Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഫലപ്രദമായ നയതന്ത്രം

ഫലപ്രദമായ നയതന്ത്രം

text_fields
bookmark_border
ഫലപ്രദമായ നയതന്ത്രം
cancel

ആഴ്ചയില്‍ 700 തവണ വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ 34 വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തിന്‍െറ ഒരു പ്രധാനമന്ത്രിക്കും ആ നാട് സന്ദര്‍ശിക്കാന്‍ തോന്നാത്തതിലെ അവഗണനയെ പരോക്ഷമായി വിമര്‍ശിച്ച നരേന്ദ്ര മോദി മുന്‍ഗാമികളുടെ തെറ്റ് തിരുത്തുന്നതിലും യു.എ.ഇയില്‍ തൊഴിലെടുത്ത് ജീവിക്കുന്ന 26 ലക്ഷം ഇന്ത്യക്കാരെ കൈയിലെടുക്കുന്നതിലും വിജയിച്ച പ്രതീതിയാണ് രണ്ടുദിവസത്തെ പര്യടനംകൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, ദുബൈ ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ഇന്ത്യന്‍ സദസ്സിനെ ഇളക്കിമറിക്കാന്‍ പാകത്തില്‍ ഒന്നേകാല്‍ മണിക്കൂര്‍ ഗംഭീരമായി പ്രസംഗിച്ച പ്രധാനമന്ത്രി പ്രവാസികള്‍ ചിരകാലമായി സര്‍ക്കാറുകളുടെ ശ്രദ്ധക്ഷണിക്കുന്ന ജീവല്‍പ്രശ്നങ്ങളുടെ പരിഹാരത്തെക്കുറിച്ചൊന്നും പരാമര്‍ശിക്കുകയുണ്ടായില്ല. ഇന്ത്യ അത്യന്തം പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോള്‍ പ്രവാസി ഇന്ത്യക്കാരാണ് രാജ്യത്തിന്‍െറ രക്ഷക്കത്തെിയതെന്ന് നന്ദിപൂര്‍വം അനുസ്മരിച്ച മോദി, തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കുക എന്ന പ്രാഥമിക ജനാധിപത്യാവകാശം പ്രയോഗവത്കരിക്കുന്നതിലെ തടസ്സങ്ങള്‍ തന്‍െറ സര്‍ക്കാര്‍ നീക്കുമെന്നെങ്കിലും ഉറപ്പുനല്‍കേണ്ടതായിരുന്നു. കേവലം സാധാരണക്കാരും ഇടത്തരക്കാരുമാണ് ഗള്‍ഫിലെ ഇന്ത്യക്കാരില്‍ ബഹുഭൂരിഭാഗം എന്ന് തിരിച്ചറിഞ്ഞ് അവരുടെ യാത്രാസൗകര്യങ്ങള്‍ സുഗമമാക്കുന്നതിലും തിരിച്ചുവന്നാലുള്ള പുനരധിവാസ നടപടികള്‍ ഉറപ്പുവരുത്തുന്നതിലും ശുഭപ്രതീക്ഷക്ക് വകനല്‍കുന്ന എന്തെങ്കിലും പ്രധാനമന്ത്രിയില്‍ നിന്നുണ്ടാവേണ്ടതായിരുന്നു. ‘ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന തന്‍െറ പുതിയ മുദ്രാവാക്യം അനുസ്മരിച്ച മോദി, ഇന്ത്യയില്‍ നിര്‍മിക്കാനും സംരംഭങ്ങള്‍ ആരംഭിക്കാനും സന്നദ്ധരായിവരുന്ന വിദേശികളും പ്രവാസികളുമടങ്ങിയ നിക്ഷേപകരുടെ മുന്നില്‍ മനംമടുപ്പിക്കുന്ന തടസ്സങ്ങളും കീറാമുട്ടികളും വലിച്ചിടുന്ന ഭരണയന്ത്രം അടിമുടി അഴിച്ചുപണിയുന്നതിനെക്കുറിച്ചും സുതാര്യമാക്കുന്നതിനെക്കുറിച്ചും അര്‍ഥഗര്‍ഭമായ മൗനമാണ് പാലിച്ചത്. താന്‍ വിചാരിച്ചാലും മൗലികമായ മാറ്റം സാധ്യമല്ളെന്ന് മനസ്സിലാക്കിയതുകൊണ്ടാവുമോ ഇത്? വികസനമാര്‍ഗത്തിലെ ഏറ്റവുംവലിയ തടസ്സം രാഷ്ട്രത്തെയാകെ  വിഴുങ്ങിയ അഴിമതിയാണെന്ന് നന്നായറിയാവുന്ന പ്രധാനമന്ത്രിക്ക് തന്‍െറ സഹപ്രവര്‍ത്തകരുടെ നേരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് ഒരു വിശദീകരണംപോലും നല്‍കാനാവാതെ പാര്‍ലമെന്‍റിന്‍െറ വര്‍ഷകാലസമ്മേളനം പൂര്‍ണമായി സ്തംഭിക്കാനനുവദിച്ചതില്‍ മനസ്സാക്ഷിക്കുത്തുണ്ടാവാം. എന്നാല്‍, രാജ്യത്ത് തിരിച്ചത്തെിയശേഷമെങ്കിലും കാതലായതിരുത്തല്‍ നടപടികള്‍ക്ക് അദ്ദേഹം മുതിര്‍ന്നില്ളെങ്കില്‍ ഇന്ത്യയുടെ ഉയര്‍ച്ചയെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും വിദേശവേദികളില്‍ വാചാലനായതൊക്കെ വെറുതെയാവും.
