Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകര്‍ഷകരെ രക്ഷിക്കാന്‍...

കര്‍ഷകരെ രക്ഷിക്കാന്‍ ചൊട്ടുവിദ്യ പോരാ

text_fields
bookmark_border
കര്‍ഷകരെ രക്ഷിക്കാന്‍ ചൊട്ടുവിദ്യ പോരാ
cancel

കൃഷിമന്ത്രാലയത്തിന്‍െറ പേര് മാറ്റുന്നു. കാര്‍ഷികരാജ്യമെന്ന് വിളിക്കപ്പെടുന്ന ഇന്ത്യയില്‍, കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗമായി 70 വര്‍ഷത്തോളം നിലനിന്ന അത് ഇനി കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം എന്നറിയപ്പെടും. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പേരുമാറ്റത്തിന്‍െറ കാരണവും അറിയിച്ചു. കര്‍ഷകസമൂഹത്തിന്‍െറ ആവശ്യങ്ങള്‍ക്കും കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കും ശ്രദ്ധ ലഭിക്കുന്നതരത്തില്‍ മന്ത്രാലയത്തിന്‍െറ സ്വഭാവം മാറ്റാനാണ് ഉദ്ദേശിക്കുന്നത്. മുദ്രാവാക്യങ്ങളും മുദ്രാനാമങ്ങളും പുത്തന്‍പേരുകളുംകൊണ്ട് ക്ഷേമം കൈവരുത്താനാവുമെങ്കില്‍ ഇന്ത്യ എത്രയോ മുമ്പുതന്നെ ഐശ്വര്യം നിറഞ്ഞ രാജ്യമായി മാറുമായിരുന്നു. എന്നാല്‍, പേരുമാറ്റവിപ്ളവം അവിടംകൊണ്ട് നിലച്ച് വെറും പുറംപൂച്ചായി അവശേഷിച്ചതിന്‍െറ ഉദാഹരണങ്ങള്‍ എത്രയും ലഭ്യമായിരിക്കെ കര്‍ഷകക്ഷേമത്തിന് കൂടുതല്‍ സമൂര്‍ത്തമായ നയങ്ങളും പരിപാടികളും ഉണ്ടാകേണ്ടത് അത്യാവശ്യമായിരിക്കുന്നു. കൃഷിയെ വന്‍നഷ്ടവും കര്‍ഷകനെ ആത്മഹത്യയുടെ പര്യായവുമാക്കിയ വികസനമാതൃകയടക്കം പുനരാലോചനക്ക് വിധേയമാക്കാനുള്ള ആര്‍ജവവും രാജ്യം പ്രതീക്ഷിക്കും. കോടീശ്വരന്മാരുടെ പെരുക്കംകാട്ടി വമ്പുപറയുന്ന രാഷ്ട്രീയ-ഭരണകൂട നേതൃത്വങ്ങള്‍ക്കുമുന്നില്‍ ഓരോ ചോദ്യമെറിഞ്ഞുകൊണ്ടാണ് ലക്ഷങ്ങളിലത്തെുന്ന കര്‍ഷക ആത്മഹത്യകളില്‍ ഓരോന്നും നടന്നിട്ടുള്ളത് എന്ന് തിരിച്ചറിയണം. പ്രശ്നത്തെ ആത്മാര്‍ഥമായി സമീപിച്ചാല്‍ മനസ്സിലാകും പേരുമാറ്റാതെ നയംമാറ്റലാണ്, നയം മാറ്റാതുള്ള പേരുമാറ്റത്തെക്കാള്‍ ഫലപ്രദമെന്ന്. കൃഷിയെ വ്യവസായത്തിന്‍െറ മാനദണ്ഡങ്ങള്‍വെച്ച് അളക്കുന്ന നമ്മുടെ നയം ഉദാഹരണം. ഇത് വന്‍കിട അഗ്രോബിസിനസ് കുത്തകക്കാര്‍ക്ക് പ്രയോജനകരമാകാം; പക്ഷേ, സാധാരണ കര്‍ഷകരുടെ നിലനില്‍പിന് അതുതന്നെ ഭീഷണിയാണ്.
