ആഘോഷിക്കാം; അര്‍മാദിക്കരുത്
text_fieldsതിരുവനന്തപുരം സി.ഇ.ടി കാമ്പസില്‍ സഹപാഠികളുടെ ആഘോഷതാണ്ഡവത്തില്‍ ജീവന്‍പൊലിഞ്ഞ തസ്നി ബഷീറിന്‍െറ ദുരന്തം നടുക്കമുളവാക്കുന്നതും അക്ഷന്തവ്യമായ കുറ്റകൃത്യവുമാണ്. യുവതലമുറ ആഘോഷ ലഹരിയില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളുടെ ബീഭത്സത ഒരിക്കല്‍കൂടി അടിവരയിടുകയാണ് ഈ ക്രൂരചെയ്തി. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് കര്‍ശന വിലക്കുള്ള കാമ്പസില്‍ ജീപ്പും ലോറിയും നൂറോളം ബൈക്കുകളും ഇരമ്പിയാര്‍ത്ത് ഘോഷയാത്രയുടെ പേരില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു. വിദ്യാര്‍ഥികളില്‍ പലരും ലഹരിയിലായിരുന്നുവെന്നും പെണ്‍കുട്ടിയെ ഇടിച്ചിട്ട ജീപ്പില്‍ മദ്യക്കുപ്പിയുണ്ടായിരുന്നുവെന്നും സാക്ഷികളായ വിദ്യാര്‍ഥികളുടെ മൊഴിയുമുണ്ട്. സി.ഇ.ടി കാമ്പസില്‍ നടന്നത് ഓണാഘോഷമായിരുന്നില്ല. മറിച്ച്, ഓണത്തിന്‍െറ പേരില്‍ യുവതലമുറ നടത്തിയ അര്‍മാദമായിരുന്നു. അതിന്‍െറ ബലിയാടാണ് തസ്നി ബഷീര്‍ എന്ന ഹതഭാഗ്യ. 13 വര്‍ഷം മുമ്പ് ഇതേ കാമ്പസില്‍ സമാനമായ ദുരന്താനുഭവമുണ്ടായെങ്കിലും പുതുതലമുറ വിദ്യാര്‍ഥികള്‍ക്ക് അതൊരു പാഠവും പകര്‍ന്നുനല്‍കിയില്ല. എന്തിന്, ഈ വാര്‍ത്ത പുറത്തുവന്നിട്ടുപോലും കലാലയം ഓണാവധിക്കായി അടക്കുന്ന ഒടുവിലെ ദിനത്തില്‍ കേരളത്തിലെ ഒട്ടുമിക്ക കാമ്പസുകളിലും തെരുവിലും വിദ്യാര്‍ഥികള്‍ നിയന്ത്രിച്ച വാഹനങ്ങളുടെ കുതിച്ചോട്ടവും തിമിര്‍ത്താടലും എത്ര ഭീകരമായിരുന്നുവെന്ന് ശരിക്കും അനുഭവിച്ചവരാണ് മലയാളികള്‍
പുതുവര്‍ഷപ്പുലരിയും ഉത്സവദിനങ്ങളും ഉണരുന്നത് ചെറുപ്പക്കാരുടെ അപകടമരണങ്ങളുടെ വാര്‍ത്തയുമായിട്ടാണ്. വിദ്യാര്‍ഥികളില്‍ ലഹരിയുടെ വര്‍ധിച്ചുവരുന്ന ഉപഭോഗം അതിരുവിട്ട ഇത്തരം ആവേശപ്രകടനങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്. വിദ്യാര്‍ഥികളില്‍ ലഹരി ഉപഭോഗം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കലാലയ പരിസരങ്ങളില്‍ പരിശോധന കര്‍ശനമാക്കിയപ്പോള്‍ കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ 6736 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ലഹരി വിതരണത്തിന്‍െറയും ഉപയോഗത്തിന്‍െറയും പേരില്‍ 6500ലധികം പേര്‍ അറസ്റ്റുചെയ്യപ്പെടുകയുംചെയതു. കലാലയത്തിലെ ലഹരി ഉപയോഗം തടയേണ്ട, ആഘോഷങ്ങള്‍ അപകടരഹിതമാക്കേണ്ട വിദ്യാര്‍ഥിസംഘം തന്നെയാണ് ഇത്തരം പേക്കൂത്തുകളെ നയിക്കുന്നത്. കാമ്പസിന്‍െറ അരാഷ്ട്രീയത വമ്പിച്ച ആകുലതയായി സമൂഹത്തില്‍ നിരന്തരം ഉന്നയിക്കുന്ന ഇടത് വിദ്യാഭ്യാസ സംഘടനയുടെ പ്രവര്‍ത്തകര്‍തന്നെ സ്പോണ്‍സര്‍ ചെയ്തതത്രെ സി.