നീതിനിഷേധം
text_fields‘വൈകുന്ന നീതി, നീതിനിഷേധ’മാണെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത് നാലുതവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയും പ്രമുഖ രാജ്യതന്ത്രജ്ഞനുമായിരുന്ന വില്യം ഇ. ഗ്ളാഡ്സ്റ്റന്‍. ഈ വാക്യം സൂചിപ്പിക്കുംവിധം നീതി നിഷേധിക്കുന്ന സാഹചര്യം ഇന്ത്യന്‍ ജുഡീഷ്യറിയില്‍ സംജാതമായിട്ടുണ്ടെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ ഈയിടെയുണ്ടായ വെളിപ്പെടുത്തല്‍. വിവിധ ഹൈകോടതികളിലായി ജഡ്ജിമാരുടെ 40 ശതമാനത്തിലേറെ ഒഴിവുകള്‍ നികത്താനുണ്ടെന്നായിരുന്നു ജ. എച്ച്.എല്‍. ദത്തു ചൂണ്ടിക്കാണിച്ചത്. ജഡ്ജിമാരുടെ എണ്ണക്കുറവുമൂലം കേസിന്‍െറ വിചാരണനടപടികള്‍ വൈകുന്നു. തന്മൂലം സ്വാഭാവികമായുണ്ടാവുന്നത് നീതിനിഷേധമാണ്. ഒരു കേസില്‍ ഉള്‍പ്പെട്ടയാള്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്നൊക്കെ വ്യക്തമാവുക വിചാരണക്കുശേഷമാണല്ളോ.
2002ലെ ഗോധ്രാനന്തര കലാപങ്ങളില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരുടെ കുറവ് ജ. ദത്തു എടുത്തുപറഞ്ഞത്. ശിക്ഷിക്കപ്പെട്ടതിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ ത്വരിത തീരുമാനത്തിനായി ഹൈകോടതിക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. അപ്പീലില്‍ പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് ഹൈകോടതിയോട് നിര്ദേശിക്കാനാവില്ളെന്നും കേസുകള്‍ കുന്നുകൂടുന്നതുമൂലം തങ്ങള്‍ക്കുണ്ടാകുന്ന ഭാരം മനസ്സിലാക്കണമെന്നും ജ. ദത്തുവിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് പറയുകയുണ്ടായി. ജഡ്ജിമാരുടെ ഉയര്‍ന്ന തസ്തികകളിലെ ഒഴിവുകള്‍ നികത്താത്തതിലുള്ള ഉത്കണ്ഠ പ്രകടിപ്പിക്കുക കൂടിയായിരുന്നു സുപ്രീംകോടതി ബെഞ്ച് ഈ വിധിയിലൂടെ.
ഹൈകോടതിയിലെയും സുപ്രീംകോടതിയിലേയും ജഡ്ജിമാരെ തെരഞ്ഞെടുത്തിരുന്ന കൊളീജിയം സമ്പ്രദായം നിലച്ചതോടെയാണ് ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ കാലവിളംബം വന്നത്. രണ്ടു ദശവത്സരമായി തുടര്‍ന്നുവരുന്ന കൊളീജിയം സമ്പ്രദായം മാറ്റി ജഡ്ജിമാരെ തെരഞ്ഞെടുക്കാനും നിയമനത്തിനുമായി ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന് (എന്‍.ജെ.എ.സി) ഏര്‍പ്പെടുത്തുകയായിരുന്നു. പക്ഷേ, ഈ തീരുമാനം സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. അക്കാര്യം ഇപ്പോള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍െറ പരിഗണനയിലാണ്. എന്‍.ജെ.എ.സിയുടെ ഭരണഘടനാസാധുത ചോദ്യംചെയ്തുകൊണ്ടുള്ള ഹരജിയില്‍ വാദം കേട്ടശേഷം ഭരണഘടനാ ബെഞ്ച് തീര്‍പ്പുകല്‍പ്പിക്കണം.തീര്‍പ്പുണ്ടായാല്‍ മാത്രമേ ജഡ്ജി നിയമനങ്ങളില്‍ അനന്തര നടപടികള്‍ നടക്കൂ. കൊളീജിയത്തിന്‍െറ പ്രവര്‍ത്തനം നിലച്ചു; എന്‍.ജെ.എ.സി പ്രവര്ത്തനനിരതമായതുമില്ല. അത് ജഡ്ജിമാരുടെ നിയമനസ്തംഭനത്തിനിടയാക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിനുശേഷം കൊളീജിയം നിലവിലില്ല. എന്‍.ജെ.എ.സിയുടെ അധ്യക്ഷപദവി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാണ്. ഹരജി സുപ്രീംകോടതിയില്‍ തീര്‍പ്പാകുന്നതുവരെ എന്‍.ജെ.എ.സി യോഗത്തില്‍ പങ്കെടുക്കാന്‍ ചീഫ് ജസ്റ്റിസ് ജ. എച്ച്.എല്‍. ദത്തു സന്നദ്ധനുമല്ല. ഈ ഹരജിയില്‍ സുപ്രീംകോടതി തീരുമാനമെടുക്കുകയെന്നതാണ് ജഡ്ജി നിയമനത്തിലെ മരവിപ്പില്ലാതാക്കാന് ആദ്യം ചെയ്യേണ്ടത്.