ഇന്ത്യന്‍ കര്‍ഷകരിലേറെയും ഇന്നും ചെറുകിട കൃഷിക്കാരാണ്. അവരുടെ അധ്വാനത്തിന് തക്ക വേതനം അവര്‍ക്ക് കിട്ടുന്നില്ല എന്നത് നിഷേധിക്കാന്‍ പറ്റാത്ത സത്യവും. വിളകള്‍ക്ക് അര്‍ഹതപ്പെട്ട പ്രതിഫലം കിട്ടുന്ന ‘സ്വതന്ത്ര വിപണി’ തത്ത്വം ഇവിടെ മാത്രം നടപ്പാകുന്നില്ല. കാരണം, വിളകള്‍ക്ക് വിലകൂട്ടിയാല്‍ ഭക്ഷ്യവില കുതിച്ചുയരും. അതായത്, കുറഞ്ഞവിലക്ക് ഭക്ഷ്യപദാര്‍ഥങ്ങള്‍ ലഭ്യമാക്കേണ്ട ഭാരം ഭരണകൂടം കര്‍ഷകര്‍ക്കുമേല്‍ വെച്ചുകെട്ടുന്നു. കര്‍ഷകര്‍ക്ക് ന്യായവിലയും പൊതുവിപണിയില്‍ കുറഞ്ഞ വിലയും നടപ്പാകണമെങ്കില്‍ സര്‍ക്കാര്‍ ഇടപെടണം. ഈ ഇടപെടലിനെ സബ്സിഡി എന്ന ലേബലിട്ട് നാം എന്നോ ചുരുക്കി. ഈ സബ്സിഡി വിരോധത്തിന്‍െറ ഇരകള്‍കൂടിയാണ് കര്‍ഷകര്‍. കര്‍ഷകക്ഷേമം യാഥാര്‍ഥ്യമാകാന്‍ കൃഷിമന്ത്രാലയത്തിന്‍െറ പേരല്ല ആദ്യം മാറ്റേണ്ടത്. കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ലഭ്യമാക്കാന്‍പോന്ന സര്‍ക്കാര്‍ ഇടപെടലിനെ സബ്സിഡിയെന്ന പേരിട്ട് നിഷിദ്ധമാക്കുന്ന നമ്മുടെ നയമാണ്. ചില കണക്കുകള്‍: 1970ല്‍ ഗോതമ്പിന്‍െറ സംഭരണവില ക്വിന്‍റലിന് 76 രൂപയായിരുന്നു. 45 വര്‍ഷത്തിനുശേഷം, ഇപ്പോള്‍ അത് 1450 ആയിരിക്കുന്നു. ഏകദേശം 19 ഇരട്ടി. എന്നാല്‍, ഇതേകാലത്ത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തിലെ വര്‍ധന 110ഉം 120ഉം മടങ്ങാണ്. സ്കൂള്‍ അധ്യാപകരുടേത് 280-320 ഇരട്ടിയായി. കലാശാലാ അധ്യാപകരുടേത് 170 ഇരട്ടിവരെ. കോര്‍പറേറ്റ് മേഖലയിലെ ജീവനക്കാരുടേത് ആയിരമിരട്ടിവരെ. സ്കൂള്‍ ഫീസും ചികിത്സച്ചെലവും മുന്നൂറിരട്ടി വീതംവരെ ഉയര്‍ന്നു. നഗരങ്ങളിലെ വീട്ടുവാടക 350 ഇരട്ടിയായി. ഇങ്ങനെ, മൊത്തം ചെലവ് കുതിച്ചുയരുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഒച്ചുപോലെ ഇഴയുകയാണ്. അവരെ സഹായിക്കാനുണ്ടായിരുന്ന നയനിലപാടുകള്‍ മാറ്റിമറിക്കപ്പെടുകയും ചെയ്തു.
