അബ്ദുറബ്ബിനറിയുമോ ഷഹലിനെ?
text_fieldsമലപ്പുറം ജില്ലയിലെ തിരൂരിനടുത്ത പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി കെ. ഷഹല്‍ ആഗസ്റ്റ് 17ന് ആരംഭിച്ച നിരാഹാരസമരം ഇന്നലെ രാത്രി ജില്ലാ കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അവസാനിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഷഹലിനെ പൊലീസ് ഇടപെട്ട് തിരൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് അവിടെനിന്ന് കുട്ടിയെ കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടക്കലിലെ ആശുപത്രിയിലും ഈ 17കാരന്‍ നിരാഹാരസമരം തുടരുകയായിരുന്നു. തുടര്‍ന്നാണ്, കാര്യങ്ങള്‍ കൈവിട്ടുപോവും എന്ന് കണ്ടതിനാലാവണം, ജില്ലാ കലക്ടര്‍ ആശുപത്രിയില്‍ ചെല്ലുന്നതും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കുട്ടിക്ക് വാക്കു നല്‍കുന്നതും അവന്‍ സമരം പിന്‍വലിക്കുന്നതും.
തന്‍െറ സ്കൂളില്‍ അടിസ്ഥാന/പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഷഹലിന്‍െറ നിരാഹാരം. സ്കൂളിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അതേ സ്കൂളിലെ വിദ്യാര്‍ഥി നിരാഹാര സമരം നടത്തുന്നത് നമ്മുടെ നാട്ടില്‍ അപൂര്‍വ അനുഭവമായിരിക്കും. പക്ഷേ, പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ അവസ്ഥ അറിയാവുന്ന ആര്‍ക്കും അതില്‍ അദ്ഭുതം തോന്നുകയുമില്ല. 130 വര്‍ഷം പഴക്കമുള്ള ആ സ്കൂളില്‍ രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍, ഒന്നാം ക്ളാസ് മുതല്‍ 12ാം ക്ളാസ് വരെയുള്ള ഈ പള്ളിക്കൂടം ഇരുപതില്‍ ചില്വാനം സെന്‍റ് സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയും സ്ഥലത്ത് കുട്ടികളെയും കെട്ടിടങ്ങളെയും കുത്തിനിറച്ച്, ബാക്കി ക്ളാസുകള്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. പീടികകള്‍ക്ക് മുകളിലെ കൊച്ചു മുറികളിലാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ചില ബാച്ചുകള്‍ക്ക് വാടകക്കെട്ടിടംപോലുമില്ലാത്ത അവസ്ഥ. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സ്ഥിരാധ്യാപകര്‍ അപൂര്‍വ കാഴ്ചയാണ്. കരാര്‍ അടിസ്ഥാനത്തിലോ ദിവസക്കൂലിയിലോ വരുന്നവരാണ് അധ്യാപകരില്‍ ഭൂരിഭാഗവും. അതും ആവശ്യത്തിനില്ല. കരാര്‍ അധ്യാപകരുടെ ശമ്പള വകയിലേക്ക് കുട്ടികളില്‍നിന്ന് ഫീസ് പിരിക്കാന്‍ സ്കൂള്‍ അധികൃതര്‍ തുടക്കത്തിലെടുത്ത തീരുമാനം പ്രതിഷേധത്തത്തെുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയിലാണ് പൊന്മുണ്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍. ഷഹല്‍ നിരാഹാരം തുടങ്ങിയതിനുശേഷം അവന്‍െറ സമര വേദിയുടെ നൂറ് മീറ്റര്‍ അകലെ വിദ്യാഭ്യാസമന്ത്രി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നിരുന്നെങ്കിലും ഷഹലിനെ വന്നുകാണാനുള്ള സൗമനസ്യംപോലും അദ്ദേഹം പ്രകടിപ്പിച്ചില്ല. ഷഹല്‍ ഉന്നയിക്കുന്ന വിഷയം പൊന്മുണ്ടം സര്‍ക്കാര്‍ സ്കൂളിന്‍െറത് മാത്രമല്ല; കേരളത്തിലെ നിരവധി സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ ഈ അവസ്ഥയിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സ്ഥിര അധ്യാപകര്‍ ഇല്ലാത്തതും സര്‍ക്കാര്‍ സ്കൂളുകളില്‍ വ്യാപകമാണ്. ഇത്തരം പ്രശ്നങ്ങള്‍ ആനുപാതികമായി ഏറ്റവും അധികമുള്ളത് മലബാര്‍ ജില്ലകളിലുമാണ്. അതില്‍തന്നെ, വിദ്യാഭ്യാസമന്ത്രിയുടെ സ്വന്തം ജില്ലയായ മലപ്പുറം മുന്നിട്ടുനില്‍ക്കുന്നുവെന്നത് വലിയൊരു സത്യമാണ്. വിദ്യാര്‍ഥികളുടെ അനുപാതത്തിന് അനുസൃതമായി മൂത്രപ്പുരകളുള്ള സ്കൂളുകളുടെ കണക്കെടുത്താല്‍ അതില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നത് മലപ്പുറം ജില്ലയായിരിക്കും. പക്ഷേ, ഇത്തരം യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രിയോ അദ്ദേഹത്തിന്‍െറ പാര്‍ട്ടിയോ മുതിരാറില്ളെന്ന് മാത്രമല്ല, അത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ ആക്ഷേപിക്കുന്നതിലാണ് അവര്‍ താല്‍പര്യം കാണിക്കാറുള്ളത്. അതിനാല്‍, ഷഹല്‍ ഉയര്‍ത്തിയത് പൊന്മുണ്ടത്തെ സ്കൂളിന്‍െറ മാത്രം കാര്യമാണെങ്കില്‍പോലും അത് പ്രധാനപ്പെട്ടതാണ്. പക്ഷേ, ആ കുട്ടിയുടെ സമരം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അനുഭവിക്കുന്ന വലിയൊരു പ്രശ്നത്തെയാണ് പ്രതിനിധാനംചെയ്യുന്നത്.
ഇന്നലെ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച അസാധാരണമായ ഒരു വിധി ഇവിടെ പരാമര്‍ശിക്കുന്നത് സംഗതമായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ജുഡീഷ്യറിയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഏതെങ്കിലും വിധത്തില്‍ സര്‍ക്കാറില്‍നിന്ന് ശമ്പളം കൈപ്പറ്റുന്നവര്‍; എല്ലാവരും അടുത്ത അധ്യയനവര്‍ഷം മുതല്‍ തങ്ങളുടെ മക്കളെ സര്‍ക്കാര്‍ കലാലയങ്ങളില്‍ പഠിപ്പിക്കണമെന്നാണ് ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ചിന്‍െറ വിധി. ഈ വിധി നടപ്പാക്കാന്‍ ആവശ്യമായ എന്തെല്ലാം നടപടികള്‍ എടുത്തു എന്നതിനെക്കുറിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശവും നല്‍കി. സംസ്ഥാനത്തെ പൊതു കലാലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇതേ വഴിയുള്ളൂ എന്ന നിഗമനത്തിലാണ് കോടതി ഈ അസാധാരണ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൊന്മുണ്ടത്തെ ഷഹലും അലഹബാദ് ഹൈകോടതിയും ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സമാനമാണ്. ഇത് ഉത്തര്‍പ്രദേശിലെയോ പൊന്മുണ്ടത്തെയോ മാത്രം പ്രശ്നവുമല്ല. രാജ്യവ്യാപകമായി പൊതുവിദ്യാഭ്യാസത്തോട് ഭരണകൂടങ്ങള്‍ കാണിക്കുന്ന അലംഭാവപൂര്‍ണമായ സമീപനത്തിന്‍െറ ഉദാഹരണങ്ങളാണ്.
പക്ഷേ, കേരളം ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ് എന്നൊരു അവകാശവാദം നമുക്കുണ്ടായിരുന്നു. ഊതിവീര്‍പ്പിക്കപ്പെട്ട ആ മിഥ്യാധാരണയുടെ ബലൂണിലാണ് ഷഹല്‍ സൂചികൊണ്ട് കുത്തിയിരിക്കുന്നത്. ആ 17കാരനെ ചെന്നുകാണാനും ഭരണകൂടത്തിന്‍െറ പേരില്‍ അവനോട് മാപ്പ് ചോദിക്കാനും വിദ്യാഭ്യാസമന്ത്രി മനസ്സ് വെക്കുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