അബൂദബി കിരീടാവകാശി നാലരലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന് ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രി സുവിശേഷമറിയിച്ചിട്ടുണ്ട്. 7500 കോടി ഡോളറിന്‍െറ സംയുക്ത അടിസ്ഥാനസൗകര്യഫണ്ട് രൂപവത്കരിക്കുമെന്ന് ഇന്ത്യ-യു.എ.ഇ സംയുക്ത ധാരണയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും സ്വാഗതാര്‍ഹമായ വാഗ്ദാനങ്ങളാണിത്. എന്നാല്‍, ശാന്തിയും സമാധാനവും പുലരുന്ന മതനിരപേക്ഷ ജനാധിപത്യരാജ്യമായി ഇന്ത്യ നിലനില്‍ക്കുമെങ്കില്‍ മാത്രമേ വികസനസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടൂ എന്ന് എടുത്തുപറയേണ്ടതില്ല. ഇരുരാജ്യങ്ങളുടെയും അത്യുന്നത ഭരണാധികാരികള്‍ നടത്തിയ ചര്‍ച്ചകളിലും തുടര്‍ന്നംഗീകരിച്ച ധാരണയിലും ഊന്നിപ്പറയുന്നപോലെ തീവ്രവാദത്തിനെതിരായ യോജിച്ചപോരാട്ടം സമാധാന സംസ്ഥാപന മാര്‍ഗത്തില്‍ സര്‍വഥാ പ്രധാനംതന്നെയാണ്. തീവ്രവാദത്തിനെതിരായ നടപടികളിലും തീരസുരക്ഷയിലും സഹകരിക്കുമെന്നും തീവ്രവാദികളുടെ സൗകര്യങ്ങളും സന്നാഹങ്ങളും എവിടെയാണെങ്കിലും തകര്‍ക്കുമെന്നും കള്ളപ്പണം, മയക്കുമരുന്നുകടത്ത്, മറ്റു രാജ്യാന്തരീയ കുറ്റകൃത്യങ്ങള്‍ എന്നിവയെ നേരിടുന്നതില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും സംയുക്ത ധാരണാപത്രത്തിലുണ്ട്. ഇന്ത്യയിലെ ഒട്ടേറെ പിടികിട്ടാപ്പുള്ളികള്‍ രക്ഷപ്പെടാന്‍ പ്രയോജനപ്പെടുത്തുന്ന മാര്‍ഗങ്ങള്‍ യു.എ.ഇയിലുണ്ടെന്നിരിക്കെ അവരെ പിടികൂടി ഇന്ത്യന്‍ അധികൃതരെ ഏല്‍പിക്കാന്‍ ആ രാജ്യം പൂര്‍വാധികം മനസ്സിരുത്തിയാല്‍ അത് ഗുണകരമായ ഫലങ്ങള്‍ ഉളവാക്കും. അതോടൊപ്പം, നരേന്ദ്ര മോദിയുടെ സര്‍ക്കാറും പാര്‍ട്ടിയും സ്വദേശത്ത് പിന്തുടരുന്ന ആദര്‍ശവും നയപരിപാടികളും തീവ്രവാദം തളര്‍ത്താനും എല്ലാവിഭാഗം ജനങ്ങളുടെ നിര്‍ഭയമായ ജീവിതത്തിനും സഹായകരമാണോയെന്ന ആലോചന പ്രസക്തമാണ്. ദുര്‍ബലവിഭാഗങ്ങളെയും മതന്യൂനപക്ഷങ്ങളെയും വിശ്വാസത്തിലെടുത്ത് അവരെക്കൂടി വികസനത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആത്മാര്‍ഥമായി ആരംഭിച്ചെങ്കില്‍ മാത്രമേ ഇതരരാജ്യങ്ങളുടെ മുമ്പാകെ രാജ്യത്തിന്‍െറ പ്രതിച്ഛായ മെച്ചപ്പെടൂ. ഒരറബ് മുസ്ലിം രാജ്യമായ യു.എ.ഇയുടെ വിശാലമനസ്സും സൗഹൃദവും പ്രവാസി ഹിന്ദുക്കള്‍ക്കുവേണ്ടി ആരാധനാലയം പണിയാനുള്ള അനുവാദവും മോദിയുടെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു എന്നാണദ്ദേഹത്തിന്‍െറ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ വിശാലതയും സന്മനസ്സും സഹിഷ്ണുതയും ഇന്ത്യക്കാര്‍ തന്നെയായ മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കാമോയെന്ന് ചോദിക്കാതെ വയ്യ.
ഈ വര്‍ഷാവസാനം നടക്കേണ്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രഥമ ഇസ്രായേല്‍ സന്ദര്‍ശനം സൃഷ്ടിച്ചേക്കാവുന്ന ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും തടയിടുകകൂടിയാവും നരേന്ദ്ര മോദിയുടെ യു.എ.ഇ പര്യടനത്തിന്‍െറ ലക്ഷ്യങ്ങളിലൊന്ന്. ഏതായാലും നയതന്ത്രപരമായി മോദി കാഴ്ചവെക്കുന്ന മികവ് മതിപ്പുളവാക്കാന്‍ പോന്നതാണ്, സംശയമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story