ചയില്‍ കശ്മീര്‍ വേണ്ടെന്നു പറയാനാവില്ളെന്ന് പാകിസ്താന് ചൂണ്ടിക്കാണിക്കുമ്പോള്‍ ഇന്ത്യക്ക് ഉത്തരംമുട്ടുന്നു. പാകിസ്താനാകട്ടെ, കശ്മീരിനെ കരുവും കളവുമാക്കിയുള്ള ഭീകരപ്രവര്‍ത്തനത്തിന് അവസരം ലഭിക്കുകയും ചെയ്യുന്നു. അതുപോലെ പാകിസ്താനുമായി ചര്ച്ചക്കൊരുങ്ങുന്നതിന്െറ ഭാഗമായി വാജ്പേയി ഗവണ്മെന്റ് അടക്കം ചെയ്തുവന്ന അനുഷ്ഠാനമാണ് ജമ്മു-കശ്മീര്‍ വിഘടനവാദി നേതാക്കളുമായുള്ള പാക്നേതാക്കളുടെ സംഭാഷണത്തെ പാട്ടിനു വിടുകയെന്നത്. എന്നാല്‍, ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നിഷേധിക്കുകയും അവരെ വീട്ടുതടങ്കലിലാക്കുകയുമാണ് ഗവണ്മെന്റ് ചെയ്തത്.
അയത്നലളിതമല്ല നയതന്ത്രം. നവാസ് ശരീഫിനെ വിരുന്നുവിളിച്ച് കമ്പിളിപ്പുതപ്പ് സമ്മാനവും കൊടുത്തയച്ചതല്ലാതെ, പാകിസ്താനുമായി നയതന്ത്രബന്ധമോ യുദ്ധമോ എങ്ങനെ വേണമെന്ന് കേന്ദ്രത്തിന് ഇപ്പോഴും തിട്ടമായിട്ടില്ല. സമയവും സന്ദര്‍ഭവും ആഗോള രാഷ്ട്രീയ നയതന്ത്ര സമവാക്യങ്ങളുമൊക്കെ കണ്ടും കരുതിയുമുള്ള കാല്‍വെപ്പുകളാണ് രാഷ്ട്രാന്തരീയ ബന്ധങ്ങളുടെ കാതല്‍. ആ രംഗത്ത് മോദിഗവണ്മെന്റ് ഇനിയും പക്വത തെളിയിക്കേണ്ടതുണ്ടെന്നുകൂടിയാണ് മുടങ്ങിയ കൂടിക്കാഴ്ച നല്കുന്ന സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