99ാം ഭരണഘടനാ ഭേദഗതിയിലൂടെയായിരുന്നു എന്‍.ജെ.എ.സിയുടെ സ്ഥാപനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (കമീഷന് അധ്യക്ഷന്‍), സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന്‍െറ തൊട്ടുതാഴെയുള്ള മുതിര്‍ന്ന രണ്ടു ജഡ്ജിമാര്‍, കേന്ദ്ര നിയമ-നീതിന്യായവകുപ്പ് മന്ത്രി, നോമിനേറ്റ് ചെയ്യപ്പെടുന്ന രണ്ടു പ്രമുഖ വ്യക്തികള്‍ എന്നിവരായിരിക്കും കമീഷനംഗങ്ങള്‍. എന്‍.ജെ.എ.സി രൂപവത്കരണം ലക്ഷ്യംവെക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജിമാര്‍, ഹൈകോടതി ചീഫ് ജസ്റ്റിസ്, ഹൈകോടതി ജഡ്ജിമാര്‍ എന്നിവരുടെ നിയമനം ശിപാര്‍ശ ചെയ്യുക, ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും സ്ഥലംമാറ്റം നിര്‍ദേശിക്കുക, ജഡ്ജി നിയമനത്തിന് നിര്ദേശിക്കപ്പെട്ടവര് കഴിവും യോഗ്യതയും ഉള്ളവരാണെന്ന് ഉറപ്പുവരുത്തുക എന്നിവയത്രെ.
എന്‍.ജെ.എ.സി രൂപവത്കരിക്കപ്പെടുന്നതിനുമുമ്പ് സുപ്രീംകോടതി-ഹൈകോടതി ജഡ്ജിമാരുടെ തെരഞ്ഞെടുപ്പും നിയമനങ്ങളും സ്ഥലംമാറ്റവും നടത്തിയിരുന്ന കൊളീജിയത്തില്‍ ഉള്‍പ്പെട്ടിരുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍, ഒരു പ്രത്യേക ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ്, അവിടത്തെതന്നെ രണ്ടു മുതിര്‍ന്ന ജഡ്ജിമാര്‍ എന്നിവരായിരുന്നു. കൊളീജിയം നടത്തുന്ന നിയമനം കുറ്റമറ്റതല്ളെന്നും ജനാധിപത്യവിരുദ്ധമാണെന്നുമായിരുന്നു ആ സമ്പ്രദായത്തെ എതിര്‍ക്കുന്നവരുടെ ആരോപണം. എന്നാല്‍, സ്വതന്ത്ര ജുഡീഷ്യറിയില്‍ ഇടപെടാനുള്ള കുറുക്കുവഴി കണ്ടത്തെുകയാണ് എന്‍.ജെ.എ.സി രൂപവത്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന പരാതി വ്യാപകമായിട്ടുണ്ട്. സംഘ്പരിവാര്‍ സംഘടനകളുടെ നിര്‍ദേശാനുസരണം സാംസ്കാരിക, വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രഗവണ്മെന്റ് നടത്തിയ കൈകടത്തല്‍ നിരവധി ചൂണ്ടിക്കാണിക്കാനും കഴിയും.
ജഡ്ജിമാര്‍ ഇല്ലാത്തതുകൊണ്ടും മറ്റും വിചാരണ നടപടികള്‍ വൈകുന്നതിനാല്‍ അനന്തമായി ജയിലില്‍ കഴിയേണ്ടിവരുന്ന ആയിരങ്ങളുണ്ട്. വിചാരണ തുടങ്ങിയാല്‍ ഇവരുടെപേരില്‍ ആരോപിക്കപ്പെട്ട കുറ്റത്തിന് ബലമേകുന്ന തെളിവുകളുടെ അഭാവത്തില്‍ നിരപരാധികളെന്ന വിലയിരുത്തലില്‍ ഇവരില്‍ പലര്‍ക്കും ജയില്‍മോചനം ലഭിക്കുന്നു. അപ്പോഴേക്കും ഇവരുടെ ജീവിതത്തിന്‍െറ നല്ളൊരുഭാഗം കാരാഗൃഹത്തിലായി കടന്നുപോയിട്ടുണ്ടാവും. കുറ്റവാളികളെ യഥാസമയം ശിക്ഷിക്കുന്നതിനും നിരപരാധികളെ നേരത്തെ കുറ്റമുക്തരാക്കുന്നതിനും വിചാരണനടപടികള്‍ കഴിയുംവേഗം തുടങ്ങുകയാണ് വേണ്ടത്. അതിന് ജഡ്ജിമാരുടെ നിയമനം കൃത്യമായി നടക്കണം. കൊളീജിയം ഉപേക്ഷിച്ച് ദേശീയ ജുഡീഷ്യല്‍ നിയമനകമീഷന്‍ രൂപവത്കരിച്ചതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിലെ തീര്‍പ്പ് നീണ്ടുപോകുന്നത് ജഡ്ജിമാരുടെ നിയമനത്തിന് തടസ്സം സൃഷ്ടിക്കുമെന്നത് ഭരണകൂടവും പരമോന്നതനീതിപീഠവും ഗൗരവപൂര്‍വംതന്നെ കാണേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
