Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആധാറിന്‍െറ ആധാരം

ആധാറിന്‍െറ ആധാരം

text_fields
bookmark_border
ആധാറിന്‍െറ ആധാരം
cancel

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന ആഗസ്റ്റ് 11ലെ സുപ്രീം കോടതി വിധി പ്രസ്തുത പദ്ധതിക്കെതിരെ ഉയര്‍ത്തപ്പെട്ടിട്ടുള്ള വിമര്‍ശങ്ങളെ സാധൂകരിക്കുന്നതാണ്. എന്നാല്‍, പ്രയോഗതലത്തില്‍ പ്രസ്തുത വിധിക്ക് എന്തെങ്കിലും പ്രതിഫലനം ഉണ്ടാവുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. കാരണം, സമാനമായ കോടതിവിധികള്‍ ഇതിനു മുമ്പും ഒന്നിലേറെ തവണ ഉണ്ടായിട്ടും ആധാര്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും  മുന്നോട്ടുപോവുന്നത്.
കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് രൂപവത്കരിക്കപ്പെട്ട യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സംവിധാനത്തിന്‍െറ കീഴിലാണ് രാജ്യത്തെ ഓരോ പൗരനും ആധാര്‍ എന്ന പേരില്‍ പ്രത്യേക കാര്‍ഡ് ഏര്‍പ്പെടുത്താം എന്ന തീരുമാനമെടുക്കുന്നത്. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളടക്കം ഉള്‍പ്പെടുത്തിക്കൊണ്ടാണ് കാര്‍ഡ് തയാറാക്കുന്നത്. എന്നാല്‍, വിചിത്രമായ കാര്യം ഇത്തരമൊരു അതോറിറ്റി രൂപവത്കരിക്കുന്നതിനും കാര്‍ഡ് അടിച്ചേല്‍പിക്കുന്നതിനും നിയമപരമായ ഒരു പിന്‍ബലവും ഇല്ലായിരുന്നു എന്നതാണ്. ഇതു സംബന്ധമായ നിയമനിര്‍മാണം പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും നടന്നിട്ടില്ല. 2009 ജനുവരി 28ന് പുറത്തിറങ്ങിയ വെറുമൊരു എക്സിക്യൂട്ടിവ് ഓര്‍ഡറിന്‍െറ പുറത്താണ് ബഹുകോടികള്‍ വരുന്ന, രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും ബാധിക്കുന്ന പദ്ധതി മുന്നോട്ടുപോവുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇതിനകം 89.3 കോടി ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 2015 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 5630 കോടി രൂപ ഇതിനായി ചെലവഴിക്കുകയും ചെയ്തു. അതായത്, പാര്‍ലമെന്‍റിന്‍െറ അറിവോ അനുമതിയോ ഇല്ലാതെയാണ് ഇത്രയും ബൃഹത്തായ ഒരു പദ്ധതി രാജ്യത്ത് നടപ്പാക്കിയത്.
മുന്‍ കര്‍ണാടക ഹൈകോടതി ജഡ്ജിയായ കെ.എസ്്്. പുട്ടസ്വാമി 2012 നവംബറില്‍ നിയമബാഹ്യമായ ആധാര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു. പൗരന്മാരുടെ സ്വകാര്യതയുടെ ലംഘനവും ബയോമെട്രിക് വിവര ശേഖരണത്തിലൂടെ നടക്കുന്നുവെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 2013 സെപ്റ്റംബര്‍ 23ന്, ആധാര്‍ ഇല്ലാത്തതിന്‍െറ പേരില്‍ ഒരാള്‍ക്കും ഒരു ആനുകൂല്യവും നഷ്ടപ്പെടാന്‍ ഇടവരരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. തോമസ് മാത്യു എന്ന മുന്‍ സൈനികന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയും ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. പ്രസ്തുത കേസിലാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി വീണ്ടും വിധിച്ചിരിക്കുന്നത്. ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ളെന്ന് വിവിധ മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ പരസ്യം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു. സ്വകാര്യത മൗലികാവകാശമാണോ, ആധാറിലൂടെ സ്വകാര്യത ലംഘിക്കപ്പെടുന്നുണ്ടോ തുടങ്ങിയ വിഷയങ്ങള്‍ കൂടുതല്‍ വിപുലമായ മറ്റൊരു ബെഞ്ചിനു വിടാനും സുപ്രീംകോടതി തീരുമാനിച്ചു.
ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി വിധി നേരത്തേ ഉള്ളതാണെങ്കിലും അതിനെ അവഗണിച്ചുകൊണ്ടാണ് സര്‍ക്കാറുകള്‍ മുന്നോട്ടുപോയതെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍തന്നെ, ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് സബ്സിഡി ലഭിക്കുന്നില്ല. കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍പോലും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. പൊതുവിതരണം, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ആധാര്‍ ഒരു രേഖയായി സര്‍ക്കാറിന് ഉപയോഗിക്കാം എന്നല്ലാതെ അത് നിര്‍ബന്ധമാക്കരുതെന്നാണ് സുപ്രീംകോടതി ആവര്‍ത്തിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന് പറയാതിരിക്കുകയും ഫലത്തില്‍ അത് നിര്‍ബന്ധമാകുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍.
പൗരന്മാര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ രേഖകളെ ഏകോപിപ്പിക്കുകയെന്നത് നല്ല ആശയമാണ്. നിസ്സാരമായ കാര്യങ്ങള്‍ക്കുവേണ്ടി വില്ളേജ് ഓഫിസ് മുതല്‍ താലൂക്ക് ഓഫിസുകള്‍ വരെ കയറിയിറങ്ങേണ്ട അവസ്ഥ നമ്മുടെ നാട്ടിലുണ്ട്. വിദ്യാര്‍ഥികളാണ് ഈ വട്ടംകറക്കലുകള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമാകുന്നത്. അവരുടെ ജീവിതത്തിന്‍െറ നല്ളൊരു പങ്ക് ക്യൂവില്‍നിന്ന് തീരുകയാണ്. അതിന് പരിഹാരമാകുന്ന ഏകരേഖ എന്നത് എന്തുകൊണ്ടും അത്യാവശ്യമാണ്. എന്നാല്‍, ആധാര്‍ വന്നതിനുശേഷവും ക്യൂവില്‍ നില്‍പ് അവസാനിച്ചിട്ടില്ല എന്നതാണ് കാര്യം. ജനങ്ങളുടെ ജീവിതത്തില്‍ എളുപ്പം കൊണ്ടുവരാനാണോ അതല്ല, സബ്സിഡികള്‍ വെട്ടിക്കുറക്കാനുള്ള വേലയെന്ന നിലക്ക് മാത്രമാണോ ആധാറിനെ ഉപയോഗിക്കുന്നത് എന്നത് ഇനിയും തെളിയിക്കപ്പെട്ടിട്ടുവേണം. ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോള്‍ പാര്‍ലമെന്‍റിനെ വിശ്വാസത്തിലെടുത്ത് സുതാര്യമായി നടപ്പാക്കണമായിരുന്നു. പിന്‍വാതിലിലൂടെ ഒളിച്ചുകടത്തി നടപ്പാക്കുമ്പോള്‍ സംശയങ്ങളുയരുക സ്വാഭാവികം. ഒപ്പം, സ്വകാര്യതയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ത്തപ്പെട്ട വിമര്‍ശങ്ങളും ഗൗരവപ്പെട്ടതാണ്. സുപ്രീംകോടതിയും പാര്‍ലമെന്‍റുമൊക്കെ ഇക്കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പരിചിന്തനം ചെയ്യണം. എന്നിട്ട് തീര്‍പ്പിലത്തെിയിട്ടു മതി തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. ആര്‍ക്കും കയറിവന്ന് എങ്ങനെയും തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ നമ്മുടെ രാജ്യം ബനാനാ റിപ്പബ്ളിക് അല്ലല്ളോ?

Show Full Article
TAGS:
Next Story