ഇപ്പോള്‍ കര്‍ഷകരെ ‘രക്ഷിക്കാന്‍’ മന്ത്രാലയത്തിന്‍െറ പേരുമാറ്റുന്ന കേന്ദ്രസര്‍ക്കാര്‍, കര്‍ഷകരെ ഓര്‍ത്തെങ്കിലും പുതിയ ഭൂമിയേറ്റെടുക്കല്‍ ബില്ല് ഉപേക്ഷിക്കാന്‍ തയാറാകുമോ? കര്‍ഷകരുടെ ഭൂമിക്ക് ആകെക്കൂടി ബാക്കിയുണ്ടായിരുന്ന സംരക്ഷണവും എടുത്തുകളയുംവിധം ഓര്‍ഡിനന്‍സ് ഇറക്കിയതിനെതിരെയാണ് ഏതാനുംമാസംമുമ്പ് ഗജേന്ദ്ര സിങ് എന്ന രാജസ്ഥാന്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. ആദിവാസി-കര്‍ഷകഭൂമി കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഏറ്റെടുക്കുന്നത് വ്യാപകവും എളുപ്പവുമാക്കുന്ന നിയമത്തിനുവേണ്ടി വാശിപിടിക്കുന്നവര്‍ അതോടൊപ്പം കര്‍ഷകക്ഷേമത്തിനുവേണ്ടി മന്ത്രാലയത്തിന്‍െറ പേരുമാറ്റാന്‍ തീരുമാനിച്ചത് കൗതുകകരമെന്നേ പറയേണ്ടൂ. കര്‍ഷകരുടെ സ്വാശ്രയത്വമാണ് ഉറപ്പുവരുത്തേണ്ടത്. അവര്‍ക്കുണ്ടാകുന്ന നഷ്ടത്തിനുള്ള ഇന്‍ഷുറന്‍സോ നഷ്ടപരിഹാരമോ അല്ല, നഷ്ടമില്ലാതെ കൃഷി ചെയ്യാനുള്ള സാഹചര്യമാണ്. അതിനു നയമാണ് മാറ്റേണ്ടത്, പേരല്ല. കര്‍ഷകരുടെ രക്ഷയെന്നാല്‍, നാട്ടിന്‍െറ ഭക്ഷ്യസുരക്ഷ എന്നുകൂടി അര്‍ഥമുണ്ട്. കൃഷിമേഖലയിലെ വൈവിധ്യം നമ്മുടെ ഭക്ഷ്യരംഗത്തിന്‍െറ വലിയൊരു മികവാണ്. ഈ വൈവിധ്യത്തെ തകര്‍ക്കുന്ന ശക്തികള്‍ രംഗം കൈയടക്കിക്കൊണ്ടിരിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. ഒരുഭാഗത്ത് മാംസാഹാരവിരോധം ഒരു സമാന്തരമതമായി വളര്‍ത്തപ്പെടുന്നു. മറുഭാഗത്ത് ജനിതകമാറ്റം വരുത്തിയ (ജി.എം) ഭക്ഷ്യവിളകള്‍ക്കുവേണ്ടി ‘അത്യുല്‍പാദന’ മന്ത്രങ്ങളുമായി മണ്ണൊരുക്കപ്പെടുന്നു. ഇതിനെല്ലാമിടയില്‍ നമ്മുടെ നാടന്‍ കൃഷിരീതികളും നാട്ടറിവുമെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കര്‍ഷകര്‍ക്ക് ക്ഷേമംതന്നെ വേണമെന്നുണ്ടെങ്കില്‍  അവരുടെ മണ്ണും കൃഷിരീതികളും കമ്പോളവും വരുമാനവും സംരക്ഷിക്കപ്പെടണം. അതിനു മന്ത്രാലയപ്പേരില്‍ ചെറിയ ശസ്ത്രക്രിയ നടത്തിയാല്‍ മതിയാകില്ല. അടിസ്ഥാന കാഴ്ചപ്പാടിലും നയങ്ങളിലും മേജര്‍ സര്‍ജറിതന്നെ വേണ്ടിവരാം.

Show Full Article
TAGS:
Next Story