ഇ.ടിയിലെ അപകടത്തിലേക്കുനയിച്ച ആഘോഷത്തിമിര്‍പ്പ്. വിദ്യാര്‍ഥി സംഘങ്ങള്‍ അരാഷ്ട്രീയമായെന്നും എസ്.എഫ്.ഐ അടക്കമുള്ള ഇടതുവിദ്യാര്‍ഥി കൂട്ടായ്മകള്‍ ആള്‍ക്കൂട്ട ഉന്മാദത്തിലേക്ക് വീണുകഴിഞ്ഞുവെന്നുമുള്ള വിമര്‍ശത്തെ സാധൂകരിക്കുന്ന ഒടുവിലത്തെ ഉദാഹരണമാണ് സി.ഇ.ടി ദുരന്തം. ആഘോഷാവസരങ്ങളെ എത്രമാത്രം സര്‍ഗാത്മകമാക്കാമെന്ന് വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു വിദ്യാര്‍ഥി സംഘടനകള്‍.
സാക്ഷരത, വിദ്യാഭ്യാസം, സാമൂഹികോന്നതി തുടങ്ങിയ രംഗങ്ങളില്‍ കൈവരിച്ച പുരോഗതി ഇതര സംസ്ഥാനങ്ങളുടെ മാത്രമല്ല, ലോകരാഷ്ട്രങ്ങളുടെതന്നെ സ്നേഹാദരവുകള്‍ കേരളത്തിന് നേടിത്തരുകയുണ്ടായി. അതേസമയം, ദിനേന കേവല ഉപഭോഗസമൂഹമായി കേരള ജനത മാറിക്കൊണ്ടിരിക്കുന്നതിന്‍െറ ഭവിഷ്യത്തുകളും ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗൗരവ വിശകലനമര്‍ഹിക്കുന്നു. മൂല്യബോധത്തിനുപകരം പുതുതലമുറയെ സുഖലോലുപത കീഴ്പ്പെടുത്തിയതിന്‍െറ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാട്ടാനാവും. നൂതന മൊബൈല്‍ ആപ്പുകള്‍ മുതല്‍ സാമ്പ്രദായിക ദൃശ്യമാധ്യമങ്ങള്‍വരെ അവലംബിക്കുന്ന സാംസ്കാരിക മലിനീകരണങ്ങള്‍ കൗമാരജീവിതത്തിന്‍െറ ദിശാബോധത്തെ വ്യതിചലിപ്പിക്കുമ്പോള്‍ ഗുരുനാഥന്മാരും രക്ഷാകര്‍ത്താക്കളും കൈമലര്‍ത്തുകയാണ്.
ഉത്സവങ്ങള്‍ സന്തോഷങ്ങളുടെ പങ്കുവെപ്പാണ്. സ്നേഹവും സൗഹൃദവും പകുത്തെടുത്ത് ഹൃദയങ്ങള്‍ നന്മയില്‍ ചാലിച്ചെടുക്കാന്‍ പൈതൃകമായി കൈമാറിക്കിട്ടിയ ആഹ്ളാദങ്ങളുടെ രസക്കൂട്ട്. ആഘോഷങ്ങള്‍ അതിരുവിടുമ്പോള്‍ ആഘോഷിക്കുന്നവര്‍ സമ്മാനിക്കുന്നത് ആഹ്ളാദപ്പൂച്ചിരികള്‍ക്കുപകരം ജീവിതത്തില്‍ മായ്ക്കാനാകാത്ത സങ്കടക്കരച്ചിലുകളാണ്. അല്‍പസമയം വമ്പന്മാരും വമ്പത്തിമാരുമായി ആടിത്തിമിര്‍ത്ത് സ്വന്തം ജീവിതവും അപരരുടെ ജീവിതവും നിത്യദു$ഖത്തിലാക്കുന്നതില്‍നിന്ന് നമ്മുടെ യുവതലമുറയെ ഏത് സാംസ്കാരികബോധം നല്‍കിയാണ് രക്ഷിച്ചെടുക്കുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
